ഓപ്പൺസ്റ്റാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പൺസ്റ്റാക്ക്
Stable release
ന്യൂട്ടൺ (2016.1.0)[1] / 10 ജൂൺ 2016; 7 വർഷങ്ങൾക്ക് മുമ്പ് (2016-06-10)
ഭാഷപൈത്തോൺ
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ്സ് പ്ലാറ്റ്ഫോം
തരംക്ലൗഡ് കമ്പ്യൂട്ടിങ്
അനുമതിപത്രംഅപ്പാച്ചേ ലൈസൻസ് 2.0
വെബ്‌സൈറ്റ്openstack.org

ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയായ ക്ലൗഡ് കമ്പ്യൂട്ടിങ്ങിങിനു വേണ്ടിയുള്ള പൂർണ്ണമായും സൗജന്യവും, തുറന്ന സോഴ്സ് കോഡുമുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് ഓപ്പൺസ്റ്റാക്ക്.[2] വിവിധ ഉപയോഗങ്ങൾക്കു വേണ്ടിയുള്ള നിരവധി ഘടകങ്ങൾ ഒന്നിച്ചു ചേർന്ന ഒരു പ്രൊജക്ടാണിത്. നെറ്റ്വർക്കിങ്, സ്റ്റോറേജ്, വെർച്വലൈസേഷൻ തുടങ്ങിയ വിവിധ സേവനങ്ങളെ ഒരുമിച്ചു ചേർത്ത് ഒരു കുടക്കീഴിൽ കൊണ്ടു വന്ന് ഉപയോഗിക്കാൻ ഓപ്പൺസ്റ്റാക്ക് അനുവദിക്കുന്നു. ഉപയോക്താക്കൾക്കായി വെബ് അധിഷ്ഠിത് കൺട്രോൾ പാനലും, കമ്മാൻഡ് ലൈൻ അടിസ്ഥാനമാക്കിയ കൺട്രോളും നിലവിലുണ്ട്. അപ്പാച്ചേ ലൈസൻസിനു കീഴിലാണ് ഓപ്പൺസ്റ്റാക്ക് പ്രവർത്തിക്കുന്നത്.

അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയും, ഇന്റർനെറ്റ് അധിഷ്ഠിത കമ്പനിയായ റാക്ക്സ്പേസും കൂടെ സംയുക്തമായി 2010 ൽ തുടങ്ങിയ പ്രൊജക്ടായിരുന്നു ഓപ്പൺസ്റ്റാക്ക്. നിലവിൽ ഓപ്പൺസ്റ്റാക്ക് ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഈ പ്രൊജക്ട് നിലനിർത്തിപ്പോരുന്നത്.[3] ഏതാണ്ട് 200ൽ അധികം കമ്പനികൾ ഓപ്പൺസ്റ്റാക്ക് കമ്മ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. റെഡ് ഹാറ്റ്, നെറ്റ്ആപ്പ്, എച്ച്.പി, ഐ.ബി.എം., ഇന്റൽ, സിസ്കോ, യാഹൂ, നെക്സന്റാ, ഒറാക്കിൾ, മിരാന്റിസ് എന്നിവ ഓപ്പൺസ്റ്റാക്ക് കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.[4]

ഓരോ ആറുമാസത്തെ ഇടവേളകളിലാണ് ഓപ്പൺസ്റ്റാക്കിന്റെ പുതിയ വെർഷനുകൾ പുറത്തിറങ്ങുന്നത്.[5] റിലീസിന്റെ ഓരോ ഘട്ടത്തിലും, കമ്യൂണിറ്റിയിൽ നിന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സംഘടന സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.[6] 2015 മെയ് മാസത്തിൽ റിലീസ് ചെയ്യുന്ന വെർഷനായ കിലോയിനു വേണ്ടിയുള്ള സമ്മിറ്റായിരുന്നു അവസാനമായി നടന്നത്, ഇത് 2014 നവംബറിൽ പാരീസിൽ വച്ചാണ് നടന്നത്.

