കലാമണ്ഡലം രാമൻകുട്ടിനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം രാമൻകുട്ടി നായർ
PadmaBhushan-Kalamandalam-Ramankutty-Nair.jpg
കലാമണ്ഡലം രാമൻകുട്ടി നായർ, 2011 ജനുവരിയിൽ ഗുരുവായൂരിൽ വെച്ച് എടുത്ത ചിത്രം
ജനനംമേയ് 25, 1925
മരണംമാർച്ച്‌ 11, 2013
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്കഥകളി നടൻ
ജീവിതപങ്കാളി(കൾ)സരസ്വതിയമ്മ
കുട്ടികൾനാരായണൻകുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടൻ

കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ (ജനനം: മേയ് 25, 1925മാർച്ച്‌ 11, 2013).

കലാമലണ്ഡത്തിൽ[തിരുത്തുക]

1952ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി എത്തിയ അദ്ദേഹത്തെ 1960ൽ കലാമണ്ഡലത്തിൽ അഭ്യാസം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോൾ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു.[1] അതിന് ശേഷം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1987ലാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്. സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുൾപ്പടെ ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്.

അരങ്ങിൽ[തിരുത്തുക]

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയിൽ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം. കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരിൽ ഒരാളായി രാമൻകുട്ടി നായർ കരുതപ്പെടുന്നു. രാവണോൽഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനൻ തുടങ്ങിയവയാണ് രാമൻകുട്ടിനായരുടെ പ്രധാന വേഷങ്ങൾ.

കുടുംബം[തിരുത്തുക]

1925 മെയ് 25-ന് വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് കലാമണ്ഡലം രാമൻകുട്ടി നായർ ജനിച്ചത്. തെങ്ങിൻതോട്ടത്തിൽ കുഞ്ഞിമാളു അമ്മയുടെയും നാരായണൻ നായരുടെയും മകനാണ് രാമൻ കുട്ടി നായർ.

സരസ്വതിയമ്മയാണ് ഭാര്യ. നാരായണൻകുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടൻ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

2014-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2000 ൽ ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ലഭിച്ചു. 1967-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും 1969-ൽ കേരള സംഗീതനാടക അക്കാദമി അവാർ‍ഡും നേടി. കലാമണ്ഡലം സ്‌പെഷൽ അവാർഡ് (2015), മധ്യപ്രദേശിലെ കാളിദാസ സമ്മാൻ (1963), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നർത്തകചക്രവർത്തി അവാർഡ് (2016), കലാരത്‌നം അവാർഡ് (2011), മുംബൈ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം (2011), കേന്ദ്ര സംഗീതനാടക അക്കാദമി ത്‌ന അവാർഡ് (2014) എന്നിവയും ഇദ്ദേഹത്തെ നേടിയെത്തിയിട്ടുണ്ട്.[2]

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി കലാമണ്ഡലം രാമൻകുട്ടി നായർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. 1990 ഡിസംബർ നാലാം തിയ്യതി എസ്എംഎസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.45ന് നടന്ന ചടങ്ങിൽ അന്നത്തെ കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ. ആർ.എസ്. ഗവായ് രാമൻകുട്ടി നായർക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം.എ. ബേബിയും പങ്കെടുത്തു.[3]

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാമൻകുട്ടിനായരുടെ നാമധേയത്തിൽ തന്നെ 73 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. ഇത് 2005ലെ ദില്ലി രാജ്യാന്തരചലചിത്രമേളയുടെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[4] ഇത് കൂടാതെ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള ലോകത്തിലെ വിഖ്യാത ചലച്ചിത്രമേളകളിൽ ഈ ഡോക്യമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്.[5]

'തിരനോട്ടം' എന്ന പേരിൽ രാമൻകുട്ടി നായർ അദ്ദേഹത്തിന്റെ അത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[5]

മരണം[തിരുത്തുക]

വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് പാലക്കാട് വെള്ളിനേഴി ഞാളാകുറിശിയിലെ വീട്ടിൽ വെച്ച് ഇദ്ദേഹം 2013 മാർച്ച്‌ 11ന് അന്തരിച്ചു.[6]

അവലംബം[തിരുത്തുക]

  1. http://www.indiavisiontv.com/2013/03/11/177705.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
  3. "കുസാറ്റിൽ ഡോക്ടറേറ്റ് ബിരുദദാനം - മാതൃഭൂമി". മൂലതാളിൽ നിന്നും 2011-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-11.
  4. http://malayalam.oneindia.in/news/2005/10/10/kerala-panorama-film.html
  5. 5.0 5.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-11.
  6. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ അന്തിരിച്ചു - ദേശാഭിമാനി