ഓറിയന്റലിസം (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓറിയന്റലിസം
ചട്ട
കർത്താവ്എഡ്വേർഡ് സൈദ്
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
ഭാഷഇംഗ്ലീഷ്
വിഷയം'പോസ്റ്റ്-കൊളോണിയൽ' പഠനങ്ങൾ
സാഹിത്യവിഭാഗംനോൺ-ഫിക്ഷൻ
പ്രസാധകർവിന്റേജ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1978
മാധ്യമംഅച്ചടി (പേപ്പർ ബാക്ക്)
ISBNISBN 0-394-74067-X
OCLC4831769
950/.07/2
LC ClassDS12 .S24 1979

വിഖ്യാത ഫലസ്തീനി അമേരിക്കൻ ചിന്തകനും വിമർശകനുമായ എഡ്വേർഡ് സൈദിന്റെ പ്രസിദ്ധമായ പുസ്തകമാണ്‌ ഓറിയന്റലിസം. ഉത്തരാഫ്രിക്കയിലേയും മദ്ധ്യപൂർവദേശത്തേയും അറബിസമൂഹങ്ങളോടുള്ള ഇംഗ്ലീഷ്, ഫ്രെഞ്ച്, അമേരിക്കൻ പണ്ഡിതന്മാരുടെ സമീപനത്തിന്റെ പഠനമാണ് സൈദിന്റെ കൃതി.[1] "യൂറോപ്യൻ ജ്ഞാനോദയവും സാമ്രാജ്യവാദവുമായുള്ള അവിശുദ്ധബന്ധത്തിന്റെ അനാവരണം" എന്ന് ഈ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] 1978-ൽ പ്രസിദ്ധീകരിക്കപ്പെട്ട് അധിനിവേശാനന്തര കാലഘട്ടത്തിന്റെ (Post Colonial) പഠനങ്ങളെ ഏറെ സ്വാധീനിച്ച ഈ ഗ്രന്ഥം, പുതിയ പഠനങ്ങളെ പ്രചോദിപ്പിക്കാൻ കഴിവുള്ള വിവാദപരമായ രചന എന്ന നിലയിൽ അതിന്റെ സ്വാധീനം ഇന്നും നിലനിർത്തുന്നു.[3][4]

'ഓറിയന്റലിസം' എന്ന സങ്കല്പത്തെ ഗ്രന്ഥകാരൻ "മദ്ധ്യപൂർവനാടുകളെക്കുറിച്ചുള്ള പാശ്ചാത്യവീക്ഷണത്തിനു പിന്നിലുള്ള കപടധാരണകളുടെ സഞ്ചയം" എന്നു നിർവചിക്കുന്നു. ഈ സങ്കൽപം പിന്തുടർന്നുള്ള വൈദുഷ്യത്തിന്റെ വിട്ടുമാറാത്ത മുഖലക്ഷണം, അറബി-ഇസ്‌ലാമിക ജനതകളുടേയും അവരുടെ സംസ്കാരങ്ങളുടേയും നേർക്കുള്ള യൂറോ-കേന്ദ്രീകൃതമായ മുൻവിധിയാണ്. ഏഷ്യയും മദ്ധ്യപൂർവദേശങ്ങളുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കപ്പെട്ട കാല്പനികബിംബങ്ങളുടെ ദീർഘപാരമ്പര്യത്തേയും അദ്ദേഹം വിമർശിക്കുന്നു. അവ യൂറോ-ആമേരിക്കൻ കൊളോണിയൽ മോഹങ്ങൾക്ക് സ്വാഭാവിക നീതീകരണമെന്ന നിലയിൽ പ്രയോജനപ്പെട്ടതായി ഗ്രന്ഥകാരൻ വാദിക്കുന്നു.