ചരിത്രം[തിരുത്തുക]

2010 ൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയും, റാക്ക്സ്പേസ് എന്ന ഹോസ്റ്റിംഗ് കമ്പനിയും കൂടെ സംയുക്തമായാണ് ഓപ്പൺസ്റ്റാക്ക് എന്ന പ്രൊജക്ട് തുടങ്ങുന്നത്. സാധാരണ ഹാർഡ്വെയറുകളുടെ സഹായത്തോടെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം നൽകുന്ന കമ്പനികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. കമ്യൂണിറ്റിയുടെ ആദ്യ റിലീസിന്റെ പേര് ഓസ്റ്റിൻ എന്നതായിരുന്നു. കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റുകളും, പുതിയ റിലീസുകളും പുറത്തിറക്കാൻ കമ്മ്യൂണിറ്റി തീരുമാനിക്കുകയായിരുന്നു.

2011 ൽ കമ്യൂണിറ്റി ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഡെവലപ്പേഴ്സ്, ഓപ്പൺസ്റ്റാക്കിനെ അവരുടെ പുതിയ വെർഷനിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചു.[7] ഓപ്പൺസ്റ്റാക്കിന്റെ ബെക്സർ എന്ന വെർഷൻ ഉബുണ്ടു, അവരുടെ പുതിയ റിലീസായ 11.10 ന്റെ കൂടെ പുറത്തിറക്കി. ഉബുണ്ടു ഓപ്പൺസ്റ്റാക്കിന് പൂർണ്ണമായ സപ്പോർട്ട് നൽകുമെന്ന് അവരുടെ സ്പോൺസർ കമ്പനിയായ കനോനിക്കൽ പ്രഖ്യാപിച്ചു.[8]

ഡെബിയൻ അവരുടെ ഏഴാമത്തെ റിലീസായ വീസിയിൽ ഓപ്പൺസ്റ്റാക്കിന്റെ കാക്ടസ് വെർഷൻ കൂടി ഉൾപ്പെടുത്തി.[9] 2012 ൽ റെഡ്ഹാറ്റ് അവരുടെ ഓപ്പൺസ്റ്റാക്ക് ഡിസ്ട്രിബ്യൂഷൻ പ്രസിദ്ധപ്പെടുത്തി.[10] ജൂലൈ 2013 ലെ ഓപ്പൺസ്റ്റാക്കിന്റെ ഗ്രിസ്സി റിലീസോടെ, റെഡ്ഹാറ്റ് ഓപ്പൺസ്റ്റാക്കിന് പൂർണ്ണമായ കൊമേഴ്സ്യൽ സപ്പോർട്ടും പ്രഖ്യാപിച്ചു.[11]

ഘടകങ്ങൾ[തിരുത്തുക]

ഒരു മോഡുലാർ ആർകിടെക്ചറിലുള്ള സംവിധാനമാണ് ഓപ്പൺസ്റ്റാക്ക്. ഓരോ ഘടകങ്ങൾക്കു പ്രത്യേക കോഡുകൾ നൽകിയിരിക്കുന്നു.

നോവ[തിരുത്തുക]

ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഹൈപ്പർവൈസറുകളിൽ വിർച്വൽ മെഷീനുകളെ കൈകാര്യം ചെയ്യുന്ന ഘടമാണ് നോവ. ലഭ്യമായ റിസോഴ്സുകളെ വെച്ച് വിർച്വൽ മെഷീനുകളെ മാനേജു ചെയ്യാനായാണ് ഈ ഘടകം തയ്യാറാക്കിയിരിക്കുന്നു. വിപണിയിൽ ഇന്ന് നിലവിലുള്ള എല്ലാ ഹൈപ്പർവൈസറുകളുമായി ചേർന്ന് പ്രവർത്തിക്കാൻ നോവക്കു സാധിക്കുന്നു. ബെയർ മെറ്റൽ പ്രൊവിഷനിംഗും, ഹൈപെർഫോമൻസ് കമ്പ്യൂട്ടിങും നോവയിലൂടെ സാധ്യമാവുന്നു. കേണൽ ബേസ്ഡ് വെർച്ച്വൽ മെഷീൻസ് (കെ.വി.എം), വിഎംവേയർ, ഹൈപ്പർ-വി തുടങ്ങിയ എല്ലാ ഹൈപ്പർവൈസറുകളേയും മാനേജ് ചെയ്യാൻ പ്രാപ്തമാണ് നോവ.[12]

