ഉള്ളടക്കത്തിലേക്ക് പോവുക

കാന്താര (2022 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാന്താര: എ ലെജൻഡ്
തീയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംഋഷബ് ഷെട്ടി
കഥഋഷബ് ഷെട്ടി
അനിരുദ്ധ് മഹേഷ്
ഷാനിൽ ഗൗതം
രാജ് ബി. ഷെട്ടി
ശ്യാം പ്രസാദ്
പ്രകാശ് തുമിനാട്
നിർമ്മാണംവിജയ് കിരഗണ്ടൂർ
ചലുവെ ഗൗഡ
അഭിനേതാക്കൾ
ഛായാഗ്രഹണംഅരവിന്ദ് എസ്. കശ്യപ്
ചിത്രസംയോജനം
സംഗീതംബി. അജനീഷ് ലോകനാഥ്
നിർമ്മാണ
കമ്പനി
വിതരണംഹൊംബാളെ ഫിലിംസ്
റിലീസ് തീയതി
  • 30 September 2022 (2022-09-30)[1]
ദൈർഘ്യം
148 മിനിറ്റ്[2]
രാജ്യംഇന്ത്യ
ഭാഷകന്നഡ
ബജറ്റ്₹16 കോടി[3]
ബോക്സ് ഓഫീസ്₹400−450 കോടി[a][19]

ഋഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു കന്നഡ ആക്ഷൻ ത്രില്ലർ ചിത്രമാണ് കാന്താര (അർത്ഥം: നിഗൂഢമായ വനം). കാന്താര: എ ലെജൻഡ് എന്നും ഇതിന് പേരുണ്ട്.[20][21] ഹൊംബാളെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗണ്ടൂർ, ചലുവെ ഗൗഡ എന്നിവരാണ് നിർമ്മാണം. കാടുബെട്ടു ശിവ, അണ്ണപ്പ എന്നീ ഇരട്ടവേഷങ്ങളിൽ ഋഷബ് ഷെട്ടി തന്നെയാണ് നായകനായി എത്തുന്നത്. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തുളുനാട് പ്രദേശത്തിലെ തുളുവരുടെ നാടോടിക്കഥകളും വിശ്വാസങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിൻ്റെ ഇതിവൃത്തം, അവിടത്തെ പരമ്പരാഗത ആരാധനാ സമ്പ്രദായമായ ഭൂതക്കോലത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു കംബള ചാമ്പ്യനും ഫോറസ്റ്റ് ഓഫീസറും തമ്മിലുള്ള സംഘർഷമാണ് ചിത്രം പറയുന്നത്. പുണ്യഭൂമി, പൈതൃകം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവ ഈ പോരാട്ടത്തിലൂടെ ചർച്ചയാകുന്നു.

തീരദേശ കർണ്ണാടകയിലെ കേരാടിയിലാണ് കഥ നടക്കുന്നത്. 2021 ഓഗസ്റ്റിൽ ആരംഭിച്ച ചിത്രീകരണം പൂർണ്ണമായും അവിടെത്തന്നെയായിരുന്നു.[22] അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണവും ബി. അജനീഷ് ലോകനാഥ് സംഗീതവും നിർവ്വഹിച്ചു. വിക്രം മോറെ സംഘട്ടനവും, നവാഗതനായ ധരണി ഗംഗേ പുത്ര പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്തു.

2022 സെപ്റ്റംബർ 30-ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വൻ സ്വീകാര്യത നേടി. മികച്ച പ്രകടനം, സംവിധാനം, പശ്ചാത്തല സംഗീതം, തദ്ദേശീയ പാരമ്പര്യങ്ങളുടെ അവതരണം എന്നിവ ഏറെ പ്രശംസിക്കപ്പെട്ടു. അതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രങ്ങളിലൊന്നായി കാന്താര മാറി. ഇതിൻ്റെ മുൻഭാഗമായി ഒരുക്കിയ കാന്താര: അധ്യായം 1 എന്ന ചിത്രം 2025 ഒക്ടോബർ 2-ന് പുറത്തിറങ്ങി.[23]

