കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ജീവചരിത്രം/2011 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന ഗ്രീസിലെ ഒരു ഭിഷഗ്വരനായിരുന്നു കോസിലെ ഹിപ്പോക്രാറ്റസ് (ഏകദേശം. 460 – 370 ബി.സി.). ഗ്രീക്കുനാഗരികതയുടെ സുവർണ്ണയുഗമായി കരുതപ്പെടുന്ന പെരിക്കിൾസിന്റെ ഭരണകാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ശാസ്ത്രീയചികിത്സാവിദ്യയുടെ പിതാവായി ഹിപ്പോക്രാറ്റസ് കണക്കാക്കുന്നു. ചികിത്സാശാസ്ത്രത്തിന് ഹിപ്പോക്രാറ്റസ് നല്കിയ സംഭാവനകളെയാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച ഹിപ്പോക്രാറ്റസിന്റെ വൈദ്യവിദ്യാലയം ഗ്രീസിൽ ചികിത്സാരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ സ്ഥാപനമാണ് വൈദ്യശാസ്ത്രത്തെ ഒരു വ്യതിരിക്ത വിഷയം ആയി മാറ്റിയത്. "ഹിപ്പോക്രാറ്റസിന്റെ ഗ്രന്ഥസമുച്ചയം" അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നതെങ്കിലും ഹിപ്പോക്രാറ്റസ് മാത്രമല്ല ഇതു രചിച്ചത്. ഹിപ്പോക്രാറ്റസിന്റെ വൈദ്യശാസ്ത്രം പഠിച്ചിരുന്ന മറ്റുള്ളവരുടേയും സംഭാവനകൾ ഈ ഗ്രന്ഥത്തിലുണ്ട്. അതുകൊണ്ട്, ഹിപ്പോക്രാറ്റ്സിന്റേതു തന്നയായ സംഭാവനകൾ ഇന്നും അവ്യക്തമാണ്. ചരിത്രത്തിലെ ആദ്യ ഭിഷഗ്വരൻ ഈജിപ്തിലെ ഇമോട്ടെപ് ആണെന്നും വാദിക്കുന്നവരുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഹിപ്പോക്രാറ്റസിനെയാണ് ആണ് ചരിത്രത്തിലെ ആദ്യ ഭിഷഗ്വരനായി കണക്കാക്കുന്നത്. പരിശീലനപൂർത്തിയിൽ ഭിഷഗ്വരന്മാർ എടുക്കേണ്ട "ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ" ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യ വ്യക്തിയാണ് ഹിപ്പോക്രാറ്റസ് എന്ന് കരുതുന്നു. രോഗങ്ങൾ ബാധിച്ചിരുന്നത് ദേവന്മാരുടെ കോപം മൂലമാണ് എന്ന അന്ധവിശ്വാസത്തെ തള്ളിക്കളഞ്ഞുകൊണ്ട് മതത്തേയും വൈദ്യത്തേയും ഹിപ്പോക്രാറ്റസ് വ്യത്യസ്ത വിഷയങ്ങളാക്കി തിരിച്ചു. രോഗങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ മൂലവും ഭക്ഷണരീതി മൂലവും ജീവിതചര്യയിലെ പിഴവുമൂലമുമാണെന്ന് അദ്ദേഹം വാദിച്ചു.ഹിപ്പോക്രാറ്റസിനെക്കുറിച്ചുള്ള ചില കഥകൾ പറയുന്നത് അദ്ദേഹം ഗ്രീസിലെ ഒരു ക്ഷേത്രത്തിന് തീ വച്ചതിനുശേഷം ഒളിച്ചോടിപ്പോയി എന്നാണ്. ഈ കഥയുടെ സ്രോതസ്സായ സൊറാനസ് ഇതു ക്നീഡോസിലെ ഒരു ക്ഷേത്രമാണെന്നാണ് പറയുന്നത്.

...പത്തായം കൂടുതൽ വായിക്കുക...