കണ്ണിലെ ചുവപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണിലെ ചുവപ്പ്
Human eye showing subconjunctival hemorrhage.jpg
സബ്കൺജങ്റ്റൈവൽ ഹെമറേജ് മൂലം കണ്ണുകൾ ചുവന്നിരിക്കുന്നു
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം Edit this on Wikidata

അസുഖമോ പരിക്കോ കാരണം കണ്ണുകൾ ചുവന്നതായി കാണപ്പെടാം. അതേപോലെ കൺജങ്റ്റൈവയിലെ രക്തക്കുഴലുകൾ തെളിഞ്ഞ് വന്നാലും കണ്ണിന് ചുവപ്പ് ആയി തന്നെയാണ് കാണപ്പെടുക. കണ്ണിലെ ചുവപ്പിന്റെ ഏറ്റവും സാധാരണമായ രണ്ട് കാരണങ്ങൾ ചെങ്കണ്ണും സബ്കൺജങ്റ്റൈവൽ ഹെമറേജും ആണ്. ഇവ രണ്ടും പക്ഷെ അത്ര ഗൌരവമുള്ള പ്രശ്നങ്ങൾ അല്ല. എന്നിരുന്നാലും അടിയന്തിര ശ്രദ്ധ വേണ്ട പല രോഗങ്ങളുടെയും തുടക്ക ലക്ഷണമായി കണ്ണുകൾ ചുവന്ന് വരാം എന്നതിനാൽ കണ്ണിലെ ചുവപ്പ് സ്വയം ചികിൽസിക്കുന്നതിന് പകരം ഒരു നേത്രരോഗ വിദഗ്ദനെ കാണിച്ച് കൃത്യമായ ചികിൽസ തേടേണ്ടതാണ്.

ഏതെങ്കിലും വ്യക്തി കണ്ണിലെ ചുവപ്പ് ലക്ഷണവുമായി നേത്രരോഗ വിദഗ്ദ്ധരെ സമീപിച്ചാൽ, അടിയന്തിര നടപടി (റഫറൽ ഉൾപ്പെടെ) ആവശ്യമുണ്ടോ, അല്ലെങ്കിൽ അധിക വിഭവങ്ങളില്ലാതെ ചികിത്സ പൂർത്തിയാക്കാൻ കഴിയുമോ എന്ന് വിലയിരുത്തുകയാണ് ആദ്യം ചെയ്യുക.

രോഗനിർണയത്തിൽ സ്ലിറ്റ് ലാമ്പ് പരിശോധനയാണ് ഏറ്റവും പ്രധാനം എങ്കിലും ശ്രദ്ധാപൂർവ്വമായ രോഗ/ലക്ഷണ ചരിത്രം, കാഴ്ച പരിശോധന, പെൻലൈറ്റ് പരിശോധന എന്നിവ ഉപയോഗിച്ച് പ്രാഥമിക വിലയിരുത്തൽ നടത്താം.

രോഗനിർണയം[തിരുത്തുക]

ഹൈഫീമ - കണ്ണിൻ്റെ ആൻ്റീരിയർ ചേമ്പറിൽ രക്തം നിറഞ്ഞിരിക്കുന്നത് കാണിക്കുന്നു.

ചില പ്രത്യേക അടയാളങ്ങളും ലക്ഷണങ്ങളും, കണ്ണിലെ ചുവപ്പ് ഗുരുതരവും അടിയന്തിര ശ്രദ്ധ ആവശ്യമുള്ളതും ആണൊ എന്ന് വിലയിരുത്തുന്നതിന് സഹായിക്കും.[1]

അത്തരം ആറ് അടയാളങ്ങൾ ഇവയാണ്:

 • കാഴ്ച ശക്തിയിലെ കുറവ്
 • സീലിയറി ഫ്ലഷ് (സർക്കംകോർണിയൽ ഇഞ്ചക്ഷൻ)
 • എഡീമ ഉൾപ്പടെയുള്ള കോർണിയൽ തകരാറുകൾ
 • കോർണിയ സ്റ്റെയിനിംഗ്
 • അസാധാരണമായ പ്യൂപ്പിൾ വലുപ്പം
 • അസാധാരണമായ ഇൻട്രാഒക്യുലർ മർദ്ദം

കാഴ്ച ശക്തി (വിഷ്വൽ അക്വിറ്റി)[തിരുത്തുക]

ചുവന്ന കണ്ണിനോടൊപ്പം കാഴ്ചയിൽ കുറവ് ഉണ്ടെങ്കിൽ അത് കെരറ്റൈറ്റിസ്, ഐറിഡോസൈക്ലൈറ്റിസ്, ഗ്ലോക്കോമ പോലെയുള്ള ഗുരുതരമായ നേത്ര രോഗത്തിന്റെ സൂചനയാവാം.[2] കോർണിയയെ ബാധിക്കാത്ത സാധാരണ ചെങ്കണ്ണ് കാഴ്ചയെ ബാധിക്കാൻ സാധ്യതയില്ല.