54-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) സ്പെഷ്യൽ ജൂറി പുരസ്കാരം (സിൽവർ പീക്കോക്ക്) ഈ ചിത്രം നേടി.[24][25] കൂടാതെ, 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും, ഋഷബ് ഷെട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.[26]

കഥാംശം

[തിരുത്തുക]

1847-ൽ തീരദേശ കർണ്ണാടകയിലെ ഒരു രാജാവ് സമാധാനം തേടി ഒരു യാത്ര തിരിക്കുന്നു. ആ യാത്രയിൽ വനവാസികളുടെ സംരക്ഷകനായ പഞ്ചുരുളി ദൈവത്തിൻ്റെ (നാട്ടുദൈവം) ചൈതന്യമുള്ള ഒരു പുണ്യശില അദ്ദേഹം കണ്ടെത്തുന്നു. ആ ശില തന്നോടൊപ്പം കൊണ്ടുപോകുന്നതിന് പകരമായി രാജാവ് തൻ്റെ ഭൂമിയുടെ വലിയൊരു ഭാഗം ഗ്രാമവാസികൾക്ക് വിട്ടുനൽകുന്നു. എന്നാൽ, നൽകിയ വാക്ക് ലംഘിച്ചാൽ പഞ്ചുരുളിയുടെ സഹായിയായ അതിശക്തനായ ഗുളികദൈവം രാജാവിനോട് ക്ഷമിക്കില്ലെന്ന് വെളിച്ചപ്പാടിലൂടെ പഞ്ചുരുളി മുന്നറിയിപ്പ് നൽകുന്നു.

വർഷങ്ങൾക്ക് ശേഷം 1970-ൽ, രാജാവിൻ്റെ പിൻഗാമി ഗ്രാമവാസികളോട് ഭൂമി തിരികെ ആവശ്യപ്പെടുന്നു. ഈ സമയം പഞ്ചുരുളി ഉറഞ്ഞുതുള്ളുന്ന ഭൂതക്കോല കലാകാരനായ അണ്ണപ്പ (ഋഷബ് ഷെട്ടി) ഇതിനെ എതിർക്കുകയും ഗ്രാമത്തിന് നൽകിയ സമാധാനം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. രാജാവ് കോടതിയിൽ പോയാൽ, കോടതിപ്പടിക്കൽ വെച്ച് ദൈവം വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വെളിച്ചപ്പാടിൻ്റെ വാക്കുകളെ രാജാവിൻ്റെ പിൻഗാമി പരിഹസിച്ചപ്പോൾ, താൻ അപ്രത്യക്ഷനാകുമെന്ന് പറഞ്ഞ് അണ്ണപ്പ കാട്ടിലേക്ക് ഓടിമറയുന്നു. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. കുറച്ചുനാൾ കഴിഞ്ഞ്, കോടതിപ്പടികളിൽ വെച്ച് രാജാവിൻ്റെ പിൻഗാമി ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു.

വീണ്ടും 20 വർഷങ്ങൾക്ക് ശേഷം (1990-ൽ), ഗ്രാമവാസികളുടെ ഭൂമി റിസർവ് വനമാക്കി മാറ്റാൻ ഫോറസ്റ്റ് ഓഫീസറായ മുരളി എത്തുന്നു. എന്നാൽ കാടുബെട്ടു ശിവ എന്ന കംബള താരവും കാണാതായ അണ്ണപ്പയുടെ മകനുമായ ശിവ (ഋഷബ് ഷെട്ടി) ഇതിനെ ശക്തമായി എതിർക്കുന്നു. രാജാവിൻ്റെ പിൻഗാമിയായ ദേവേന്ദ്ര സുത്തൂരുവാണ് (ഗ്രാമത്തിലെ ജന്മി) ശിവയ്ക്ക് പിന്തുണ നൽകുന്നത്. അച്ഛൻ്റെ തിരോധാനമുണ്ടാക്കിയ ആഘാതം കാരണം ശിവ ഭൂതക്കോല കെട്ടാൻ തയ്യാറായിരുന്നില്ല. പകരം അവൻ്റെ ബന്ധുവായ ഗുരുവായാണ് കോലമണിഞ്ഞിരുന്നത്. അതിനിടയിൽ ശിവ തൻ്റെ ബാല്യകാല സുഹൃത്തായ ലീലയുമായി പ്രണയത്തിലാകുകയും, ദേവേന്ദ്രൻ്റെ സ്വാധീനം ഉപയോഗിച്ച് അവൾക്ക് ഫോറസ്റ്റ് ഗാർഡായി ജോലി വാങ്ങി നൽകുകയും ചെയ്യുന്നു. വനംവകുപ്പിൻ്റെ വേലി നിർമ്മാണം തടയാൻ ശ്രമിക്കുന്ന ഗ്രാമവാസികളെ ലീല ഉൾപ്പെടുന്ന പോലീസ്-വനംവകുപ്പ് സംഘം അടിച്ചമർത്തുന്നു. ഉദ്യോഗസ്ഥയെന്ന നിലയിൽ തൻ്റെ ജോലി ചെയ്തതാണെങ്കിലും, ഇത് ലീലയും ശിവയും തമ്മിൽ അകലാൻ കാരണമാകുന്നു.

