Jump to content

മുസ്തഫ കമാൽ അത്താതുർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കമാൽ അത്താത്തുർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്തഫ കമാൽ അത്താതുർക്ക്
തുർക്കിയുടെ ആദ്യത്തെ പ്രസിഡണ്ട്
ഓഫീസിൽ
1923 ഒക്ടോബർ 29 – 1938 നവംബർ 10
പിൻഗാമിഇസ്മത് ഇനോനു
തുർക്കിയുടെ ആദ്യത്തെ പ്രധാനമന്ത്രി
ഓഫീസിൽ
1920 മേയ് 3 – 1921 ജനുവരി 24
പിൻഗാമിഫെവ്സി ഷാക്‌മാക്
ആദ്യത്തെ പാർലമെന്റ് സ്പീക്കർ
ഓഫീസിൽ
1920 ഏപ്രിൽ 24 – 1923 ഒക്ടോബർ 29
പിൻഗാമിഅലി ഫെത്തി ഓക്യാർ
ആർ.പി.പിയുടെ ആദ്യനേതാവ്
ഓഫീസിൽ
1919–1938
പിൻഗാമിഇസ്മത് ഇനോനു
വ്യക്തിഗത വിവരങ്ങൾ
ജനനം(1881-05-19)മേയ് 19, 1881
സലോനിക (തെസ്സലോനികി)
മരണംനവംബർ 10, 1938(1938-11-10) (പ്രായം 57)
ഡോൽമാബാസ് കൊട്ടാരം, ഇസ്താൻബുൾ
ദേശീയതതുർക്കിഷ്
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി
പങ്കാളിലത്തീഫ ഉസ്സാക്കി (1923–1925)
ഒപ്പ്
സൈനികസേവനം ഓട്ടമൻ സാമ്രാജ്യം
(1893 - 1919 ജൂലൈ 8)
തുർക്കി
(1919 ജൂലൈ 9 - 1927 ജൂൺ 30)
വിഭാഗം കരസേന
പദവി ഓട്ടമൻ സാമ്രാജ്യം: സൈന്യാധിപൻ
തുർക്കി: മാർഷൽ
നേതൃത്വം പത്തൊമ്പതാം ഡിവിഷൻ - XVI കോർ - രണ്ടാം സേന - ഏഴാം സേന - തണ്ടർ ഗ്രൂപ്സ് കമാൻഡ്
യുദ്ധങ്ങൾ തോബ്രുക് - അൻസാക് കോവ് - ചുനുക് ബൈർ - സ്കിമിതാർ കുന്ന് - സരി ബൈർ - ബിറ്റ്ലിസ് - സക്കറിയ - ഡുംലുപിനാർ -
പുരസ്കാരങ്ങൾ പട്ടിക (24 മെഡലുകൾ)

ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാൽ അത്താതുർക്ക്[1]. ഇംഗ്ലീഷ്:Mustafa Kemal Atatürk (1881 മാർച്ച് 121938 നവംബർ 10) - അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ് എന്നർത്ഥം. കമാൽ പാഷ എന്ന പേരിലും അറിയപ്പെടുന്നു.

ഓട്ടമൻ തുർക്കിയിലെ സൈന്യാധിപനായിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഗല്ലിപോളി യുദ്ധമടക്കമുള്ള നിരവധി പോരാട്ടങ്ങളിൽ തന്റെ പ്രഗല്ഭ്യം തെളിയിച്ച വ്യക്തിയാണ്. സഖ്യസേനയുടെ കൈകളാൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ട ശേഷം തുർക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് തുർക്കി ദേശീയ മുന്നണിയെ നയിച്ച് സ്വാതന്ത്ര്യസമരത്തിലൂടേ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അത്താതുർക്ക് വഹിച്ച് പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക മുന്നേറ്റങ്ങളിലൂടെ അവസാനം റിപ്പബ്ലിക്ക് ഓഫ് ടർക്കി (തുർക്കി ഗണതന്ത്രം) രൂപമെടുത്തു. അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ രാഷ്ട്രീയമായ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി.

ഏഴു പ്രാവശ്യത്തോളം അദ്ദേഹം തന്റെ പേരുകൾ മാറ്റിയിട്ടുണ്ട്. [2]ഓട്ടോമൻ സൈന്യത്തിലായിരുന്നപ്പോൾ അദ്ദേഹം കെമാൽ പാഷ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര സമയത്ത് തുർക്കി ദേശീയ നിയമ സഭ അദ്ദേഹത്തിന് ഗാസി മുസ്തഫ കെമാൽ എന്ന് സംബോധന ചെയ്തിരുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് ശേഷം ഓസ്സ് എന്ന തലപ്പേര് അദ്ദേഹം സ്വീകരിച്ചു. 1934 ജനുവരി 1-ന് തുർക്കി ദേശീയ നിയമസഭ അദ്ദേഹത്തിന് അത്താതുർക്ക് (തുർക്കിയുടെ പിതാവ്) എന്ന സ്ഥാനപ്പേർ നൽകി ആദരിച്ചു. ഇന്ന് തുർക്കിയുടെ ദേശീയ കറൻസി നോട്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

ജീവിതരേഖ

[തിരുത്തുക]
Mustafa Kemal as a Senior Captain (Kolağası) in 1907.
Mustafa Kemal Bey (fourth from right) listening to the explanation of French Colonel Auguste Edouard Hirschauer during the Picardie army manoeuvres.
Binbaşı Mustafa Kemal Bey (left) with an Ottoman military officer and Bedouin forces in Derna, Tripolitania Vilayet, 1912.
Mustafa Kemal Bey in the trenches of Gallipoli with his soldiers, 1915.
Mustafa Kemal Bey with Ottoman military officers during the Battle of Gallipoli.
Mustafa Kemal Pasha (right) in Ankara with İsmet Pasha (left.)
Prominent nationalists at the Sivas Congress. Left to right: Muzaffer (Kılıç), Rauf (Orbay), Bekir Sami (Kunduh), Mustafa Kemal (Atatürk), Ruşen Eşref (Ünaydın), Cemil Cahit (Toydemir), Cevat Abbas (Gürer)