  • നോവ-എപിഐ നോവയിലെ ഉപഘടകമായ നോവ എപിഐ ആണ് ഓപ്പൺസ്റ്റാക്കിന് ഉപയോക്താവുമായുള്ള സമ്പർക്കം സാദ്ധ്യമാക്കുന്നത്. ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് നിർദ്ദേശങ്ങൾ ഷെഡ്യൂളറിനു കൈമാറുന്നതും, നിലവിലുള്ള സ്ഥിതി യൂസറെ അറിയിക്കുന്നതും എപിഐയുടെ ജോലിയാണ്. ഉപയോക്താവിന് അനുവദിക്കപ്പെട്ടിട്ടുള്ള റിസോഴ്സുകൾ പ്രദർശിപ്പിക്കുക, വിർച്വൽ മെഷീനുകൾ നിർമ്മിക്കുക, ഉപയോക്താവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അവയുടെ പ്രവർത്തനങ്ങൾ നടത്തുക, എന്നിവ നോവ എപിഎയുടെ ഉത്തരവാദിത്തമാണ്.
  • നോവ-ഷെഡ്യൂളർ നിലവിലുള്ള റിസോഴ്സ് ലഭ്യത അനുസരിച്ച് പുതിയതായി നിർമ്മിക്കപ്പെടുന്ന വിർച്വൽ മെഷീനുകൾ ഏത് ഹൈപ്പർവൈസറിലാണ് വേണ്ടതെന്നു തീരുമാനിക്കുന്ന നോവാ ഘടകമാണ് ഷെഡ്യൂളർ. ഒരു ഉപയോക്താവ് പുതിയ വിർച്വൽ മെഷീനായി ആവശ്യപ്പെടുമ്പോൾ, നോവാ-കംപ്യൂട്ട് സർവീസ് നോവാ-ഷെഡ്യൂളറിനോട് ലഭ്യമായ ഹൈപ്പർവൈസറിൽ അത് നിർമ്മിക്കാൻ നിർദ്ദേശിക്കുന്നു. അവയലബിലിറ്റി ഫിൽട്ടർ, റാം ഫിൽട്ടർ, കംപ്യൂട്ട് ഫിൽട്ടർ, ഹോസ്റ്റ് ഫിൽട്ടർ, ഡിഫറന്റ് ഹോസ്റ്റ് ഫിൽട്ടർ തുടങ്ങിയ നിരവധി ഫിൽട്ടറിംഗ് കണ്ടീഷനുകളെ ആധാരമാക്കിയാണ് ഷെഡ്യൂളർ പുതിയ വിർച്വൽ മെഷീൻ പ്രവർത്തിക്കാനുള്ള ഹൈപ്പർവൈസർ തിരഞ്ഞെടുക്കുന്നത്.[13]
  • നോവ-കംപ്യൂട്ട് വിർച്വൽമെഷീനുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഘടകമാണ് നോവാ കംപ്യൂട്ട്. വിർച്വൽ മെഷീനുകൾ, നിർമ്മിക്കാനും, നീക്കം ചെയ്യാനും, സോഫ്ട് റീബൂട്ട് ചെയ്യാനും എല്ലാമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത് നോവാ കംപ്യൂട്ട് സർവ്വീസ് എന്ന ഘടകമാണ്.