മുരളിയും ശിവയും തമ്മിലുള്ള ശത്രുത വർദ്ധിക്കുന്നു. ശിവയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യാൻ മുരളി തീരുമാനിക്കുന്നു. എന്നാൽ അവരെ പിടിക്കാൻ പോകുന്ന വഴിയിൽ ശിവ വെട്ടിയ ഒരു മരം അബദ്ധത്തിൽ മുരളിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ഒളിവിൽ പോകുന്ന ശിവയും സംഘവും പിന്നീട് ഗ്രാമത്തിൽ തിരിച്ചെത്തി പോലീസിൽ കീഴടങ്ങാൻ തീരുമാനിക്കുന്നു. എന്നാൽ അതിനുമുമ്പ് തന്നെ അവർ പിടിയിലാകുന്നു. ശിവയെ ജാമ്യത്തിലിറക്കാൻ ഗുരുവാ ദേവേന്ദ്രനോട് സഹായം അഭ്യർത്ഥിക്കുന്നു. അടുത്ത ഭൂതക്കോലയിൽ ദൈവമായി അഭിനയിച്ച് (കള്ളക്കോലം കെട്ടി) ഭൂമി ജന്മിയ്ക്ക് വിട്ടുനൽകാൻ ഗ്രാമവാസികളോട് ആവശ്യപ്പെടണമെന്ന് ദേവേന്ദ്രൻ ആവശ്യപ്പെടുന്നു. അതിന് തയ്യാറാകാത്ത ഗുരുവായെ ദേവേന്ദ്രൻ കൊലപ്പെടുത്തുന്നു.