1881ൽ ഓട്ടൊമൻ തുർക്കിയിലെ സലോനിക എന്ന നഗരത്തിൽ ജനിച്ചു (ഇന്നത്തെ ഗ്രീസിലെ തെസ്സലോനിക്കി). മുസ്തഫയുടെ പിതാവിന്റെ പേർ അലി റിസ എഫെൻഡി എന്നും അമ്മയുടെ പേർ സുബയ്ദെ ഹനിം എന്നുമായിരുന്നു. അന്നത്തെ തുർക്കി രീതിയനുസരിച്ച മുസ്തഫ എന്ന ഒറ്റപ്പേരാണ് അദ്ദേഹത്തിന് നൽകപ്പെട്ടത്. അദ്ദെഹത്തിന്റെ ഏഴാമത്തെ വയസ്സിൽ തടിക്കച്ചവടക്കാരനായിരുന്ന പിതാവ് മരണപ്പെട്ടു. അമ്മ സുബയ്ദെയുടെയും അമ്മാവന്റേയും പരിചരണത്തിലാണ് അദ്ദേഹം വളർന്നത്.

1893-ൽ തനിക്ക് 12 വയസ്സുള്ളപ്പോൾ അദ്ദേഹം സലോനികയിലെ സൈനികവിദ്യാലയത്തിൽ പഠനത്തിനായിച്ചേർന്നു. അവിടത്തെ ഗണിതാദ്ധ്യാപകനാണ് കെമാൽ (പൂർണ്ണത്വം, അല്ലെങ്കിൽ ഉഗ്രൻ) എന്ന രണ്ടാം പേര് മികവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നൽകുന്നത്. തുടർന്ന് 1896-ൽ മനസ്തിറിലെ സൈനിക അക്കാദമിയിൽ ചേർന്നു. ലെഫ്റ്റനന്റായി അവിടെ നിന്നും ബിരുദം നേടീ. മൂന്നു വർഷം ഇസ്താംബൂളിലെ സൈനികാക്കാദമിയിൽ പഠിച്ച് മേജർ പദവി കരസ്ഥമാക്കി.[3]

സൈനിക ജീവിതം

[തിരുത്തുക]

1905-ൽ അദ്ദേഹം ഔദ്യോഗിക സൈനിക ജീവിതം ആരംഭിച്ചു. ദമാസ്കസിലെ അഞ്ചാം സൈനിക കമാൻഡിനു കീഴിലായിരുന്നു ആദ്യത്തെ സേവനം. താമസിയാതെ സൈനികരുടെ ഇടയിൽ ഉടലെടുത്ത വതൻ വേ ഹൂറിയത്ത് (ജന്മനാടും സ്വാതന്ത്ര്യവും) എന്ന പുരോഗമനാചിന്താഗതിയുള്ള ചെറുപ്പക്കാരായ സൈനികരുടെ രഹസ്യകൂട്ടായ്മയിൽ ചേർന്നു. അദ്ദേഹം ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു കടുത്ത എതിരാളിയായിത്തീർന്നു. 1906-ൽ 'ക്യാപ്റ്റൻ' പദവി നേടിയ ഇദ്ദേഹം ഡമാസ്കസിലെ കുതിരപ്പട്ടാളത്തെ നയിക്കാൻ നിയുക്തനായി. അവിടെ ഇദ്ദേഹം 'വതൻ' എന്ന രഹസ്യ സംഘടനയുടെ ശാഖ സ്ഥാപിച്ചു. ഇക്കാലത്ത് ഇദ്ദേഹം ഫ്രഞ്ച് ഭാഷ പഠിക്കുകയും യൂറോപ്യൻ വിപ്ളവകാരികളുടെ ഗ്രന്ഥങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസ്സിലാക്കുകയും ചെയ്തു. അന്നത്തെ തുർക്കി സുൽത്താനായിരുന്ന അബ്ദൽ ഹമീദ് II-ന്റെ ഭരണത്തിനെതിരായി വിപ്ളവം സംഘടിപ്പിച്ച യുവതുർക്കികളിൽപ്പെട്ട മൌലിക പരിവർത്തനവാദികളുടെ (Radicals) സംഘത്തിലായിരുന്നു കമാൽ. കുറെക്കാലം ഇദ്ദേഹം രാഷ്ട്രീയകാര്യങ്ങളിൽ നിന്നകന്നുനിന്നു.

1907-ൽ അദ്ദേഹത്തിന് ക്യാപ്ടൻ സ്ഥാനം ലഭിക്കുകയും മനസ്തീറിലെ മുന്നാം സൈന്യത്തിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹം യുവ തുർക്കികൾ എന്നറിയപ്പെടുന്ന ഒരു സമിതിയിൽ (ഉയർച്ചയുടേയും ഒത്തുചേരലിൻറേയും സമിതി, Committee of Union and Progress) ചേർന്നു. ഈ യുവ തുർക്കികൾ സുൽത്താൻ അബ്ദുൽ ഹമീദ് ദ്വിതീയന്റെ കയ്യിൽ നിന്ന് അധികാരം പിടിച്ചു വാങ്ങി. അതോടെ മുസ്തഫാ കെമാൽ ഒരു താരമായി മാറി. എന്നാൽ യുവതുർക്കികളെ സഹായിച്ചു എന്ന കുറ്റത്തിന് ഹ്രസ്വകാലത്തേയ്ക്ക് അദ്ദേഹം തടവു ശിക്ഷയും അനുഭവിക്കേണ്ടതായി വന്നിരുന്നു.

1910-ൽ അദ്ദേഹം ഫ്രാൻസിലെ പിക്കാർഡീ സൈനികാഭ്യാസങ്ങളിൽ പങ്കെടുത്തു. 1911-ൽ ഇസ്താംബൂളിലെ യുദ്ധമന്ത്രാലയത്തിലും ജോലി ചെയ്തു. എന്നാൽ 1911-ൽ തന്നെ ഇറ്റാലിയൻ അധിനിവേശത്തെ പ്രതിരോധിക്കുന്നതിനായി അദ്ദേഹത്തെ ട്രാബൂൾസ്ഗാർപ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിജയകരമായ ആ ദൌത്യത്തിനു ശേഷം കമാൻഡറായി സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി (1912 മാർച്ച്). ഡാർനെ എന്ന സ്ഥലത്തായിരുന്നു ആദ്യനിയമനം.

