ഓക്സിലറി നഴ്‌സ് മിഡ്‌വൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓക്സിലറി നഴ്‌സ് മിഡ്‌വൈഫ് അല്ലെങ്കിൽ സാധാരണയായി എഎൻഎം എന്നറിയപ്പെടുന്ന നഴ്സുമാർ, ഇന്ത്യയിലെ ഒരു ഗ്രാമതല വനിതാ ആരോഗ്യ പ്രവർത്തകർ ആണ്. സമൂഹത്തെയും ആരോഗ്യ സേവനങ്ങളെയും ബന്ധിപ്പിക്കുന്ന ആദ്യ തലത്തിലുള്ള ആരോഗ്യ പ്രവർത്തകരായി അവർ അറിയപ്പെടുന്നു. കേരളത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് എന്നും ഇവർ അറിയപ്പെടുന്നു. [1] ഹെൽത്ത് ഓർഗനൈസേഷൻ പിരമിഡിലെ ഗ്രാസ് റൂട്ട് വർക്കർമാരായാണ് എഎൻഎംമാരെ കണക്കാക്കുന്നത്. ഗ്രാമീണ സമൂഹങ്ങൾക്ക് സുരക്ഷിതവും ഫലപ്രദവുമായ പരിചരണം നൽകുന്നതിന് അവരുടെ സേവനങ്ങൾ പ്രധാനമായി കണക്കാക്കപ്പെടുന്നു. ദേശീയ ആരോഗ്യ പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇവർ കമ്മ്യൂണിറ്റികളെ സഹായിച്ചേക്കാം. [1] [2] [3]

പശ്ചാത്തലം[തിരുത്തുക]

1966-ൽ മുഖർജി കമ്മിറ്റി ലക്ഷ്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഒരു സംവിധാനം നിർദേശിക്കുകയും ആരോഗ്യ പരിപാടികൾ ജനകീയമാക്കുന്നതിനുള്ള ഏജന്റുമാരായി എഎൻഎംമാരെയും മറ്റ് ഗ്രാമതല തൊഴിലാളികളെയും തിരിച്ചറിയുകയും ചെയ്തു. 1950 കളിലും 1960 കളിലും, എഎൻഎം മാരുടെ പരിശീലനം പ്രധാനമായും മിഡ്‌വൈഫറി, അമ്മയുടെയും കുട്ടികളുടെയും ആരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

1973-ൽ, ഇന്ത്യാ ഗവൺമെന്റിന്റെ കർത്താർ സിംഗ് കമ്മിറ്റി ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും എഎൻഎം മാരുടെ റോളിൽ മാറ്റം വരുത്തുകയും ചെയ്തു. [1] 10,000-12,000 പേർക്ക് 1 എഎൻഎം ഉണ്ടായിരിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. [4]

1975-ൽ ശ്രീവാസ്തവ കമ്മിറ്റി എഎൻഎമ്മിന്റെ റോൾ വിപുലീകരിക്കാൻ ശുപാർശ ചെയ്തു. ശുപാർശ ചെയ്യപ്പെട്ട വിപുലീകരണത്തിൽ ഒരു മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ എന്ന നിലയിൽ എഎൻഎമ്മിന്റെ പങ്ക് ഉൾപ്പെടുന്നു. പ്രസവ ശുശ്രൂഷയ്‌ക്കൊപ്പം, കുട്ടികളുടെ ആരോഗ്യവും (പ്രതിരോധ കുത്തിവയ്പ്പ്), ഗ്രാമീണരുടെ പ്രാഥമിക രോഗചികിത്സാ പരിചരണവും എഎൻഎമ്മിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ (INC) കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് 1977-ൽ ഇവ സിലബസിൽ ഉൾപ്പെടുത്തി. ഈ തീരുമാനം എഎൻഎമ്മിന്റെ പരിശീലന കാലയളവ് 24 മാസത്തിൽ നിന്ന് 18 മാസമായി കുറച്ചു. [1]

1986-ൽ ദേശീയ വിദ്യാഭ്യാസ നയം എഎൻഎം പ്രോഗ്രാമിന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദവി നൽകി. ഈ തീരുമാനത്തെത്തുടർന്ന്, INC അതിന്റെ നയം വീണ്ടും അവലോകനം ചെയ്യുകയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എഎൻഎം കോഴ്‌സ് +2 ലെവലിൽ (പത്താം ക്ലാസ്/ഹയർ സെക്കൻഡറി തലത്തിന് ശേഷം) തൊഴിലധിഷ്ഠിതമാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിൽ എഎൻഎം കോഴ്‌സ് ഒരു തൊഴിലധിഷ്ഠിത കോഴ്‌സാക്കിയത്. [1] INC യുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു എഎൻഎം കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസും പരമാവധി പ്രായപരിധി 35 വയസും ആയിരിക്കണം. [5]

