ഔവ്വയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറീനാ ബീച്ചിലെ അവ്വയാർ പ്രതിമ

സംഘകാലത്തെ ഒരു തമിഴ് കവയിത്രിയാണ് ഔവ്വയാർ(ஔவையார்).

സംഘകാല കവികളിൽ മുപ്പത് സ്ത്രീകളുണ്ടായിരുന്നു; അവരിലൊരാളാണ് ഔവ്വയാർ. പാരി, അതിയമാൻ എന്നീ നാടുവാഴികളോടും ചേര ചോള പാണ്ഡ്യ രാജാക്കന്മാരോടും ഇവർ ഇടപഴകിയിരുന്നു. വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ തമിഴ്നാട്ടുകാരും ഒരുപോലെ ആരാധനാപൂർവം സ്മരിക്കുന്ന നാമമാണ് ഔവ്വയാരുടേത്. തമിഴ് കവയിത്രികളിൽ ചിലർ ഈ പേരിൽ അറിയപ്പെടുന്നു. മാതാവിനെപ്പോലെ ബഹുമാന്യയായവൾ എന്നാണ് ഈ പേരിന്റെ പൊരുൾ.

പറമ്പ് നാട്ടിലെ രാജാവായിരുന്ന വേൾ പാരിയെ മൂവേന്തർ ചതിയിൽ കൊലപ്പെടുത്തിയ ശേഷം കപിലരുടെ സംരക്ഷണത്തിലായിരുന്ന പാരിയുടെ രണ്ട് പുത്രിമാരെ കപിലരുടെ മരണത്തെ തുടർന്ന് ഔവ്വയാറാണ് മലൈയമ്മാൻ തിരുമുടി കാരി എന്ന രാജാവിന് വിവാഹം ചെയ്തു കൊടുത്തത്. ഒരിക്കൽ അതിയമാനും തൊണ്ടമാനെന്ന രാജാവും തമ്മിൽ ശത്രുതയുണ്ടായപ്പോൾ അവർക്കിടയിൽ സന്ധിസംഭാഷണം നടത്തി യുദ്ധം ഒഴിവാക്കാൻ ഔവ്വയാർ ശ്രമിച്ചിരുന്നു. അക്കാലത്ത് ഔവ്വയാർ വൃദ്ധയായിക്കഴിഞ്ഞിരുന്നു. വേട്ടയാടാൻ പോയ അതിയമാൻ നെടുമാൻ അഞ്ചിയ്ക്ക് കിട്ടിയ വിശേഷപ്പെട്ട നെല്ലിക്ക അദ്ദേഹം ഭക്ഷിക്കാതെ ഔവ്വയാർക്കു സമ്മാനിച്ചതായി ഒരു കഥയുണ്ട്. സ്വന്തം ആയുസ്സ് വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ തന്റെ ദീർഘായൂസ്സിനെ കരുതി ദാനം ചെയ്ത അതിയമാന്റെ സ്നേഹപൂർണമായ ഈ നടപടിയെ ശ്ളാഘിച്ച് ഔവ്വയാർ എഴുതിയ പ്രശസ്തമായ പാട്ട് ഇപ്രകാരമാണ്.

"വടമ്പടുവായ് വാളെന്തിയൊന്നാർ ഽ കുളമ്പടക്കന്ത കഴറടിത്തടക്കൈ ഽ ആർകലിനറവിനതിയർ കോമാൻ ഽ പോരടുതിവിയർ പൊലന്താരഞ്ചി ഽ പാൽപുരൈ പിറൈനുതർ ഽ പൊലിന്തചെന്നി ഽ നീലമണിമിടറ്റൊരുവൻപോല ഽ മന്നുക പെരുമ നീയേ തൊന്നിലൈപ് ഽ പെരുമലൈ വിടരകത്തരുമിചൈക്കൊണ്ട ഽ ചിറിയിലൈ നെല്ലിത്തീങ്കനി കറിയാ ഽ താതനിന്നകത്തടക്കിച് ഽ ച്ചാതാനീങ്കവൈമക്കീത്തനൈയേ

ഇതിൽ മഹാമനസ്ക്കനായ അതിയമാനെ ഔവ്വയാർ ഉപമിക്കുന്നത് നീലകണ്ഠനായ ശിവനോടാണ്.

പുറനാന്നൂറിലും മറ്റു സമാഹാരങ്ങളിലുമായി ഔവ്വയാർ എഴുതിയ 59 പാട്ടുകളുണ്ട്. അവരുടെ കവിത്വസിദ്ധി മാത്രമല്ല, ലോകവിജ്ഞാനവും വെളിപ്പെടുത്തുന്നവയാണ് ഈ പാട്ടുകൾ. കമ്പര്‍, ഒട്ടക്കൂത്തർ മുതലായവരുടെ കാലത്തു ജീവിച്ചിരുന്ന ഔവ്വയാർ തമിഴിന്റെ മുത്തശ്ശിയായി ആരാധിക്കപ്പെടുന്നു. സംഘകാലത്തെ ഔവ്വയാർ വളരെ ബഹുമാനിക്കപ്പെട്ടിരുന്നു. നാടുവാഴികൾക്കിടയിലും ഇവർക്കു സ്വാധീനമുണ്ടായിരുന്നു. മാത്രമല്ല, അവർ ഊരുകൾ തോറും ചുറ്റി സഞ്ചരിച്ച് ഗ്രാമങ്ങളിലെ കർഷകരുടെ കുടിലുകളിൽ താമസിക്കുകയും അവർ സ്നേഹപൂർവം നല്കിയ കഞ്ഞിവെള്ളം കുടിച്ച് പാടുകയും ചെയ്തു. പാവങ്ങളുടെ കൂട്ടത്തിൽ അവരുടെ ആഹാരത്തിന്റെ പങ്കുപറ്റി ജീവിച്ചിരുന്നതുകൊണ്ട് കഞ്ഞിക്കുവേണ്ടി പാടിയവർ എന്ന് ഈ കവയിത്രിക്കു പേരുണ്ടായി. കുഞ്ഞുങ്ങളെയും ഇവർ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികൾക്കുവേണ്ടി ആത്തിചൂടി, കൊന്റൈ വേന്തൻ എന്നീ കൃതികൾ രചിച്ചു. ഇവ ഇന്നും കുട്ടികൾ രസിച്ചു വായിക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ഔവ്വയാർ എഴുതിയ പുസ്തകങ്ങളാണ് മുതുരൈ, നൽവഴി എന്നിവ. തത്ത്വചിന്തകളും ജീവിതസത്യങ്ങളുമാണ് ഇവയിൽ പ്രതിപാദിക്കപ്പെടുന്നത്. തത്ത്വചിന്തകൾ ലളിതമായി പുനരാഖ്യാനം ചെയ്യുന്നതിൽ ഔവ്വയാർക്ക് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. 20-ആം ശതകത്തിന്റെ ആരംഭത്തിൽ സുബ്രഹ്മണ്യ ഭാരതി, ഔവ്വയാരുടെ ഗ്രന്ഥമായ ആത്തിചൂടിയുടെ പേരിൽത്തന്നെ ഒരു ഗ്രന്ഥം രചിച്ചുവെന്നത് ഈ കവയിത്രിയുടെ മഹത്ത്വം വെളിവാക്കുന്ന സംഭവമാണ്.

"https://ml.wikipedia.org/w/index.php?title=ഔവ്വയാർ&oldid=2323938" എന്ന താളിൽനിന്ന് ശേഖരിച്ചത്