ഓക്ടോബറിൽ ‍ബാൾക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഇസ്താംബൂളിൽ എത്തി. ഒന്നാം ബാൾക്കൻ യുദ്ധത്തിൽ അദ്ദേഹം ബൾഗേറിയൻ സൈന്യവുമായി ഗാല്ലിപോലി എന്ന സ്ഥലത്തുവച്ചും ത്രാസിന്റെ തീരത്തുള്ള ബോളായീറിലും വച്ച് ഏറ്റുമുട്ടി. രണ്ടം ബാൾക്കൻ യുദ്ധത്തിൽ എഡിർ‍ണും ദിദിമൊടേയ്ക്കോവും തിരിച്ചുപിടിക്കാൻ നിർണ്ണായകമായ പങ്കു വഹിച്ചു. ഈ വിജയങ്ങളുടെ പശ്ശ്ചാത്തലത്തിൽ അദ്ദേഹത്തെ 1913-ൽ സോഫിയയുടെ സൈനിക അറ്റാഷെയായി നിയമിച്ചു. പിന്നീട് ലെഫ്റ്റനൻറ് കേണൽ ആക്കി (1914).

ഒന്നാം ലോക മഹായുദ്ധത്തിൽ

[തിരുത്തുക]

ഗാല്ലിപോലി യുദ്ധം

[തിരുത്തുക]
മുസ്തഫാ കെമാൽ ഗാല്ലിപോലി യിൽ 19-ആം ഡിവിഷനെ നയിച്ചു

അഞ്ചാം സൈനിക വിഭാഗത്തെ നയിച്ചിരുന്ന ജർമൻ മാർഷൽ ഒട്ടോ ലിമാൻ വോൺ സാൻഡേർസിന് ഡാർഡനെൽ‍സ് എന്ന സ്ഥലത്തിന്റെ പ്രതിരോധമാണ് നല്കിയിരുന്നത്. മുസ്തഫാ കമാൽ ആകട്ടേ 19-ആം വിഭാഗത്തെയും നയിക്കുന്ന ലെഫ്റ്റനൻറ് കേണൽ ആയിരുന്നു.

1915 ജനുവരി 8ന് ബ്രിട്ടീഷ് യുദ്ധകാര്യ സമിതി ബോബാക്രമണത്തിലൂടെ ഗാലിപ്പോലി പിടിച്ചെടുക്കാനും അതുവഴി ഇസ്താംബൂളിലേക്ക് പ്രവേശിക്കാനും പദ്ധതിയിട്ടു. എന്നാൽ മുസ്തഫാ കെമാൽ ഒരു അചഞ്ചലമായ കോട്ടയായിരുന്നു. അദ്ദേഹ എതിരാളികളെ മലകളിൽ വച്ച് നേരിട്ടു. അത്തരം ഉയർന്ന പ്രദേശങ്ങൾ എന്തുകൊണ്ടും നിർണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ സേനയുടെ പ്രതിരോധത്തിന്റ്റെ ഫലമായി ആസ്ത്രേലിയയുടേയും ന്യൂസിലാൻഡിൻറേയും സം‌യുക്തസേനക്ക് ഉള്ളിലേയ്ക്ക് കടക്കാനായില്ല. അതിനാൽ കരസൈന്യത്തിന് ഫലപ്രദമായി ഒരു ലക്ഷ്യവും കിട്ടതെ ബ്രിട്ടൻ കഷ്ടപ്പെട്ടു. ഈ ആദ്യത്തെ ഗാലിപോളി യുദ്ധം അദ്ദേഹത്തിന് കേണൽ പദവി നേടിക്കൊടുത്തു.

രണ്ടാം യുദ്ധത്തിൽ മുസ്തഫ പോരാട്ട രേഖയിൽ നിന്ന് വെറും മുന്നൂറു മീറ്റർ മാത്രം അകലെയായിരുന്നു. ഇത് കൂടാതെ അദ്ദേഹം ചുനുക്ക് ബൈർ യുദ്ധം, സ്മിതാർ മല യുദ്ധം, സരീ ബയർ യ്യുദ്ധം തുടങ്ങി പല യുദ്ധങ്ങളിലും നേതൃത്വം വഹിച്ചു. ഒട്ടൊമൻ സൈന്യത്തിൽ കാര്യമായ വിജയം ഉണ്ടായി. മുസ്തഫയുടേത് എന്നിരുന്നാലും ഏറ്റവൂം കൊട്ടിഘോഷിക്കപ്പെട്ട വിജയമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക പാടവും ശത്രുക്കളുടെ വരെ പ്രശംസക്ക് പാത്രമായി. ഏതണ്ട് രണ്ടരലക്ഷത്തോളം സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധം ജയിച്ച കെമാൽ പാഷ ജനറലായി സ്ഥാനം ഉയർത്തപ്പെട്ടു.

കോക്കസസ് യുദ്ധം

[തിരുത്തുക]
മുസ്തഫാ കമാൽ കോക്കസസ് യുദ്ധത്തിനിടയിൽ

ഒന്നാം ലോലമഹായുദ്ധകാലത്ത് ഓട്ടോമൻ സാമ്ര്യാജ്യവും റഷ്യയും തമ്മിൽ അവരുടെ അതിർത്തിയിൽ നടന്ന യുദ്ധമാണ്‌ കോക്കസസ് യുദ്ധം.ഇതിൽ തുർക്കി, റഷ്യൻ, അർമേനിയ ബ്രിട്ടീഷ് സൈന്യങ്ങൾ പങ്കെടുത്തു.

