കരിങ്കോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിങ്കോളി
മറ്റുപേരുകൾ: മഞ്ഞക്കോളി, കരിവെതല, കരിചാത്തി
ജീവി
ഗണംപാമ്പുകൾ
വിവരങ്ങൾ
ഒടുവിൽ കണ്ടത്1958-ന് മുമ്പ്[1]
രാജ്യംഇന്ത്യ
പ്രദേശംകേരളം
ആവാസവ്യവസ്ഥപശ്ചിമഘട്ടം
സ്ഥിതിസാങ്കല്പികം

കേരളത്തിലെ വനാന്തരങ്ങളിൽ ഉണ്ടെന്ന് പരക്കെ വിശ്വസിച്ചിരുന്ന ഒരു പാമ്പാണ് കരിങ്കോളി[2]. മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിലും ഈ സാങ്കല്പിക സർപ്പം അറിയപ്പെടുന്നുണ്ട്[3]. ഡോ. കെ.ജി. അടിയോടിയുടെ കേരളത്തിലെ വിഷപ്പാമ്പുകൾ എന്ന പുസ്തകത്തിൽ, കരിങ്കോളി - ഒരു പ്രശ്നസർപ്പം എന്ന തലക്കെട്ടിൽ ഈ പാമ്പിനെ വിശദമായി പരാമർശിക്കുന്നുണ്ട്[2]. എൻ. പരമേശ്വരൻ തന്റെ വനസ്മരണകൾ എന്ന പുസ്തകത്തിൽ ചെന്തുരുണി മലയിലെ കോഴിപ്പൂവൻ എന്ന അദ്ധ്യായത്തിൽ പതിനാറ് അടി നീളവും പതിനാല് ഇഞ്ച് വണ്ണവുമുള്ള കരിങ്കോളിയേയും ഇണയേയും കൊന്ന് കണ്ടതായി പറയുന്നുണ്ട്[1]. കോട്ടയം ജില്ലയിലെ പ്ലാശനാല് വെച്ച് ചാവറയച്ചനും കരിങ്കോളിയും തമ്മിൽ ഏറ്റുമുട്ടിയെന്നും അച്ചൻ കരിങ്കോളിയെ ശാസിച്ച് തിരിച്ചയച്ചെന്നും കഥയുണ്ട്[4].എന്നാൽ

ലഭ്യമായ അറിവുകൾ അനുസരിച്ച ഇത് തികച്ചും സങ്കല്പികമായ ഒരു പാമ്പ്‌ ആണ്.

പടം പൊഴിച്ച രാജവെമ്പാലയുടെ തലയിൽ പടത്തിന്റെ അവശിഷ്ടം കണ്ട തെറ്റിദരിച്ചതാവാനാണ് സാധ്യത.


വിവരണം[തിരുത്തുക]

കേരളത്തിൽ പരക്കെ ഉണ്ടെന്ന് വിശ്വസിച്ചിരുന്നെങ്കിലും, വയനാടൻ കാടുകളിലും നെല്ലിയാമ്പതി മുതൽ പെരിയാർ വരെയുള്ള ഭാഗത്ത് ഇന്നും ഇവയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. വലിയ കമുകിന്റെ വലിപ്പമുള്ള, കരിനീല / കരിംകറുപ്പ് നിറമുള്ള പാമ്പായാണ് കരിങ്കോളിയെ സങ്കല്പിക്കുന്നത്. സാധാരണ ഇണകളായി കാണപ്പെടുന്നു. ആൺപാമ്പിനെ പൂവൻ എന്നും പെൺപാമ്പിനെ പിട എന്നും വിളിക്കുന്നു. പൂവന്റെ തലയിൽ കോഴിയുടേത് പോലുള്ള പൂവ് ഉണ്ടായിരിക്കും. പൂവൻ ആക്രമിക്കുമ്പോൾ കോഴി കൂവുന്നത് പോലെയുള്ള ശബ്ദവും ഉണ്ടാക്കുമത്രേ. പിടപ്പാമ്പ് പിടക്കോഴി കൊക്കുന്നത് പോലുള്ള ശബ്ദമാവും ഉണ്ടാക്കുക. വലിയ ജീവികളെ ഭക്ഷിച്ച് ജീവിക്കുന്ന ഇവ, വേട്ടയാടുമ്പോഴും മറ്റും ഇണയിൽ നിന്ന് വളരെ അകന്ന് മാറിപോകാതെയിരിക്കാൻ ഇടയ്ക്കിടെ ചൂളമടിച്ച് കൊണ്ടിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു. ആൺപാമ്പിന്റെ കഴുത്തിൽ മൂർഖൻ പാമ്പുകളുടെ കഴുത്തിലെ കണ്ണടയടയാളം പോലെ ഒരു അമ്പിന്റെ തല പോലെയുള്ള അടയാളം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

