കണ്ടത്തിൽ ആഗസ്തീനോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടത്തിൽ മാർ ആഗസ്തീനോസ് 1923-ൽ, കോട്ടയം മെത്രാൻ അലക്സാണ്ടർ ചൂളപ്പറമ്പിൽ, ചങ്ങനാശേരി മെത്രാൻ തോമസ് കുര്യാളശേരി എന്നിവർക്കൊപ്പം, വലത്തു നിന്ന് രണ്ടാമത്, ഉയർന്ന ഇരിപ്പിടത്തിൽ

ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ [൧] ആദ്യത്തെ വ്യക്തി ആയിരുന്നു കണ്ടത്തിൽ മാർ ആഗസ്തീനോസ്. കോട്ടയം ജില്ലയിലെ മാൻവെട്ടത്ത്[1] 1874 ആഗസ്റ്റ് 25-നു ജനിച്ച അദ്ദേഹം, എറണാകുളത്ത് 1956 ജനുവരി 10-ന് അന്തരിച്ചു. ഏറ്റവുമധികം കാലം സിറോ-മലബാർ സഭയുടെ തലവനായിരുന്ന വ്യക്തി, കത്തോലിക്കാ സഭയിൽ മെത്രാപ്പോലീത്താ പദവിയിലെത്തി ഭരണഭാരം നിർവഹിച്ച ആദ്യത്തെ ഭാരതീയൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.

ജീവിതാരംഭം[തിരുത്തുക]

കോട്ടയം ജില്ലയിൽ വൈക്കത്തിനു സമീപമുള്ള ചെമ്പ് ഗ്രാമത്തിലെ കണ്ടത്തിൽ തൊമ്മൻ വർക്കിയും, മാഞ്ഞൂർ കരയിൽ മാൻവെട്ടത്തെ നൂറോക്കരി കുടുംബാംഗമായ ത്രേസ്യാമ്മായും ആയിരുന്നു ആഗസ്തീനോസിന്റെ മാതാപിതാക്കൾ. സ്വഗ്രാമമായ ചെമ്പിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം വൈക്കം മിഡിൽ സ്കൂളിൽ ചേർന്ന് അദ്ദേഹം സ്കൂൾ പഠനം പൂർത്തിയാക്കി.[1]

പൗരോഹിത്യം[തിരുത്തുക]

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആഗസ്തീനോസ് വൈദികവൃത്തി സ്വീകരിക്കാൻ ആഗ്രഹിച്ചു. പിതൃസഹോദരനായ തോമാക്കത്തനാർ അതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. 1887 നവംബർ 4-ന് വാഴക്കുളത്തെ കർമ്മലീത്താ സെമിനാരിയിൽ വൈദികാർത്ഥിയായ ആഗസ്തീനോസ് 1888 ജൂലൈ 24-ന് മാന്നാനത്തെ വൈദികവിദ്യാലയത്തിലേയ്ക്കു മാറി. അഞ്ചുവർഷത്തെ സെമിനാരി പഠനത്തിനു ശേഷം 1892-ൽ അദ്ദേഹം, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം സമ്പാദിക്കുന്നതിനായി ചങ്ങനാശേരിയിലെ സെന്റ് ബർക്ക്മാൻസ് ഹൈസ്കൂളിൽ ചേർന്നു. 1993 ജൂലൈ മാസത്തിൽ സഭാധികാരികൾ അദ്ദേഹത്തെ, പൗരോഹിത്യത്തിനു വേണ്ടിയുള്ള ഉപരിപഠനത്തിനായി ശ്രീലങ്കയിൽ കാൻഡിയിലെ പ്രസിദ്ധമായ പേപ്പൽ സെമിനാരിയിൽ അയച്ചു. അവിടെ എട്ടരവർഷത്തെ പഠനത്തിനു ശേഷം 1901 ഡിസംബർ 21-ന്, 27-ആമത്തെ വയസ്സിൽ , ആഗസ്തീനോസ്, കാൻഡി മെത്രാൻ മോൺസിഞ്ഞോർ പാഞ്ഞാനിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.[1]