സിൻഡർ[തിരുത്തുക]

ബ്ലോക്ക് സ്റ്റോറേജ് മാനേജ്മെന്റിനുള്ള ഓപ്പൺസ്റ്റാക്ക് ഘടകമാണ് സിൻഡർ. ചിരസ്ഥായിയായി നിലനിൽക്കുന്ന സ്റ്റോറേജുകളെ വിർച്വൽ മെഷീനുകളുമായി ബന്ധിപ്പിക്കുക, സ്റ്റോറേജുകളിലെ വോള്യങ്ങൾ മാനേജു ചെയ്യുക എന്ന ജോലി നിർവഹിക്കുന്ന ഘടകമാണ് സിൻഡർ.

  • സിൻഡർ-എപിഐ ഉപയോക്താവിൽ നിന്നോ മറ്റു ഉറവിടങ്ങളിൽ നിന്നോ ലഭിക്കുന്ന എപിഎെ നിർദ്ദേശങ്ങളെ ഈ മൊഡ്യൂൾ സിൻ‍ഡർ-വോള്യം മൊഡ്യൂളിനു കൈമാറുന്നു.
  • സിൻഡർ-വോള്യം ബ്ലോക്ക് സ്റ്റോറേജുകളുമായി നേരിട്ട് ഇടപഴകുന്ന ഘടകമാണിത്. സിൻഡർ-എപിഐയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് വോള്യം നിർമ്മിക്കാനും, അതിന്റെ വലിപ്പം വർദ്ധിപ്പിക്കാനും, വിർച്വൽ മെഷീനിലേക്ക് ഒരു വോള്യത്തെ ഘടിപ്പിക്കാനും ഈ മൊഡ്യൂൾ സഹായിക്കുന്നു. ഇന്ന് നിലവിലുള്ള ഒട്ടു മിക്ക എല്ലാ സ്റ്റോറേജ് സേവനദാതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ സിൻഡറിനു സാധിക്കുന്നു.
  • സിൻഡർ-ഷെഡ്യൂളർ നോവ-ഷെഡ്യൂളറിനു സമാനമായ പ്രവർത്തനമാണ് സിൻഡർ ഷെഡ്യൂളറും ചെയ്യുന്നത്. ലഭ്യമായ സ്റ്റോറേജ് പൂളുകളിൽ നിന്നും ഉപയോക്താവിന് വോള്യം നൽകുക എന്നതാണ് സിൻഡർ-ഷെഡ്യൂളറിന്റെ കർത്തവ്യം.

ഹൊറൈസോൺ[തിരുത്തുക]

ഓപ്പൺസ്റ്റാക്കിന്റെ വെബ് അധിഷ്ഠിത ഡാഷ്ബോഡാണ് ഹൊറൈസോൺ. വെബ് കൺട്രോൾ പാനലായ ഹൊറൈസോൺ, ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ എപിഎെ വഴി ഓപ്പൺസ്റ്റാക്കിന്റെ ബന്ധപ്പെട്ട ഘടകങ്ങൾക്കു കൈമാറുന്നു. മറ്റു സോഫ്ട്വെയർ ദാതാക്കളുടെ ഉൽപ്പന്നങ്ങൾ ഹൊറെസോണുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഓപ്പൺസ്റ്റാക്ക് നൽകുന്നു. ഉദാഹരണത്തിന്, മോണിറ്ററിങ്, ബില്ലിങ് എന്നീ ആവശ്യങ്ങൾക്കായി, മറ്റു സോഫ്ടുവെയറുകൾ ഉപയോക്താക്കൾക്ക് ഓപ്പൺസ്റ്റാക്കിൽ ഉപയോഗിക്കാം. സേവനദാതാക്കൾക്ക് മാറ്റം വരുത്തി ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡാഷ്ബോ‍ഡാണിത്.[14] അപ്പാച്ചെ വെബ് സർവർ ഉപയോഗിച്ചാണ് ഹൊറൈസോൺ പ്രവർത്തിക്കുന്നത്.[15]

കീസ്റ്റോൺ[തിരുത്തുക]

ഉപയോക്താക്കൾക്ക് ഓപ്പൺസ്റ്റാക്കിലേക്ക് പ്രവേശനം സാധ്യമാക്കുന്നതും, അനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ ലഭ്യമാക്കുന്നതും കീസ്റ്റോണിലൂടെയാണ്. ഓപ്പൺസ്റ്റാക്കിലെ ഐഡൻഡിറ്റി സേവനമാണ് കീസ്റ്റോൺ. കീസ്റ്റോണിന്റെ പ്രധാന കർത്തവ്യങ്ങൾ താഴെ പറയുന്നതാണ്.

