കളളിക്കാട് സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ ഭാഗമായി നടന്ന കുടികിടപ്പവകാശ സമരങ്ങളിലൊന്നാണ് കളളിക്കാട് സമരം. ഈ സമരത്തിന്റെ ഭാഗമായി കള്ളിക്കാട് നടന്ന സമരത്തിൽ പോലീസിനോട് ഏറ്റുമുട്ടി നീലകണ്ഠൻ, ഭാർഗവി എന്നീ രണ്ടു പേർ മരിക്കുകയുണ്ടായി. കേരള നിയമസഭ 1969 ൽ പാസ്സാക്കിയ കുടികിടപ്പവകാശ സംരക്ഷണ നിയമത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് സി.പി.ഐ(എം) കർഷക - കർഷകത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ ഭൂപരിഷ്കരണ ഭേദഗതി നിയമപ്രകാരമുള്ള ഭൂരഹിതന്റെ അവകാശം സ്ഥാപിക്കാനും സംരക്ഷിക്കാനും ആഹ്വാനം നൽകിയത്.

ആലപ്പുഴ സമ്മേളനം[തിരുത്തുക]

ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയിൽ 1969 ഡിസംബർ 14 ന് സി.പി.ഐ(എം) കർഷക - കർഷകത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ സമ്മേളനം ചേർന്നു. രണ്ടുനാൾ നീണ്ടുനിന്ന സമ്മേളനത്തിൽ കൃഷിക്കാർ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, കുടികിടപ്പുകാർ മറ്റുരംഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെക്കൂടാതെ കെ.ടി.പി, കെ.എസ്.പി, എസ്.എസ്.പി തുടങ്ങിയ ഐക്യമുന്നണി ഘടക കക്ഷികളായിരുന്ന പാർട്ടികളുടെ പ്രതിനിധികളടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. എ.കെ.ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പശ്ചിമബംഗാൾ റവന്യൂ മന്ത്രിയും സി.പി.ഐ. എം കേന്ദ്രക്കമ്മറ്റി അംഗവുമായിരുന്ന ഹരേകൃഷ്ണ കോനാർ ആണ് ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്കരണ ഭേദഗതി നിയമം അനുശാസിക്കുന്നതനുസരിച്ച് നിയമം നടപ്പാക്കാൻ ഗവൺമെന്റും ഭൂവുടമയും തയ്യാറായാലും ഇല്ലെങ്കിലും, 1970 ജനുവരി ഒന്നു മുതൽ ആ നിയമം നടപ്പായതായി കണക്കാക്കി അവകാശം സ്ഥാപിക്കുമെന്ന് എ.കെ.ജി പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി കയർ തൊഴിലാളികൾ 1969 ൽ ആറാട്ടുപുഴയിലും പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇവിടുത്തെ തൊഴിലാളികൾ കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മിനിമം കൂലി ആവശ്യപ്പെട്ട് പണിമുടക്ക് സമരം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി പണിമുടക്ക് സമരം ആരംഭിച്ച കള്ളിക്കാട്ടെ കയർ തൊഴിലാളികളുടെ സമരം നാൽപ്പത് ദിവസമാണ് നീണ്ടുനിന്നത്. ഈ സമരത്തെ തുടർന്നാണ് കയർ വർക്കേഴ്സ് യൂണിയൻ നേതാക്കളായിരുന്ന പി.ആർ. വാസുവിനേയും ടി.എൻ. ദിവാകരനേയും കനകക്കുന്ന് പോലീസ് അറസ്റ്റുചെയ്തു ക്രൂരമായി മർദ്ദിച്ചു. കള്ളിക്കാട്ടെ എ.കെ. ശങ്കരനായിരുന്നു നാട്ടിൽ കുടികിടപ്പ് സംഘത്തിന്റെ സെക്രട്ടറി. അറവുകാട് പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പാക്കിക്കൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സമര വാളണ്ടിയർമാർ 1970 ജനുവരി ഒന്നാം തീയതി പ്രഭാതത്തിൽത്തന്നെ കുടിൽകെട്ടി പാർക്കുന്ന ഭൂമിയിലെ തെങ്ങുകളിൽ നിന്നും നാളികേരം ഇട്ടും തെങ്ങിൽ പൊത്തുകെട്ടിയും അവകാശം സ്ഥാപിക്കുകയും പത്ത് സെന്റ് ഭൂമി അളന്ന് അതിർത്തി തിരിച്ച് വേലി കെട്ടുകയും ചെയ്ത് അവകാശം സ്ഥാപിച്ചു. 1970 ജൂലൈ 26 നു സമരത്തിന്റെ ഭാവിപരിപാടിയെക്കുറിച്ച് ആലോചിക്കാൻ കള്ളിക്കാട് ഇടശ്ശേരിക്കാട് പുരയിടത്തിൽ സമരസമിതി, കുടികിടപ്പുകാരുടെ കൺവെൻഷൻ ചേർന്നു.

1970 ജൂലൈ 27നു കള്ളിക്കാട് കൊച്ചേൻപറമ്പിൽ തമ്പി അരയൻ എന്ന ജന്മി, തന്റെ ഭൂമിയിൽ കുടികിടപ്പുകാരൻ സ്ഥാപിച്ച അവകാശം തിരിച്ചുപിടിക്കാൻ തീരുമാനിച്ചു. ജന്മിയുടെ സഹായത്തിനു പൊലീസും ഗുണ്ടകളും ഒപ്പം കൂടി. ചെറുത്തു നിൽപ്പിന് സമരസമിതി നേതാവായിരുന്ന പി. ആർ. വാസു നേതൃത്വം നൽകി. ചെറുത്തു നിൽപ്പിനെ പൊലീസ് ലാത്തിചാർജ്ജിലൂടെ നേരിടാൻ ശ്രമിച്ചു. തുടർന്നുണ്ടായ വെടിവെപ്പിൽ നീലകണ്ഠൻ, ഭാർഗവി എന്നീ രണ്ടു പേർ മരിച്ചു.[1]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent7.php?id=835[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കളളിക്കാട് സമരം ജന്മി- ബൂർഷ്വാ ചൂഷണത്തിനെതിരായ പോരാട്ടം, ചിന്ത ജൂലൈ 2012[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=കളളിക്കാട്_സമരം&oldid=3627857" എന്ന താളിൽനിന്ന് ശേഖരിച്ചത്