സീലിയറി ഫ്ലഷ്[തിരുത്തുക]

കോർണിയ വീക്കം, ഐറിഡോസൈക്ലൈറ്റിസ് അല്ലെങ്കിൽ അക്യൂട്ട് ഗ്ലോക്കോമ എന്നിവയുള്ള കണ്ണുകളിൽ സിലിയറി ഫ്ലഷ് സാധാരണയായി കാണപ്പെടുന്നു. കണ്ണിന്റെ കോർണിയയ്ക്ക് ചുറ്റും നിന്ന് ചുവന്ന അല്ലെങ്കിൽ വയലറ്റ് നിറമുള്ള ഒരു വലയമാണ് സീലിയറി ഫ്ലഷ്.

കോർണിയയിലെ അസാധാരണതകൾ[തിരുത്തുക]

റെറ്റിനയിലേക്ക് പ്രകാശം എത്താൻ കോർണിയ സുതാര്യമായിരിക്കണം. പരിക്ക്, അണുബാധ അല്ലെങ്കിൽ വീക്കം കാരണം കോർണിയയുടെ ഒരു പ്രദേശം അതാര്യതമായേക്കാം. അത് പെൻ‌ലൈറ്റ് അല്ലെങ്കിൽ സ്ലിറ്റ് ലാമ്പ് ഉപയോഗിച്ച് കാണാൻ കഴിയും. അപൂർവ സന്ദർഭങ്ങളിൽ, ഈ അതാര്യത ജന്മനായുള്ളതാവാം.[3] കോണ്ടാക്ട് ലെൻസുകളുടെ ദുരുപയോഗവും കോർണിയൽ പ്രശ്നങ്ങൾക്കും, കണ്ണിലെ ചുവപ്പിനും കാരണമാകാം. കോർണിയൽ അസാധാരണത എല്ലായ്പ്പോഴും ഗുരുതരമാണ്, അതിന് അടിയന്തിര ചികിത്സ ആവശ്യമാണ്. കണ്ണിന്റെ ഫ്ലൂറസെൻ സ്റ്റെയിനിംഗ്, കൊബാൾട്ട്-ബ്ലൂ പ്രകാശം എന്നിവ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതിലൂടെ കോർണിയൽ എപ്പിത്തീലിയൽ പ്രശ്നങ്ങൾ കണ്ടെത്താം. ഫ്ലൂറസെൻ സ്റ്റെയിനിങ്ങിന് ശേഷം സ്ലിറ്റ്ലാമ്പിൽ കൊബാൾട്ട്-ബ്ലൂ ഫിൽട്ടർ ഉപയോഗിച്ച് നിരീക്ഷിച്ചാൽ പരിക്ക് മൂലമുള്ള കോർണിയൽ എപിത്തീലിയൽ പ്രശ്നങ്ങൾ പച്ചനിറത്തിൽ കാണാൻ കഴിയും. കല്ല്, മെറ്റൽ പൊടികൾ എന്നിവ കണ്ണിൽ തറച്ചാലും കണ്ണിന് ചുവപ്പ് ഉണ്ടാകാം.

പ്യൂപ്പിലറി അസാധാരണതകൾ[തിരുത്തുക]

ഐറിഡോസൈക്ലൈറ്റിസ് ബാധിച്ച കണ്ണിലെ പ്യൂപ്പിൾ സാധാരണയായി ചെറുത് ആയിരിക്കും. ഐറിസിലെ സ്പിന്ചർ പേശിയുടെ റിഫ്ളക്സ് സ്പാസം മൂലമാണ് ഇത് സംഭവിക്കുന്നത്. അക്യൂട്ട് ആംഗിൾ-ക്ലോഷർ ഗ്ലോക്കോമ ഉള്ള കണ്ണുകളിൽ, പ്യൂപ്പിൾ സാധാരണയായി ഓവൽ ആയി മാറുകയും, വെളിച്ചത്തോട് മന്ദഗതിയിൽ പ്രതികരിക്കുകയും ചെയ്യുന്നു. സാധാരണ ചെങ്കണ്ണ് പ്യൂപ്പിൾ വലുപ്പത്തെ ബാധിക്കില്ല.

