Jump to content

ഓരില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരില
Desmodium gangeticum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
D.gangeticum
Binomial name
Desmodium gangeticum
ഓരില (Desmodium gangeticum)

ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം: Desmodium gangeticum). പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം[1]. ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നർത്ഥത്തിൽ സ്ഥിര എന്നും പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാൽ ക്രോഷ്ട്രുപുഛിക എന്നും വേരുകൾ ആഴത്തിൽ പോകുന്നതിനാൽ ധവനി എന്നും വരകളും പാടുകളും ഇലകളിൽ ഉള്ളതുകൊണ്ട് ചിത്രപർണ്ണീ എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങൾ ഭാവപ്രകാശത്തിൽ പറയുന്നുണ്ട്. വേരാണ്‌ പ്രധാന ഔഷധഗുണമുള്ള ഭാഗം[1].

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :മധുരം, തിക്തം

ഗുണം :ഗുരു, സ്നിഗ്ദം

വീര്യം :ഉഷ്ണം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, സമൂലം

 [2]


ഔഷധഗുണങ്ങൾ

[തിരുത്തുക]

ശരീരത്തിലെ വർദ്ധിച്ച വാതം,പിത്തം,കഫം എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു[1][3]. കൂടാതെ, ചുമ,ജ്വരം,ശ്വാസകോശരോഗങ്ങൾ, ഛർദ്ദി,അതിസാരം,വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു[3]. അഷ്ടാംഗഹൃദയത്തിൽ ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓരിലവേരും ചെന്നിനായകവും ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും[1]. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്[1]. ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ തേള്വിഷത്തിന്‌ ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ വിഷവൈദ്യസാരസമുച്ചയത്തിൽ രേഖപ്പെടുത്തിക്കാണുന്നു. രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌[1].

ഓരിലയുടെ ഒരില

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന് പുസ്തകത്തിൽ നിന്നും. താൾ 45,45. H&C Publishers, Thrissure.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. 3.0 3.1 ഓരിലയെക്കുറിച്ച് [പ്രവർത്തിക്കാത്ത കണ്ണി] ചില അടിസ്ഥാന വിവരണങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓരില&oldid=3627225" എന്ന താളിൽനിന്ന് ശേഖരിച്ചത്