മനുഷ്യരെ ആക്രമിക്കാൻ മടിയില്ലാത്ത പാമ്പുകളാണ് കരിങ്കോളി എന്നാണ് വിശ്വാസം. ഇണയെ കൊന്നാൽ സമീപത്ത് തന്നെയുള്ള ജീവനോടെയുള്ള ഇണ ഉടൻ തന്നെ എത്തി പ്രതികാരം ചെയ്യും എന്നും വിശ്വാസമുണ്ട്.

പടമുരിയുന്ന സമയങ്ങളിൽ, തലയിൽ ബാക്കി നിൽക്കുന്ന തൊലിയുടെ ഭാഗങ്ങളോടുകൂടിയ രാജവെമ്പാലയേയും മറ്റും കണ്ട് തെറ്റിദ്ധരിക്കുന്നതാവാം കരിങ്കോളിയുടെ തലയിലെ പൂവ് എന്ന് അഭിപ്രായമുണ്ട്. എന്നാൽ സ്വനപേടകമില്ലാത്ത ജീവികളാണ് പാമ്പുകൾ എന്നത് കൊണ്ട്, ശബ്ദമുണ്ടാക്കുന്ന പാമ്പുകൾ എന്ന സങ്കല്പം തെറ്റാണെന്നാണ് ശാസ്ത്രമതം[3].

സമാനമായ മറ്റ് ജീവികൾ[തിരുത്തുക]

ആഫ്രിക്കൻ വനാന്തരങ്ങളിൽ ക്രോവിങ് ക്രസ്റ്റഡ് കോബ്ര (Crowing crested cobra) എന്ന പാമ്പുവർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയുണ്ടെന്ന് തദ്ദേശവാസികൾ വിശ്വസിക്കുന്നുണ്ട്[5]. കരിങ്കോളിയുമായി തികഞ്ഞ സാദൃശ്യമുള്ള ഈ ജീവിയും നിലവിലുള്ള ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല[6]. യൂറോപ്യൻ മിത്തുകളിലെ ബാസിലിസ്ക് (Basilisk) കരിങ്കോളിയുമായി സാദൃശ്യമുള്ള സർപ്പമാണ്[7]. സർപ്പങ്ങളുടെ രാജാവാണ് ബാസിലിസ്ക് എന്നാണ് വിശ്വാസം.

അവലംബം[തിരുത്തുക]

  1. 1.0 1.1 എൻ. പരമേശ്വരൻ (1958). വനസ്മരണകൾ. pp. 29–35. ശേഖരിച്ചത് 28 ഫെബ്രുവരി 2020.
  2. 2.0 2.1 കെ.ജി. അടിയോടി. കേരളത്തിലെ വിഷപ്പാമ്പുകൾ. മാതൃഭൂമി ബുക്സ്. ISBN 8182641470.
  3. 3.0 3.1 സനു തിരുവാർപ്പ് (27 മേയ് 2016). "തലയിൽ പൂവുള്ള കരിങ്കോളിപ്പാമ്പ് കേരളത്തിലുണ്ടോ?". മലയാള മനോരമ. മൂലതാളിൽ നിന്നും 30 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2020.
  4. "ചാവറ പിതാവിന്റെ ലഘുജീവചരിത്രം" (പി.ഡി.എഫ്.). ശേഖരിച്ചത് 28 ഫെബ്രുവരി 2020.
  5. Darren Naish (21 നവംബർ 2011). "The Crowing crested cobra" (ഭാഷ: ഇംഗ്ലീഷ്). SCIENTIFIC AMERICAN. മൂലതാളിൽ നിന്നും 28 ഫെബ്രുവരി 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2020.
  6. Adam Benedict (18 ഓഗസ്റ്റ് 2018). "Cryptid Profile: The Crowing Crested Cobra" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 28 ഫെബ്രുവരി 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2020.
  7. Mike Dash (23 ജൂലൈ 2012). "On the Trail of the Warsaw Basilisk" (ഭാഷ: ഇംഗ്ലീഷ്). സ്മിത്സോണിയൻ മാഗസിൻ. മൂലതാളിൽ നിന്നും 19 മേയ് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2020.
"https://ml.wikipedia.org/w/index.php?title=കരിങ്കോളി&oldid=3543588" എന്ന താളിൽനിന്ന് ശേഖരിച്ചത്