കാമിൽ ബുൽക്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമിൽ ബുൽക്കെ പാതിരി

ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട ബെൽജിയംകാരനായ ഒരു ഈശോസഭാ പ്രേഷിതവൈദികനായിരുന്നു കാമിൽ ബുൽക്കെ (ജനനം: റാംസ്കപെല്ലെ, ബെൽജിയം, 1909 സെപ്തംബർ 1; മരണം: ന്യൂ ഡെൽഹി, ഇൻഡ്യ, 1982 ആഗസ്ത് 17). ഇൻഡ്യയിലെ ഏറ്റവും പേരുകേട്ട കിസ്തീയ ഹിന്ദി പണ്ഡിതൻ എന്നു അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] പരക്കെ അംഗീകാരം നേടിയ ഒരു ഹിന്ദി-ഇംഗ്ലീഷ് നിഘണ്ടുവിന്റെ കർത്താവു കൂടിയാണ് ബുൽക്കെ.

ആദ്യകാലജീവിതം[തിരുത്തുക]

ബെൽജിയത്തിലെ പശ്ചിമ ഫ്ലാന്റേഴ്സ് പ്രവിശ്യയുടെ ഭാഗമായ നോക്കെ ഹീസ്റ്റ് മുനിസിപ്പാലിറ്റിയിലെ റാംസ്കപെല്ലെ എന്ന സ്ഥലത്താണ് കാമിൽ ബുൽക്കെ ജനിച്ചത്.[2]

ബെൽജിയത്തിലെ ലൂവെയ്ൻ സർവകലാശാലയിൽ നിന്നു സിവിൽ എഞ്ചിനീയറിങ്ങിൽ ബി.എസ്.സി. ബിരുദം എടുത്ത ശേഷം 1930-ൽ അദ്ദേഹം ഈശോസഭയിൽ ചേർന്നു.[3] നെഥർലാൻഡ്സിലെ വാൾക്കൻബർഗ്ഗിലെ തത്ത്വശാസ്ത്രപരിശീലനത്തെ (1932-34) തുടർന്ന് 1934-ൽ ഇൻഡ്യയിലെത്തിയ അദ്ദേഹം, ഡാർജിലിംഗിൽ അല്പകാലം തങ്ങിയ ശേഷം ത്സാർക്കണ്ഡ് പ്രദേശത്തെ ഗുംലായിൽ അഞ്ചു വർക്കാലം ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു. ഇക്കാലത്താണ് ഹിന്ദി ഭാഷയുമായുള്ള അദ്ദേഹത്തിന്റെ മമതാബന്ധം ജനിച്ചത്. ആ അനുഭവത്തെ അദ്ദേഹം പിൽക്കാലത്ത് ഇങ്ങനെ അനുസ്മരിച്ചു:

"1935-ൽ ഇൻഡ്യയിലെത്തിയപ്പോൾ, വിദ്യാസമ്പന്നരായ ഇൻഡ്യാക്കാരിൽ പലരും തങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അജ്ഞരാണെന്നും ആംഗല ഭാഷ സംസാരിക്കുന്നത് അഭിമാനകരമായി കരുതുന്നുവെന്നും അറിഞ്ഞ് ഞാൻ വ്യസനിച്ചു. ജനങ്ങളുടെ ഭാഷയിൽ അവഗാഹം നേടുന്നത് എന്റെ ചുമതലയായി ഞാൻ ഏറ്റെടുത്തു." - "ഒരു ക്രിസ്ത്യാനിയുടെ വിശ്വാസം: ഹിന്ദിയോടും തുളസീദാസിനോടുമുള്ള പ്രേമം"[2]

1939-42 കാലത്ത് ഡാർജിലിംഗിലെ കുർസിയോങ്ങിൽ നടന്ന ദൈവശാസ്ത്രപഠനത്തിനിടെ 1941-ൽ ബുൽക്കെ വൈദികപട്ടം സ്വീകരിച്ചു. ഭാരതത്തിലെ പൗരാണിക ഭാഷ പഠിക്കാൻ മോഹിച്ച അദ്ദേഹം 1942-44 കാലത്ത് കൽക്കത്താ സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ചു. തുടർന്ന്, 1945-നും 49-നും ഇടയ്ക്ക് അലഹബാദ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ഹിന്ദി സാഹിത്യത്തിൽ ഗവേഷണബിരുദം നേടി. തുളദീദാസിന്റെ രാമചരിതമാനസത്തെ ആധാരമാക്കി "രാമകഥയുടെ വികാസം" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം.