ഗാല്ലിപോലി യുദ്ധത്തിനുശേഷം മുസ്തഫാ കെമാൽ 1916 ജനുവരി 14 വരെ എഡീർനിൽ സേവനമനുഷ്ഠിച്ചു. പിന്നീട 1916 ഏപ്രിൽ 1 ന് രണ്ടാം കരസേനാ വിഭാഗത്തിന്റെ പതിനാറാം യൂണിറ്റിന്റെ തലവനായി കോക്കസസിലേക്ക് അയക്കപ്പെട്ടു. ഇത്തവണ ബ്രിഗേഡിയർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. റഷ്യൻ കോക്കസസ് സൈന്യത്തിന്‌ അന്ന് രണ്ട് വിഭാഗം ഉണ്ടായിരുന്നു. ഒന്നിന്റെ തലവൻ പ്രസിദ്ധനായ നിക്കൊളായി യുഡേനിച്ച് എന്ന ജനറൽ ആയിരുന്നു.

മുസ്തഫാ ദൗത്യത്തിനായി തിരിക്കുമ്പോൾ രണ്ടാം കരസേനാ വിഭാഗം റഷ്യൻ ആർമി ജനറലായ തോവ്മാസ് നസർബേകിയാന്റെ കീഴിലുള്ള അർമീനീയൻ ഘടകത്തിന്റെ സൈനികരേയും ഇടവിടാതെ മുന്നേറിക്കൊണ്ടിരുന്ന മറ്റു അർമേനിയൻ വിഭഗങ്ങളേയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അർമേനിയക്കാർ സ്വയരക്ഷക്കായി ഒട്ടോമൻ സാമ്രാജ്യവുമായി പോരാടുകയായിരുന്നു. വാൻ എന്ന സ്ഥലത്ത് വച്ച് നടന്ന ഇതിനെ വാൻ പ്രതിരോധം എന്നാണ്‌ വിളിച്ചിരുന്നത്. എണ്ണത്തിൽ കുറവായിരുന്നിട്ടും കുഴികളും ഗർത്തങ്ങളും വെട്ടി തുർക്കി സൈനികരെ തളർത്താന് ‍അവർക്കായിരുന്നു. താമസിയാതെ റഷ്യക്കാർ അർമേനിയരുടെ സഹായത്തിന്‌ എത്തിച്ചേർന്നത് [4] ടർക്കി സൈന്യത്തിന്‌ തിരിച്ചടിയായി. ഈ ഘട്ടത്തിലാണ്‌ കെമാൽ പാഷ യുദ്ധരംഗത്തെത്തുന്നത്. യുദ്ധരംഗം ആകെ താറുമാറായികിടക്കുകയായിരുന്നു. സൈന്യം ഒളിപ്പോരാളിളുടെ ശല്യവും കുർദ് അഭയാർത്ഥികളുടെ ബാഹുല്യവും മൂലം നട്ടം തിരിയുകയും ചെയ്തു. റഷ്യക്കാർ ബിറ്റ്ലിസ്, മൂഷ്, എർസൂറം എന്നീ പട്ടണങ്ങൾ പിടിച്ചെടുത്തത് അവർക്ക് വൻ തിരിച്ചടിയുമായി. എന്നാൽ സൈനികരുടെ ആത്മവീര്യം വർദ്ധിപ്പിച്ച് മുസ്തഫാ കെമാൽ നടത്തിയ പടയോട്ടത്തിൽ അഞ്ച് ദിവസം കൊണ്ട് അവർ ബിറ്റ്ലിസ് പിടിച്ചെടുത്തു.

തുർക്കിയുടെ വിമോചനം

[തിരുത്തുക]

താമസിയാതെ പാഷ എന്ന പേര് അദ്ദേഹത്തിന് പതിയാനിടയായി. കെമാൽ പാഷ എന്ന് അന്നുമുതൽ മുസ്തഫാ കെമാൽ അറിയാൻ തുടങ്ങി. ശത്രുക്കളെ തുരത്തുന്നതിനൊപ്പം സുൽത്താൻ ഭരണം അവസാനിപ്പിക്കുന്നതിനും ടർക്കി യെ മോചിപ്പിക്കുന്നതിനും കെമാൽ പാഷ ലക്ഷ്യമിട്ടിരുന്നു.[അവലംബം ആവശ്യമാണ്] 1919 മേയ് 19 നു്‌ കരിങ്കടൽ തീരത്തെ സാംസണിൽ എത്തിയ പാഷ സ്വാതന്ത്ര്യപോരാട്ടം തുടങ്ങി. അനത്തോലിയയിൽ ഒരു വിപ്ലവസേന രൂപവത്കരിച്ച് അദ്ദേഹം ഒരോ പ്രദേശങ്ങളായി സുൽത്താൻ ഭരണത്തിൽനിന്നു മേചിപ്പിച്ചു തുടങ്ങി.

1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഓട്ടമൻ സുൽത്താൻ മെഹ്മെത് ആറാമന്റെ മൗനാനുവാദത്തോടെ നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു.അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചു. തൊട്ടടുത്ത ദിവസം തുർക്കി ദേശീയവാദികളുടെ കേന്ദ്രമായിരുന്ന അങ്കാറ കേന്ദ്രീകരിച്ച് മുസ്തഫ കമാൽ, ഗ്രാൻഡ് നാഷണൽ അസംബ്ലി (GNA) എന്ന ഒരു പുതിയ അടിയന്തരപാർലമെന്റ് രൂപീകരിച്ചു. ഇസ്താംബൂളിൽ സഖ്യകക്ഷികളുടെ ആക്രമണംഭീഷണി നിലനിന്നിരുന്നതിനാൽ അനറ്റോളിയൻ സമതലത്തിലെ അങ്കാറയിലേക്ക് തലസ്ഥാനം മാറ്റുന്നതിൽ സൈനികതാൽപര്യങ്ങളുമുണ്ടായിരുന്നു. 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. 1920 ഏപ്രിൽ 23-ന് മുസ്തഫ കമാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി, സമ്മേളീച്ച് പുതിയ ഭരണഘടനക്ക് അംഗീകരം നൽകി.

ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള സമാധാനധാരണകൾക്ക് വിരുദ്ധമായി തുർക്കിയിലെ ഇസ്മിർ തുറമുഖം നിയന്ത്രണത്തിലാക്കാൻ 1920 മേയ് 15-ന് സഖ്യകക്ഷികൾ ഗ്രീസിന് അനുവാദം നൽകി. തുടർന്ന് പടിഞ്ഞാറൻ അനറ്റോളിയ മുഴുവനായും അധീനതയിലാക്കി ഒരു വിശാലഗ്രീസിന്റെ രൂപീകരണത്തിനായി ഗ്രീസ് ശ്രമമാരംഭിച്ചു. മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ അനറ്റോളിയയിലെ മുസ്ലീങ്ങൾ ഇതിനെതിരെ സായുധപോരാട്ടം ആരംഭിച്ചു. 1921 ഓഗസ്റ്റിൽ സക്കറീയ നദീതീരത്ത് വച്ച് ഗ്രീക്കുകാർക്കെതിരെ നേടിയ വിജയം കമാലിന്റെ ജനസമ്മതി കാര്യമായി ഉയർത്തി. ഈ വിജയത്തോടെ ഫീൽഡ് മാർഷൽ സ്ഥാനത്തെത്തിയ അദ്ദേഹത്തിന് ഗാസി സ്ഥാനവും നൽകപ്പെട്ടു. തൊട്ടടുത്ത ഓഗസ്റ്റിൽ ഗ്രീക്ക് സേനക്കെതിരെ തുർക്കികളുടെ സ്വാതന്ത്ര്യസമരം ഔദ്യോഗികമായി വിജയിച്ചു. ഇത് തുർക്കികളുടെ സ്വയംഭരണം അംഗീകരിച്ച് ലോസന്ന ഉടമ്പടി 1923 ജൂലൈയിൽ ഒപ്പുവക്കാൻ സഖ്യകക്ഷികളെ നിർബന്ധിതരാക്കി. ഇത് ഓട്ടൊമൻ സാമ്രാജ്യഭരണത്തിനും അന്ത്യം വരുത്തി.

1923 ഒക്ടോബർ 29-ന് ജി.എൻ.എ. ഭരണഘടനയിൽ ഭേദഗതി വരുത്തുകയും രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്തഫ കമാലിനെ, ജി.എൻ.എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പതിനഞ്ചുവർഷങ്ങൾക്കു ശേഷം കമാലിന്റെ മരണം വരെ ഓരോ നാലുവർഷം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നു.[3] പ്രധാനമന്ത്രിയായി ഇസ്മത്ത് പാഷയും തെരഞ്ഞെടുക്കപ്പെട്ടു.

ഭരണത്തിലേക്ക്

[തിരുത്തുക]

ദേശീയ വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത വിവിധ ജനകീയ സംഘടനകളെ സംയോജിപ്പിച്ച് 'റിപ്പബ്ളിക്കൻ പീപ്പിൾസ് പാർട്ടി' എന്നൊരു പുതിയ കക്ഷി രൂപവത്കരിച്ചപ്പോൾ കമാൽ ആ പാർട്ടിയുടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖലീഫാ സ്ഥാനം നിർത്തൽ ചെയ്തുകൊണ്ടും തുർക്കിയെ ഒരു മതേതരറിപ്പബ്ളിക്കായി പ്രഖ്യാപനം ചെയ്തുകൊണ്ടും കമാലിന്റെ പ്രേരണയാൽ 1924 മാ. 3-ന് നാഷനൽ അസംബ്ളി നിയമം പാസാക്കി.[൧] രാജകുടുംബാംഗങ്ങളെയെല്ലാം നാടുകടത്തി, റിപ്പബ്ലിക്കിനെതിരെ ഉയരാനിടയുണ്ടായിരുന്ന പ്രധാന എതിർപ്പിനെ ഒഴിവാക്കി. 1924-ൽ വിപുലമായ ഒരു ഭരണഘടനയുണ്ടാക്കി. അതനുസരിച്ച് പ്രായപൂർത്തി വോട്ടവകാശപ്രകാരം തുർക്കിയിലെ പൗരന്മാർ തെരഞ്ഞെടുക്കുന്ന നാഷണൽ അസംബ്ളിയും അസംബ്ളി തെരഞ്ഞെടുക്കുന്ന പ്രസിഡന്റുമാണ് ഭരണത്തിലെ പ്രധാന ഘടകങ്ങൾ. അസംബ്ളിയുടെയും പ്രസിഡന്റിന്റെയും കാലാവധി നാലുകൊല്ലത്തേക്കായി നിശ്ചയിച്ചു.

തത്ത്വത്തിൽ റിപ്പബ്ളിക്കൻ ഭരണമാണെങ്കിലും യഥാർഥത്തിൽ കമാൽ പാഷയുടെ ഏകാധിപത്യഭരണമാണ് തുർക്കിയിൽ നടന്നിരുന്നത്. ഇദ്ദേഹം തുർക്കി സൈന്യത്തിന്റെയും തുർക്കിയിലെ ഏക രാഷ്ട്രീയ പാർട്ടിയായിരുന്ന പീപ്പിൾസ് പാർട്ടിയുടെയും അനിഷേധ്യനേതാവായിരുന്നു. പാർട്ടിയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം അസംബ്ളിയെ നിയന്ത്രിക്കുകയും റിപ്പബ്ളിക്കിലെ പ്രസിഡന്റുസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരെയും ഇദ്ദേഹം നിയമിച്ചു.