അറബി സംസ്കാരത്തെക്കുറിച്ചുള്ള ബ്രിട്ടീഷ്-അമേരിക്കൻ 'ഓറിയന്റലിസ്റ്റ്' ധാരണകളെ സ്വാംശീകരിച്ചതിന്റെ പേരിൽ അറബി ദേശങ്ങളിലെ തന്നെ വരേണ്യവർഗ്ഗത്തേയും ഈ കൃതിയിൽ സൈദ് നിശിതമായി വിമർശിക്കുന്നു.

ഉള്ളടക്കം[തിരുത്തുക]

ദീർഘമായ മൂന്നു അദ്ധ്യായങ്ങൾ ചേർന്നതാണ് ഈ കൃതി. അദ്ധ്യായങ്ങളുടെ ഉള്ളടക്കം ഏകദേശം ഈവിധമാണ്.

'സാദ്ധ്യതകൾ'[തിരുത്തുക]

ഒന്നാം അദ്ധ്യായത്തിൽ ഗ്രന്ഥകാരൻ പരിഗണിക്കുന്നത് ഓറിയന്റലിസത്തിന്റെ 'സാദ്ധ്യതകൾ' (Scope) ആണ്. ലോകത്തെ 'നമ്മളും അവരും' എന്ന മട്ടിൽ തിരിച്ചുള്ള സമീപനത്തിലാണ് ഓറിയന്റലിസത്തിന്റെ തുടക്കമെന്നു സൈദ് വാദിക്കുന്നു. ഈ വേർതിരിവിൽ പൗരസ്ത്യർ അപരിഷ്കൃതരും, അലസരും, ഭരണവും പ്രാതിനിധ്യവും സ്വയം പേറാൻ കഴിവില്ലാത്തവരുമായി പ്രത്യക്ഷപ്പെടുന്നു. പൗരസ്ത്യസംസ്കാരങ്ങളെ ഈ വിധം വിശേഷിപ്പിക്കുക വഴി ഓറിയന്റലിസ്റ്റുകൾ സ്വന്തം സംസ്കാരത്തിന്റെ നിർവചനവും സാധിച്ചു. പൗരസ്ത്യരുടേതായി പറയപ്പെട്ട സ്വഭാവങ്ങളുടെ മറുവശം പാശ്ചാത്യന്റെ സ്വാഭാവിക ഗുണങ്ങളായി കണക്കാക്കപ്പെട്ടതിനാൽ യൂറോപ്യന്മാർ പരിഷ്കൃതരും, കർമ്മകുശലരും, പൗരസ്ത്യരെ ഭരിക്കാൻ ചുമതലപ്പെട്ടവരുമാണെന്നു വാദിക്കുക എളുപ്പമായി.[5]

ഓറിയന്റലിസ്റ്റ് പദ്ധതിയുടെ പുരോഗതിയിൽ കൂടുതൽ വികസിക്കുകയും സങ്കീർണ്ണത പ്രാപിക്കുകയും ചെയ്തത് ധനാത്മകമായ അറിവിന്റെ ഏതെങ്കിലും സഞ്ചയമല്ല, അജ്ഞതയാണ്. പൗരസ്ത്യസംസ്കാരങ്ങളെ ഓറിയന്റലിസ്റ്റുകൾ അവരുടെ യൂറോപ്യൻ ശ്രോതാക്കൾക്കു വിശദീകരിച്ചത് പാശ്ചാത്യസങ്കല്പങ്ങൾ പിന്തുടർന്നാണെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ഈ സമീപനം പിന്തുടർന്ന സ്കോട്ടിഷ് ഓറിയന്റലിസ്റ്റ് ഹാമിൽട്ടൻ ജിബ്ബിനെപ്പോലുള്ളവർ ഇസ്‌ലാമിനെ 'മുഹമ്മദൻവാദം' (Mohammadism) എന്നു വിളിച്ചത് ഇതിനുദാഹരണമായി അദ്ദേഹം അവതരിപ്പിക്കുന്നു.[6]

ഘടനകളും പുനർഘടനകളും[തിരുത്തുക]