  1. ഉപയോക്താക്കളുടെ ഒരു വിവരസംഭരണി നിർമ്മിക്കുക, അതനുസരിച്ച് അവരുടെ ഉപയോക്തൃനാമം, രഹസ്യവാക്ക്, അവകാശങ്ങൾ എന്നിവ മെയിന്റെയിൻ ചെയ്യുക.
  2. ഉപയോക്താക്കളുടെ അവകാശങ്ങൾക്കനുസരിച്ച്, അവർക്ക് ഒരു സർവ്വീസ് കാറ്റലോഗ് ലഭ്യമാക്കുക, നിർദ്ദേശങ്ങൾക്കനുസരിച്ച് മറ്റു പ്രവർത്തികൾ ചെയ്യുക.

ഓപ്പൺസ്റ്റാക്ക് ഇൻസ്റ്റാളേഷൻ സമയത്ത് ഓരോ ഘടങ്ങളും കീസ്റ്റോണിൽ രജിസ്റ്റർ ചെയ്തിരിക്കണം. എല്ലാ ഘടകങ്ങളും പ്രവർത്തനക്ഷമമാണെന്നും, അവ നെറ്റ്വർക്കിൽ ലഭ്യമാണെന്നും ഉറപ്പു വരുത്തുന്നത് കീസ്റ്റോണാണ്.[16] മെസ്സേജിങ് സിസ്റ്റത്തിലൂടെയാണ് കീസ്റ്റോൺ ഇത് സാധ്യമാക്കുന്നത്.

ഗ്ലാൻസ്[തിരുത്തുക]

ഓപ്പൺസ്റ്റാക്കിലെ ഇമേജ് റെപ്പോസിറ്ററിയാണ് ഗ്ലാൻസ്. ഉപയോക്താക്കൾക്ക് ആവശ്യമാ വിർച്വൽ മെഷീൻ ഇമേജുകൾ എപിഐ നിർദ്ദേശങ്ങൾക്കനുസരിച്ച് ലഭ്യമാക്കുക എന്നതാണ് ഗ്ലാൻസിന്റെ കർത്തവ്യം. ഇമേജുകൾ സംഭരിച്ചിരിക്കുന്നത്, മിക്കവാറും, സ്റ്റോറേജുകളിലായിരിക്കുന്നതുകൊണ്ട്, ഗ്ലാൻസ് സിൻഡറുമായും, സ്വിഫ്ടുമായും ചേർന്നു പ്രവർത്തിക്കുന്നു.

  • ഗ്ലാൻസ്-എപിഐ ഉപയോക്താക്കളുടെ നിർദ്ദേശങ്ങളെ സ്വീകരിക്കുന്നതും, അത് ഗ്ലാൻസ് റെജിസ്ട്രിക്കു കൈമാറുന്നതും, ഗ്ലാൻസ്-എപിഐ ആണ്.
  • ഗ്ലാൻസ്-രെജിസ്ട്രി എപിഐ നിർദ്ദേശങ്ങളനുസരിച്ച് ഇമേജ് മെറ്റാഡാറ്റ, അതിന്റെ യഥാർത്ഥ ഉറവിടത്തിൽ നിന്നുമെടുത്ത് ഉപയോക്താവിനു കൈമാറുന്നു. ഇമേജിന്റെ വലിപ്പവും, ഏതു തരത്തിലുള്ള ഇമേജാണെന്നുള്ള വിവരവും മെറ്റാഡാറ്റയിൽ ഉൾക്കൊണ്ടിരിക്കും.[17]

ഹീറ്റ്[തിരുത്തുക]