സഹായമെത്രാൻ[തിരുത്തുക]

പുരോഹിതനായി നാട്ടിൽ മടങ്ങിയെത്തിയ ആഗസ്തീനോസ്, കുറെക്കാലം വൈക്കത്തിനടുത്തുള്ള കുലശേഖരമംഗലം, വടയാർ എന്നീ പള്ളികളിൽ വികാരിയായിരുന്നു. താമസിയാതെ അദ്ദേഹം എറണാകുളത്തെ പെറ്റി സെമിനാരിയുടെ ആദ്യത്തെ റെക്ടറായി നിയമിതനായി. അതോടൊപ്പം, എറണാകുളം വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്ക ആയിരുന്ന ളൂയീസ് പഴേപറമ്പിലിന്റെ സെക്രട്ടറിസ്ഥാനവും ലഭിച്ചു. 1911 ആഗസ്റ്റ് 29-ന് പത്താം പീയൂസ് മാർപ്പാപ്പ അദ്ദേഹത്തെ, എറണാകുളം വികാരിയാത്തിന്റെ സഹായമെത്രാനായി നിയമിച്ചു. 1911 ഡിസംബർ 3-ന് കാൻഡി ഭദ്രാസനപ്പള്ളിയിൽ, ഡെലിഗേറ്റ് അപ്പസ്തോലിക്ക മോൺ. ലദിസ്ലാവുസ് സലേസ്കിയുടെ മുഖ്യകാർമ്മികത്വ്വത്തിൽ ആയിരുന്നു ആഗസ്തീനോസിന്റെ മെത്രാഭിഷേകം.[2]

വികാരി അപ്പസ്തോലിക്ക മാർ ളൂയീസിന്റെ കീഴിൽ സഹായമെത്രാനായിരുന്ന ആഗസ്തീനോസ്, ഇടക്കാലത്ത് മാർ ളൂയീസുമായി അഭിപ്രായഭിന്നതയിലായി. അതിനാൽ അക്കാലത്ത് അദ്ദേഹത്തിന് കൊരട്ടിപ്പള്ളിയിൽ താമസമാക്കേണ്ടി വന്നു.[2]

മെത്രാപ്പോലീത്ത[തിരുത്തുക]

1919 ഡിസംബർ 9ന് മാർ ളൂയീസ് മരണമടഞ്ഞതോടെ എറണാകുളം വികാരിയാത്തിന്റെ സമ്പൂർണ്ണ ചുമതല ആഗസ്തീനോസിനായി. 1923 ഡിസംബർ 21-ന് പതിനൊന്നാം പീയൂസ് മാർപ്പാപ്പ പുറപ്പെടുവിച്ച "റൊമാനി പൊന്തിഫിചെസ്" എന്ന ലിഖിതം, സിറോ-മലബാർ ഹയരാർക്കി സ്ഥാപനത്തിന്റെ പ്രഖ്യാപനമായിരുന്നു. ഹയരാർക്കിയുടെ ആസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വികാരിയാത്ത് അതോടൊപ്പം അതിരൂപതയായി ഉയർത്തപ്പെട്ടു.[3] സിറോ-മലബാർ ഹയരാർക്കിയുടെ ആദ്യത്തെ തലവനും, പുതിയ അതിരൂപതയുടെ പ്രഥമമെത്രാപ്പോലീത്തയുമായി കണ്ടത്തിൽ ആഗസ്തീനോസ് നിയമിതനായി. 1924 നവംബർ 16-ന് അദ്ദേഹം, മാർപ്പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കേരളത്തിലെത്തിയ വിസിറ്റർ അപ്പസ്തോലിക്, അലെക്സിസ് ഏം. ലെപ്പിസിയെയിൽ നിന്ന് മെത്രാപ്പോലീത്തയുടെ സ്ഥാനവസ്ത്രമായ പാലിയം സ്വീകരിച്ചു.[2]