ഗുരുവായുടെ മരണത്തെക്കുറിച്ച് ശിവ ചോദിക്കുമ്പോൾ ദേവേന്ദ്രൻ കുറ്റം മുരളിയുടെ മേൽ കെട്ടിവെക്കുന്നു. എന്നാൽ തൻ്റെ സുഹൃത്തായ മഹാദേവനിൽ നിന്ന് ശിവ സത്യാവസ്ഥ മനസ്സിലാക്കുന്നു. ദേവേന്ദ്രൻ്റെ യഥാർത്ഥ ലക്ഷ്യം ഭൂമി തട്ടിയെടുക്കുകയാണെന്ന് മുരളി ഗ്രാമവാസികളെ അറിയിക്കുന്നു. ശിവയും മുരളിയും ഗ്രാമവാസികളും ഒന്നിക്കുന്നു. തുടർന്ന് ദേവേന്ദ്രനും സംഘവും ഗ്രാമവാസികളെ ആക്രമിക്കുകയും വലിയൊരു പോരാട്ടം നടക്കുകയും ചെയ്യുന്നു. പോരാട്ടത്തിൽ ശിവയ്ക്ക് മാരകമായി പരിക്കേൽക്കുന്നു. വീഴുന്നതിനിടയിൽ ശിവയുടെ തല ഗുളികൻ്റെ പുണ്യശിലയിൽ ഇടിക്കുന്നു. തുടർന്ന് ശിവയിൽ ഗുളികൻ പ്രവേശിക്കുകയും, അമാനുഷിക ശക്തി ലഭിച്ച ശിവ ദേവേന്ദ്രനെയും കൂട്ടാളികളെയും വധിക്കുകയും ചെയ്യുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം നടക്കുന്ന ഭൂതക്കോലയിൽ ശിവ പഞ്ചുരുളിയായി ഉറഞ്ഞുതുള്ളുന്നു (ഈ സമയം ലീല ഗർഭിണിയാണെന്ന് കാണിക്കുന്നു). ശിവയും മുരളിയും ഗ്രാമവാസികളും പരസ്പരം കൈകോർക്കുന്നു. പിന്നീട് തൻ്റെ അച്ഛൻ്റെ ആത്മാവിനെ കണ്ട് ശിവ കാട്ടിലേക്ക് അപ്രത്യക്ഷനാകുന്നു. സിനിമയുടെ അവസാനത്തിൽ, ലീലയുടെയും ശിവയുടെയും മകൻ തൻ്റെ അച്ഛൻ്റെ തിരോധാനത്തെക്കുറിച്ച് സുന്ദരയോട് ചോദിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • ഋഷബ് ഷെട്ടി - കാടുബെട്ടു ശിവ (ഒരു കംബള താരം), അണ്ണപ്പ (ശിവയുടെ അച്ഛൻ) എന്നീ ഇരട്ട വേഷങ്ങളിൽ
  • സപ്തമി ഗൗഡ - ലീല
  • കിഷോർ - മുരളി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (D.R.F.O)
  • അച്യുത് കുമാർ - ദേവേന്ദ്ര സുത്തൂരു
  • പ്രമോദ് ഷെട്ടി - സുധാകര
  • പ്രകാശ് തുമിനാട് - രാമ്പ
  • മാനസി സുധീർ - കമല, ശിവയുടെ അമ്മ
  • നവീൻ ഡി. പടീൽ - വക്കീൽ
  • സ്വരാജ് ഷെട്ടി - ഗുരുവാ, ശിവയുടെ ബന്ധു
  • ദീപക് റായ് പനാജെ - സുന്ദര
  • ഷാനിൽ ഗൗതം - ബുല്ല
  • പ്രഭാകർ കുന്ദർ - മാധവാചാര്യർ
  • വിനയ് ബിഡ്ഡപ്പ - രാജാവ്
  • പ്രഗതി ഋഷഭ് ഷെട്ടി - രാജാവിൻ്റെ ഭാര്യ

നിർമ്മാണം

[തിരുത്തുക]

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രധാന പ്രമേയമെന്ന് സംവിധായകൻ ഋഷബ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.[27] 1990-കളിൽ തൻ്റെ സ്വന്തം നാടായ കർണ്ണാടകയിലെ കേരാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഈ ചിത്രത്തിന് പ്രധാന പ്രചോദനമായത്. 2021-ലെ കോവിഡ് ലോക്ക്ഡൗൺ സമയത്താണ് അദ്ദേഹം ഇതിൻ്റെ കഥ തയ്യാറാക്കിയത്.[28]

1847, 1970, 1990 എന്നീ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് ചിത്രം നടക്കുന്നത്. ചിത്രീകരണത്തിനായി കേരാടിയിൽ തന്നെ 90-കളിലെ ഒരു ഗ്രാമത്തിൻ്റെ വലിയ സെറ്റ് നിർമ്മിച്ചിരുന്നു. തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരുമായി സംസാരിച്ചാണ് ആ കാലഘട്ടത്തിലെ വസ്ത്രധാരണ രീതികൾ വസ്ത്രാലങ്കാരം ചെയ്ത പ്രഗതി ഷെട്ടി തയ്യാറാക്കിയത്. ചിത്രത്തിലെ കംബള രംഗങ്ങൾ യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതിനായി ഋഷഭ് ഷെട്ടി നാല് മാസത്തോളം പ്രത്യേക പരിശീലനം നേടിയിരുന്നു.[29]

സംഗീതവും നിയമപ്രശ്നങ്ങളും

[തിരുത്തുക]

