കാപ്പിരിമുത്തപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകേളത്തിൽ, ഏറെ പ്രചാരമുള്ള ഒരു ദൈവം ആണ് കാപ്പിരി മുത്തപ്പൻ. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ വരവോടെ കേരളതീരത്തു നിന്നു ധൃതിയിൽ പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസുകാർ, പിന്നീട് വീണ്ടെടുക്കാമെന്ന വിശ്വാസത്തിൽ കേരളത്തിലെ തങ്ങളുടെ ധനമെല്ലാം പലയിടങ്ങളിലായി കുഴിച്ചിട്ടെന്നും, നിധികാക്കാനും, പ്രേതഭയം ഉണ്ടായി മറ്റാരും അത് അപഹരിക്കാതിരിക്കാനുമായി നിധിക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽ നിന്നു കൊണ്ടു വന്നിരുന്ന തങ്ങളുടെ 'കാപ്പിരി' അടിമകളിൽ ഓരോരുത്തരെ കുഴിച്ചിട്ടെന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് കാപ്പിരിമുത്തപ്പൻ സങ്കല്പം രൂപപ്പെട്ടത്. മാവ് ഉൾപ്പെടെയുള്ള വലിയ മരങ്ങൾക്കു കീഴയാണ് നിധി കുഴിച്ചിട്ടതായി വിശ്വസിക്കപ്പെടുന്നത്.[1]

ചരിത്രം[തിരുത്തുക]

ആസ്ട്രെലോയ്ഡ് വംശത്തിൽ പെട്ട ആഫ്രിക്കൻ വംശജർക്ക്,അവിശ്വാസികൾ എന്ന അർത്ഥത്തിൽ, അവരെ അടിമകളാക്കിയവർ നൽകിയ പേരാണ് 'കാഫിർ' അല്ലെങ്കിൽ 'കാപ്പിരി'. ലിസ്ബണിൽ നിന്നു ശുഭപ്രതീക്ഷാമുനമ്പു ചുറ്റിവന്ന പോർത്തുഗീസുകാർ, വഴിക്ക് കിഴക്കൻ ആഫ്രിക്കൻ തീരത്തു നിന്ന് ഇവരേയും അടിമകളാക്കി കപ്പലിൽ കയറ്റി കൊണ്ടു പോരുകയായിരുന്നു. കൊച്ചിയിലെ തുരുത്തുകളിൽ ദാരുണമായ ജീവിതസാഹചര്യങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ട ഇവർ സമീപപ്രദേശങ്ങളിലെ അടിമച്ചന്തകളിൽ വിപണനച്ചരക്കുകളായി. കാവൽ ജോലികളും, വഞ്ചിതുഴയലും, നിർമ്മാണപ്രവർത്തനങ്ങളുമെല്ലാം അവർക്ക് അടിമപ്പണികളായി. പോർത്തുഗീസുകാരുടേയും ഡച്ചുകാരുടേയും ഇംഗ്ലീഷുകാരുടേയുമെല്ലാം വരവിനെ രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളിൽ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കൻ സാന്നിദ്ധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിൽ നിലനിൽക്കുന്നു.[2]

മുത്തപ്പൻ മാടങ്ങൾ[തിരുത്തുക]

കൊച്ചി പ്രദേശത്ത് പലയിടങ്ങളിലുമുള്ള മുത്തപ്പൻ മാടങ്ങളിൽ കാപ്പിരി മുത്തപ്പൻ ഉപാസനാമൂർത്തിയാകുന്നു. മട്ടാഞ്ചേരി അടുത്തുള്ള മങ്ങാട്ടുമുക്കിലെ മുത്തപ്പൻ മാടം ഇത്തരത്തിലൊന്നാണ്. നിധികൾ കണ്ടുകിട്ടുന്നതുൾപ്പെടെയുള്ള അസാദ്ധ്യകാര്യങ്ങൾ സാധിച്ചുകിട്ടാൻ മുത്തപ്പൻ മാടങ്ങളിൽ പ്രാർത്ഥിക്കുക പതിവാണ്. വഴിതെറ്റിപ്പോയവരെ നേർവഴി എത്തിക്കുന്നതുൾപ്പെടെയുള്ള കാരുണ്യപ്രവൃത്തികൾക്കു പേരുകേട്ട സൗമ്യമൂർത്തിയാണു മുത്തപ്പൻ. ചുരുട്ടും, മീനും, കരിക്കും, കള്ളും മറ്റുമാണ് മുത്തപ്പൻമാടങ്ങളിലെ കാഴ്ചദ്രവ്യങ്ങൾ. പുട്ടും, പുഴുങ്ങിയ മുട്ടയും 'കാൽദോ' എന്ന ഇറച്ചിക്കറിയുമാണ് മറ്റ് അർച്ചനകൾ[1][3]മുളങ്കുഴലിലും ചിരട്ടയിലും പുട്ടുണ്ടാക്കി കാപ്പിരി മാടത്തിൽ നേദിക്കുന്ന പതിവ് വിരളമായെങ്കിലും ഇപ്പോഴുമുണ്ട്. പുട്ടുണ്ടാക്കുമ്പോൾ, രുചിവരാനായി തലപ്പൂട്ട് കാപ്പിരിക്ക് എന്നു നേരുന്ന പതിവുമുണ്ട്.[2]

