കലാമണ്ഡലം ദേവകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം ദേവകി
ജനനം(1946-11-25)25 നവംബർ 1946
മരണം7 ഏപ്രിൽ 2023(2023-04-07) (പ്രായം 76)
ദേശീയതഇന്ത്യൻ
തൊഴിൽഓട്ടം തുള്ളൽ
അറിയപ്പെടുന്നത്ഓട്ടം തുള്ളൽ
പുരസ്കാരങ്ങൾകേരള കലാമണ്ഡലം പുരസ്കാരം
കേരള സംഗീത നാടക അക്കാദമി പുരസ്കാരം

കേരളീയയായ ഒരു ഓട്ടൻ തുള്ളൽ കലാകാരിയാണ് കലാമണ്ഡലം ദേവകി.[1][2] പുരുഷ മേധാവിത്വമുള്ള ഈ മേഖലയിലെ ആദ്യ വനിതാ കലാകാരിയായിരുന്നു അവർ. കലാമണ്ഡലം പുരസ്കാരവും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ തൃശൂർ ജില്ലയിലെ നെല്ലുവായി എന്ന ഗ്രാമത്തിൽ ഒരു കലാപരമായ കുടുംബത്തിലായിരുന്നു ദേവകി ജനിച്ചത്. അമ്മാവൻ കലാമണ്ഡലം ഗോപാലൻ നായർ ഒരു കഥകളി നടനും അദ്ധ്യാപകനുമായിരുന്നു. പിതാവ് കടമ്പൂർ ദാമോദരൻ നായർ കോട്ടക്കലിലെ ഒരു നടനും ഭാഗവതരുമായിരുന്നു.[4] ചെറുപ്രായത്തിൽ തന്നെ അവർ തന്റെ ഗ്രാമത്തിലെ ലളിത കലാലയത്തിൽ നൃത്ത പരിശീലനം തുടങ്ങി.[5]

1960 ൽ, കേരള കലാമണ്ഡലത്തിൽ ശാസ്ത്രീയ നൃത്തം പഠിക്കാൻ ആണ് ദേവകി ആദ്യം എത്തുന്നത്. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാൽ അവരുടെ അപേക്ഷ ഏതാനും മാസങ്ങൾക്കുള്ളിൽ നിരസിക്കപ്പെട്ടു. നിരാശയോടെ പിതാവ് ഭാഗവതർ കടമ്പൂർ ദാമോദരൻ നായർക്കൊപ്പം, ദേവകിയും പുറത്തേക്കിറങ്ങുമ്പോൾ ഭാഗവതരെ തിരിച്ചറിഞ്ഞ കൃഷ്ണൻകുട്ടി പൊതുവാൾ ദേവകിയോട് "നിങ്ങൾക്ക് ഓട്ടൻതുള്ളൽ പഠിക്കാൻ താൽപ്പര്യമുണ്ടോ?" എന്ന് ചോദിച്ചു.[6] അങ്ങനെയാണ് അവർ തുള്ളൽ പഠിക്കാനെത്തുന്നത്. തൻ്റെ പന്ത്രണ്ടാം വയസ്സിൽ, കേരള കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാൻ ചേർന്ന അവർ അവിടെ തുള്ളൽ പഠിക്കാൻ ചേർന്ന ആദ്യ വനിതാ വിദ്യാർത്ഥിനിയായിരുന്നു. 1961 ൽ ആയിരുന്നു അവരുടെ അരങ്ങേറ്റം.[4] പാത്രചരിതം ആണ് അരങ്ങിൽ അവതരിപ്പിച്ചത്.[7]