ബുൽക്കെയും രാമകഥയും[തിരുത്തുക]

അലഹബാദ് സർവകലാശാലയിൽ ബിരുദാനന്തരബിരുദത്തിനു പഠിക്കുമ്പോഴാണ് ബുൽക്കെ തുളസീദാസിന്റെ രാമചരിതമാനസം വായിക്കൻ ഇടയായത്.[4] ആ കൃതിയുടെ ഓരോ വായനയിലും അതിനോടുള്ള അദ്ദേഹത്തിന്റെ ആദരവിനു ആഴം വർദ്ധിച്ചു.[4] അതിലെ കഥാപാത്രങ്ങളുടെ ആദർശനിഷ്ഠയുടേയും സ്വഭാവദൃഢതയുടേയും, ആ കൃതിയുടെ അതിശയകരമായ കാവ്യഗുണത്തിന്റേയും പ്രഭാവത്തിൽ വന്ന ബുൽക്കെ അതിന്റെ ആരാധകൻ തന്നെയായി.[4] ക്രിസ്ത്യാനിയായ അദ്ദേഹം, തുളസീദാസ് ചിത്രീകരിച്ച ജീവിതനിഷ്ടകൾക്കും സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ പ്രബോധനങ്ങളിലെ ആശയങ്ങൾക്കും ഇടയിൽ വലിയ സമാനത കണ്ടെത്തി.[4] "രാമകഥയുടെ ഉല്പത്തി വികാസങ്ങൾ" എന്ന വിഷയത്തിൽ ഗവേഷണം നടത്താൻ അദ്ദേഹത്തിനു പ്രേരണയായത്, തുളദീദാസിന്റെ കൃതിയുടെ വായനയിൽ നിന്നു ജനിച്ച ഈ ആരാധനയാണ്.[4] ബുൽക്കെയുടെ ഗവേഷണപ്രബന്ധം ഭാരതമൊട്ടാകെയുള്ള പണ്ഡിതന്മാരുടെ പ്രശംസ പിടിച്ചു പറ്റി. ഹിന്ദി ഭാഷയുടെ ലോകത്തിനപ്പുറവും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.[4]

"രാമകഥയുടെ ഉത്പത്തിവികാസങ്ങൾ" എന്ന ഗ്രന്ഥം അഭയദേവ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കേരള സാഹിത്യ അക്കാദമിയായിരുന്നു പ്രസാധകർ.

നിഘണ്ടുവും മറ്റും[തിരുത്തുക]

ഗവേഷണത്തിന്റേയും പരിഭാഷയുടേയും വഴിയിൽ ഹിന്ദി ഭാഷയുമായുണ്ടായ നിരന്തര സമ്പർക്കത്തിനിടെ ബുൽക്കെ 40,000 വാക്കുകൾ അടങ്ങുന്ന ഒരു ഹിന്ദി-ഇംഗ്ലീഷ് നിഘണ്ടുവിനു വേണ്ട വിഭവങ്ങൾ സമാഹരിച്ചു. ഇന്നും ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഹിന്ദി-ഇംഗ്ലീഷ് നിഘണ്ടുവാണത്. ജീവിതാവസാനം വരെ അദ്ദേഹം അതു വികസിപ്പിച്ചുകൊണ്ടിരുന്നു. സുവിശേഷങ്ങളെ ആധാരമാക്കി ഹിന്ദി ഭാഷയിൽ 'മുക്തിദാതാവ്' എന്ന പേരിൽ ബുൽക്കെ ഒരു യേശുചരിതവും രചിച്ചു. ഇതിനു പുറമേ, ബൈബിളും ഒട്ടേറെ ക്രിസ്തീയാരാധനാഗീതങ്ങളും അദ്ദേഹം ഹിന്ദിയിലേക്കു പരിഭാഷ ചെയ്തു.

