കള്ളിയങ്കാട്ട് നീലി

കേരളത്തിലെ നാടൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു പ്രസിദ്ധമായ കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി.[1][2] സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി എന്ന യക്ഷി കടന്നു വരുന്നുണ്ട്. യക്ഷിയാണെങ്കിലും പഞ്ചവൻകാട്ടിലെ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തപ്പെട്ട നീലി മാതൃഭാവത്തിൽ ആരാധിക്കപ്പെടുന്നു.[3][4][5][6]
ഐതീഹ്യം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ പഞ്ചവൻകാട് എന്ന ദേശത്ത് വിഹരിച്ചിരുന്ന നീലി ആ പ്രദേശത്ത് ചുറ്റിനടന്ന് ആളുകളെ ഭയപ്പെടുത്താറുണ്ടായിരുന്നു.[7] മുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും അന്നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചു. സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപിയായ യക്ഷിയായിരുന്നു നീലി.
കൊല്ലവർഷം 30കളിൽ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയായിരുന്നു അല്ലി. സുന്ദരിയായ അവൾ അവിടുള്ള ശിവൻ കോവിലിലെ പൂജാരിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ നമ്പി പണം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി നമ്പിയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു. [8][9]
ഇവർ രണ്ടു പേരും പുനർജന്മമായി ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ജനിക്കുന്നു. തുടർന്ന് രാജ്യത്തിലുടനീളം ദുർനിമിത്തങ്ങൾ കാണപ്പെടുകയുണ്ടായി. പ്രധാനമായും അക്കാലത്ത് കന്നുകാലികൾ രാത്രിയിൽ നഷ്ടപ്പെടുകയുണ്ടായി. ഇതിനു കാരണം കുട്ടികളാണെന്ന് മനസ്സിലാക്കിയ ചോളരാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു. അതിനു സമീപമായുള്ള പഴകന്നൂർ ഗ്രാമമായി പിന്നീട് കുട്ടികളുടെ വിഹാര കേന്ദ്രം.
നാട്ടിലെ എഴുപത് ഊരാണ്മക്കാർ ചേർന്ന് മാന്ത്രികനായ നാഗർകോവിൽ നമ്പിയെ വരുത്തി നീലനെ ആവാഹിച്ചു തളച്ചു. എന്നാൽ അദ്ദേഹത്തിനു നീലിയെ തളയ്ക്കാൻ ആയില്ല. ഇതിനിടയിൽ നാഗർകോവിൽ നമ്പിയെ നീലി കൊലപ്പെടുത്തി. നീലിയുടെ ഭർത്താവായിരുന്ന പൂജാരി നമ്പിയുടെ പുനർജന്മമായ ആനന്ദൻ എന്ന കാവേരിപൂംപട്ടണം സ്വദേശി, പഞ്ചവങ്കാട് വഴി മുസിരിസ്സിലേക്ക് വ്യാപാരത്തിനായി പോകാനൊരുങ്ങി. കയ്യിൽ മാന്ത്രികദണ്ഡുണ്ടായിരുന്ന ആനന്ദനെ തൊടാൻ നീലിക്ക് കഴിഞ്ഞില്ല. അയാൾ ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി മായ കാട്ടി കുട്ടിയോട് കൂടിയ ഒരു സ്ത്രീ രൂപം പ്രാപിച്ച് തന്റെ ഭർത്താവ് താനുമായി വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അയാൾ യക്ഷിയാണ് അതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, യക്ഷി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ തങ്ങൾ എഴുപതുപേരും അയാളോടൊപ്പം മരിക്കുമെന്നും ഉരാണ്മക്കാർ സത്യം ചെയ്തു. നിവൃത്തിയില്ലാതെ അവിടെ കഴിഞ്ഞ ആനന്ദനെ രാത്രി തന്ത്രപൂർവ്വം നീലി വധിക്കുന്നു. പിറ്റേന്ന് രാവിലെ ആനന്ദൻ മരിച്ചുകിടക്കുന്നത് കണ്ട ഊരാണ്മക്കാർ തങ്ങളുടെ വാക്കുപാലിക്കാനായി അഗ്നിപ്രവേശം ചെയ്തു. തന്റെയും തന്റെ സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ആനന്ദനേയും എഴുപത് ഊരാണ്മക്കാരേയും വധിച്ചശേഷം നീലി ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരിക്കുകയും യക്ഷിയമ്മയായി മാറുകയും ചെയ്തു. എന്നാൽ ഇതുപ്രകാരം യക്ഷി അടങ്ങിയില്ലെന്നും പിന്നീട് കടമറ്റത്ത് കത്തനാരാണ് നീലിയെ തളച്ചത് എന്ന് മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.[5][8][10]
സംസ്കാരത്തിൽ
[തിരുത്തുക]- മലയാള ഹൊറർ ചലച്ചിത്രമായ കള്ളിയങ്കാട്ട് നീലി (1979)യിൽ നീലി പ്രധാന കഥാപാത്രമാണ്.[11][12]
- 1985ൽ പുറത്തിറങ്ങിയ കടമറ്റത്തച്ചൻ എന്ന മലയാള ഹൊറർ ചിത്രത്തിൽ കള്ളിയങ്കാട്ട് നീലി പ്രത്യക്ഷപ്പെടുന്നുണ്ട്.