ഭരണത്തിലിരുന്ന കാലത്ത് തന്റെ വിശാലമായ അധികാരം ഉപയോഗിച്ച് തുർക്കി സമൂഹത്തിന്റെ എല്ലാ മേഖലകളീലും - ഖിലാഫത്തിന്റെ ഉന്മൂലനം മുതൽ പുരുഷന്മാർക്ക് ഹാറ്റ് നിർബന്ധിതമാക്കിയതുവരെ - വിപ്ലവാത്മകമായ മാറ്റം വരുത്താൻ മുസ്തഫ കമാലിനായി.[3]

ഭരണപരിഷ്കാരങ്ങൾ

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലുണ്ടായ മതവിരുദ്ധപ്രസ്ഥാനങ്ങളിൽ ആകൃഷ്ടരായി, കമാലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും (ഇവർ വെള്ളത്തുർക്കികൾ എന്നറിയപ്പെട്ടു), മതത്തെ ഒരു പുരാവസ്തുവായിക്കരുതി ആധുനികവൽക്കരണത്തിന്റെ ആക്കം കൂട്ടുന്നതിന്‌ മതത്തെ നിയന്ത്രിക്കണമെന്നും ജനങ്ങൾക്കിടയിലെ അതിന്റെ സ്വാധീനം ക്ഷയിപ്പിക്കണമെന്നും കരുതി.[3]

ഇസ്ലാമിക നിയമങ്ങൾക്കനുസരിച്ചുള്ള തുർക്കി ഭരണവ്യവസ്ഥയെ പൂർണ്ണമായും അദ്ദേഹം ഉടച്ചുവാർത്തു. തലസ്ഥാനം അങ്കാറയിലേക്ക് മാറ്റുകയാണ്‌ ആദ്യം അദ്ദേഹം ചെയ്തത്. 1924 ഏപ്രിൽ 20-ന് നടപ്പിൽ വന്ന് പുതുക്കിയ ഭരണഘടനയനുസരിച്ച് തുല്യത, ചിന്തിക്കാനും സംസാരിക്കാനുമുള്ള അവകാശം, പത്രസ്വാതന്ത്ര്യം സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ലഭ്യമാക്കി. മതസംവിധാനത്തിന്റെ വ്യാപകമായ നിർമ്മാർജ്ജനത്തിന് 1924 ജൂലൈ മാസത്തിൽ തുടക്കം കുറീച്ചു. ഷേഖ് അൽ ഇസ്ലാം, ശരീ അത്ത് മന്ത്രിമാർ, വഖഫ്, ശരീ അത്ത് കോടതികൾ, മതവിദ്യാലയങ്ങൾ, സൂഫി ആശ്രമങ്ങൾ എന്നിവ നിർത്തലാക്കി. മതസ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക്ക് മുതൽക്കൂട്ടി. പ്രധാനമന്ത്രിയുടെ കീഴിൽ നിയോഗിക്കപ്പെട്ട ഡയറക്റ്ററേറ്റ് ജനറൽ ഓഫ് റിലീജിയസ് അഫയേഴ്സ് എന്ന സ്ഥാപനം മസ്ജിദുകളുടെ നടത്തിപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തു.

തീവ്രമതേതരത്വത്തോടൊപ്പം, പാശ്ചാത്യവൽക്കരണവും കമാൽ രാജ്യത്ത് നടപ്പിലാക്കി. വസ്ത്രധാരണത്തിലാണ് ഇത് ആദ്യം പ്രകടമായത് പുരുഷന്മാരെ ഹാറ്റ് ധരിപ്പിക്കാൻ പ്രേരിപ്പിക്കുകയും, പരമ്പരാഗതരീതിയിലുള്ള തലപ്പാവ് ധരിക്കുന്നത് കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീകളുടെ ശിരോവസ്ത്രത്തെ പരിഹാസാർഹമായ ഒന്നായി കമാൽ വിശേഷിപ്പിച്ചുവെങ്കിലും അത് നിരോധിച്ചിരുന്നില്ല.[3]

1925 ഡിസംബറിൽ ഹിജ്‌റ കലണ്ടർ ഒഴിവാക്കി തുർക്കിയിൽ ഗ്രിഗോറിയൻ കലണ്ടർ നടപ്പാക്കി. സൂഫി ആശ്രമങ്ങളെ നിരോധിക്കുകയും അവരുടെ ആചാരാനുഷ്ഠാനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. 1926-ൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്കരണനടപടികൾ പ്രകാരം, നിലവിലുണ്ടായിരുന്ന ഓട്ടൊമൻ ശരീ‌അത്ത് നിയമസഞ്ചയത്തിനു പകരം സ്വിസ് മാതൃകയിൽ പൗരനിയമമവും ഇറ്റാലിയൻ നിയമത്തിന്റെ മാതൃകയിൽ ക്രിമിനൽ നിയമവും, ജർമൻ നിയമത്തിന്റെ മാതൃകയിൽ വാണിജ്യനിയമവും പരിഷ്കരിച്ചു. ഇസ്ലാമികനിയമത്തിനു കീഴിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന തുല്യതയില്ലായ്മയും ബഹുഭാര്യാത്വവും ഇതോടെ അവസാനിപ്പിക്കപ്പെട്ടു.

1928 ഏപ്രിൽ 1-ന് കമാലിന്റെ ആശിർവാദത്തോടെ, ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗികമതമാണെന്നുള്ള ഭരണഘടനാവകുപ്പ് തന്നെ ഗ്രാൻഡ് നാഷണൽ അസംബ്ലി റദ്ദാക്കി. ഇതേ വർഷം നവംബർ 2-ന് അറബി ലിപിയെ നിരോധിക്കുകയും തുർക്കിഷ് ഭാഷക്ക് ലത്തീൻ അടിസ്ഥിത അക്ഷരമാല സ്വീകരിക്കുകയും ചെയ്തു.[3] 21 വ്യഞ്ജനങ്ങളും എട്ടു സ്വരാക്ഷരങ്ങളും ഉള്ള അക്ഷരമാലയായിരുന്നു അത്. പതിനഞ്ചു വർഷത്തിനകം ഇത് സാർവത്രികമായി ഉപയോഗിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. ഈ നടപടി, തുർക്കിയും മറ്റു മുസ്ലീം രാജ്യങ്ങൾക്കുമിടയിൽ ഒരു വിടവ് രൂപപ്പെടുത്തിയെടുത്തു.

