കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥിതിചെയ്യുന്നതും, അന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രവുമാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകളെ അതിന്റെ സാവാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിത്സ അവയ്ക്ക് ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യർക്ക് കാടിന്റെ പശ്ചാത്തലത്തിൽ ഇവയെ കാണുന്നതിനുമുള്ള സൗകര്യവും ഇവിടെയുണ്ട്. ആനക്കൊട്ടിലിലെ പ്രധാന ആകർഷണം കുട്ടിയാനകളാണ്. മാസങ്ങൾ മാത്രം പ്രായമുള്ള ഇവരെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാടു പോലെ കെട്ടി പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ 18 ആനകളുള്ള ഈ ആന പുനരധിവാസ കേന്ദ്രത്തെ 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. [1]

ചരിത്രം[തിരുത്തുക]

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂർ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കൻ മാതൃകയിൽ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ "കേരളത്തിലെ ഏക ആനസംരക്ഷണ പാർക്ക്" എന്ന ബഹുമതിയോടെ ഈ സങ്കേതം ഒരുക്കുന്നത്. ഇതൊരു പാർക്കായി വിഭാവനം ചെയ്തായിരുന്നു വനംവകുപ്പിന്റെ പ്രൊജക്ട്. നെയ്യറാലെ വെള്ളം കയറി കിടക്കുന്ന ഭാഗത്ത് ആനകളുടെ പുനരധിവാസ കേന്ദ്രമായി ഇതിനെ 2007ലാണ് മാറ്റിയെടുത്തത്. മിന്നു, ജയശ്രീ തുടങ്ങിയ ആനകളായിരുന്നു ഇവിടെ ആദ്യം എത്തിയത്. അഞ്ച്‌ കുട്ടിയാനകൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള 18 ആനകളാണ്‌ ഇപ്പോഴുള്ളത്‌. [2]

പ്രത്യേകതകൾ[തിരുത്തുക]

ഉൾഭാഗം

കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളർത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങൾ നടത്തുക, കാട്ടിൽ നിന്നും ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകൾക്കു പുറമേ, ക്രൂരതക്കിരയാവുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടിയാനകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംരക്ഷിച്ചു പരിപാലിക്കുക എന്നിവയാണ് ഈ ആന പുരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ. കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിലാണ് ആന പരിപാലന കേന്ദ്രം സ്ഥിതിചെയ്യുന്നത്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പു വരുത്തുക, ആനയുമായി ബന്ധപ്പെട്ട പരിശീലന–ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിനുള്ളത്. [3]

നിർമ്മാണം[തിരുത്തുക]

കേരളാ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡാണ് (കിഫ്ബി) ഈ പദ്ധതിക്കായി ധനസഹായം അനുവദിച്ചിരിക്കുന്നത്. 108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായി നവീകരിച്ചാണ് ഇതിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക. ഭവനനിർമ്മാണ ബോർഡിനാണ് നിർമ്മാണ ചുമതല. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 71.9 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. 2021 ൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന ഈ കേന്ദ്രത്തിൽ 50 ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പാർപ്പിക്കുന്നതിനുള്ള വിസ്തൃതമായ വാസസ്ഥലങ്ങൾ, ജലാശയങ്ങൾ, കുട്ടിയാനകൾക്കുള്ള പ്രത്യേക പരിചരണസൗകര്യം, ആന മ്യൂസിയം തുടങ്ങിയവ ഉണ്ടാകും. സ്നേക്ക് പാർക്കും, പക്ഷി പാർക്കും തുടങ്ങുവാനും ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല കാട്ടനകൾക്കും നാട്ടാനകൾക്കും വയോജന സംരക്ഷണം ഒരുക്കാനും പദ്ധതിയുണ്ട്. നാട്ടാനകളെ ഇവിടെ എത്തിച്ചാൽ അതിനു വനം വകുപ്പ് തന്നെ പരിചരണം നൽകും. മാത്രമല്ല കോട്ടൂരിൽ ടൗൺഷിപ്പിനായുള്ള നീക്കവും വനം വകുപ്പ് നടത്തുന്നുണ്ട്. [4]

സംരക്ഷണം[തിരുത്തുക]

പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ  അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മനുഷ്യമേഖലയെന്നും ആനകളുടെ മേഖലയെന്നും രണ്ടായി തിരിച്ചാണ്‌ കേന്ദ്രം സജ്‌ജമാക്കുന്നത്‌. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള എൻക്‌ളോഷറുകൾ ആനകളുടെ മേഖലയിലുണ്ടാകും. കൊമ്പൻ ഒറ്റയ്‌ക്കും പിടിയാനകളും കുട്ടിയാനകളും കൂട്ടമായുമാണ്‌ വനത്തിലെ സഞ്ചാര രീതിതന്നെയാണ് ഇവിടേയും പിന്തുടരുന്നത്. [5]

സൗകര്യങ്ങൾ[തിരുത്തുക]

  • സന്ദർശകർക്കായി ആന മ്യൂസിയം.
  • ആനകളുടെ ചികിത്സക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി.
  • പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം.
  • ആന പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം.
  • ആംഫി തിയററർ.
  • നെയ്യാർ ഡാമിൽ നിർമ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങൾ.
  • കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ.
  • ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള.
  • ആനകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഇടം.
  • നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും.
  • പ്രതിദിനം മൂന്ന് ടണ്ണോളം ആനപ്പിണ്ഡം ഉണ്ടാകുമെന്നതിനാൽ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിർമ്മിക്കും.