മലബാർ കണ്ണൻ നായരായിരുന്നു അവരുടെ ഓട്ടം തുള്ളൽ ഗുരു. കലാമണ്ഡലം ദിവാകരൻ നായർ ആയിരുന്നു മറ്റൊരു അദ്ധ്യാപകൻ. സംഗീതം പഠിപ്പിച്ചത് എൻ കെ വാസുദേവ പണിക്കരും, സാഹിത്യം പഠിപ്പിച്ചത് സംസ്കൃത പണ്ഡിതനായ കുമ്മിണി വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.[7] കലാമണ്ഡലത്തിലെ ഉന്നത ഉദ്യോഗസ്ഥർ ദേവകി കഥകളി പഠിക്കുന്നത് ഓട്ടംതുള്ളലിനും ഗുണമാവുമെന്ന് കരുതി.[7] സ്ഥാപനത്തിന്റെ സൂപ്രണ്ടായ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് പൊതുവാളുമായി ആശയങ്ങൾ പങ്കുവെച്ചു.[7] രാമൻകുട്ടി നായരോട് അവർ വിഷയം അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ കീഴിൽ ദേവകി കഥകളി പരിശീലനം നേടുകയും ചെയ്തു.[7]

1972 ൽ മദ്ദളം കലാകാരനായ കലാമണ്ഡലം നാരായണൻ നായർ നെല്ലുവായിയെ അവർ വിവാഹം കഴിച്ചു.[7] വിവാഹശേഷം ദേവകിക്കും നാരായണൻ നായർക്കും ഗുജറാത്തിലെ ദർപ്പണയിൽ ജോലി ലഭിച്ചു. സബർമതിയുടെ തീരത്തുള്ള സ്ഥാപനത്തിൽ, ചാത്തുണ്ണി പണിക്കരുടെ കീഴിൽ ഭരതനാട്യം പഠിക്കാനും സി ആർ ആചാര്യയിൽ നിന്ന് കുച്ചിപ്പുടി പഠിക്കാനും അവർക്ക് അവസരം ലഭിച്ചു.[7]

1964 ൽ കേരള കലാമണ്ഡലത്തിൽ നിന്ന് ബിരുദം നേടിയ ശേഷം, ഫ്രഞ്ച് കഥകളി അധ്യാപികയായ മിലേന സാൽവിനി പാരീസിൽ ഓട്ടംതുള്ളൽ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു. പിന്നീട് അവർ കലാമണ്ഡലത്തിൽ അദ്ധ്യാപികയായി ചേർന്നു, അവിടെ അവർ മൂന്നുവർഷം ജോലി ചെയ്തു.[5]

നെല്ലുവായിയിലേക്ക് മടങ്ങിയെത്തിയ ദേവകി തുള്ളൽ കലാകാരിയെന്ന നിലയിലും തുള്ളൽ ഗുരു എന്ന നിലയിലും പ്രസിദ്ധിയിലേക്ക് ഉയർന്നു. പിന്നീട് അവർ ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു.[4]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

തുഞ്ചൻ പറമ്പ്, കേരള കലാമണ്ഡലം, തുഞ്ചൻ സ്മാരകം, കേരള സംഗീത നാടക അക്കാദമി (2007) എന്നിവയിൽ നിന്നുള്ള പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.[6]

അവലംബം[തിരുത്തുക]

  1. ഡെസ്ക്, വെബ് (2023-04-07). "കലാമണ്ഡലം ദേവകി നിര്യാതയായി | Madhyamam". www.madhyamam.com. Retrieved 2023-04-07.
  2. "Kalamandalam Devaki passes away at 75". The Times of India. 2023-04-08. ISSN 0971-8257. Retrieved 2023-04-08.
  3. "Kerala Sangeetha Nataka Akademi Award: Dance". Department of Cultural Affairs, Government of Kerala. Retrieved 26 February 2023.
  4. 4.0 4.1 4.2 V.R. Prabodhachandran Nayar (10 September 2015). "Singular FEAT". The Hindu. Retrieved 22 February 2019.
  5. 5.0 5.1 G.S. Paul (10 June 2011). "Trendsetter". The Hindu. Retrieved 23 February 2019.
  6. 6.0 6.1 Nayar, V. R. Prabodhachandran (10 സെപ്റ്റംബർ 2015). "Singular FEAT". The Hindu (in Indian English).
  7. 7.0 7.1 7.2 7.3 7.4 7.5 7.6 Thiyyadi, Sreevalsan (8 മാർച്ച് 2021). "Kalamandalam Devaki: The First Female Ottanthullal Dancer". India Art Review.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ദേവകി&oldid=4023624" എന്ന താളിൽനിന്ന് ശേഖരിച്ചത്