നിരക്ഷരത നിർമാർജ്ജനം ചെയ്യാൻ കമാൽ യത്നിച്ചു. നാല്പതു വയസ്സിനു താഴെയുള്ള എല്ലാ തുർക്കി പൌരന്മാരും സ്കൂളിൽ ഹാജരായി ലത്തീൻ അക്ഷരമാല പഠിക്കണമെന്ന വ്യവസ്ഥ നിർബന്ധിതമാക്കി. കമാൽ പാഷ തന്നെ പ്രസ്തുത അക്ഷരമാല പഠിക്കുകയും പഠിച്ചതിനുശേഷം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. 1930 മാർച്ച് 18-ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേർ ഇസ്താംബൂൾ എന്നും, അഗോറ അങ്കാറാ എന്നും, സ്മെർന ഇസ്മിർ എന്നും, ഏഡ്രിയനോപ്പിൾ എഡിർനെ എന്നും മാറ്റി. 1930 മേയ് മാസത്തിൽ ലിബറൽ റിപ്പബ്ളിക്കൻ പാർട്ടി എന്ന പേരിൽ ഒരു പുതിയ പ്രതിപക്ഷ കക്ഷി പ്രവർത്തിക്കാൻ താത്കാലികമായിട്ടെങ്കിലും ഇദ്ദേഹം അനുവാദം നല്കി.

1932-ൽ ഇസ്ലാമികപ്രാർത്ഥനകൾ അറബി ഭാഷക്കു പകരം തുർക്കി ഭാഷ ഉപയോഗിക്കണമെന്ന് ഉത്തരവായി. ഇസ്ലാമികരീതിയിൽ വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ച അവധിദിനമാക്കിയതും യൂറോപ്യൻ രീതിയിൽ സ്ഥാനപ്പേര് ഉപയോഗിക്കാൻ നിർഷകർഷിച്ചതുമെല്ലാം ശ്രദ്ധേയമായ പരിഷ്കാരങ്ങളാണ്. 1934-ൽ മുസ്തഫ കമാൽ, അത്താത്തുർക്ക് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു (ദേശീയ പാർലമെന്റ് കെമാൽ പാഷക്ക് അത്താതുർക്ക് എന്ന സ്ഥാനപ്പേർ നൽകി ആദരിക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്]). തുർക്കികളുടെ പിതാവ് എന്നാണ് അത്താത്തുർക്ക് എന്നതിനർത്ഥം. ഇസ്മത് എന്ന അദ്ദേഹത്തിന്റെ തൊട്ടടുത്ത അനുയായി, ഇനോനു എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. (സ്വാതന്ത്ര്യസമരകാലത്ത്, മുസ്തഫ കമാൽ ഗ്രീക്കുകാരുടെ ആക്രമണത്തെ തടഞ്ഞ പ്രദേശത്തിന്റെ പേരാണ് ഇനോനു)[3]

1934 ഡി. 24-ന് സ്ത്രീകൾക്ക് അസംബ്ളി തെരഞ്ഞെടുപ്പിൽ വോട്ടവകാശം അനുവദിച്ചു. തന്മൂലം 1935 മാ.-ൽ നടന്ന തെരഞ്ഞെടുപ്പിൽ 17 സ്ത്രീകൾക്ക് അസംബ്ളിയിൽ അംഗത്വം ലഭിച്ചു. ദേശസാത്കരണംമൂലം തുർക്കിയുടെ സാമ്പത്തിക മേഖലയിൽ വമ്പിച്ച പുരോഗതി കൈവന്നു. 1934 ജനു.-ൽ വ്യവസായവികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി കമാൽ ആരംഭിച്ചു. ഗവ. ഉടമയിൽ വ്യവസായങ്ങൾ തുടങ്ങുക, കൃഷി അഭിവൃദ്ധിപ്പെടുത്തുക, ഖനികൾ തുറക്കുക, വൻതോതിൽ റെയിൽപാതകളും റോഡുകളും നിർമ്മിക്കുക എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. ഗവ. വകയായി പരുത്തിമില്ലുകളും കമ്പിളി വസ്ത്രനിർമ്മാണശാലകളും, കൃത്രിമപ്പട്ടു നിർമ്മാണ ഫാക്ടറികളും മറ്റും ആരംഭിച്ച് വൻതോതിൽ വ്യവസായവത്കരണം നടത്തി. കൂടാതെ കാർഷികകോളജുകളും, മാതൃക കൃഷിത്തോട്ടങ്ങളും, കൃഷിക്കാർക്ക് പണം കടംകൊടുക്കാനുള്ള ബാങ്കുകളും സ്ഥാപിച്ചു. 'കൃഷിഭൂമി കർഷകന്' എന്നുള്ള അടിസ്ഥാനത്തിൽ ചെറുകിട കർഷകർക്ക് ഭൂമി വിലയ്ക്കുവാങ്ങി കൃഷി ചെയ്യാൻ പ്രോത്സാഹനം നല്കി. പഞ്ചസാര, പുകയില, തീപ്പെട്ടി, വെടിക്കോപ്പുകൾ, ഉപ്പ്, മദ്യം എന്നിവയുടെ മേൽ ഗവ. കുത്തക സ്ഥാപിക്കുകയും ചെയ്തു.

1937-ൽ മതേതരത്വം (secularism) അഥവാ ലൈസിസം (laicism) ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായി ജി.എൻ.എ. ഉൾപ്പെടുത്തി എന്നത് ഒരു പ്രധാന പരിഷ്കാരമാണ്. 1938-ൽ കമാൽ അത്താത്തുർക്ക് മരണമടയുന്നതുവരെ തുർക്കിയിലെ ആധുനികവത്കരണം തുടർന്നു.[3]

വിദേശനയം

[തിരുത്തുക]

'നമ്മുടെ നാട്ടിലും ലോകത്തിലും സമാധാനം' എന്നതായിരുന്നു കമാൽ പാഷയുടെ വിദേശനയത്തിന്റെ കാതൽ. 1930 ഒ. 30-ന്, തുർക്കിയുടെ ശത്രുവായിരുന്ന ഗ്രീസുമായി 'അങ്കാറാ ഉടമ്പടി' വഴി സൌഹാർദബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷുകാരോടും കമാൽ പാഷ സൌഹൃദമനോഭാവം പ്രകടിപ്പിച്ചു. ബാൾക്കൻ രാജ്യങ്ങൾ, റഷ്യ, ഇറാക്ക്, ഇറാൻ, അഫ്ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളോടും ഇദ്ദേഹം മൈത്രിയിൽ പെരുമാറി.