2005-ൽ, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) ആരംഭിച്ചു, ഇത് ഗ്രാമങ്ങളിൽ പ്രാഥമിക ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരോഗ്യ സേവനങ്ങളും സമൂഹവും തമ്മിലുള്ള ഒരു കണ്ണി എന്ന നിലയിൽ എഎൻഎം ന്റെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്തു. [1]

എഎൻഎമ്മിന്റെ പങ്ക്[തിരുത്തുക]

ആരോഗ്യ ഉപകേന്ദ്രങ്ങളിലാണ് എഎൻഎമ്മുകൾ പ്രവർത്തിക്കുന്നത്. സമൂഹത്തിന് പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകുന്ന ഒരു ചെറിയ ഗ്രാമതല സ്ഥാപനമാണ് ഉപകേന്ദ്രം. പ്രൈമറി ഹെൽത്ത് സെന്ററിന്റെ (പിഎച്ച്സി) കീഴിലാണ് ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. ഓരോ പിഎച്ച്‌സിയിലും സാധാരണയായി ആറോളം ഉപകേന്ദ്രങ്ങളുണ്ട്. 2005-ൽ എൻആർഎച്ച്എം ആരംഭിക്കുന്നതിന് മുമ്പ് ഒരു സബ്സെന്ററിന് ഒരു എഎൻഎം എന്ന നിലയിലായിരുന്നു. ഒരു ഗ്രാമത്തിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു എഎൻഎം പര്യാപ്തമല്ലെന്ന് പിന്നീട് കണ്ടെത്തി. 2005-ൽ NRHM ഓരോ ഉപകേന്ദ്രത്തിനും രണ്ട് എഎൻഎം-മാരെ (ഒരു സ്ഥിരവും ഒരു കരാറും) അനുവദിച്ചു. ഉത്തരവാദിത്തം വർധിപ്പിക്കാൻ പ്രാദേശിക വില്ലേജിൽ നിന്നാണ് സാധാരണയായി എഎൻഎമ്മിനെ തിരഞ്ഞെടുക്കുന്നത്.

2010-ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ അനുസരിച്ച്, ഇന്ത്യയിൽ 147,069 ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അത് 2014 മാർച്ചിൽ 152,326 ആയി ഉയർത്തി. സമീപകാല മാനദണ്ഡങ്ങൾ അനുസരിച്ച്, 5,000 ജനസംഖ്യയ്ക്ക് ഒരു ഉപകേന്ദ്രം ഉണ്ടായിരിക്കണം, അതേസമയം ആദിവാസി, മലയോര മേഖലയിലെ ഓരോ ഉപകേന്ദ്രത്തിനും അനുവദിച്ചിരിക്കുന്നത് 3,000 ജനസംഖ്യയാണ്.[1][6][7][8]

NRHM-ന് കീഴിൽ, ഓരോ ഉപകേന്ദ്രത്തിനും ചെലവിനായി 10,000 രൂപ അൺടൈഡ് ഫണ്ട് ലഭിക്കും. അത്തരം ഫണ്ടുകൾ ലഭിക്കുന്നതിന് എഎൻഎമ്മിന് ഗ്രാമത്തിലെ സർപഞ്ചുമായി (തലവൻ) ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ട്. സബ്‌സെന്ററിലേയ്‌ക്ക് ആവശ്യമായ രക്തസമ്മർദ്ദ ഉപകരണങ്ങൾ, തൂക്ക യന്ത്രം, തുലാസുകൾ, ശുചീകരണം എന്നിവയ്‌ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് എഎൻഎം കൾ അൺടൈഡ് ഫണ്ട് ഉപയോഗിക്കുന്നു. NRHM വഴി അൺടൈഡ് ഫണ്ട് അനുവദിച്ചതിനുശേഷം സബ് സെന്റർ തലത്തിൽ ഡെലിവറി നിരക്ക് വർദ്ധിപ്പിച്ചു. [1]

എഎൻഎമ്മുകൾ വിവിധോദ്ദേശ്യ ആരോഗ്യ പ്രവർത്തകരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബാസൂത്രണ സേവനങ്ങൾക്കൊപ്പം മാതൃ-ശിശു ആരോഗ്യം, ആരോഗ്യ-പോഷകാഹാര വിദ്യാഭ്യാസം, പരിസ്ഥിതി ശുചിത്വം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ, സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പ്, ചെറിയ പരിക്കുകൾക്കുള്ള ചികിത്സ, അടിയന്തര ഘട്ടങ്ങളിലും ദുരന്തങ്ങളിലും പ്രഥമശുശ്രൂഷ എന്നിവ എഎൻഎം-മായി ബന്ധപ്പെട്ട ജോലികളിൽ ഉൾപ്പെടുന്നു. [1]