- മലയാളത്തിലെ അമാനുഷിക നാടക ടെലിവിഷൻ പരമ്പരയായ കടമറ്റത്ത് കത്തനാർ പരമ്പരയിൽ കള്ളിയങ്കാട്ട് നീലി പ്രത്യക്ഷപ്പെടുന്നുണ്ട്. [13]
- കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് ഏഴാച്ചേരി രാമചന്ദ്രൻ നീലി എന്ന കവിത എഴുതിയിട്ടുണ്ട്.
- ലോക ചാപ്റ്റർ 1: ചന്ദ്ര എന്ന സൂപ്പർഹീറോ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചന്ദ്ര എന്ന അപരനാമത്തിൽ ജീവിക്കുന്ന നീലിയെ അവതരിപ്പിക്കുന്നു.
- വരാനിരിക്കുന്ന കത്തനാർ-ദി വൈൽഡ് സോഴ്സറർ എന്ന ചിത്രത്തിൽ നീലിയെ അവതരിപ്പിക്കുന്നത് അനുഷ്കാ ഷെട്ടിയാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Malhotra, Meenakshi; Menon, Krishna; Johri, Rachana. "The Gendered Body in South Asia: Negotiation, Resistance, Struggle". Taylor & Francis – via Google Books.
- ↑ Dhusiya, Mithuraaj (13 September 2017). "Indian Horror Cinema: (En)gendering the Monstrous". Taylor & Francis – via Google Books.
- ↑ Malhotra, Meenakshi; Menon, Krishna; Johri, Rachana. "The Gendered Body in South Asia: Negotiation, Resistance, Struggle". Taylor & Francis – via Google Books.
- ↑ Ettumanur, Josma (12 July 2022). "Love Jihad- The Fading Daughter". Notion Press – via Google Books.
- ↑ 5.0 5.1 Malhotra, Meenakshi; Menon, Krishna; Johri, Rachana. "The Gendered Body in South Asia: Negotiation, Resistance, Struggle". Taylor & Francis – via Google Books.
- ↑ Ettumanur, Josma (12 July 2022). "Love Jihad- The Fading Daughter". Notion Press – via Google Books.
- ↑ Malhotra, Meenakshi; Menon, Krishna; Johri, Rachana. "The Gendered Body in South Asia: Negotiation, Resistance, Struggle". Taylor & Francis – via Google Books.
- ↑ 8.0 8.1 "അടങ്ങാത്ത പകയോടെ നീലി പുരുഷന്മാരെ തേടിയതെന്തിന്?; ഒരു യാത്ര". ManoramaOnline.
- ↑ "Across the river and into the trees". The New Indian Express.
- ↑ Cellappannāyar, En Pi (5 September 1968). "Muḷppaṭarppuṃ pūkkulayuṃ". Sāhityapr̲avarttaka Sahakaraṇasaṅkham – via Google Books.
- ↑ "Kalliyankaattu Neeli". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "Kalliyankaattu Neeli". spicyonion.com. Archived from the original on 2 June 2022. Retrieved 2014-10-12.
- ↑ "'Kadamattathu Kathanar' to 'Prof. Jayanthi': Malayalam TV's iconic on-screen characters of all time". The Times of India. 19 June 2021.