വിനോദസഞ്ചാരം[തിരുത്തുക]

അഗസ്‌ത്യ വനം, നെയ്യാർ, പേപ്പാറ വൈൽഡ്‌ ലൈഫ്‌ ഏര്യകളാൽ ചുറ്റപ്പെട്ടാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

സന്ദർശിക്കാൻ[തിരുത്തുക]

പ്രവേശന മാർഗം

നാൽപത്‌ രൂപ ടിക്കറ്റെടുത്താൽ ഇവിടെ പ്രവേശിക്കാം. രണ്ട് മാസം മുതൽ എഴുപത് വയസ് വരെ പ്രായമുള്ള പതിനെട്ട് ആനകളാണ് നിലവിൽ ഇവിടെ ഉള്ളത്. രാവിലെ 9 നും പത്തിനുമിടയ്ക്കാണ് കോട്ടൂർ കാപ്പുകാട് ആനക്കൊട്ടിൽ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. ഗജരാജൻമാർ നെയ്യാറിൽ കുളിച്ച് തിമിർക്കുന്ന കാഴ്ച ഈ സമയത്താണ് കാണാനാവുക.

അനുബന്ധ ടൂറിസം സാധ്യതകൾ[തിരുത്തുക]

കേന്ദ്രം യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയിലെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാവുക. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഈ പ്രദേശം മാറുന്നതോടൊപ്പം നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും വികസിക്കും. കോട്ടൂരിലെ ആന പരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതോടെ പൊന്മുടി, നെയ്യാർ ഡാം, അഗസ്ത്യമല, പേപ്പാറ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രദേശത്തെ ഒരു ടൂറിസം സോണാക്കി മാറ്റാനും കഴിയും. പദ്ധതി പൂർണ്ണതോതിൽ നടപ്പായിക്കഴിഞ്ഞാൽ അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ആന സവാരി[തിരുത്തുക]

മറ്റ് ആനസങ്കേതങ്ങളിലൊന്നും ലഭ്യമല്ലാത്ത ആന സവാരിയും ഇവിടെ ഒരുക്കുന്നുണ്ട്. ആന സവാരിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണവും. സ്വദേശികൾക്കും വിദേശികൾക്കും ഇതിനായി പ്രത്യേക ചാർജ്ജുകളാണ്. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടയിൽ എത്തിയാൽ മാത്രമേ ആനപ്പുറത്ത് കയറാനാകൂ.

ആനകളുടെ ദിനചര്യ[തിരുത്തുക]

രാവിലത്തെ നടത്തത്തോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം അവയെ നെയ്യാറിൽ കുളിപ്പിക്കുന്നു. കുളികഴിഞ്ഞ് വരുന്ന ആനകൾക്ക് ശർക്കരയും ചോറും മറ്റു ധാന്യങ്ങളും ചേർത്തുള്ള ആനച്ചോർ നൽകുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണ ചാർട്ടുണ്ട്. ഓരോ ദിവസം ഓരോ ധാന്യങ്ങൾ, മരുന്നുകൾ എന്നിവ ചേർത്താണ് ഭക്ഷണമൊരുക്കുന്നത്. ഇടനേരങ്ങളിൽ റാഗി കുറുക്കും നൽകും. സന്ദർശകർ നൽകുന്ന വാഴക്കുല പരിശോധിച്ച ശേഷം മാത്രമേ നൽകൂ. വൈകിട്ടും നെയ്യാറിലെ വിശാലമായ വെള്ളത്തിൽ കുളിപ്പിക്കാറുണ്. വേനൽക്കാലത്തും വന്യമൃഗങ്ങൾക്ക് കാട്ടിൽ സുലഭമായി വെള്ളം ലഭിക്കുന്നതിന് ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്. കൂട്ടിലിട്ടിരിക്കുന്ന ആനകളെ കാണുന്നത് കൂടാതെ വൈകിട്ട് മൂന്നരയ്ക്ക് ആനകളെ ഊട്ടുന്നത് കാണാനും സന്ദർശകർക്ക് അവസരമൊരുക്കുന്നുണ്ട്.

ചികിത്സ[തിരുത്തുക]

ആനകളുടെ ചികിത്സക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി നിർമ്മാണ ഘട്ടത്തിലാണ്.

