കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
kanjilassery maha deva temple
kanjilassery maha deva temple
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം is located in Kerala
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°14′51″N 75°47′14″E / 11.24750°N 75.78722°E / 11.24750; 75.78722
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോഴിക്കോട് ജില്ല
പ്രദേശം:കൊയിലാണ്ടി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:രുദ്രമൂർത്തി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് കാഞ്ഞിലശ്ശേരി ദേശത്താണ് കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. അത്യുഗ്രമൂർത്തിയായ ശിവനാണ് ഇവിടെ പ്രതിഷ്ഠ. ഏകദേശം ആറടി ഉയരം വരുന്ന ശിവലിംഗം പടിഞ്ഞാറോട്ട് ദർശനം നൽകുന്നു. കൂടാതെ ഉപദേവതകളായി ഗണപതി, നരസിംഹം, ദുർഗ്ഗ, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പുരാതനകേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ മുപ്പത്തേഴാമത്തെ ക്ഷേത്രമാണിത്. ശിവാലയനാമസ്തോത്രത്തിൽ എടക്കൊളം/ഇടക്കുളം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് ഈ ക്ഷേത്രമാണ്. ഐതിഹ്യമനുസരിച്ച് ഇവിടത്തെ ഉഗ്രമൂർത്തിയായ ശിവനെ പ്രതിഷ്ഠിച്ചത് കശ്യപമഹർഷിയാണ്. കാശി വിശ്വനാഥക്ഷേത്രം, കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലെയും ഇവിടെയും പ്രതിഷ്ഠ ഒരേ സമയമാണ് നടന്നതെന്ന് ഒരു കഥയുണ്ട്. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ഹൈന്ദവവിശ്വാസപ്രകാരം പ്രജാപതിമാരിലൊരാളും ദേവന്മാർ, അസുരന്മാർ, നാഗങ്ങൾ, ഗരുഡൻ, അരുണൻ തുടങ്ങി വിവിധ വർഗ്ഗങ്ങളിൽ പെട്ടവരുടെ പിതാവുമായ കശ്യപമഹർഷി നാല് ശിവക്ഷേത്രങ്ങൾ നിർമ്മിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ച് അദ്ദേഹം കാശി, കാഞ്ചീപുരം, കാഞ്ഞിരങ്ങാട് എന്നീ സ്ഥലങ്ങളിൽ പ്രതിഷ്ഠകൾ നടത്തി. ഒരേ സമയമായിരുന്നു പ്രതിഷ്ഠ. ഇവ കഴിഞ്ഞതോടെ പ്രതിഷ്ഠകൾ കഴിഞ്ഞു എന്നൊരു സംശയം അദ്ദേഹത്തിനുണ്ടായി. എന്നാൽ, അപ്പോൾത്തന്നെ കഴിഞ്ഞില്ല, ശരി എന്നൊരു അശരീരി അവിടെ മുഴങ്ങുകയും തുടർന്ന് അവശേഷിച്ച ശിവലിംഗം ഇപ്പോഴത്തെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. കഴിഞ്ഞില്ല, ശരി എന്നത് കൂടിച്ചേർന്ന് സ്ഥലപ്പേര് കഴിഞ്ഞില്ലശ്ശേരി എന്നാകുകയും പിന്നീട് കാഞ്ഞിലശ്ശേരിയായി ചുരുങ്ങുകയും ചെയ്തു എന്നാണ് പഴമക്കാർ പറയുന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

