കവാടം:കമ്മ്യൂണിസം/Intro

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



വർഗ്ഗരഹിതമായ, ഭരണകൂട സംവിധാനങ്ങളില്ലാത്ത, ചൂഷണവിമുക്തമായ ഒരു സമൂഹം വിഭാവന ചെയ്യുന്ന രാഷ്ട്രീയതത്വശാസ്ത്രമാണു് കമ്മ്യൂണിസം. വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണത്. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികളുടെ പൊതു ഉടമസ്ഥത എന്ന ആശയം ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ടെങ്കിലും ഇത് പൂർണ്ണമായും ശരിയല്ല.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

"https://ml.wikipedia.org/w/index.php?title=കവാടം:കമ്മ്യൂണിസം/Intro&oldid=1624332" എന്ന താളിൽനിന്ന് ശേഖരിച്ചത്