1925-ൽ സിറോ-മലബാർ ഹയരാർക്കിയുടെ സ്ഥാപനത്തിൽ മാർപ്പാപ്പയ്ക്ക് നന്ദി പറയാനും വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമകരണച്ചടങ്ങിൽ പങ്കെടുക്കാനുമായി റോമിലേക്കു പോയ അദ്ദേഹം മടക്കയാത്രയിൽ ഫ്രാൻസിലെ കത്തോലിക്കാ തീർത്ഥാടനകേന്ദ്രമായ ലൂർദ്ദിനു പുറമേ, പാരിസ്, ലണ്ടൻ, ഡബ്ലിൻ തുടങ്ങിയ നഗരങ്ങളും സന്ദർശിച്ചു. മെത്രാപ്പോലീത്ത എന്ന നിലയിൽ ആഗസ്തീനോസിന്റെ മൂന്നു ദശാബ്ദക്കാലത്തെ ഭരണം സംഭവബഹുലമായിരുന്നു. ഒട്ടേറെ പുതിയ ദേവാലയങ്ങളും, വിദ്യാലയങ്ങളും, ആശുപത്രികളും, അഗതിമന്ദിരങ്ങളും സന്യാസഭവനങ്ങളും അതിരൂപതയിൽ ഇക്കാലത്ത് ആരംഭിച്ചു.[4] ക്ലാരസഭ, ആരാധനാസഭ തുടങ്ങിയ സന്യാസിനീസമൂഹങ്ങളുടെ ശാഖകൾ എറണാകുളം അതിരൂപതയിൽ സ്ഥാപിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. സി.എസ്.ടി. സഭ, വിൻസെൻഷ്യൻ സമൂഹം[5] അഗതികളുടെ സഹോദരികൾ, നസ്രത്തു സഹോദരികൾ[6] തുടങ്ങിയ പുതിയ സന്യാസസമൂഹങ്ങൾക്കും അക്കാലത്തു തുടക്കമായി. 1930-ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസിന്റെ സ്ഥാപനത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പ്രസാധന രംഗത്ത് ആഗസ്തീനോസ് മെത്രാപ്പോലീത്ത പ്രത്യേകം താത്പര്യം കാട്ടി. അതിന്റെ ഫലമായി 1921-ൽ ഏറണാകുളത്തെ മാർ ളൂയീസ് മെമ്മോറിയൽ പ്രസ്സും "എറണാകുളം മിസ്സം" എന്ന മാസിക ആരംഭിച്ചു. 1927-ൽ, പിന്നീട് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ ആനുകാലികായി വളർന്ന സത്യദീപം വാരികയും, 1936-ൽ "മലബാർ മെയിൽ" എന്ന ദിനപത്രവും തുടങ്ങി.

1936, കണ്ടത്തിൽ ആഗസ്തീനോസിന്റെ മെത്രാഭിഷേകരജതജൂബിലി വർഷമായിരുന്നു. ആ അവസരത്തിൽ, കത്തോലിക്കാസഭയ്ക്കു ചെയ്ത സേവനങ്ങളുടെ അംഗീകാരമായി വത്തിക്കാൻ അദ്ദേഹത്തെ "തിരുസിംഹാസനസഹായകൻ" (Assistant at the Pontifical Throne), "റോമൻ പ്രഭു" (Roman Count) എന്നീ പദവികൾ നൽകി ബഹുമാനിച്ചു.[7][8][9]

തോമാശ്ലീഹായുടെ ഭാരതസന്ദർശനത്തിന്റെ 19-അം ശതാബ്ദിയായി കരുതപ്പെട്ട 1952-ൽ, ആ സന്ദർശനത്തെ സംബന്ധിച്ച സുറിയാനിക്രിസ്ത്യാനികളുടെ പരമ്പരാഗതബോദ്ധ്യം വത്തിക്കാൻ പ്രഖ്യാപങ്ങളിൽ ഉൾപ്പെടുത്തിക്കിട്ടാൻ അദ്ദേഹം മുൻകൈയ്യെടുത്തു.[7]

മരണം[തിരുത്തുക]

