കാരാട്ട് അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്മായിപ്പഞ്ചതന്ത്രം, വിരുതൻശങ്കു എന്നീ കൃതികളിലൂടെ പ്രസിദ്ധനായിത്തീർന്ന മലയാളസാഹിത്യകാരനായിരുന്നു ‍കാരാട്ട് അച്യുതമേനോൻ (1866 - 1913). പാലക്കാട് ജില്ലയിൽ എലപ്പുള്ളിയിൽ കാരാട്ട് ലക്ഷ്മിയമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളും ആയിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. സംസ്കൃതം ഐച്ഛികമായെടുത്ത് ചെന്നൈയിൽനിന്നും ബി.എ. പരീക്ഷ പാസ്സായി. 1899-ൽ ബി.എൽ. ബിരുദം നേടിയതിനുശേഷം അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. തൃശൂരും എറണാകുളത്തുമായി തുടർന്നുപോന്ന പ്രസ്തുത ജോലിയിൽനിന്നും 1911-ൽ വിരമിച്ചു.

തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയിൽ നല്ല പ്രാവീണ്യം അച്യുതമേനോൻ നേടിയിരുന്നു. ഹാസ്യത്തിലൂടെ സാമൂഹ്യവിമർശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായർസമുദായം അനുവർത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912-ൽ ചെന്നൈയിൽ കഴിയുമ്പോഴാണ് വിരുതൻ ശങ്കു എന്ന നോവൽ രചിച്ചു തുടങ്ങിയത്. അച്ചടിക്കാൻ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപ്പെട്ടുപോയതിനാൽ അത് വീണ്ടും എഴുതിച്ചേർക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീർണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം.

  • സംഭാഷണം
  • എഴുത്തുപള്ളി
  • സ്ത്രീധർമം
  • രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക
  • ഒരു കഥ

എന്നിങ്ങനെ ഏതാനും ഉപന്യാസങ്ങൾകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ഒക്ടോബർ 3-ന് തന്റെ 47-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കാരാട്ട് അച്യുതമേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കാരാട്ട്_അച്യുതമേനോൻ&oldid=3602643" എന്ന താളിൽനിന്ന് ശേഖരിച്ചത്