കടമറ്റത്ത് കത്തനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കടമറ്റം പള്ളി

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാർ. [1] ഇദ്ദേഹത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളെപ്പറ്റി അറിവുതരുന്ന പ്രമുഖ ഗ്രന്ഥമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല[2] .

ജീവിതരേഖ[തിരുത്തുക]

തിരുവിതാംകൂറിലുള്ള കുന്നത്തു നാടു താലൂക്കിലെ കടമറ്റം എന്ന ദേശത്ത് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചത്. യഥാർത്ഥ പേര് പൗലോസ് എന്നായിരുന്നു. [3] മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. അദ്ദേഹത്തിന്‌ നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു.[3]

മന്ത്രപഠനം[തിരുത്തുക]

പോയേടം - കത്തനാർ മന്ത്രപഠനത്തിനായി ഈ കിണറിലൂടെയാണ് പാതാളത്തിലേക്ക് പോയതെന്നാണ് ഐതിഹ്യം. കടമറ്റം പള്ളിയിലാണ് ഈ കിണർ

മൂത്ത കത്തനാരച്ചന്‌ അക്കാലത്ത് നിരവധി പശുക്കൾ ഉണ്ടായിരുന്നു. അതിലൊന്ന് ഒരിക്കൽ മേയാൻ പോയശേഷം തിരികെ വന്നില്ല. അതിനെ അന്വേഷിക്കാനായി ശെമ്മാശ്ശനും(കത്തനാർ) കടമറ്റത്ത് അന്വേഷിച്ചെത്തുകയും അന്വേഷണത്തിനിടയിൽ മന്ത്രവാദികളായ കാട്ടുവാസികളുടെ ഇടയിൽ എത്തിച്ചേർന്നു.കാട്ടുവാസികളുടെ മൂപ്പന് ആൺമക്കൾ ഇല്ലാതിരുന്നതിനാൽ ശെമ്മാശ്ശനോട് ദയ തോന്നി. ആചാരങ്ങളും കുല മര്യാദകളും പാലിച്ച് ഇവിടെ എന്റെ കൂടെ കഴിഞ്ഞാൽ എല്ലാ മന്ത്രതന്ത്ര വിദ്യകളും പഠിപ്പിച്ച് നൽകാമെന്നും മൂപ്പൻ പറയുന്നു. തിരിച്ച് നാട്ടിലേക്ക് പോകുവാൻ നിർവ്വാഹമില്ലാത്തതിനാൽ മൂപ്പൻ പറയുന്നതനുസരിച്ച് അവിടെ കഴിഞ്ഞു. ചില പരീക്ഷണങ്ങൾക്ക് ശേഷം കത്തനാരെ മാന്ത്രിക വിദ്യകൾ മൂപ്പൻ പഠിപ്പിച്ചു തുടങ്ങി'സ്തംഭനം' 'ഗോപ്യംനിഗൂഢം' 'തിരസ്ക്കരണി' 'കൂടുവിട്ടു കൂടുചേരൽ' എന്നിവയിൽ തുടങ്ങി, 'ഇന്ദ്രേണദത്തം' 'ദേവമാരുത' 'സുവർണ്ണസ്ത്വാ' 'യമസ്യലോകാത്' 'ആഗ്നേശോദിനി' 'ധ്രുവം ധ്രുവേണ' 'അലക്തജീവ' 'അഹന്തേഭഗ്ന' 'യേമേപാശ' 'അയന്തേയോനി' 'ശപത്വഹൻ' 'മുഞ്ചാവിത്വാ' തുടങ്ങി സകല മാന്ത്രിക വിദ്യാ പാഠഭേദങ്ങളും പ്രായോഗിക പരിജ്ഞാഞാനത്തോടെ മുപ്പൻ ശെമ്മാശ്ശനെ പഠിപ്പിച്ചു.നീണ്ട പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം കാട്ടുവാസികളുടെ ഗുഹയിൽ നിന്നും രക്ഷപെട്ട് നാട്ടിലെത്തി.[3]

കത്തനാർപട്ടവും മാന്ത്രികവിദ്യകളും[തിരുത്തുക]

നാട്ടിലെത്തിച്ചേർന്ന ശെമ്മാശ്ശന് വൈകാതെ മേപ്പട്ടക്കാരെല്ലാവരും കൂടി കത്തനാർ പട്ടം കൊടുത്തു. പരിസര പ്രദേശങ്ങളിലുണ്ടായിക്കൊണ്ടിരുന്ന പ്രേതബാധോപദ്രവങ്ങളും,അപസ്മാരം, ഭ്രാന്ത് എന്നീ പ്രകാരമുള്ള മാറാരോഗങ്ങളും ചെലവുകളൊന്നും കൂടാതെ വളരെ ലളിതമായ രീതിയിൽ മാറ്റിക്കൊടുത്തുമായിരുന്നു.അതോടെ അദ്ദേഹം വലിയ മന്ത്രവാദിയാണന്നുള്ള പ്രസിദ്ധി നാനാനിക്കുകളിലും വ്യാപിച്ചു. അദ്ദേഹത്തെ ജനങ്ങൾ കടമ്മറ്റത്തു കത്തനാരെന്നും,കടമറ്റത്തച്ചനെന്നും ആദരവോടെ വിളിക്കുവാൻ തുടങ്ങി.കടമറ്റത്തു കത്തനാരുടെ മാന്ത്രിക പ്രവർത്തനങ്ങൾക്ക് ധാരാളം പ്രത്യേകതകൾ ഉണ്ടായിരുന്നു.അദ്ദേഹം ഹോമങ്ങളോ പൂജകളോ നടത്തിയിരുന്നില്ല.ആട്, കോഴി മുതലായ ജീവികളെ ബലി കൊടുക്കുമായിരുന്നില്ല. വസ്ത്രങ്ങളോ ദ്രവ്യമോ പാരിതോഷിതങ്ങളോ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.താനൊരു മഹാ മാന്ത്രികനാണന്ന യാതൊരു ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പുകടിയിൽ, ഇട്ടൂപ്പ് റൈറ്റർ. മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം; മൂന്നാം പതിപ്പ് (2004 ed.). മോർ ആദായി സ്റ്റഡീ സെന്റർ. p. 142.
  2. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  3. 3.0 3.1 3.2 കൃഷ്ണൻ നായർ, എൻ. (2003). കടമറ്റത്തുകത്തനാർ. H & C Publishing House, Thrissur. Unknown parameter |month= ignored (help)
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/കടമറ്റത്ത്_കത്തനാർ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കടമറ്റത്ത്_കത്തനാർ&oldid=3084299" എന്ന താളിൽനിന്ന് ശേഖരിച്ചത്