അസാധാരണമായ ഇൻട്രാഒക്യുലർ മർദ്ദം[തിരുത്തുക]

നേത്ര പരിശോധനയുടെ ഭാഗമായി സാധാരണയായി തന്നെ അളക്കേണ്ടതാണ് കണ്ണിലെ മർദ്ദവും. ഐടിഡോസൈക്ലൈറ്റിസ്, ഗ്ലോക്കോമ പോലെയുള്ള അവസ്ഥകളിൽ മർദ്ദം ഉയരാം.

അതികഠിനമായ വേദന[തിരുത്തുക]

സാധാരണ ചെങ്കണ്ണിൽ ചെറിയ വേദന മാത്രമേ കാണുകയുള്ളൂ. കഠിനമായ വേദന, കെരറ്റൈറ്റിസ്, കോർണിയൽ അൾസർ, ഐറിഡോസൈക്ലൈറ്റിസ്, ഗ്ലോക്കോമ പോലുള്ള കൂടുതൽ ഗുരുതരമായ രോഗങ്ങളുടെ സൂചകം ആണ്.

കാരണങ്ങൾ[തിരുത്തുക]

കണ്ണിലെ ചുവപ്പിന്റെ പല കാരണങ്ങളിൽ ഏറ്റവും സാധാരണം ചെങ്കണ്ണ് ആണ്.[1] മറ്റ് കാരണങ്ങൾ താഴെപ്പറയുന്നവയാണ്.

അടിയന്തിര ശ്രദ്ധ വേണ്ടാത്തവ[തിരുത്തുക]

 • ബ്ലിഫറൈറ്റിസ്[4] - കൺപോളകളുടെ സ്കെയിലിംഗിനൊപ്പം സാധാരണയായി വിട്ടുമാറാത്ത വീക്കവും ഉണ്ടാകാം.ഇത് ചിലപ്പോൾ സ്വമേധയാ തന്നെ പരിഹരിക്കപ്പെടും.
 • സബ്കൺജങ്റ്റൈവൽ ഹെമറേജ്[1] - ഇത് കൂടുതലും നിരുപദ്രവകരമാണ്. അലർജിമൂലം കണ്ണ് തിരുമ്മിയാലും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പോലും ചിലപ്പോൾ ഇത് സംഭവിക്കാം.
 • ഇൻഫ്ലേംഡ് ടെറിജിയം[5] - സാധാരണയായി ടെറിജിയം മൂലം കണ്ണിന് ചുവപ്പ് ഉണ്ടാവുകയില്ല, എന്നാൽ ടെറിജിയം ഇൻഫ്ലെയിംഡ് ആയാൽ കണ്ണ് ചുവക്കാം.
 • ഇൻഫ്ലേംഡ് പിംഗുക്കുല[6] - ടെറിജിയം പോലെ നിരുപദ്രവകരമായ മറ്റൊരു അവസ്ഥയാണ് പിംഗുക്കുല. അവയ്ക്കും ഇൻഫ്ലമേഷൻ സംഭവിച്ചാൽ കണ്ണ് ചുവന്ന് വരാം
 • ഡ്രൈ ഐ സിൻഡ്രോം- കണ്ണുനീരിന്റെ ഉത്പാദനം കുറയുകയോ ടിയർ ഫിലിം ബാഷ്പീകരണം വർദ്ധിക്കുകയോ ചെയ്താൽ കണ്ണ് ചുവക്കുന്നതിന് ഇടയാക്കും[7]
  അക്യൂട്ട് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
 • വായുവിലൂടെ പൊടിയും മറ്റും കണ്ണിൽ പതിക്കുന്നത് മൂലമുള്ള ഇറിറ്റേഷൻ
 • ക്ഷീണം
 • കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം[8]
 • എപ്പിസ്ലീറൈറ്റിസ്[9] - കണ്ണിലെ വെളുത്ത ഭാഗമായ സ്ലീറയുടെ പുറം പാളികളെ ബാധിക്കുന്ന ഈ അസുഖം മൂലം സാധാരണയായി രക്തക്കുഴലുകൾ തെളിഞ്ഞ് കണ്ണ് ചുവന്നതായി തോന്നാൻ കാരണമാകും. ഇത് ഗുരുതരമല്ലാത്ത ഒരു അസുഖമാണ്.