അവസാനം

[തിരുത്തുക]
കമാലിന്റെ ശവകുടീരവും സ്മാരകവുമായ അനിത്കബീർ

തുർക്കി പ്രസിഡന്റായിരിക്കേ തന്നെ, 1938 നവംബർ 10-ന്‌ ഇസ്താംബൂളിൽ വച്ച് മുസ്തഫ കമാൽ മരണമടഞ്ഞു. കരൾരോഗമായിരുന്നു മരണകാരണം. കടുത്ത മദ്യപാനമാണ് അദ്ദേഹത്തെ ഈ അസുഖത്തിലേക്ക് നയിച്ചത്. കമാലിനു ശേഷം ഇസ്മത് ഇനോനു തുർക്കിയുടെ പ്രസിഡണ്ടായി.[3]

അങ്കാറയിൽ ഇദ്ദേഹത്തിന്റെ സ്മാരകമായി വലിയൊരു ശവകുടീരം നിർമിച്ചിട്ടുണ്ട്. അനിത്കബീർ എന്ന ഈ ശവകുടീരം സ്ഥിതിചെയ്യുന്ന പൂന്തോട്ടം തുർക്കിയിലെ എല്ലാ പ്രവിശ്യകളിൽനിന്നും ശേഖരിച്ച മണ്ണുകൊണ്ടു നിർമിതമാണ്. കമാലിന്റെ മരണാനന്തരം പൊതുസ്ഥലങ്ങളിലെല്ലാം കമാലിന്റെ ചിത്രം വ്യാപകായി സ്ഥാപിക്കപ്പെട്ടു. മാത്രമല്ല, തപാൽ സ്റ്റാമ്പുകൾ‌മുതൽ ടെലിവിഷൻ സെറ്റിന്റെ മൂലയിൽ വരെ അത് ആലേഖനം ചെയ്യപ്പെട്ടു.[3]

ലത്തീഫയുമായുള്ള ഇദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതത്തിൽ സന്താനങ്ങൾ ഉണ്ടായില്ല. അതുകൊണ്ട് രണ്ടു പെൺകുട്ടികളെ ഇദ്ദേഹം ദത്തെടുത്തു വളർത്തി.

കമാലിനു ശേഷം

[തിരുത്തുക]
മുസ്തഫ കമാൽ, തപാൽ സ്റ്റാമ്പിൽ

കമാലിസ്റ്റ് വിപ്ലവത്തിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമൂലമായ മാറ്റം വരുത്താൻ സാധിച്ചെങ്കിലും മുസ്തഫ കമാൽ എന്ന ഒറ്റ നേതാവിലുള്ള അമിതമായ ആശ്രിതത്വം, അതിന്റെ ഏറ്റവും വലിയ ബലഹീനതയായിരുന്നു. കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് രാജ്യത്തെ മാറ്റങ്ങളിൽ കാര്യമായ പങ്കോ സ്വാധീനമോ വഹിക്കാനായിരുന്നില്ല. കമാലിന്റെ മരണത്തോടെ ഈ കഴിവുകേട് മറനീക്കി പുറത്തെത്തുകയും ചെയ്തു.

കമാലിന്റെ മതേതരപാതയിൽ റീപ്പബ്ലിക്കിനെ നിലനിർത്തുന്നതിന് എന്ന പേരിൽ, അദ്ദേഹത്തിന്റെ മരണശേഷമുള്ള അരനൂറ്റാണ്ടിനിടക്ക് നാലുവട്ടം സൈന്യം അധികാരം പിടിച്ചെടുത്തു. അടിയന്തരഘട്ടത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുവദിക്കുന്ന ഭരണഘടനാവ്യവസ്ഥയെ മുൻനിർത്തിയായിരുന്നു സൈന്യത്തിന്റെ ഈ ഭരണമേറ്റെടുക്കലുകൾ.[3]

കുറിപ്പുകൾ

[തിരുത്തുക]

^ 1924 മാർച്ച് 1-ന് ജി.എൻ.എയുടെ ഒരു പുതിയ സമേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്ത് ഒരു ഏകീകൃതവിദ്യാഭ്യാസസമ്പരദായത്തിന്റെ ആവശ്യകതക്ക് ഊന്നൽ നൽകി അതുവഴി മതവിദ്യാലയങ്ങൾ നിർത്തലാക്കാനും മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കുന്ന നൂറ്റാണ്ടുകളായുള്ള പതിവ് അവസാനിപ്പിക്കാനും മുസ്തഫ കമാൽ ഉദ്ഘോഷിച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം 290 അംഗങ്ങളുണ്ടായിരുന്ന ജി.എൻ.എ. കമാലിന്റെ നിർദ്ദേശങ്ങൾ ഒരാളുടെ മാത്രം എതിർപ്പോടെ പാസാക്കി.[3]

അവലംബം

[തിരുത്തുക]
  1. A. Afetinan, Türkiye Cumhuriyeti ve Türk Devrimi, Başbakanlık Basımevi, 1973, p. 27., M. Kemal'in doğum günü için Cumhurbaşkanlığı Genel Sekreterliğinden bir soru üzerine verilen cevap şudur: 12/XI/1936 tarihli yazıda, "Atatürk'ün doğum günü 19 Mayıs 1881 olduğu" kaydedilmiştir. (in Turkish)
  2. "ദ ഏജ് ദിന പത്രത്തിൽ 1938 നവംബർ 11 ന് എഴുതപ്പെട്ട ലേഖനം, പേരുകളെ പറ്റി. ശേഖരിച്ച തിയ്യതി 2007 മാർച്ച് 16". Archived from the original on 2007-09-05. Retrieved 2007-03-17.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 70–76. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.worldstatesmen.org/Turkey.html#Western
Prints
Journals

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]