ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി
വളരെ പുരാതനമായ നിരവധി താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും ശേഖരിച്ചിട്ടുള്ള ഗ്രന്ഥശാലയാണ് ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി. തിരുവനന്തപുരത്ത് കാര്യവട്ടം സർവകലാശാല വളപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്. താളിയോലഗ്രന്ഥങ്ങളുടെ എണ്ണത്തിൽ ഏഷ്യയിൽ ഒന്നാംസ്ഥാനവും കൈയെഴുത്ത് ഗ്രന്ഥശാലകളുടെ പട്ടികയിൽ ഏഷ്യയിൽ രണ്ടാംസ്ഥാനവുമാണ് ഈ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയ്ക്കുള്ളത്.
ചരിത്രം
[തിരുത്തുക]1908ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളാണ് ഗ്രന്ഥശാല സ്ഥാപിച്ചത്. തിരുനെൽവേലി സ്വദേശിയും സംസ്കൃതപണ്ഡിതനുമായ ഗണപതിശാസ്ത്രിയായിരുന്നു ആദ്യ ക്യൂറേറ്റർ. 1937ൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി കേരള സർവകലാശാലയുടെ ഭാഗമായി. 1982ൽ കാര്യവട്ടം ആസ്ഥാനമാക്കി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രററിയായി രൂപാന്തരപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താളിയോലഗ്രന്ഥത്തിനുപുറമെ ഇന്തോനേഷ്യ, ബർമ, മലേഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ചെറുതുമുതലുള്ള താളിയോലക്കെട്ടുകൾവരെ ഇവിടെയുണ്ട്. സംസ്ഥാനത്തെ വിവിധ കൊട്ടാരങ്ങൾ, ബ്രാഹ്മണമനകൾ, ആയുർവേദശാലകൾ എന്നിങ്ങനെ ആയിരക്കണക്കിന് സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച 35,000 താളിയോലക്കെട്ടുകളും ഏകദേശം 65,000 ഗ്രന്ഥങ്ങളുമാണ് ശേഖരത്തിൽ.[1]
അപൂർവ്വ ശേഖരം
[തിരുത്തുക]80 ശതമാനത്തിലേറെയും സംസ്കൃത ഭാഷയിലാണ്. ഗ്രന്ഥ, വട്ടെഴുത്ത്, കോലെഴുത്ത്, ശാരദ, നന്ധിനാഗരി, ഗ്രന്ഥതമിഴ് എന്നീ ലിപികളിലുമുണ്ട്. മഹായാന ബുദ്ധമതത്തെക്കുറിച്ച് നേപ്പാളിലെ നേവാരിഭാഷയിൽ എഴുതിയ "ആര്യമഞ്ജുശ്രീമൂല കൽപ്പത്തിന്റെ അസൽ താളിയോലകെട്ട് ഇവിടെ മാത്രമാണ് ഉള്ളത്.1912ൽ ഗണപതി ശാസ്ത്രി നാഗർകോവിലിനടുത്ത് തക്കലയിൽ നിന്നും കണ്ടെടുത്ത ഭാസന്റെ നാടകങ്ങളടങ്ങിയ താളിയോല കെട്ട് ഇവിടെയുണ്ട്. കമലമുനിയുടെ സാമുദ്രിക ലക്ഷണം, ചെറു പനയോല തുണ്ടുകൾ രുദ്രാക്ഷമാലയുടെ രൂപത്തിൽ അടുക്കി രചിച്ചിട്ടുള്ള ദേവി മാഹാത്മ്യം, 318 ചിത്രങ്ങൾ കഥ പറയുന്ന ചിത്രരാമായണം, അർഥശാസ്ത്രം, ഇന്തോനേഷ്യൻ കലാകാരൻ രാമായണകഥയിലെ വിഷ്ണുവിന്റെ അവതാരങ്ങൾ ചിത്രീകരിച്ച നാരായണീയം, കശ്മീരിലെ മരത്തോലിൽ എഴുതിയ "ബുർജ' പത്രം, നാട്യശാസ്ത്രത്തെക്കുറിച്ച് അഭിനവഗുപ്തൻ രേഖപ്പെടുത്തിയ അഭിപ്രായങ്ങളടങ്ങിയ നാട്യശാസ്ത്രം - അഭിനവഭാരതി തുടങ്ങി അമൂല്യശേഖരമാണിവിടെയുള്ളത്. ഒരു താളിയോലയിൽ രണ്ടു ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ശിവലിംഗാശാസനം, എ.ഡി.1770-ൽ തീർത്തതെന്ന് കരുതുന്ന ചെമ്പുതകിടിലെ ഗ്രന്ഥം, ഭഗവദ്ഗീത കടലാസ് ഗ്രന്ഥം, 300 വർഷം പഴക്കമുള്ളതും പ്രകൃതിദത്ത വർണങ്ങൾ ചാലിച്ച ചിത്രങ്ങളാൽ ആലേഖനംചെയ്ത മറാത്തി ചിത്രക്കടലാസ്, 110 വർഷം പഴക്കമുള്ള കേരളവർമയുടെ "മയൂരസന്ദേശ'ത്തിന്റെ ആദ്യപതിപ്പ്, ഉള്ളൂരിന്റെയും കുട്ടികൃഷ്ണമാരാരുടെയും കൈയെഴുത്തുകൃതികൾ, ചെറുശ്ശേരിയുടെ "കൃഷ്ണഗാഥ', വള്ളത്തോളിന്റെ "സാഹിത്യമഞ്ജരി'എന്നിവയും ഇവിടുണ്ട്.[2]
പ്രധാന ഗ്രന്ഥങ്ങൾ
[തിരുത്തുക]- ഭാസന്റെ സംസ്കൃത നാടകങ്ങൾ[3]
- ആര്യമഞ്ജു ശ്രീമൂല കൽപ (ബുദ്ധമത കൃതി)
- കൗടില്യന്റെ അർത്ഥശാസ്ത്രം (മലയാള വ്യാഖ്യാനം)
- ചിത്ര ഭാരതം (ഇന്തോനേഷ്യൻ)
- ചിത്ര രാമായണം (മലയാളം)
- കൃഷ്ണൻ സ്തുതി (ആസാമീസ്)
- ഭഗവദ്ഗീത (തെലുങ്കു)
- മഹാഭാരതം (മറാട്ടി)
- സരസ്വതി കണ്ഠാഭരണം (പാണിനിയുടെ കൃതിയുടെ വ്യാഖ്യാനം)
- ബൃഹദ്ജാതകവിവരണം
- അത്തിയറമഠം ഗ്രന്ഥവരി
- ദൈവാഗമം ഭാഷ
- മഹാഭാരതം
- ജാതകഫലവിശേഷനിരൂപണം
- ഭാഗവതസ്തോത്രസമുച്ചയ
- കണ്ഡപുരാണം
- രൂപപ്രശ്ന
- രാമായണചിത്ര (പുസ്തക രൂപത്തിൽ)
- രൂപപ്രശ്ന
- മരകപ്രകരണം
- ദേവീമാഹാത്മ്യം
അവലംബം
[തിരുത്തുക]- ↑ https://m.dailyhunt.in/news/india/malayalam/kerala-epaper-kerala/ezhutholakalile+nidhiyude-newsid-104512277
- ↑ http://www.deshabhimani.com/news/kerala/latest-news/502004
- ↑ https://web.archive.org/web/20100502042426/http://www.swathithirunal.in/rel_manuscript.htm