യൂറോപ്യൻ കാല്പനികതയിൽ രൂപപ്പെട്ട പൗരസ്ത്യദേശങ്ങളുടെ ചിത്രത്തെ ഈ അദ്ധ്യായത്തിൽ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. ഈ സങ്കല്പത്തിൽ പൗരസ്ത്യനാടുകൾ, തിന്മയുടെ കളങ്കമേശാത്ത നിഷ്കളങ്കസംസ്കൃതിയുടെ ഇരിപ്പിടങ്ങളായും, ശുദ്ധവായുവും ശുദ്ധസമുദ്രങ്ങളും നിറഞ്ഞ തീർത്ഥസ്ഥലങ്ങളായും പ്രത്യക്ഷപ്പെടുന്നു. പൗരസ്ത്യരുടെ നിഷ്കളങ്കത അവരെ കാപട്യം നിറഞ്ഞ ലോകത്തെ നേരിടാൻ അസമർത്ഥരാക്കുന്നു എന്ന വാദം യൂറോപ്യൻ കോളനീകരണത്തിനു പറ്റിയ നീതീകരണമായി. പ്രായോഗികബുദ്ധികളായ യൂറോപ്യന്മാരുടെ പൈതൃകശ്രദ്ധ പൗരസ്ത്യർക്ക് ആവശ്യമാണെന്നായിരുന്നു വാദം.

പത്തൊൻപതാം നൂറ്റാണ്ടിലെ പേരെടുത്ത ഓറിയന്റലിസ്റ്റുകളായ സിൽവെസ്റ്റർ ഡി സാസി, ഏണസ്റ്റ് റെനാൻ എന്നിവരുടെ സംഭാവനകളുടെ വിമർശനാവലോകനവും ഈ അദ്ധ്യായത്തിൽ സൈദ് നിർവഹിക്കുന്നു. ഓറിയന്റലിസത്തെ ചിട്ടപ്പെടുത്തി കെട്ടുറപ്പുള്ളതാക്കിയത് ഈ എഴുത്തുകാരാണ്. സാസിയെ ഗ്രന്ഥകാരൻ ആദ്യത്തെ ആധുനിക ഓറിയന്റലിസ്റ്റെന്നും ഓറിയന്റലിസ്റ്റ് 'വേദസംഹിതയുടെ' (Canon) സ്രഷ്ടാവെന്നും വിശേഷിപ്പിക്കുന്നു.[7] ഓറിയന്റലിസവും ഭാഷകളുടെ താരതമ്യപഠനവുമായുള്ള (Philology) ബന്ധത്തിനു റെനാൻ കല്പിച്ച പ്രാധാന്യം അദ്ദേഹത്തിന്റെ പിൻഗാമികളായ ഓറിയന്റലിസ്റ്റുകൾ അംഗീകരിച്ചു.[5][8]

ഓറിയന്റലിസം ഇപ്പോൾ[തിരുത്തുക]

മുന്നദ്ധ്യായങ്ങളിലെ വാദങ്ങൾ അവലോകനം ചെയ്തു തുടങ്ങുന്ന ഈ അദ്ധ്യായത്തിൽ സൈദ്, "പൗരസ്ത്യനാടുകളുടെ ദുർബ്ബലതയെ മുതലെടുത്ത് അവയുടെ മേൽ അടിച്ചേല്പിച്ച രാഷ്ട്രീയസിദ്ധാന്തം" എന്ന് ഓറിയന്റലിസത്തെ വിശേഷിപ്പിക്കുന്നു. "സാംസ്കാരത്തിന്റെ പണിക്കോപ്പ് എന്ന നിലയിൽ അത് ആക്രമണവും, സക്രിയതയും, വിലനിശ്ചയവും, നേരിന്റേയും അധികാരത്തിന്റേയും മേലുള്ള ഉടമസ്ഥതയും (will-to-truth and power) ആണ്."[9]ഓറിയന്റലിസ്റ്റ് സങ്കല്പം പൗരസ്ത്യസംസ്കാരങ്ങളെ അവതരിപ്പിക്കാൻ സൃഷ്ടിച്ച ബിംബങ്ങൾ പൗരസ്ത്യസംസ്കൃതിയുടെ ഏതെങ്കിലും മൗലികസത്തയോടു നീതിപുലർത്തിയില്ല എന്നല്ല സൈദിന്റെ പരാതി. എല്ലാ ബിംബങ്ങളേയും പോലെ അവയും പ്രത്യേകമായ ലക്ഷ്യത്തോടെയും പ്രവണത പിന്തുടർന്നും നിർമ്മിക്കപ്പെട്ടവയാണ്; അവ ലക്ഷ്യം സാധിക്കുകയും ചെയ്യുന്നു.[10]

