ഒരു സുഗന്ധദ്രവ്യമാണ് കസ്തൂരി[1]. ആൺകസ്തൂരിമാനുകളിലെ വയറിന്റെ ഭാഗത്തുള്ള ഗ്രന്ധികളിൽ നിന്നും ശേഖരിക്കുന്ന ശ്രവത്തെയാണ് പ്രാഥമികമായി കസ്തൂരിയെന്ന് പറയാറുള്ളതെങ്കിലും വേറെയും ചില ജന്തുക്കളും വിവിധ സസ്യങ്ങളും ഉത്പാദിപ്പിക്കുന്ന ഇതേ ഗന്ധമുള്ള, ചിലപ്പോൾ വ്യത്യസ്ത രാസഘടനയുള്ള വസ്തുക്കളെയും കസ്തൂരിയായി ഉൾപ്പെടുത്തിവരുന്നു.
ആൺ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി. കറുപ്പോ ചുവപ്പു കലർന്ന ഇളം തവിട്ടു നിറത്തിലോ ഇവ കാണപ്പെടുന്നു. പുരാതനകാലം മുതൽക്ക് തന്നെ സുഗന്ധവസ്തു നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായി ഇതിനെ ഉപയോഗപ്പെടുത്തിയിരുന്നു. ലോകത്തിൽ വച്ച് മൃഗങ്ങളുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണിത്. കസ്തൂരിമാനിന്റെ ഗ്രന്ഥിയെ വൃഷണഗ്രന്ഥിയുമായി സാമ്യമുണ്ടെന്നാണ് ചിന്തിച്ചിരുന്നത്. വിവിധതരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതു പോലുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട്. (ഉദാ: മസ്ക്ഓക്സ് ,1744) ഒരേ പോലെ ഗന്ധമുള്ള വിവിധതരത്തിലുള്ള സുഗന്ധവസ്തുക്കൾ വ്യാപിച്ചുവരുന്നുണ്ട്. എന്നാലും അവ ഓരോന്നും രാസഘടനകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. [2]