പിൽക്കാലം[തിരുത്തുക]

1949-ൽ റാഞ്ചിയിലെ സെയിന്റ് സേവ്യേഴ്സ് കലാലയത്തിൽ സംസ്കൃതം, ഹിന്ദി വിഭാഗങ്ങളുടെ തലവനായി നിയോഗിക്കപ്പെട്ട ബുൽക്കെ, വളരെ നേരത്തേ തുടങ്ങിയ കേൾവിക്കുറവു മൂലം അദ്ധ്യാപനവൃത്തിയിൽ നിന്ന് പഠനത്തിന്റെ ലോകത്തിലേക്കു മാറാൻ നിർബ്ബദ്ധനായി. തന്റെ ഗവേഷണത്തിനു വിഷയമായ തുളദീസാസിന്റെ രാമായണകാവ്യത്തെ സംബന്ധിച്ച ചർച്ചകൾ നയിക്കാൻ ബുൽക്കെ ക്ഷണിക്കപ്പെട്ടു. ജനങ്ങളെ അവരുടെ തന്നെ ആത്മീയപാരമ്പര്യത്തിന്റെ അഗാധതയുമായി അദ്ദേഹം പരിചയപ്പെടുത്തി. 1951-ൽ അദ്ദേഹം ഇൻഡ്യൻ പൗരത്വം സ്വീകരിച്ചു. ബുൽക്കെയെ ഏറെ മാനിച്ചിരുന്ന ഭാരത സർക്കാർ, ദേശീയതലത്തിൽ ഹിന്ദി ഭാഷയുടെ വളർച്ചയ്ക്കു വേണ്ടിയുള്ള സമതിയിൽ അദ്ദേഹത്തെ അംഗമാക്കി. ഇൻഡ്യൻ പൗരത്വം ലഭിച്ച ബുൽക്കെ "ബിഹാറി" എന്ന പേരു സ്വീകരിച്ചു.[4] എവിടേയും ശ്രദ്ധിക്കപ്പെടുന്ന ആകാരവും, ഹിന്ദി ഭാഷയോടുള്ള തീവ്രപ്രണയവും വിദ്യാർത്ഥികളേയും ജ്ഞാനാന്വേഷികളേയും എന്ന പോലെ സാധുക്കളേയും ആതുരരേയും സഹായിക്കാനുള്ള നിരന്തരസന്നദ്ധതയും ബുൽക്കെയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. പലരും അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി കണക്കാക്കുകയും സാഹിത്യസംബന്ധിയല്ലാത്ത വിഷയങ്ങളിൽ പോലും അദ്ദേഹത്തിന്റെ ഉപദേശം തേടിച്ചെല്ലുകയും ചെയ്തു.

1982 ആഗസ്ത് 17-നായിരുന്നു അദ്ദേഹത്തിന്റെ ചരമം.[5]

അവലംബം[തിരുത്തുക]

  1. sabrang.com
  2. 2.0 2.1 Father Camille Bulcke Archived 2016-03-04 at the Wayback Machine. 2007 ജനുവരി 3 ബുധനാഴ്ചയിലെ ദ റ്റെലഗ്രാഫ് ദിനപത്രം
  3. Obituary[പ്രവർത്തിക്കാത്ത കണ്ണി] Indo-Iranian Journal, Publisher: Springer Netherlands. ISSN 0019-7246 (Print) 1572-8536 (Online). Issue: Volume 25, Number 4 / June, 1983.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Datta, Amaresh Datta (1987). Encyclopaedia of Indian literature vol. 1. Sahitya Akademi. p. 988. ISBN 978-8126018031.
  5. "FR. CAMILLE BULCKE, S.J. (1909 – 1982) - Biography". Archived from the original on 2009-01-07. Retrieved 2011-01-20.
"https://ml.wikipedia.org/w/index.php?title=കാമിൽ_ബുൽക്കെ&oldid=3652478" എന്ന താളിൽനിന്ന് ശേഖരിച്ചത്