കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനത്തെ തൃശ്ശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിൽ[1] തനതായ പ്രകൃതി സൗന്ദര്യവും ഗ്രാമാന്തരീക്ഷവും നിറഞ്ഞു നിൽക്കുന്ന കുറുമാൽ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദുമത ക്ഷേത്രമാണ് കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം. കുറുമാൽ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് [2]കീഴിലാണ് ഈ രണ്ടു ക്ഷേത്രങ്ങളും പ്രവർത്തിക്കുന്നത്.

ചരിത്ര പ്രസിദ്ധമായ മാറ് മറയ്ക്കൽ[3] സമരം നടന്ന, പ്രസിദ്ധ കുംഭ ഭരണി കുതിര വേല നടക്കുന്ന വേലൂർ - വെങ്ങിലശ്ശേരി മണിമലർക്കാവ് ക്ഷേത്രത്തിൽ നിന്നും, അതുപോലെ ശ്രീകൃഷ്ണ കഥയുമായി ബന്ധപ്പെട്ട കുറൂരമ്മ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം മാത്രമുള്ള കറുവത്തൂർ ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികൾ [4]നടന്നു വരികയാണ്.

ചരിത്രം[തിരുത്തുക]

കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് കേരള ഹിന്ദു സമൂഹത്തിൽ ഉന്നത ആത്മീയ പദവി അലങ്കരിച്ചിരുന്ന ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ[5]. കേരളത്തിൽ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച് അവസാന വാക്കായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ മൂലപ്രതിഷ്‌ഠ നടത്തിയ ക്ഷേത്രമാണ് കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം.

ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ച് കൃത്യമായ ചരിത്ര രേഖകൾ ഇതുവരെ ലഭ്യമല്ലെങ്കിലും ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ ആഴ്‌വാഞ്ചേരി മനയുടെ ഉടമസ്ഥതയിൽ തന്നെയായിരുന്ന ക്ഷേത്രം പിന്നീട് കിരാലൂരിലെ അവണപറമ്പ് മന[6] എന്ന കുടുംബത്തിന് കൈമാറുകയുണ്ടായി. അവണപറമ്പ് മന കുമ്പളങ്ങാട്ടേക്ക്‌ മാറ്റി സ്ഥാപിച്ചപ്പോഴും ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥതാവകാശം അവരിൽ തന്നെ തുടർന്നു. പിൽകാലത്ത് ക്ഷേത്രങ്ങളുടെ ഭരണം കേരള സർക്കാർ പ്രത്യേക നിയമം[7] വഴി പല ദേവസ്വം ബോർഡുകളുടെ കീഴിലാക്കിയപ്പോൾ കറുവത്തൂർ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലായി. കൊച്ചിൻ ദേവസ്വം ബോർഡിൻറെ തിരുവില്വാമല ഗ്രൂപ്പിന് കീഴിലുള്ള നെല്ലുവായ് മുല്ലയ്ക്കൽ ദേവസ്വത്തിന് കീഴിലാണ് കറുവത്തൂർ ക്ഷേത്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും അവണപറമ്പ് മനയുടെയും വിവരങ്ങൾ ലഭ്യമാണ്.

ഐതിഹ്യം[തിരുത്തുക]

ഹൈന്ദവ പുരാണങ്ങൾ പ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാര രൂപമാണ് ശ്രീരാമൻ. അസുര ശക്തികളുടെ നിഗ്രഹത്തിലൂടെ ധർമ്മം പുനസ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണ് ശ്രീ മഹാവിഷ്ണു ശ്രീരാമനായി ഭൂമിയിൽ അവതരിച്ചതെന്നു ഹൈന്ദവർ വിശ്വസിക്കുന്നു.

വാത്മീകി മഹർഷിയുടെ ഇതിഹാസ കാവ്യം രാമായണത്തിലൂടെ ശ്രീരാമന്റെ കഥ വിശ്വ പ്രസിദ്ധമാണ്. ആസുരിക ശക്തികളുടെ നിഗ്രഹങ്ങളെല്ലാം നിറവേറ്റി രാജപദവി ഏറ്റെടുത്ത ഭഗവാൻ ശ്രീരാമന്റെ സൗമ്യ ഭാവത്തിലുള്ള പ്രതിഷ്ഠയാണ് കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേത്.

