കരിമുട്ടം ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കായംകുളം കരിമുട്ടം ദേവി ക്ഷേത്രം മധ്യ തിരുവിതാംകൂറിലെ പ്രധാന കളരി ദേവതാ ക്ഷേത്രമായ കരിമുട്ടം ദേവി ക്ഷേത്രം കായംകുളം നഗരഹൃദയത്തിൽ നിന്നും 3 KM വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഉഗ്രമൂർത്തിയായ ഭദ്രകാളി നാല് കരകളുടെ ദേശ ദേവതയായി ഇവിടെ കുടികൊള്ളുന്നു എന്നാണ് സങ്കല്പം.

ചരിത്രം

മാർത്താണ്ഡവർമ്മ വേണാട് എന്ന ചെറു രാജ്യത്തിൻ്റെ അതിർത്തികൾ വികസിപ്പിച്ച് തിരുവിതാംകൂർ സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടുത്തെ അറിയപ്പെടുന്ന നാട്ടുരാജ്യമായിരുന്നു കായംകുളം. ധീരന്മാരും ശൂരന്മാരുമായ പടയാളികളും തങ്ങളുടേതായ യുദ്ധമുറകളും സ്വായത്തമാക്കിയിരുന്ന കായംകുളം രാജ്യത്തിന് ശത്രുക്കളെ പരാജയപ്പെടുത്തുവാൻ സ്വന്തമായി രൂപകല്പന ചെയ്ത ആയുധങ്ങളും ഉണ്ടായിരുന്നു. ആ സമയത്തെ നാട്ടുരാജ്യങ്ങളിലെ പടയാളികൾ ഒരു വശം മാത്രം മൂർച്ചയുളള വാളുകൾ ശത്രുക്കൾക്കെതിരെ പ്രയോഗിക്കുന്ന വേളയിൽ തിരിഞ്ഞും മറിഞ്ഞും ഉപയോഗിക്കുവാൻ സാധിക്കുന്ന ഇരുതല മൂർച്ചയുള്ള വാൾ കായംകുളം പടയാളികളുടെ പ്രത്യേകതയായിരുന്നു.

ഇപ്രകാരം അഭ്യാസമിടുക്കും ധൈര്യവുമുള്ള പടയാളികളെ പരിശീലിപ്പിക്കുന്നതിനായുള്ള കളരികൾ കായംകുളം രാജാക്കന്മാർ നാട്ടിൽ പല ഭാഗത്തും സ്ഥാപിച്ചിരുന്നു. ഇങ്ങനെ വടക്ക് തൃക്കുന്നപ്പുഴ മുതൽ തെക്ക് കന്നേറ്റി വരെയും കിഴക്ക് പന്തളം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയും വ്യാപിച്ച് കിടന്ന കായംകുളം രാജ്യത്തിൻ്റെ ഏറ്റവും പ്രധാന കളരിയായിരുന്നു കരിമുട്ടം കളരി. വെറും ഒരു കളരി എന്നതിലുപരി ഉഗ്രമൂർത്തിയായ ഭദ്രകാളിയെ മാതൃ സങ്കല്പത്തിൽ അമ്മ തമ്പുരാട്ടിയായി പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന ഒരു ക്ഷേത്ര സങ്കേതം കൂടിയായിരുന്നതുകൊണ്ട് തന്നെ കളരിമുറ്റം എന്നത് ലോപിച്ച് കരിമുട്ടം എന്ന് ആയതാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും അതിപുരാതനമായ ഒരു ക്ഷേത്ര സങ്കേതം തന്നെയാണ് കരിമുട്ടം ക്ഷേത്രം എന്ന് നിസംശയം പറയാം.

രാജവംശവുമായി അഭേദ്യമായ ബന്ധം പുലർത്തി വന്നിരുന്ന കളരി സങ്കേതം എന്ന നിലയിൽ അളവറ്റ ഭൂസമ്പത്ത് ഉണ്ടായിരുന്ന ക്ഷേത്രം പിന്നീട് കായംകുളം രാജ വംശത്തിൻ്റെ തകർച്ചയോടെ സ്വത്തുക്കൾ നഷ്ടപ്പെട്ട അവസ്ഥയിലായി. ക്ഷേത്രത്തിനോടനുബന്ധിച്ചുണ്ടായിരുന്ന കോട്ടയും കാലത്തിൻ്റെ കുത്തൊഴുക്കിൽ തകർന്നുവെങ്കിലും കോട്ടയുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ പ്രദേശത്ത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