ബി. അജനീഷ് ലോകനാഥാണ് ചിത്രത്തിന് സംഗീതം നൽകിയത്. നാടൻ പാട്ടുകളും പരമ്പരാഗത വാദ്യോപകരണങ്ങളും ഉപയോഗിച്ചാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'വരാഹരൂപം' എന്ന ഗാനം തങ്ങളുടെ 'നവരസം' എന്ന പാട്ടിൻ്റെ പകർപ്പാണെന്ന് ആരോപിച്ച് പ്രശസ്ത മലയാളം സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.[30] കോഴിക്കോട് ജില്ലാ കോടതിയുടെ വിലക്കിനെ തുടർന്ന് ആമസോൺ പ്രൈമിൽ ഒ.ടി.ടി റിലീസ് ചെയ്ത സമയത്ത് ഈ ഗാനത്തിൻ്റെ സംഗീതത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ പിന്നീട് തൈക്കൂടം ബ്രിഡ്ജും നിർമ്മാതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തുകയും, കേരള ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തതോടെ യഥാർത്ഥ ഗാനം തന്നെ സിനിമയിൽ തിരികെ ഉൾപ്പെടുത്തി.[31]

പ്രദർശനം

[തിരുത്തുക]

2022 സെപ്റ്റംബർ 30-ന് കന്നഡയിലാണ് ചിത്രം ആദ്യം തീയേറ്ററുകളിലെത്തിയത്. കന്നഡയിൽ വൻ വിജയമായതിനെ തുടർന്ന് തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഒക്ടോബർ പകുതിയോടെ പ്രദർശനത്തിനെത്തിച്ചു.[32] വിയറ്റ്നാമിൽ പ്രദർശിപ്പിക്കുന്ന ആദ്യ കന്നഡ ചിത്രം കൂടിയാണ് കാന്താര.

ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും 2022 നവംബർ 24 മുതൽ സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തിറങ്ങിയത്.

കേരളത്തിലെ വിതരണം

[തിരുത്തുക]

കന്നഡയിൽ ഗംഭീര വിജയം നേടിയതിനെത്തുടർന്ന് 'കാന്താര' മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് കേരളത്തിൽ റിലീസ് ചെയ്തു. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണത്തിനെത്തിച്ചത്.[33] 2022 ഒക്ടോബർ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും മികച്ച സാമ്പത്തിക വിജയം സ്വന്തമാക്കി. ഈ വിജയത്തിന്റെ തുടർച്ചയായി, ഇതിന്റെ മുൻഭാഗമായ 'കാന്താര: അധ്യായം 1' കേരളത്തിൽ വിതരണം ചെയ്തതും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്.[34]

സ്വീകാര്യത

[തിരുത്തുക]

ബോക്സ് ഓഫീസ്

[തിരുത്തുക]

ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് കാന്താര നടത്തിയത്. വെറും 16 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 400 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു.[35] എക്കാലത്തെയും ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമായി ഇത് മാറി.

കർണ്ണാടകയിൽ മാത്രം ചിത്രം 150 കോടിയിലധികം നേടി. ഇതിന് പുറമെ ഹിന്ദി പതിപ്പ് 80 കോടി രൂപയും, തെലുങ്ക് പതിപ്പ് 60 കോടി രൂപയും നേടി ഉത്തരേന്ത്യയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വൻ സാമ്പത്തിക വിജയമായി മാറി. ഉത്തരേന്ത്യയിൽ ഒരു കന്നഡ ഡബ്ബിംഗ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതകളിലൊന്നാണിത്.

നിരൂപക പ്രതികരണം

[തിരുത്തുക]

ഋഷഭ് ഷെട്ടി, കിഷോർ എന്നിവരുടെ മികച്ച പ്രകടനത്തിനും, അരവിന്ദ് കശ്യപിൻ്റെ ഛായാഗ്രഹണത്തിനും, അജനീഷ് ലോകനാഥിൻ്റെ സംഗീതത്തിനും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രശംസ ലഭിച്ചു. നാടോടിക്കഥകളെയും തദ്ദേശീയ സംസ്കാരത്തെയും വളരെ സൂക്ഷ്മമായി അവതരിപ്പിച്ചതിലും ചിത്രം ശ്രദ്ധ നേടി. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെല്ലാം ചിത്രത്തിന് മികച്ച റേറ്റിംഗ് നൽകി. എന്നാൽ നായികയായ ലീലയുടെ കഥാപാത്രത്തിന് കാര്യമായ പ്രാധാന്യം നൽകിയില്ല എന്ന വിമർശനവും ചില നിരൂപകർ ഉന്നയിച്ചിരുന്നു.