ഓറിയന്റലിസ്റ്റ് മനോഭാവത്തിലെ നവീനതകളെ പിന്തുടരുന്ന ഗ്രന്ഥകാരൻ ബ്രിട്ടനും ഫ്രാൻസും തുന്നിയ ഓറിയന്റലിസ്റ്റ് കുപ്പായം ഇപ്പോൾ അമേരിക്കയുടെ കൈവശമായി എന്നു വാദിക്കുന്നു.[11]പുതിയ സാഹചര്യങ്ങളിൽ ഓറിയന്റലിസ്റ്റുകൾ, ഭാഷാശാസ്ത്രവുമായി അവരുടെ പഠനമേഖലയ്ക്ക് മുൻപുണ്ടായിരുന്ന തരം കെട്ടുപാടുകൾ, സാമൂഹ്യശാസ്ത്രങ്ങളുമായി ഉണ്ടാക്കിയെടുത്തു. പൗരസ്ത്യനാടുകളെ കൈകാര്യം ചെയ്യുന്നതിനു പറ്റിയ നയങ്ങൾ രൂപപ്പെടുത്താൻ സ്വന്തം സർക്കാരുകളെ സഹായിക്കാനായി ഓറിയന്റലിസ്റ്റുകൾ പൗരസ്ത്യരെ പഠിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കോളനികളുടെ കാലം കഴിഞ്ഞതായി തോന്നിയെങ്കിലും പൗരസ്ത്യരോടുള്ള പാശ്ചാത്യമുൻവിധി മാറിയില്ല.[5]

അവലംബം[തിരുത്തുക]

  1. Keith Windschuttle, "Edward Said's "Orientalism" revisited" Archived 2016-03-04 at the Wayback Machine., www.i-epistemology.net
  2. Ruthven, Edward Said (1935-2003) Archived 2005-05-23 at the Wayback Machine., 2003 സെപ്തംബർ 27-ൽ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം
  3. ഫിലിപ്പ് റോത്ത്‌വർത്ത്, Orientalism Revisited Archived 2013-03-16 at the Wayback Machine., Al-Bab.com
  4. Maya Jasanoff, The book that shook us ദ ഗാർഡിയൻ ദിനപത്രം 2008 ജൂൺ 13-നു പ്രസിദ്ധീകരിച്ച ലേഖനം
  5. 5.0 5.1 5.2 Haroon Khalid, An Introduction to Edward Said’s Orientalism Archived 2013-02-18 at the Wayback Machine.
  6. എഡ്വേഡ് സൈദിന്റെ "ഓറിയന്റലിസം", പെൻഗ്വിൻ പതിപ്പ് (പുറങ്ങൾ 66, 280-81)
  7. 'ഓറിയന്റലിസം' (പുറങ്ങൾ 129-30)
  8. 'ഓറിയന്റലിസം' (പുറങ്ങൾ 130-148)
  9. "Orientalism" (പുറം 204)
  10. "ഓറിയന്റലിസം" (പുറം 273)
  11. Heaney, Review – Orientalism, e-International Relations
"https://ml.wikipedia.org/w/index.php?title=ഓറിയന്റലിസം_(പുസ്തകം)&oldid=3844607" എന്ന താളിൽനിന്ന് ശേഖരിച്ചത്