അടിയന്തിര ശ്രദ്ധ വേണ്ടവ[തിരുത്തുക]

 • അക്യൂട്ട് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ[10] - ഐ‌ബോളിനുള്ളിലെ മർദ്ദം വർദ്ധിച്ച് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന ഈ അസുഖം വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ അന്ധതക്ക് കാരണമാകും.
 • പരിക്ക്
 • കെരറ്റൈറ്റിസ്- കോർണിയയിലെ അണുബാധ, ഗുരുതരമായ വീക്കം അല്ലെങ്കിൽ പരിക്ക്, എന്നിവമൂലം കെരറ്റൈറ്റിസ് ഉണ്ടാകാം. കോണ്ടാക്ട് ലെൻസുകളിൽ നിന്നുള്ള പരിക്കും കെരറ്റൈറ്റിസിന് കാരണമാകും. കെററ്റൈറ്റിസ് കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ കോർണ്ണിയൽ അതാര്യതക്കും അന്ധതക്കും കാരണമാകും.
സിലിയറി ഫ്ലഷ് കാണിക്കുന്ന, ഐറൈറ്റിസ് ബാധിച്ച കണ്ണ്
 • ഐറൈറ്റിസ്[1] - സിലിയറി ബോഡിക്കും കോറോയിഡിനും ഒപ്പം, കണ്ണിലെ രക്തക്കുഴലുകളുടെ പാളിയായ യൂവിയയുടെ ഭാഗമാണ് ഐറിസ്. ഈ പാളിയുടെ വീക്കം (യുവിയൈറ്റിസ്) അടിയന്തിര നിയന്ത്രണം ആവശ്യമായ രോഗമാണ്.
 • സ്ക്ലീറൈറ്റിസ്[11]- സ്ക്ലീറയെ ബാധിക്കുന്ന വേദനാജനകമായ ഒരു അവസ്ഥയാണ് ഇത്. ചികിൽസിക്കാതിരുന്നാൽ സ്ഥിരമായ കാഴ്ച നഷ്ടപ്പെടലിന് സാധ്യതയുണ്ട്.
 • റോക്കി മലനിരകളിലെ പുള്ളിപ്പനി [12] പോലുള്ള അസുഖങ്ങൾ കണ്ണിനെ ബാധിക്കുന്നവയല്ല, പക്ഷേ പനി, ചുണങ്ങു എന്നിവയ്ക്കൊപ്പം കൺജക്റ്റിവിറ്റിസിന്റെ സാന്നിധ്യവും ഉചിതമായ സാഹചര്യങ്ങളിൽ രോഗനിർണയത്തെ സഹായിക്കും.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 Cronau, H; Kankanala, RR; Mauger, T (Jan 15, 2010). "Diagnosis and management of red eye in primary care". American Family Physician. 81 (2): 137–44. PMID 20082509.
 2. Leibowitz HM (2000). "The red eye". N Engl J Med. 343 (5): 345–51. doi:10.1056/nejm200008033430507. PMID 10922425.
 3. "Congenital corneal opacities in a cornea referral practice". Cornea. 23 (6): 565–70. 2004. doi:10.1097/01.ico.0000126317.90271.d8. PMID 15256994.
 4. Jackson WB (April 2008). "Blepharitis: current strategies for diagnosis and management". Can J Ophthalmol. 43 (2): 170–79. doi:10.3129/i08-016. PMID 18347619.
 5. "The science of pterygia". Br J Ophthalmol. 94 (7): 815–20. July 2010. doi:10.1136/bjo.2008.151852. PMID 19515643.
 6. Sutphin, John, ed. 2007–2008 Basic and Clinical Science Course Section 8: External Disease and Cornea. American Academy Ophthalmology. p. 365. ISBN 1-56055-814-8.
 7. "Keratoconjunctivitis, Sicca". eMedicine. WebMD, Inc. January 27, 2010. ശേഖരിച്ചത് September 3, 2010.
 8. American Psychiatric Association. Diagnostic and Statistical Manual of Mental Disorders, Fourth Edition, Text Revision (DSM-IV-TR). Washington DC: American Psychiatric Association; 2000.
 9. "Episcleritis and scleritis: clinical features and treatment results". Am J Ophthalmol. 130 (4): 469–76. October 2000. doi:10.1016/S0002-9394(00)00710-8. PMID 11024419.
 10. "The painful eye". Emerg Med Clin North Am. 26 (1): 199–216. February 2008. doi:10.1016/j.emc.2007.10.001. PMID 18249263.
 11. Sims, J (December 2012). "Scleritis: presentations, disease associations and management". Postgrad Med J. 88 (1046): 713–18. doi:10.1136/postgradmedj-2011-130282. PMID 22977282.
 12. https://www.cdc.gov/mmwr/pdf/rr/rr5504.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണിലെ_ചുവപ്പ്&oldid=3775110" എന്ന താളിൽനിന്ന് ശേഖരിച്ചത്