സ്വാധീനം

[തിരുത്തുക]

സിനിമ വലിയ രീതിയിൽ ചർച്ചയായതോടെ, കർണ്ണാടക സർക്കാർ 60 വയസ്സിന് മുകളിലുള്ള ഭൂതക്കോലം (ദൈവ നർത്തകർ) കലാകാരന്മാർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ചു.[36]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം വേദി വിഭാഗം ജേതാവ് ഫലം
2024 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടൻ ഋഷബ് ഷെട്ടി Won
മികച്ച ജനപ്രിയ ചിത്രം കാന്താര Won
2023 54-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐ.എഫ്.എഫ്.ഐ. സ്പെഷ്യൽ ജൂറി പുരസ്കാരം കാന്താര Won

മുൻഭാഗം

[തിരുത്തുക]

കാന്താരയുടെ മുൻഭാഗമായി ഒരുക്കിയ കാന്താര: അധ്യായം 1 എന്ന ചിത്രം 2025 ഒക്ടോബർ 2-ന് പുറത്തിറങ്ങി. 2023 നവംബറിലാണ് ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

കുറിപ്പുകൾ

[തിരുത്തുക]
  1. ഇന്ത്യ ടുഡേ,[4] ദ ടൈംസ് ഓഫ് ഇന്ത്യ,[5] ഫസ്റ്റ്പോസ്റ്റ്,[6] ദി ഫിനാൻഷ്യൽ എക്സ്പ്രസ്,[7] ടൈംസ് നൗ,[8] എ.ബി.പി. ന്യൂസ്,[9] ഏഷ്യാനെറ്റ്,[10] ഡി.എൻ.എ.[11] എന്നീ മാധ്യമങ്ങൾ ചിത്രത്തിൻ്റെ കളക്ഷൻ ₹400 കോടിയാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ മറ്റ് സ്രോതസ്സുകളായ ഹിന്ദുസ്ഥാൻ ടൈംസ്,[12] വിയോൺ,[13] ഔട്ട്‌ലുക്ക്,[14] ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്,[15] ദൈനിക് ഭാസ്കർ,[16] ഉദയവാണി [17] കൂടാതെ പി.ടി.സി. പഞ്ചാബി[18] എന്നിവർ ഇത് ₹450 കോടിയോളമാണെന്ന് റിപ്പോർട്ട് ചെയ്തു.