ഓപ്പൺസ്റ്റാക്കിൽ ലഭ്യമായ ഓർക്കസ്ട്രേഷൻ സേവനഘടകമാണ് ഹീറ്റ്. ഒരു ടെംപ്ലേറ്റ് ഫയലിലൂടെ ഒരു ക്ലൗഡ് സർവ്വീസ് നിർമ്മിക്കാൻ സാധിക്കും എന്നതാണ് ഹീറ്റ് സർവ്വീസിന്റെ പ്രത്യേകത. വിർച്വൽ മെഷീൻ, സി.പി.യു, മെമ്മറി, ഫ്ലോട്ടിങ് ഐ.പി, ഫിക്സ‍ഡ് ഐ.പി, വോള്യം, സെക്യൂരിറ്റി ഗ്രൂപ്സ്, യൂസേഴ്സ് എന്നീ ഘടകങ്ങളെല്ലാം ഒരു ടെംപ്ലേറ്റ് ഫയലിൽ നിർവചിക്കുകയും, അതിനെ കമ്മാൻ‍ഡ് ലൈൻ വഴിയോ, വെബ് വഴിയോ ആക്ടിവേറ്റ് ചെയ്യുന്നതുമാണ് ഹീറ്റ് ചെയ്യുന്നത്.[18]

ന്യൂട്രോൺ[തിരുത്തുക]

ഓപ്പൺസ്റ്റാക്കിലെ നെറ്റ്വർക്കിങ് ഘടകമാണ് ന്യൂട്രോൺ. മുൻ റിലീസുകളിൽ ഈ ഘടകം ക്വോണ്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓപ്പൺസ്റ്റാക്ക് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്നതും, വിർച്വൽ മെഷീനാവശ്യമായ നെറ്റ്വർക്കിങ് സേവനം ഒരുക്കുന്നതും ന്യൂട്രോൺ ആണ്. വിർച്വൽ മെഷീനാവശ്യമായ ഐ.പി.അഡ്രസ്സുകൾ, വിർച്വൽ റൗട്ടറുകൾ, ഫ്ലോട്ടിങ് ഐ.പി എന്നിവ കൈകാര്യം ചെയ്യുന്നത് ന്യുട്രോണാണ്. ന്യൂട്രോൺ ഓപ്പൺസ്റ്റാക്കിലെ ഒരു സുപ്രധാന ഘടകമാണ്.

ഫയർവാൾ-അസ്-എ-സർവ്വീസ്, ലോഡ്ബാലൻസർ-അസ്-എ-സർവ്വീസ്, വിപിഎൻ-അസ്-എ-സർവ്വീസ് എന്നീ നെറ്റ്വർക്കിങ് സേവനങ്ങൾ ന്യൂട്രോണിന്റെ സഹായത്തോടെയാണ് സാധ്യമാവുന്നത്.[19]

സ്വിഫ്ട്[തിരുത്തുക]

ഓപ്പൺസ്റ്റാക്കിലെ ഒബ്ജക്ട് സ്റ്റോറേജിനു വേണ്ടിയുള്ള ഘടമാണ് സ്വിഫ്ട്. പൂർണ്ണമായും എപിഐ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഈ ഘടകത്തിന് വളരെ വലിയ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.[20]

അവലംബം[തിരുത്തുക]