'പ്രത്യക്ഷങ്ങൾ'[തിരുത്തുക]

മുത്തപ്പന്റെ പ്രത്യക്ഷാനുഭവം കിട്ടിയതായുള്ള അവകാശവാദങ്ങൾ കൊച്ചി പ്രദേശത്ത് സാധാരണമാണ്. രാത്രികാലങ്ങളിൽ കാപ്പിരിയെപ്പോലുള്ളൊരു രൂപം ചുരുട്ടുവലിച്ചിരിക്കുന്നതായി കണ്ടുവെന്നാണ് ഒരവകാശവാദം. മതിലുകളിൽ കുത്തിയിരുന്ന് മൂളിപ്പാട്ടു പാടി കള്ളുകുടിക്കുന്ന രൂപത്തിൽ മുത്തപ്പനെ കണ്ടതായുള്ള അവകാശവാദങ്ങളും ഉണ്ടായിട്ടുണ്ട്. രോഗശാന്തിക്കും നല്ലകാലത്തിനുമായി മുത്തപ്പനെ ഉപാസിക്കുന്നവർ വളരെയുണ്ട്. മതവിശ്വാസത്തിനും ആധുനികതക്കും മുത്തപ്പനിലുള്ള വിശ്വാസം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.[4]

സാഹിത്യത്തിൽ[തിരുത്തുക]

കൊച്ചി പ്രദേശം പശ്ചാത്തലമാക്കി എൻ.എസ്. മാധവൻ എഴുതിയ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എന്ന മലയാളം നോവലിൽ കാപ്പിരി മുത്തപ്പന്റെ മിത്ത് കടന്നുവരുന്നുണ്ട്. നോവലിലെ കഥാപാത്രമായ ഗോമസ് ചേട്ടന്റെ വീട്ടിൽ കുഴൽക്കിണർ കുത്താൻ നടത്തുന്ന ഖനനത്തിൽ മണ്ണിനൊപ്പം ഒരു മനുഷ്യന്റെ താടിയെല്ലിന്റെ ചെറിയ കഷണം കിട്ടുന്നതാണു രംഗം. അതിൽ കണ്ട പല്ലിന്റെ തിളങ്ങുന്ന വെളുപ്പു കണ്ട കാഴ്ചക്കാരിലൊരാൾ അത് കാപ്പിരിയുടെ പല്ലാണെന്നഭിപ്രായപ്പെടുന്നു. തുടർന്ന് അയാൾ തുടർന്ന് കാപ്പിരിമുത്തപ്പന്റെ കഥ പറയുന്നു. "കാപ്പിരിമുത്തപ്പന്മാര് പാവങ്ങളാണ്. നമ്മളപ്പോലേണ്, കൊറച്ചു കള്ളും ഇത്തിരി ചിക്കനും കിട്ട്യാ ഖുശി, ഫോർട്ടോച്ചീല് ഡെൽറ്റാ ഇസ്കൂളിന്റെ തൊട്ടടുത്തൊരു പഴേവീട്ടില ഭിത്തിമാടത്തില, കാപ്പിരിമുത്തപ്പന് ചാരായോം കോഴീം കൊണ്ടുവച്ച് ഇത്തിരി നിധി കിട്ട്വാന്ന് നോക്കണവര് ഇപ്പളുമെണ്ട്" എന്നും മറ്റുമുള്ള നിരീക്ഷണങ്ങൾ അവിടെയുണ്ട്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 കാപ്പിരി മുത്തപ്പൻ, 2016 മാർച്ച് 20-നു മലയാളമനോരമ ദിനപത്രത്തോടൊപ്പമുള്ള 'ഞായറാഴ്ച'-യിൽ ജിജോ ജോൺ പുത്തേഴത്ത് എഴുതിയ ലേഖനം
  2. 2.0 2.1 കാപ്പിരിക്കൊച്ചി, 2013 ഡിസംബർ 7-ലെ മാതൃഭൂമി പത്രത്തിൽ സുജിത്ത് സുരേന്ദ്രൻ എഴുതിയ ലേഖനം Archived 2021-01-21 at the Wayback Machine.
  3. Kappiri Muthappan: From slaves to folk deity, 2013 ജൂൺ 10-ലെ ഇന്ത്യൻ എക്സ്പ്രസ്സിൽ ഷാലറ്റ് ജിമ്മി എഴുതിയ ലേഖനം
  4. "Once a Slave, now a diety" 2013 ജൂൺ 17-ലെ ഹിന്ദു ദിനപത്രത്തിൽ നിധി സുരേന്ദ്രനാഥ് എഴുതിയ ലേഖനം
  5. എൻ.എസ്. മാധവൻ: "ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ", ഡി.സി. ബുക്ക്സ് പ്രസാധനം (പുറങ്ങൾ 159-60)
"https://ml.wikipedia.org/w/index.php?title=കാപ്പിരിമുത്തപ്പൻ&oldid=3802909" എന്ന താളിൽനിന്ന് ശേഖരിച്ചത്