അവലംബം

[തിരുത്തുക]
  1. "Rishab Shetty's 'Kantara' to be released in English". The Times of India. 28 November 2022. ISSN 0971-8257. Retrieved 22 September 2023.
  2. "Kantara". British Board of Film Classification (in ഇംഗ്ലീഷ്). Retrieved 22 September 2023.
  3. "'Kantara': How a Kannada film took on the mighty". Deccan Herald. 7 October 2022. Archived from the original on 8 October 2022. Retrieved 7 October 2022.
  4. "Rishab Shetty's Kantara remains unstoppable, grosses Rs 450 crore worldwide". ഇന്ത്യ ടുഡേ. 22 നവംബർ 2022. Archived from the original on 25 ഡിസംബർ 2022. Retrieved 25 ഡിസംബർ 2022.
  5. "'Kantara's worldwide collection crosses the monumental mark of Rs 350 crores!". ദ ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 25 ഡിസംബർ 2022. Retrieved 25 ഡിസംബർ 2022.
  6. "Rishab Shetty's Kantara is unbeatable: Worldwide collection at the box office crosses the monumental mark of 450 Crores". ഫസ്റ്റ്പോസ്റ്റ്. 22 നവംബർ 2022. Archived from the original on 20 ഡിസംബർ 2022. Retrieved 20 ഡിസംബർ 2022.
  7. "Kantara worldwide box office collection: Rishab Shetty film crosses Rs 450 crore mark | The Financial Express". ദി ഫിനാൻഷ്യൽ എക്സ്പ്രസ്. 22 നവംബർ 2022. Archived from the original on 20 ഡിസംബർ 2022. Retrieved 20 ഡിസംബർ 2022.
  8. "Kantara box office collection: Rishab Shetty film continues to roar, mints Rs 450 crore worldwide". ടൈംസ് നൗ. 22 നവംബർ 2022. Archived from the original on 20 ഡിസംബർ 2022. Retrieved 20 ഡിസംബർ 2022.
  9. "Rishab Shetty's Kantara Is Unstoppable, Crosses Rs 450 Crore Worldwide". എ.ബി.പി. ന്യൂസ്. 22 നവംബർ 2022. Archived from the original on 20 ഡിസംബർ 2022. Retrieved 20 ഡിസംബർ 2022.
  10. "Kantara: Rishab Shetty takes major dig at people who called his film 'low-budget', says 'it is my biggest film". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 25 ഡിസംബർ 2022. Retrieved 25 ഡിസംബർ 2022.
  11. "Kantara box office collection: Rishab Shetty starrer is sixth Indian film in 2022 to earn over Rs 400 crore worldwide". ഡി.എൻ.എ. ഇന്ത്യ. Archived from the original on 4 ഡിസംബർ 2022. Retrieved 20 ഡിസംബർ 2022.
  12. Kumar, Nelki Naresh. "Rishab Shetty Remuneration for Kantara: కాంతార సినిమాకు రిష‌బ్‌శెట్టి తీసుకున్న రెమ్యున‌రేష‌న్ ఎంతో తెలుసా". ഹിന്ദുസ്ഥാൻ ടൈംസ്. Archived from the original on 25 ഡിസംബർ 2022. Retrieved 25 ഡിസംബർ 2022.
  13. "Yearender 2022: These are the highest grossing movies of this year – 'KGF 2', 'RRR' and more". വിയോൺ. 16 ഡിസംബർ 2022. Archived from the original on 19 ഡിസംബർ 2022. Retrieved 19 ഡിസംബർ 2022.
  14. "Hrithik Roshan Praises Rishab Shetty As He Reviews 'Kantara': Top Notch Storytelling, Direction And Acting". 12 ഡിസംബർ 2022. Archived from the original on 2 ഏപ്രിൽ 2023. Retrieved 26 ഏപ്രിൽ 2023.
  15. "Magical year for Kannada cinema: The rise and rise of Sandalwood - the New Indian Express". 6 ഡിസംബർ 2022. Archived from the original on 7 ജനുവരി 2023. Retrieved 7 ജനുവരി 2023.
  16. "446 करोड़ कमाने वाली कांतारा की तुलना तुंबाड से: 21 साल में बनी थी तुंबाड, 21 में से 3 अवॉर्ड फिल्मफेयर के". ദൈനിക് ഭാസ്കർ. 6 ഡിസംബർ 2022. Archived from the original on 2 മേയ് 2023. Retrieved 26 ഏപ്രിൽ 2023.
  17. "Rishab Shetty's Kantara sent for Oscars 2023 consideration". Archived from the original on 2 ഫെബ്രുവരി 2023. Retrieved 2 ഫെബ്രുവരി 2023.
  18. "Hrithik Roshan reviews 'Kantara' says, climax gave him goosebumps". 12 ഡിസംബർ 2022. Archived from the original on 12 ഫെബ്രുവരി 2023. Retrieved 12 ഫെബ്രുവരി 2023.