  1. "ന്യൂട്ടൺ റിലീസ് നോട്ട്സ്". ഓപ്പൺസ്റ്റാക്ക് വിക്കി. Retrieved 2016-11-21.
  2. "ഓപ്പൺസ്റ്റാക്ക് സോഫ്ട്വെയർ". ഓപ്പൺസ്റ്റാക്ക് ഫൗണ്ടേഷൻ. Archived from the original on 2015-01-08. Retrieved 2015-01-18.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ഓപ്പൺസ്റ്റാക്ക് ലോഞ്ചസ് ആൻ ഇൻഡിപെൻഡന്റ് ഫൗണ്ടേഷൻ". ബിസിനസ്സ് വയർ. 2012-09-19. Archived from the original on 2015-01-08. Retrieved 2015-01-08.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കമ്പനീസ് സപ്പോർട്ടിങ് ഓപ്പൺസ്റ്റാക്ക് ഫൗണ്ടേഷൻ". ഓപ്പൺസ്റ്റാക്ക്. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "റിലീസ് സൈക്കിൾ". ഓപ്പൺസ്റ്റാക്ക് വിക്കി. Archived from the original on 2015-01-08. Retrieved 2015-01-08.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "ഡിസൈൻ സമ്മിറ്റ്". ഓപ്പൺസ്റ്റാക്ക് വിക്കി. Archived from the original on 2015-01-08. Retrieved 2015-01-08.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "കനോനിക്കൽ സ്വിച്ചസ് ടു ഓപ്പൺസ്റ്റാക്ക് ഫോർ ഉബുണ്ടു ക്ലൗഡ്". സെഡ്നെറ്റ്. 2011-05-10. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "കനോനിക്കൽ ബ്രിങ്സ് ഉബുണ്ടു ടു ദ ഓപ്പൺസ്റ്റാക്ക് ക്ലൗഡ്". സെഡ്നെറ്റ്. 2011-05-10. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "ഓപ്പൺസ്റ്റാക്ക് ഫോൾസം ഫുള്ളി അപ്ലോഡഡ് ടു എക്സ്പിരിമെന്റൽ". സീഗോ. 2013-09-24. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "റെഡ്ഹാറ്റ് അനൗൺസസ് പ്രിവ്യൂ വെർഷൻ ഓഫ് എന്റർപ്രൈസ് റെഡി ഓപ്പൺസ്റ്റാക്ക് ഡിസ്ട്രിബ്യൂഷൻ". ലോൺ. 2012-08-15. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "റെഡ്ഹാറ്റ് അനൗൺസസ് ഓപ്പൺസ്റ്റാക്ക് പവേഡ് പ്രൊഡക്ട് ഓഫറിംഗ് ടു ഡെലിവർ ഓൺ ഓപ്പൺ ഹൈബ്രിഡ് ക്ലൗഡ് വിഷൻ". റെഡ്ഹാറ്റ്. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  12. "ഓപ്പൺസ്റ്റാക്ക് ഹൈപ്പർവൈസർ സപ്പോർട്ട് മെട്രിക്സ്". ഓപ്പൺസ്റ്റാക്ക് - വിക്കി. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  13. "ഫിൽട്ടർ ഷെഡ്യൂളർ". ഓപ്പൺസ്റ്റാക്ക്-ഡോക്യുമെന്റേഷൻ. Archived from the original on 2015-01-09. Retrieved 2015-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  14. "ഓപ്പൺസ്റ്റാക്ക് ഹൊറൈസോൺ". ഓപ്പൺസ്റ്റാക്ക് വിക്കി. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  15. "ഹൊറൈസോൺ വിത്ത് അപ്പാച്ചേ". റെഡ്ഹാറ്റ് പോർട്ടൽ. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  16. "ഓപ്പൺസ്റ്റാക്ക് ഐഡന്റിറ്റി കൺസപ്റ്റ്സ്". ഓപ്പൺസ്റ്റാക്ക് - ഡോക്യുമെന്റേഷൻ. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  17. "ഓപ്പൺസ്റ്റാക്ക് ഗ്ലാൻസ്". ഓപ്പൺസ്റ്റാക്ക്-ഗ്ലാൻസ്. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  18. "ഹീറ്റ്". ഓപ്പൺസ്റ്റാക്ക് - ഡോക്യുമെന്റേഷൻ. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  19. "ഓപ്പൺസ്റ്റാക്ക് നെറ്റ്വർക്കിങ് കൺസപ്ട്സ്". ഓപ്പൺസ്റ്റാക്ക് ഡോക്യുമെന്റ്. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  20. "ഒബ്ജക്ട് സ്റ്റോറേജ്". ഓപ്പൺസ്റ്റാക്ക്. Archived from the original on 2015-01-10. Retrieved 2015-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഓപ്പൺസ്റ്റാക്ക്&oldid=3774491" എന്ന താളിൽനിന്ന് ശേഖരിച്ചത്