കാഞ്ഞിലശ്ശേരി ദേശത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. പ്രധാന വഴിയിൽ നിന്ന് ഏകദേശം രണ്ടുകിലോമീറ്റർ ദൂരം ക്ഷേത്രത്തിലേയ്ക്കുണ്ട്. വാഹനങ്ങൾ അതുവഴി ചെന്ന് ക്ഷേത്രത്തിനടുത്തെത്തുമ്പോൾ തന്നെ ക്ഷേത്രക്കുളവും കൊടിമരവും കാണാൻ സാധിയ്ക്കും. കാഞ്ഞിലശ്ശേരിയിലെ ക്ഷേത്രക്കുളം അതിവിചിത്രമായ ഒരു രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ അധികചിഹ്നത്തോട് (+) സാദൃശ്യമുണ്ട് ഈ രൂപത്തിന്. ക്ഷേത്രനടയ്ക്കുനേരെയാണ് ഈ കുളം നിർമ്മിച്ചിരിയ്ക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. അത്യുഗ്രമൂർത്തിയായ ശിവന്റെ ഉഗ്രതയടക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതിന് ഇരുവശങ്ങളിലും കൂടിവേണം ക്ഷേത്രത്തിലെത്താൻ. കുളത്തിന് വടക്കായി ശ്രീകൃഷ്ണക്ഷേത്രം പണിതിട്ടുണ്ട്. ആദ്യകാലത്ത് ക്ഷേത്രനാലമ്പലത്തിനകത്തുണ്ടായിരുന്ന ശ്രീകൃഷ്ണനെ, പിൽക്കാലത്ത് ദേവപ്രശ്നവിധിയനുസരിച്ച് പുറത്ത് പ്രത്യേകക്ഷേത്രം പണിത് പ്രതിഷ്ഠിച്ചതാണ്. ശ്രീകൃഷ്ണൻ എന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ പ്രതിഷ്ഠ മഹാവിഷ്ണു തന്നെയാണ്. കിഴക്കോട്ട് ദർശനം നൽകുന്ന മഹാവിഷ്ണുവിന് ഉപദേവനായി ഗണപതിയുമുണ്ട്. ഇവിടെ പ്രത്യേകം നാലമ്പലവും തിടപ്പള്ളിയുമെല്ലാമുണ്ട്.

മഹാവിഷ്ണുവിനെ തൊഴുതുകഴിഞ്ഞ് ശിവക്ഷേത്രത്തിലെത്തുമ്പോൾ ആദ്യം കാണുന്നത് വലിയ നടപ്പുരയാണ്. ആസ്ബസ്റ്റോസിൽ തീർത്ത ഈ നടപ്പുരയ്ക്ക്, തന്മൂലം അധികം പഴക്കമില്ല. ഏകദേശം മൂന്ന് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. ഇതിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരവും സ്ഥിതിചെയ്യുന്നത്. ഇതും താരതമ്യേന പഴക്കം കുറഞ്ഞതാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം. അസാമാന്യ വലുപ്പമുള്ള പ്രധാന ബലിക്കല്ലാണ് ഇവിടെയുള്ളത്. ഏകദേശം പത്തടി ഉയരം വരും. ഏണിചാരിനിന്നാണ് ഇവിടെ ബലിതൂകുക. ശിവന്റെ പ്രധാന സൈന്യാധിപനായ ഹരസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ശില്പകലാവൈദഗ്ധ്യത്തിന്റെ അടയാളമായ ഈ ബലിക്കല്ല്, ക്ഷേത്രത്തിന്റെ പൂർവ്വകാലപ്രൗഢിയെ വെളിവാക്കുന്നു. ഇതിന് ചുവട്ടിലായി അപ്പം വച്ചതുപോലെയുള്ള എട്ട് ചെറിയ ബലിക്കല്ലുകളും കാണാം. ഇവ ശിവന്റെ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്.

വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

  • ശിവരാത്രി
  • അഷ്ടമി രോഹിണി
  • വിഷു
  • തിരുവോണം


ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കാഞ്ഞിലശ്ശേരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേമഞ്ചേരി പൂക്കാട് നിന്നും ക്ഷെത്രത്തിൽ എത്താൻ ഒരുകിലോമീറ്റർ ദൂരം ഉണ്ട്.


References[തിരുത്തുക]

http://facebook.com/kanjilassery/ http://kanjilassery.blogspot.in/