  19. "ബോക്സ് ഓഫീസ് തകർത്ത് 'കാന്താര'; വിശ്വസിക്കാനാകാതെ സിനിമാലോകം". Mathrubhumi. Retrieved 11 ഏപ്രിൽ 2026.[പ്രവർത്തിക്കാത്ത കണ്ണി]
  20. "Netflix to stream Kannada hit Kantara in Hindi". ലൈവ് മിന്റ്. 7 ഡിസംബർ 2022. Archived from the original on 7 ഡിസംബർ 2022. Retrieved 7 ഡിസംബർ 2022. Kantara is an action thriller co-written and directed by Rishab Shetty, and produced by Vijay Kiragandur, under Hombale Films, best known for the KGF franchise.
  21. "'Well made': FM Sitharaman watches Kantara, congratulates director Rishab Shetty". ബിസിനസ് ടുഡേ. 2 നവംബർ 2022. Archived from the original on 2 നവംബർ 2022. Retrieved 2 നവംബർ 2022. Finance Minister Nirmala Sitharaman on Wednesday watched the Kannada action thriller 'Kantara' at Inox Cinemas in Bengaluru, Karnataka.
  22. "Rishab Shetty and Sapthami Gowda starrer Kantara film's shoot begins tomorrow". ദ ടൈംസ് ഓഫ് ഇന്ത്യ (in ഇംഗ്ലീഷ്). 27 ഓഗസ്റ്റ് 2021. Archived from the original on 2 ഒക്ടോബർ 2022. Retrieved 2 ഒക്ടോബർ 2022.
  23. "'കാന്താര ചാപ്റ്റർ 1' റിലീസ് പ്രഖ്യാപിച്ചു; വൻ വരവേൽപ്പിനൊരുങ്ങി ആരാധകർ". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 11 ഏപ്രിൽ 2026.[പ്രവർത്തിക്കാത്ത കണ്ണി]
  24. "Indian Panorama 2023 Announces Official Selection for 54th IFFI, 2023". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. 23 ഒക്ടോബർ 2023. Retrieved 21 നവംബർ 2023 via press release.
  25. "Winners at IFFI54". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. 29 നവംബർ 2023. Retrieved 29 നവംബർ 2023.
  26. "ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച ചിത്രം ആട്ടം". മലയാള മനോരമ. Retrieved 11 ഏപ്രിൽ 2026.
  27. "Rishab Shetty and Sapthami Gowda starrer Kantara film's shoot begins tomorrow". ദ ടൈംസ് ഓഫ് ഇന്ത്യ (in ഇംഗ്ലീഷ്). 27 ഓഗസ്റ്റ് 2021. Archived from the original on 2 ഒക്ടോബർ 2022. Retrieved 2 ഒക്ടോബർ 2022.
  28. "Kantara is a film that should be told to our future generation". The New Indian Express. 29 സെപ്റ്റംബർ 2022. Retrieved 2 ഒക്ടോബർ 2022.
  29. Daithota, Madhu (12 ഫെബ്രുവരി 2022). "How Rishabh Shetty raced buffaloes through slush to get the Kambala sequence right". ദ ടൈംസ് ഓഫ് ഇന്ത്യ (in ഇംഗ്ലീഷ്). Retrieved 2 ഒക്ടോബർ 2022.
  30. "കാന്താരയിലെ വരാഹ രൂപം കോപ്പിയടി, നിയമനടപടിയുമായി തൈക്കൂടം ബ്രിഡ്ജ്". Mathrubhumi. 24 October 2022. Retrieved 11 April 2026.[പ്രവർത്തിക്കാത്ത കണ്ണി]
  31. "'വരാഹരൂപം' കോപ്പിയടി വിവാദം; കാന്താര നിർമ്മാതാക്കൾക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി". Asianet News. 28 October 2023. Retrieved 11 April 2026.[പ്രവർത്തിക്കാത്ത കണ്ണി]
  32. "'Kantara' Tamil dubbed version to release on 15 October". The Times of India. Retrieved 19 October 2022.
  33. "Kantara Release: 'കാന്താര' യുടെ മലയാളം പതിപ്പ് തീയറ്ററുകളിലേയ്ക്ക്‌". Indian Express Malayalam. 14 ഒക്ടോബർ 2022. Retrieved 11 ഏപ്രിൽ 2026.
  34. "'കാന്താര ചാപ്റ്റർ 1' കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്". Manorama Online. 6 സെപ്റ്റംബർ 2025. Retrieved 11 ഏപ്രിൽ 2026.
  35. "16 കോടി മുടക്കി, നേടിയത് 400 കോടി; ബോക്സ്ഓഫിസ് ചരിത്രം തിരുത്തി കാന്താര". Manorama Online. 22 November 2022. Retrieved 11 April 2026.
  36. "കാന്താര ഇംപാക്ട്; 60 വയസ് കഴിഞ്ഞ ഭൂതക്കോല കലാകാരന്മാർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് കർണാടക സർക്കാർ". MediaOne. 20 October 2022. Retrieved 11 April 2026.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാന്താര_(2022_ചലച്ചിത്രം)&oldid=4617671" എന്ന താളിൽനിന്ന് ശേഖരിച്ചത്