ക്ഷേത്ര രൂപകല്‌പന[തിരുത്തുക]

താഴികകുടത്തോടുകൂടിയതും ഓടുകൾ മേഞ്ഞതുമായ ചതുരാകൃതിയിലുള്ള ശ്രീകോവിലാണ് കറുവത്തൂർ ക്ഷേത്രത്തിന് ഉള്ളത്. തികച്ചും കേരളീയമായ ശിൽപ്പകല തന്നെയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. കിഴക്ക്‌ ദിക്കിലേക്ക് ദർശന നടയുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്.

ശ്രീകോവിലിൽ നിന്നും നേരെ കിഴക്കോട്ട് ഇറങ്ങുന്ന പടികളുള്ളതാണ് സോപാനം. ശ്രീകോവിലിനു മുന്നിൽ നമസ്ക്കാരമണ്ഡപവും, ശ്രീകോവിലിനു ചുറ്റുമായി പ്രദക്ഷിണ വഴിയും, ഉപദേവന്മാരായ ഗണപതി, അയ്യപ്പൻ എന്നിവരുടെ പ്രതിഷ്ഠകളും ഉണ്ട്. ഇന്ദ്രൻ മുതൽ ഈശാനൻ വരെയുള്ള അഷ്ടദിക്പാലകരുടെയും കൂടാതെ സപ്തമാതൃക്കളുടെയും ബലിക്കല്ലുകൾ ചുറ്റമ്പലത്തിൽ കാണാം.

ക്ഷേത്രകിണർ വടക്കു കിഴക്കു ഭാഗത്തും , തിടപ്പള്ളി തെക്കു കിഴക്കു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു ഇരുവശവും വലിയമ്പലവും ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിളക്കുമാടങ്ങളും നിർമ്മിച്ചിട്ടുണ്ട്.

മതിലകത്ത് ചുറ്റമ്പലത്തിനു പുറത്തായി പ്രദക്ഷിണവഴിയും, ദീപസ്തംഭവും, വലിയ ബലിക്കല്ലും, ചെറിയ ബലിക്കല്ലുകളും ഉണ്ട്. വടക്കു പടിഞ്ഞാറായി നാഗപ്രതിഷ്ഠകളും, ക്ഷേത്രകുളവും ഉണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

കറുവത്തൂർ ക്ഷേത്രം വശത്തിൽ നിന്നുമുള്ള കാഴ്ച
കറുവത്തൂർ ക്ഷേത്രം മുന്നിൽ നിന്നുമുള്ള  കാഴ്ച
കറുവത്തൂർ ക്ഷേത്രം ബലിക്കല്ലുകൾ
കറുവത്തൂർ ക്ഷേത്രം സോപാനം
സപ്തമാതൃക്കളും , ഗണപതിയും , വീരഭദ്രനും
ഉപദേവൻ ഗണപതി
കറുവത്തൂർ ക്ഷേത്രം ഉപദേവൻ ഗണപതി

അവലംബം[തിരുത്തുക]

  1. Govindan, Gireesh. "Velur Panchayat". Velur Panchayat. Archived from the original on 2022-03-04. Retrieved 2022-05-03.
  2. "Welcome To Cochin Devaswom Board". Retrieved 2022-05-07.
  3. "Anniversary of Velur protest to be observed tomorrow - Times of India" (in ഇംഗ്ലീഷ്). Retrieved 2022-05-07.
  4. Online, Cctv (2021-12-19). "വേലൂർ കുറുമാൽ കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-05-08.
  5. Govindan, Gireesh. "Eithihyamala". DCbooks.
  6. Govindan, Gireesh. "Avanaparambu Mana". Avanaparambu Mana.
  7. Govindan, Gireesh. "Act of XV of Travancore-Cochin Hindu Religious institutions Act,1950". {{cite journal}}: Cite journal requires |journal= (help)