കരട്:ഗംഗാതീർത്ഥം
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 4 months ago Vishalsathyan19952099 (talk | contribs) ആണ്. (Purge) |
തരംഗിണി സ്റ്റുഡിയോ 1989-ൽ പുറത്തിറക്കിയ പ്രസിദ്ധമായ ഒരു ശിവഭക്തിഗാനസമാഹാരമാണ് ഗംഗാതീർത്ഥം. മലയാളത്തിൽ ശിവനെക്കുറിച്ചുമാത്രമായി പുറത്തിറക്കിയ ആദ്യത്തെ ഭക്തിഗാനസമാഹാരം എന്ന വലിയൊരു പ്രത്യേകത ഈ ആൽബത്തിനുണ്ട്. കേരളത്തിലെ പ്രസിദ്ധമായ 10 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ അടങ്ങുന്ന ഈ സമാഹാരത്തിലെ എല്ലാ പാട്ടുകളും ആലപിച്ചത് കെ.ജെ. യേശുദാസാണ്. പി.സി. അരവിന്ദൻ രചിച്ച് ടി.എസ്. രാധാകൃഷ്ണൻ ഈണം നൽകി പുറത്തിറങ്ങിയ ഇതിലെ പാട്ടുകൾ കേരളമൊട്ടുക്കും വൻ പ്രചാരം നേടുകയുണ്ടായി. ഇന്നും മലയാളികളുള്ള സ്ഥലങ്ങളിലെ ഗാനമേളകളിൽ സ്ഥിരം സാന്നിദ്ധ്യങ്ങളാണ് ഈ ആൽബത്തിലെ പാട്ടുകൾ.
ചരിത്രം
[തിരുത്തുക]1980-ൽ ഹരിശ്രീ പ്രസാദം എന്ന ആൽബത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ടി.എസ്. രാധാകൃഷ്ണൻ, 1985 കാലമായപ്പോഴേയ്ക്കും ഭക്തിഗാനരംഗത്തെ അറിയപ്പെടുന്ന സംഗീതസംവിധായകനായി മാറിക്കഴിഞ്ഞിരുന്നു. 1986-ൽ തരംഗിണി പുറത്തിറക്കിയ തുളസീതീർത്ഥം എന്ന ആൽബത്തിന്റെ വൻ വിജയം, അദ്ദേഹത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പിന്നീട് നിരവധി ഭക്തിഗാനസമാഹാരങ്ങൾക്ക് ഈണമിട്ടുവരുന്നതിനിടയിലൊരുദിവസമാണ്, അക്കാലത്ത് താരതമ്യേന തുടക്കക്കാരനായ ഗാനരചയിതാവായിരുന്ന പി.സി. അരവിന്ദനുമായി രാധാകൃഷ്ണൻ പരിചയപ്പെടാനിടയായത്. ഏവറി ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയിലെ എൻജിനിയറായിരുന്ന അരവിന്ദൻ, ഇതിനകം രണ്ട് ആൽബങ്ങൾക്കുവേണ്ടി ഗാനരചന നടത്തിക്കഴിഞ്ഞിരുന്നു. അരവിന്ദന്റെ ആദ്യ ആൽബമായിരുന്ന പ്രസാദത്തിനുവേണ്ടി ഗാനങ്ങൾ ആലപിച്ച, പ്രസിദ്ധ കർണാടക സംഗീതജ്ഞനായ മണ്ണൂർ രാജകുമാരനുണ്ണിയാണ് ഇരുവരെയും ഒരുമിപ്പിച്ചത്. അതിലേയ്ക്ക് നയിച്ച സംഭവങ്ങൾ ഇപ്രകാരം:
പ്രസാദത്തിലെ ചില ഗാനങ്ങൾ ആലപിച്ച പ്രമുഖ ഗായികയായിരുന്ന കല്യാണി മേനോൻ മുഖേന യേശുദാസിനെ പരിചയപ്പെട്ട അരവിന്ദൻ, അപ്പോൾ തരംഗിണി ഇറക്കാൻ തീരുമാനിച്ചിരുന്ന ശിവഭക്തിഗാനങ്ങളുടെ രചയിതാവായി നിയമിയ്ക്കപ്പെട്ടു. തുടർന്ന് അദ്ദേഹം പ്രസിദ്ധ കവിയും ചരിത്രകാരനുമായിരുന്ന നാലാങ്കൽ കൃഷ്ണപിള്ളയെ കാണുകയും, കേരളത്തിലെ പ്രധാനപ്പെട്ട 12 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും അവിടങ്ങളിൽ ദർശനം നടത്തുകയും ചെയ്തു. ഇവയ്ക്കുശേഷമാണ് അദ്ദേഹം അവയെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ രചിച്ചത്. അതിനെല്ലാം ശേഷം ഒരിയ്ക്കൽ, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടയിലാണ് മണ്ണൂർ രാജകുമാരനുണ്ണി വഴി ടി.എസ്. രാധാകൃഷ്ണനുമായി അരവിന്ദൻ പരിചയത്തിലാകുന്നതും താൻ രചിച്ച ഗാനങ്ങൾ അദ്ദേഹത്തിന് സമ്മാനിയ്ക്കുന്നതും. 12 ഗാനങ്ങളിൽ പത്തെണ്ണത്തിന് ഈണം പകർന്ന രാധാകൃഷ്ണൻ, പിന്നീട് തന്റെ എറണാകുളത്തെ വസതിയിലേയ്ക്ക് അരവിന്ദനെ വിളിയ്ക്കുകയും ആ ഗാനങ്ങൾ കേൾപ്പിച്ചുകൊടുക്കുകയും ചെയ്തു. പാട്ടുകളിൽ അരവിന്ദൻ പൂർണ്ണതൃപ്തനായി.