മലയോര, ആദിവാസി മേഖലകൾ പോലുള്ള വിദൂര പ്രദേശങ്ങളിൽ, ഗതാഗത സൗകര്യം കുറവായിരിക്കാൻ സാധ്യതയുള്ളതിനാൽ, സ്ത്രീകൾക്ക് ഹോം ഡെലിവറി നടത്താൻ എഎൻഎമ്മുകൾ ആവശ്യമാണ്. [7]

ആഷയുമായുള്ള ബന്ധം[തിരുത്തുക]

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) ഒരു കമ്മ്യൂണിറ്റി ഹെൽത്ത് വർക്കറാണ്. ഉപകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ആശ്രയിച്ച്, ഓരോ എഎൻഎമ്മിനും നാലോ അഞ്ചോ ആശമാരുടെ പിന്തുണയുണ്ട്. കഴിഞ്ഞ ആഴ്‌ചയിലോ രണ്ടാഴ്‌ചയിലോ ചെയ്‌ത ജോലികൾ അവലോകനം ചെയ്യാൻ എഎൻഎംമാർ ആശാമാരുമായി ആഴ്‌ചയിലോ രണ്ടാഴ്‌ചയിലോ കൂടിക്കാഴ്ച നടത്തണം. ആരോഗ്യ പരിപാലനത്തിന്റെ വശങ്ങളിൽ എഎൻഎംമാർ ആശമാരെ നയിക്കുന്നു.

അംഗൻവാടി വർക്കറുടെ (AWW) കൂടെ, എഎൻഎം ആശമാരുടെ പരിശീലനത്തിനുള്ള റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുന്നു. സ്ഥാപനത്തിലേക്ക് ഗുണഭോക്താക്കളെ കൊണ്ടുവരാൻ എഎൻഎം ആശമാരെ പ്രേരിപ്പിക്കുന്നു. ആശമാർ ഗർഭിണികളെ പരിശോധനകൾക്കായി എഎൻഎമ്മിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള കൗൺസിലിംഗിനായി അവർ വിവാഹിതരായ ദമ്പതികളെ എഎൻഎമ്മിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. എഎൻഎം നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലേക്ക് ആശ കുട്ടികളെ കൊണ്ടുവരുന്നു. എഎൻഎമ്മിനും ഗ്രാമത്തിനും ഇടയിലുള്ള പാലമായി ആശ പ്രവർത്തിക്കുന്നു. [1][7]

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 "Tnai Journal". Tnaionline.org. 2007-04-20. Archived from the original on 2016-03-04. Retrieved 2016-01-07.
  2. Mavalankar, D.; Vora, K.; Prakasamma, M. (2008). "Achieving Millennium Development Goal 5: Is India serious?". Bulletin of the World Health Organization. 86 (4): 243–243A. PMC 2647422. PMID 18438507.
  3. "An Auxiliary Nurse-Midwife in India Sets an Example for Family Planning". Jhpiego. Archived from the original on 2016-02-15. Retrieved 2016-01-07.
  4. S.L. Goel (1 January 2008). Rural Health Education. Deep & Deep Publications. pp. 9–. ISBN 978-81-8450-115-5.
  5. "Indian Nursing Council, Official Indian nursing council website, Government India, Establish Uniforms Standards, Training Nurses, Midwives, Health Visitors". Indiannursingcouncil.org. Archived from the original on 2019-10-22. Retrieved 2016-01-07.
  6. "Rural Health Care System in India" (PDF). National Health Mission. Retrieved 6 March 2021.
  7. 7.0 7.1 7.2 "Indian Public Health Standards (IPHS) Guidelines for Sub-Centres" (PDF). Government of India. Archived from the original (PDF) on 4 March 2016. Retrieved 7 January 2016.
  8. "HEALTH INFRASTRUCTURE IN RURAL INDIA" (PDF). IIT, Kanpur. Archived from the original (PDF) on 4 March 2016. Retrieved 7 January 2016.

Hilda Elizabeth Lehman (1988). Auxiliary Nurse Midwife/female Health Worker Students in India: Self-efficacy in Role Function Relative to Child Survival and Beliefs about Grassroot Development. Teachers College, Columbia University.