കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോമൽഹോട് നക്ഷത്രവും ഫോമൽഹോട് ബി എന്ന ഗ്രഹവും
ഫോമൽഹോട് നക്ഷത്രവും ഫോമൽഹോട് ബി എന്ന ഗ്രഹവും

സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെയാണ് സൗരയൂഥേതരഗ്രഹം അഥവാ എക്സോപ്ലാനറ്റ് എന്ന് വിളിക്കുന്നത്. 2010 ജൂലൈ 28 വരെ 473 സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മിക്ക സൗരയൂഥേതരഗ്രഹങ്ങളെയും കണ്ടുപിടിച്ചത് ആരീയവേഗനിരീക്ഷണങ്ങളുൾപ്പെടെയുള്ള രീതികളുപയോഗിച്ചാണ്‌. ഇവയിലധികവും വ്യാഴത്തിന് സമാനമായുള്ള വാതകഭീമന്മാരാണെങ്കിലും ഭൂമിയെക്കാൾ അൽപം മാത്രം വലുതായിട്ടുള്ള സൗരയൂഥേതരഗ്രഹങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നക്ഷത്രങ്ങളിൽ വലിയൊരു പങ്കിനും ഗ്രഹങ്ങളുണ്ടെന്ന് ഇന്ന് നമുക്കറിയാം. സൗരസമാനനക്ഷത്രങ്ങളിൽ 10 ശതമാനത്തിനുചുറ്റുമെങ്കിലും ഗ്രഹങ്ങൾ പരിക്രമണം നടത്തുന്നു. തവിട്ടുകുള്ളൻമാരെ പരിക്രമണം ചെയ്യുന്നതും ഒരു വസ്തുവിനെയും പരിക്രമണം ചെയ്യാത്തതുമായ ഗ്രഹങ്ങളുമുണ്ട്. എന്നാൽ ഇവയെ ഗ്രഹങ്ങളായി കണക്കാക്കി നിർവചനത്തിൽ ഉൾപ്പെടുത്തണോ എന്ന കാര്യം വ്യക്തമല്ല.

പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നെങ്കിലും അവ എത്രത്തോളം സാധാരണമാണെന്നോ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുമായി എത്രത്തോളം സാമ്യമുള്ളവയായിരിക്കുമെന്നോ ആർക്കും അറിയുമായിരുന്നില്ല. 1992-ലാണ്‌ സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. പൾസാറായ PSR B1257+12ക്ക് ചുറ്റും ഒന്നിലേറെ ഗ്രഹങ്ങൾ പരിക്രമണം ചെയ്യുന്നുണ്ടെന്ന്‌ നിരീക്ഷിക്കപ്പെട്ടു. മുഖ്യശ്രേണിനക്ഷത്രങ്ങളിൽ ഗ്രഹമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ട ആദ്യത്തേത് 1995-ൽ 51 Pegasi ആയിരുന്നു. സൗരയൂഥേതരഗ്രഹങ്ങളുടെ കണ്ടെത്തൽ ജ്യോതിർജീവശാസ്ത്രത്തിൽ താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. ജീവയോഗ്യമായ മറ്റ് ഗ്രഹങ്ങളെ കാണാനുള്ള സാധ്യതയാണ്‌ കൂടുതൽ ഗ്രഹങ്ങളുടെ കണ്ടെത്തലിലൂടെ വർദ്ധിക്കുന്നത്.

...പത്തായം കൂടുതൽ വായിക്കുക...