കൊടിയേറ്റില്ലാത്ത ഉത്സവം

കൊടിമരമോ കൊടിയേറ്റമോ ഇല്ലാതെ പടഹാദി ക്രമത്തിൽ ഉത്സവം നടത്തപ്പെടുന്ന ക്ഷേത്രത്തിൽ തിരുമുമ്പിലെ കളരിത്തറ പരിശുദ്ധ സങ്കേതമായി കണക്കാക്കപ്പെടുന്നു. കാലഗണന സാധ്യമാകാത്ത തരത്തിലുള്ള അതിപുരാതനമായ കരിങ്കൽ ലിഖിതങ്ങൾ ഉണ്ടായിരുന്ന കളരിത്തറ കാലക്രമേണ പൊളിച്ചു മാറ്റപ്പെട്ടതിനെ തുടർന്ന് ദേവപ്രശ്ന വിധി പ്രകാരം പിന്നീട് നിർമ്മിച്ച കളരിത്തറയാണ് ക്ഷേത്രത്തിന് തിരുമുമ്പിൽ ബലിക്കൽ പുരക്കും ആന കൊട്ടിലിനുമിടയിലായി ഇന്ന് കാണപ്പെടുന്നത്.

ഉത്സവങ്ങൾ

മേടം ഒന്നിന് ആരംഭിച്ച് പത്താമുദയ ദിവസമായ മേടം പത്തിന് സമാപിക്കുന്ന പത്ത് ദിവസത്തെ ഉത്സവം പ്രധാനമായി ആഘോഷിക്കപ്പെടുന്നു. ബുദ്ധ സംസ്കാരത്തിൻ്റെ തിരുശേഷിപ്പുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെട്ടുകാഴ്ചകൾ ഓണാട്ടുകരയിലെ മറ്റ്മ ക്ഷേത്രങ്ങളിലെ പോലെ ഇവിടുത്തെ ഉത്സവത്തിൻ്റെയും പ്രധാന കാഴ്ചയാണ്. ക്ഷേത്ര കലകളും പുതിയ തലമുറയിലെ കലാരൂപങ്ങളും അരങ്ങ് നിറയുന്ന ഉത്സവദിവസങ്ങളിൽ രണ്ട് വേദികളിലായാണ് കലാ പരിപാടികൾ നടത്തപ്പെടുന്നത്. അക്ഷരശ്ലോക സദസുകൾ, പാoകം, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, തിരുവാതിര കളി, സോപാന സംഗീത സദസ്, തീയ്യാട്ട്, കളരിപ്പയറ്റ് പ്രദർശനങ്ങൾ തുടങ്ങിയവ മതിൽ കെട്ടിനുള്ളിൽ നടക്കുമ്പോൾ ഉത്സവ രാത്രികളിൽ പുറത്തെ വേദിയിൽ പുതിയ തലമുറയുടെ ഹരമായ കലാവിരുന്നുകളും നടത്തപ്പെടുന്നു. കൂടാതെ എട്ടാം ഉത്സവ ദിവസം സമീപ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ ഭഗവതിമാർ കരിമുട്ടത്തമ്മയുടെ മണ്ണിലേക്ക് എഴുന്നള്ളി ഉത്സവം കൂടാനെത്തുന്ന ദേവസംഗമവും ഭക്തർക്ക് അവാവ്യമായ അനുഭൂതി പകരുന്നതാണ്.

ഇതു കൂടാതെ നവരാത്രി ദിവസങ്ങളിൽ എല്ലാ ദിവസവും നടക്കുന്ന സംഗീത ആരാധനയും മകരത്തിലെ പറ- കര അൻപൊലി എഴുന്നള്ളത്തുകളും പൊങ്കാലയും വൃശ്ചികമാസത്തിലെ എതിരേൽപ്പ് ഉത്സവങ്ങൾ, തൃക്കാർത്തിക, മണ്ഡല കാലത്തെ 51 വിളക്ക്, പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന അമ്മമാരുടെ കൂട്ടായ്മയായ പൗർണമി സംഘത്തിൻ്റെ നേതൃത്വത്തിലുള്ള നവാഹം, വിനായക ചതുർത്ഥി ദിവസത്തെ 1008 നാളികേരത്തിൻ്റെ മഹാഗണപതി ഹോമം തുടങ്ങിയവയും ക്ഷേത്രത്തിലെ വിശേഷ ഉത്സവങ്ങളാണ്. കൂടാതെ ഭരണി നാളുകളിൽ ഗുരുതിയും നടന്നു വരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ക്ഷേത്രത്തിൻ്റെ തന്ത്രം ഇരിങ്ങാലക്കുട കുണ്ടിൽ മല്ലിശ്ശേരി ഇല്ലത്തിനാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ തെക്കെ കര, വടക്കെ കര, കിഴക്കെ കര, പടിഞ്ഞാറെ കര എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നതും നാല് കരകളിലുമുള്ള കരകമ്മിറ്റികളും ഭക്തജന കൂട്ടായ്മകളും ക്ഷേത്ര ഉപദേശക സമിതിയും ക്ഷേത്രത്തിൽ ഒരേ മനസോടെ പ്രവർത്തിച്ചു വരുന്നു.

എത്തിപ്പെടാനുള്ള വഴി

അടുത്ത റെയിൽവേ സ്റ്റേഷനും (2 KM) ബസ്സ്റ്റാൻ്റും (3 KM) കായംകുളമാണ്.