1953-ൽ ആഗസ്തീനോസ് മെത്രാപ്പോലീത്തയുടെ നിർദ്ദേശാനുസരണം സത്യദീപം വാരികയുടെ പത്രാധിപരായിരുന്ന ജോസഫ് പാറേക്കാട്ടിൽ എറണാകുളം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1956 ജനുവരി 10-ആം തിയതി 82-ആമത്തെ വയസ്സിൽ കണ്ടത്തിൽ ആഗസ്തീനോസ് മെത്രാപ്പോലീത്ത മരണമടഞ്ഞു.[10] ജനുവരി 12-ന് എറണാകുളത്തെ കത്തീഡ്രൽ പള്ളിയിൽ, പ്രധാന ബലിപീഠത്തിനു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. 1974 മാർച്ച് മാസത്തിൽ ആഗസ്തീനോസ് മെത്രാപ്പോലീത്തയുടെ ഭൗതികാവശിഷ്ടം എറണാകുളത്തെ പുതിയ ബസിലിക്കായിലേക്കു മാറ്റി.[8]

കുറിപ്പുകൾ[തിരുത്തുക]

^ 1783-ൽ കത്തോലിക്കാസഭയിലെ ഭാരതീയനായ ആദ്യത്തെ മെത്രാപ്പോലീത്തയായി അഭിഷിക്തനായ കരിയാറ്റിൽ മാർ യൗസേപ്പ്, നിയുക്തിയെ തുടർന്ന് കേരളത്തിലെത്തി അധികാരമേറ്റെടുക്കുന്നതിനു മുൻപ് 1786-ൽ ഗോവയിൽ മരിച്ചു. [11]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 വറുഗീസ് കാഞ്ഞിരത്തുങ്കൽ, 2012 (പുറം 178)
 2. 2.0 2.1 2.2 വറുഗീസ് കാഞ്ഞിരത്തുങ്കൽ, 2012 (പുറം 179)
 3. സെക്കന്ററി സ്കൂളുകളിലെ ഉപയോഗത്തിനായി പാലാ രൂപതയുടെ പാഠപുസ്തകസമിതി, 1966-ൽ പ്രസിദ്ധീകരിച്ച 'തിരുസഭാചരിത്രസംഗ്രഹം' (പുറങ്ങൾ 109-111)
 4. "Ernakulamarichdiocese.org: 'History'". മൂലതാളിൽ നിന്നും 2015-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-21.
 5. "Vincentian Congregation, A Brief History". മൂലതാളിൽ നിന്നും 2010-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-20.
 6. Congregation of the Sisters of Nazareth, Memorable Dates[പ്രവർത്തിക്കാത്ത കണ്ണി]
 7. 7.0 7.1 വറുഗീസ് കാഞ്ഞിരത്തുങ്കൽ, 2012 (പുറം 187)
 8. 8.0 8.1 Find a Grave, Archbishop Augustine Kandathil
 9. "Ernakulamarchdiocese.org. "Former Prelates"". മൂലതാളിൽ നിന്നും 2015-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-21.
 10. "Mgr. Augustine Kandathil, Archbishop of Ernakulam and Metropolitan of the Syro-Malabar Rite in South India—the St. Thomas Catholics—has died at the age of 81" 1956 ജനുവരി 13-ന് ബ്രിട്ടണിലെ കാത്തലിക് ഹെറാൾഡ് ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത
 11. 'തിരുസഭാചരിത്രസംഗ്രഹം' (പുറങ്ങൾ 100-102)

ഗ്രന്ഥസൂചി[തിരുത്തുക]

 • വറുഗീസ് കാഞ്ഞിരത്തുങ്കൽ, "വക്കീൽ സിറിയക്ക് കണ്ടത്തിൽ: ജീവചരിത്രം", 2012 (പുറങ്ങൾ 178-88)
"https://ml.wikipedia.org/w/index.php?title=കണ്ടത്തിൽ_ആഗസ്തീനോസ്&oldid=3802628" എന്ന താളിൽനിന്ന് ശേഖരിച്ചത്