Jump to content

കടമ്മനിട്ട രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടമ്മനിട്ട രാമകൃഷ്ണൻ
കടമ്മനിട്ട രാമകൃഷ്ണൻ
ജനനം
എം.ആർ. രാമകൃഷ്ണ പണിക്കർ

(1935-03-22)22 മാർച്ച് 1935
മരണം31 മാർച്ച് 2008(2008-03-31) (പ്രായം 73)
തൊഴിൽകവി
ജീവിതപങ്കാളി(കൾ)ശാന്ത
പുരസ്കാരങ്ങൾ

കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം :മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.

1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണൻ ജനിച്ചത്. അച്ഛൻ പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായർ ആശാൻ, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.

ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.

സാഹിത്യ ജീവിതം

[തിരുത്തുക]
കടമ്മനിട്ട, കൊല്ലത്തെത്തിയ പുരോഗമന കലാ സാഹിത്യ സംഘം റാലിയിൽ 2004

1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും[1] വിമർശകർ അഭിപ്രായപ്പെടുന്നു.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

കൃതികൾ

[തിരുത്തുക]
  • കുറത്തി
  • കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
  • മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
  • വെള്ളിവെളിച്ചം
  • ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം)
  • സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം)
  • കോഴി
  • കാട്ടാളൻ
  • ചാക്കാല
  • ഒരു പശുക്കുട്ടിയുടെ മരണം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
  • അബുദാബി മലയാളി സമാജം പുരസ്കാരം.
  • ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
  • മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

ഏറെക്കാലമായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന കടമ്മനിട്ടയെ അർബുദബാധയെത്തുടർന്ന് 2008 ജനുവരിയിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം അസുഖം കൂടിയും കുറഞ്ഞുമിരുന്ന അദ്ദേഹം അവിടെവെച്ച് 2008 മാർച്ച് 31-ന് രാവിലെ 9 മണിയോടെ അന്തരിച്ചു.[2] 73-ആം പിറന്നാളാഘോഷിച്ച് ഒമ്പതുദിവസങ്ങൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. ഡോ. എം.ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം (1991) പുറം 453 കേരള സാഹിത്യ അക്കാദമി ,തൃശൂർ
  2. http://sify.com/news/fullstory.php?id=14633786
"https://ml.wikipedia.org/w/index.php?title=കടമ്മനിട്ട_രാമകൃഷ്ണൻ&oldid=4095250" എന്ന താളിൽനിന്ന് ശേഖരിച്ചത്