കന്ധമാൽ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒഡീഷയിൽ ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിനു നേരെ 2008ൽ ഉണ്ടായ സംഘടിതമായ കലാപമാണ് കന്ധമാൽ കലാപം. സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ കണക്ക് പ്രകാരം 38 പേർ ഈ കലാപത്തിൽ കൊല്ലപ്പെട്ടു. 20000ഓളം വീടുകളും 80ഓളം ആരാധനാലയങ്ങളും തീവച്ച് നശിപ്പിക്കപ്പെട്ടതായും 10000ഓളം കുടുംബങ്ങൾ ഭവനരഹിതരായതായും കരുതുന്നു. [1]

ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തുമാണ്(വി.എച്ച്.പി) ഈ അക്രമണങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ബി.ജെ.പിയുടെ എം.എൽ.എ ആയിരുന്ന മനോജ് പ്രധാൻ കലാപത്തിനു നേതൃ ത്വം കൊടുത്തവരിൽ ഒരാളാണ്. ക്രിസ്ത്യൻ ആരാധനാലയങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ലക്ഷ്മണാനന്ദ സരസ്വതി എന്ന ഹിന്ദു സംന്യാസിയുടെ കൊലപാതകമാണ് കലാപത്തിനുള്ള പ്രകോപനമായി പറയപ്പെടുന്നത്. എന്നാൽ‌ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പിന്നീട് മാവോയിസ്റ്റുകൾ ഏറ്റെടുത്തു. കന്ധമാലിലെ ഗോത്രസമൂഹത്തിനകത്ത് മാവോയിസ്റ്റുകൾക്കുള്ള സ്വാധീനം മതപരിവർത്തിത ക്രൈസ്തവർക്കുമേൽ ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികൾ ഇക്കൂട്ടർക്കു നേരേ‌ സംഘടിതമായ ആക്രമണം അഴിച്ചുവിട്ടത്.

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം[തിരുത്തുക]

2008 ഓഗസ്റ്റ് 23 ന് കന്ധമാലിൽ വെച്ച് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും അദ്ദേഹത്തിന്റെ നാലു ശിഷ്യരും കൊല്ലപ്പെട്ടു.[2][3] മുപ്പതോളം വരുന്ന തോക്കുധാരികൾ സ്വാമിയുടേയും, ശിഷ്യരുടേയും നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമപരിസരത്തു നിന്നും ലഭിച്ച ലഘുലേഖകളും, ആക്രമണരീതിയും, കുറ്റവാളികൾ മാവോയിസ്റ്റുകളാണെന്നുള്ള അനുമാനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചേർന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചു. പ്രദേഷ് കുമാർ ദാസ്, വിക്രം ദിഗൽ, വികാസ് ദിഗൽ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു, 28 ഓളം പേർ വരുന്ന കൊലപാതക സംഘത്തിൽ തങ്ങളും ഉണ്ടായിരുന്നു എന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തി.

അക്രമം[തിരുത്തുക]

2008 ആഗസ്റ്റ് 25ആം തീയതി വി.എച്ച്.പിയും ബജ്റംഗ്​ദളും ചേർന്ന് സംസ്ഥാനവ്യാപകമായി ഹർത്താലിനു ആഹ്വാനം ചെയ്തിരുന്നു. ഇതേ ദിവസം ബർഗാർഹ് ജില്ലയിലെ ഒരു ക്രൈസ്തവ അനാഥാലയം ആക്രമിക്കപ്പെട്ടു. ഇതോടുകൂടിയാണ് കലാപത്തിനു തുടക്കമാകുന്നത്. "സ്വാമി ലക്ഷ്മണാനന്ദയുടെ മരണം ഹിന്ദുസമൂഹം വളരെ ഗൗരവമായാണ് കാണുന്നതെന്നും സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകുമെന്നും" ആയിരുന്നു വി.എച്ച്.പിയുടെ നിലപാട്. തുടർന്ന് കന്ധമാൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയെങ്കിലൂം ആക്രമണങ്ങൾ നിർബാധം തുടർന്നു. ഭാരതീയ ജനതാ പാർട്ടിയുടെ എം.എൽ.എ ആയ മനോജ് പ്രധാന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമൂഹത്തിനു നേരം ജനക്കൂട്ടം ആക്രമണം അഴിച്ചു വിടുകയായിരുന്നു.[4] കലാപത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു, 80 നടുത്ത്, ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിച്ചു. 18,500 ക്രൈസ്തവർ അക്രമം ഭയന്ന്, തങ്ങളുടെ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. [5]

അവലംബം[തിരുത്തുക]

  1. "കന്ധമാൽ റയട്ട്സ് പാനൽ സബ്മിറ്റ്സ് റിപ്പോർട്ട്". ദ ഹിന്ദു. 2015-12-23. Archived from the original on 2015-12-24. Retrieved 2015-12-23.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "കിൽ ക്രിസ്ത്യൻസ് ആന്റ് ഡെസ്ട്രോയ് ദെയർ ഇൻസ്റ്റിറ്റ്യൂഷൻസ്". ദ കാതോലിക് വേൾഡ് റിപ്പോർട്ട്. 2011-04-27. Archived from the original on 2015-08-10. Retrieved 2015-12-24.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "നക്സൽ കിൽസ് വി.എച്ച്.പി ലീഡർ ആന്റ് ഫോർ അദേഴ്സ് ഇൻ ഒറീസ്സ". ഐ.ബി.എൻ.ലൈവ്. 2008-08-23. Archived from the original on 2015-10-20. Retrieved 2015-12-24.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "ബി.ജെ.പി എം.എൽ. എ കൺവിക്ടഡ് ഇൻ കന്ധമാൽ റയട്ട്സ് കേസ്". ദ ഹിന്ദു. 2010-09-09. Archived from the original on 2014-11-04. Retrieved 2015-12-24.{{cite news}}: CS1 maint: bot: original URL status unknown (link)
  5. ഹരി, കുമാർ (2008-09-03). "വയലൻസ് ഇൻ ഇന്ത്യ ഈസ് ഫ്യുവൽഡ് ബൈ, റിലിജിയസ് ആന്റ് ഇക്കണോമിക് ഡിവൈഡ്". ന്യൂയോർക്ക് ടൈംസ്. Archived from the original on 2015-12-24. Retrieved 2015-12-24.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കന്ധമാൽ_കലാപം&oldid=3774528" എന്ന താളിൽനിന്ന് ശേഖരിച്ചത്