ഹൈബ്രോ തെറാപ്പി[തിരുത്തുക]

ആനയെ ജലാശയത്തിലിറക്കി നൽകുന്ന നീന്തൽ ചികിൽസയാണ് ഹൈബ്രോ തെറാപ്പി. സാധാരണ ശാരീരികാസ്വാഥ്യമുള്ള ആനകൾക്കാണ് ഇത്തരത്തിൽ ഹൈബ്രോ തെറാപ്പി നൽകാറുള്ളത്. നീന്തുമ്പോൾ ശരീരഭാരം തോന്നാത്തതിനാൽ മസിൽസുകളെല്ലാംശക്തിപെടും. അങ്ങനെ ആന പൂർണ്ണ ആരോഗ്യവാനാകും.

മറ്റ് ആകർഷണങ്ങൾ[തിരുത്തുക]

കാടും സാഹസികതയും താത്പ്പര്യമുള്ളവർക്ക് ട്രക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാപ്പുകാടിന് സമീപത്താണ് മീൻമുട്ടി വെള്ളച്ചാട്ടം. ഏത് കൊടിയ വേനലിനും വെള്ളം വറ്റാത്തയിടമാണിത്. കുന്നും വളവുമെല്ലാം തിരിഞ്ഞ് അവിടേക്ക് പോകാനുള്ള സൗകര്യം സാഹസികരായ സഞ്ചാരികൾക്ക് ലഭിക്കും. അതിനായി വനംവകുപ്പ് തന്നെ പ്രത്യേകം വാഹനം ഒരുക്കിത്തരും. ഈ വഴിയിൽ കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ മൃഗങ്ങളെയും കാണാനാകും. മീൻമുട്ടിയ്ക്ക് പുറമെ കാറ്റാടിക്കുന്ന്, തീർഥക്കര എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. ഇതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

ബോട്ടിങ്[തിരുത്തുക]

കുട്ടവഞ്ചി സവാരി

ചങ്ങാടത്തിൽ അഗസ്ത്യമലകളുടെ ഭംഗിയാസ്വദിച്ച് നെയ്യാറിലൂടെ ഉള്ള യാത്ര ആരേയും അതിശയിപ്പിക്കുന്നതാണ്‌. മുളം ചങ്ങാടം, കുട്ടവഞ്ചി, പെഡൽ ബോട്ട് തുടങ്ങിയ ബോട്ടുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മരം കൊണ്ട് നിർമ്മിച്ച വീട്ടിൽ ഒരു രാത്രി താമസിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയുള്ള താമസത്തിന് 2000 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. ആദിവാസികളായ കാണിക്കാർക്ക് തങ്ങാനും മറ്റുമായി നിർമ്മിച്ച തടി വീടുകളാണ് ഇവ. നെയ്യാറിന്റെ തീരത്ത് നിർമ്മിച്ച ഈ ലോഗ് ഹൗസുകൾ സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മുളം കമ്പുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളിലിരുന്നാൽ ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം.

കാലാവസ്ഥ[തിരുത്തുക]

വേനൽ കാലത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പകൽ പരമാവധി 29°C വരെ താപനില ഉയരാറുണ്ട്; എന്നാൽ രാത്രിയോടെ താപനില താഴ്ന്ന് 18° C വരെ എത്തി നിൽക്കും. മഴക്കാലത്ത് ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ പകൽ താപനില പരമാവധി 24°C വരെ എത്താറുണ്ടെങ്കിലും രാത്രി ആവുമ്പോഴേക്കും താപനില 13°C വരെ താഴാറുണ്ട്.

എത്തിച്ചേരാൻ[തിരുത്തുക]

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി മലയൻകീഴ്-കാട്ടാക്കട റൂട്ടിൽ യാത്രാ ചെയ്താൽ കോട്ടൂരിലെത്താം. (തിരുവനന്തപുരത്തുനിന്നും കോട്ടൂർ ബസ് ലഭിക്കും. അല്ലെങ്കിൽ കാട്ടാക്കടയിൽ നിന്ന് കോട്ടൂർ ബസിൽ കയറിയാലും മതി).KSRTC സിറ്റി RADIAL സർവീസ് കാപ്പുകാട് കോവളം ആര്യനാട് ഡിപ്പോയും നടത്തുന്നുണ്ട്

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കോന്നി ആനക്കൂട്

കോടനാട്

അവലംബം[തിരുത്തുക]

  1. https://www.keralatourism.org/kerala-article/kottur-elephant-rehabilitation-centre/170/
  2. https://www.dtpcthiruvananthapuram.com/elephant-rehabilitation-centre-kottur/120
  3. https://www.thehindu.com/news/national/kerala/work-on-kottoor-elephant-centre-begins/article28119786.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-26. Retrieved 2019-07-26.
  5. https://malayalam.samayam.com/latest-news/kerala-news/kottur-becomes-the-first-international-elephant-rehabilitation-centre-in-india/articleshow/69894947.cms