കസൂ
വായ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു സംഗീതോപകരണമാണ് കസൂ. വാദകന്റെ ശബ്ദം ഈ ഉപകരണത്തിലൂടെ വരുമ്പോൾ ഒരു നേർത്ത സ്തരത്തിലുണ്ടാക്കുന്ന കമ്പനം ശബ്ദത്തിൽ സൃഷ്ടിക്കുന്ന വ്യതിയാനമാണ് കസൂവിന്റെ ഉപയോഗത്തിന് അടിസ്ഥാനം.
ചരിത്രം
[തിരുത്തുക]കസൂവിന്റെ പ്രവർത്തനരീതിയോട് സാമ്യമുള്ള ഉപകരണങ്ങൾ ആഫ്രിക്കയിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്. ജോർജിയയിൽ ജീവിച്ചിരുന്ന അലബാമ വെസ്റ്റ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജനാണ് 1840-നോടടുത്ത് കസൂ കണ്ടുപിടിച്ചത് എന്നൊരു വിശ്വാസമുണ്ടെങ്കിലും ഇതിന് ആധികാരികതയില്ല[1]. 1879-ൽ സൈമൺ സെല്ലെർ എന്നൊരാൾ ഇതിനോട് സാമ്യമുള്ള 'ടോയ് ട്രമ്പറ്റ്' എന്നൊരു ഉപകരണത്തിന് പേറ്റന്റ് നേടി[2]. ഇന്ന് പ്രചാരത്തിലുള്ളതു പോലെയുള്ള ലോഹനിർമ്മിതമായ കസൂ ന്യൂയോർക്കിൽ നിന്നുള്ള ജോർജ് ഡി. സ്മിത്ത് ആണ് നിർമ്മിച്ചത്. 1902 മേയ് 27-ന് ഇതിന് പേറ്റന്റ് ലഭ്യമായി[1][3].
ഘടന
[തിരുത്തുക]ബോഡി, ടറെറ്റ്, റെസൊണേറ്റിംഗ് മെംബ്രെയിൻ എന്നിവയാണ് കസൂവിന്റെ പ്രധാന ഭാഗങ്ങൾ[4]. ഏകദേശം നാല് ഇഞ്ച് നീളമുള്ള, ഇരുവശവും തുറന്ന ഒരു കുഴൽ പോലെയാണ് കസൂവിന്റെ ഘടന. ഇതിന്റെ രൂപം ഒരു മുങ്ങിക്കപ്പലിനോട് സാമ്യമുള്ള രൂപമാണ് ഇതിനുള്ളത്[5]. പ്ലാസ്റ്റിക് നിർമ്മിതമായവയും ലോഹ നിർമ്മിതമായവയും ലഭ്യമാണ്. ഉള്ളിൽ ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന ഒരു നേർത്ത സ്തരമുണ്ടാകും(resonating membrane). സാധാരണയായി മെഴുകുകടലാസ് ആണ് ഇതിനുപയോഗിക്കുന്നത്.
പ്രവർത്തനം
[തിരുത്തുക]കസൂവിന്റെ ഒരു അഗ്രം താരതമ്യേന വിസ്താരം കൂടിയതായിരിക്കും. ഈ അഗ്രമാണ് കസൂ പ്രവർത്തിപ്പിക്കുമ്പോൾ വായിൽ വയ്ക്കുന്നത്. ശബ്ദം പുറത്തു വിടുന്ന ടറെറ്റ് മുകൾഭാഗത്ത് വരത്തക്കവണ്ണമാണ് ഇത് പിടിയ്ക്കുക. കസൂ വാദകൻ സാധാരണ ഓടക്കുഴൽ, ക്ലാരിനെറ്റ് തുടങ്ങിയ ഉപകരണങ്ങളിലെന്ന പോലെ ഊതുകയല്ല, മറിച്ച് സംഗീതം മൂളുകയാണ് ചെയ്യുക[6]. കുഴലിലെ അനുരണനവും സ്തരത്തിന്റെ കമ്പനവും മൂലം ശബ്ദവർദ്ധനവും ടോൺ വ്യതിയാനവും സംഭവിച്ച് സംഗീതം പുറത്തുവരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Harness, Jill, Great Moments In Kazoo History, Mental Floss, January 28, 2012, accessed July 12, 2013
- ↑ Seller, Simon. "US Patent 214,010". Google Patents. Retrieved 2 May 2017.
- ↑ Smith's Kazoo Patent, U.S. Patent Office, Washington, D.C., accessed July 12, 2013
- ↑ http://www.madehow.com/Volume-4/Kazoo.html
- ↑ http://kazoologist.org/works.html
- ↑ https://wonderopolis.org/wonder/can-you-play-a-kazoo