കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 മെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിക്കുൻ ഗുന്യ വാഹകനായ ഏഡിസ് ഈജിപ്തി
ചിക്കുൻ ഗുന്യ വാഹകനായ ഏഡിസ് ഈജിപ്തി

ചിക്കുൻഗുനിയ ഒരു സാംക്രമിക വൈറസ്‌ രോഗമാണ്‌. ഈഡിസ് ജനുസ്സിൽ പെട്ട ഈജിപ്തി, ആല്ബോപിക്ടുസ് ഇനത്തിൽ പെട്ട (സ്പീഷീസ്) പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. ഈ രോഗം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും കാലാവസ്ഥയിൽ മാറ്റമുണ്ടാവുമ്പോൾ‍ തനിയെ നിൽക്കുന്നതുമാണ്. (അതായത് , ഈഡിസ് കൊതുക് ഇല്ലാത്തപ്പോൾ) . 2006 സെപ്റ്റംബർ അവസാനം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നുപിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായി ആയ അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക്‌ പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ‍ ഇതു മാരകമയേക്കാം.ഭൂമദ്ധ്യരേഖയോടടുത്തുള്ള രാജ്യങ്ങളിലാണു കൂടുതലായി കണ്ടു വരുന്നത്. ഇതു 1950-കൾ‍ മുതലേ അഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു .1995 ടാൻസാനിയയ്ക്കും മൊസാംബിക്കിനും അടുത്തുള്ള മകൊണ്ടെ പീഠഭൂമിയിൽ പൊട്ടിപ്പുറപ്പെട്ടപ്പോഴാണതു ശ്രദ്ധിക്കപ്പെട്ടത്‌. മകൊണ്ടെ ഭാഷയിൽ ‘വളഞ്ഞു പോകുന്ന’ എന്നർത്ഥമുള്ള വാക്കിൽ നിന്നാണു ചികുൻഗുന്യ എന്ന പേര്‌ വന്നത്‌. ഇതു ബാധിച്ചവരുടെ ശരീരം സന്ധിവേദന മൂലം വളഞ്ഞിരിക്കുന്നതു കാണാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കേരളം, കർണാടക, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലാണ്‌ ഇതു പ്രധാനമായും കണ്ടുവരുന്നത്‌. അടുത്തിടെയായി സേലം, ചെന്നൈ, ചെങ്കൽപേട്ട്, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും എറ്റവും അടുത്തായി ആലപ്പുഴയിലും നിരവധി രോഗബാധകൾ ‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ രോഗത്തിന്റെ സംഭരണശാലയായി വർത്തിക്കുന്നത്‌ സസ്തനികളാണു. ഉദാ: മനുഷ്യൻ, കുരങ്ങ്‌. എത്ര അളവിൽ ഇതിന്റെ അംശം ശരീരത്തിൽ കയറിയാലാണു രോഗം വരിക എന്നതിനെക്കുറിച്ച്‌ വ്യക്തമായി അറിവില്ല.

...പത്തായം കൂടുതൽ വായിക്കുക...