ഓക്കമിന്റെ കത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സന്യാസിയുമായിരുന്ന ഓക്കമിലെ വില്യം

പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സന്യാസിയുമായിരുന്ന ഓക്കമിലെ വില്യമിന്റെ പേരിൽ അറിയപ്പെടുന്ന ഒരു തത്ത്വമാണ് ഓക്കമിന്റെ കത്തി (Occam's Razor). ഏതു പ്രതിഭാസത്തിന്റേയും വിശദീകരണം, സാധ്യമായതിൽ ഏറ്റവും കുറച്ച് സങ്കല്പങ്ങളെ ആശ്രയിച്ചുവേണമെന്നും, പ്രതിഭാസത്തിന്റെ വിശദീകരണമായ സിദ്ധാന്തത്തിന്റെ നിരീക്ഷിക്കാവുന്ന പ്രവചനങ്ങളെ ബാധിക്കാത്ത സങ്കല്പങ്ങളെ തള്ളിക്കളയണമെന്നുമാണ് ഈ തത്ത്വം. 'മിതവ്യയനിയമം' (Law of Parsimony), 'മിതഭാഷിത്വനിയമം' (Law of succinctness) എന്നൊക്കെ അറിയപ്പെടുന്ന ഈ തത്ത്വത്തിന്റെ ഒരു ഭാഷ്യം "ഘടകങ്ങളെ അനാവശ്യമായി പെരുപ്പിക്കരുത്" എന്നാണ്. ഇതിന്റെ മറ്റൊരു രൂപം "ആവശ്യമില്ലാതെ ബഹുത്വം ഉണ്ടാക്കിയെടുക്കരുത്" എന്നും.

ചരിത്രം[തിരുത്തുക]

ക്രി.വ.1285-നും 1349-നും ഇടക്ക് ജീവിച്ചിരുന്ന ഓക്കമിലെ വില്യം എണ്ണപ്പെട്ട നാമവാദചിന്തകന്മാരിൽ(Nominalists) ഒരാളായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിപുലമായ പ്രശസ്തിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്. ഇവിടെ 'കത്തി' എന്നതുകൊണ്ട്, ഏറ്റവും ലളിതമായ വിശദീകരണത്തിലെത്തിച്ചേരുവോളം അനാവശ്യസങ്കല്പങ്ങളെ വെട്ടിമാറ്റുന്ന മാനസികപ്രക്രിയയാണ് സൂചിതമാകുന്നത്. ഈ സിദ്ധാന്തത്തിന്റെ ആശയം ഓക്കമിലെ വില്യമിന്റെ ചിന്തയുടെ പൊതുപ്രവണതക്കനുസരിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിലൊന്നിലും ഇത് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നില്ല. ഈ സിദ്ധാന്തത്തിന്റെ പ്രശസ്തമായ ഭാഷ്യങ്ങളിലൊന്നായ "ഘടകങ്ങളെ ആവശ്യമില്ലാതെ പെരുപ്പിക്കരുത്" എന്ന വാക്യം ഓക്കമിന്റേതല്ലെങ്കിലും അതിന് സമാനമെന്നു പറയാവുന്ന ഒരു പ്രസ്താവന അദ്ദേഹത്തിന്റേതായുണ്ട്. "കുറച്ചു സാമിഗ്രികളുപയോഗിച്ച് ചെയ്യാവുന്നതിന് ഏറെ സാമിഗ്രികൾ ഉപയോഗിക്കുന്നത് വ്യർഥതയാണ്" എന്നാണ് ആ പ്രസ്താവന. [1]

ഈ സിദ്ധാന്തത്തിന്റെ ആരംഭം തേടിയാൽ മുൻകാല ചിന്തകന്മാരായ അൽഹസ്സൻ(965-1039) മൈമോനിഡിസ്(1138-1204) ജോൺ ഡൺസ് സ്കോട്ടസ് (1265-1308), തോമസ് അക്വിനാസ്(1225-1275) എന്നിവരെക്കടന്ന് അരിസ്റ്റോട്ടിൽ വരെയെത്തും. ഓക്കമിന്റെ കത്തി എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഓക്കമിന്റെ മരണം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം 1852-ൽ സർ ജോൺ ഹാമിൽട്ടൺ-ന്റെ ഒരു കൃതിയിലാണ്. ഓക്കമല്ല ഈ കത്തി കണ്ടെത്തിയത്. ഇതിനെ അദ്ദേഹവുമായി ബന്ധപ്പെടുത്തിയത് ഈ നിയമത്തെ അദ്ദേഹം വ്യാപകമായി ഉപയോഗിച്ചു എന്നതായിരിക്കണം. ഓക്കം ഈ തത്ത്വത്തെ പല രീതിയിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും പ്രശസ്തമായ രൂപം അദ്ദേഹമല്ല കോർക്കിലെ ജോൺ പൊൻസ് ആണ് എഴുതിയത്.

വിലയിരുത്തൽ[തിരുത്തുക]

ഈ തത്ത്വത്തിന്റെ സാധാരണ നടപ്പുള്ള ഒരു വ്യാഖ്യാനം, "സാഹചര്യങ്ങൾ തുല്യമായിരിക്കുമ്പോൾ, ഏതുപ്രശ്നത്തിന്റേയും ഏറ്റവും ലളിതമായ ഉത്തരമായിരിക്കും കൂടുതൽ ശരി" എന്നാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, "പരസ്പരം മത്സരിക്കുന്ന ഒന്നിലേറെ സിദ്ധാന്തങ്ങളുള്ളപ്പോൾ, മറ്റു കാര്യങ്ങൾ ഒരുപോലെയാണെങ്കിൽ, ഏറ്റവും കുറച്ച് സങ്കല്പങ്ങൾ ഉൾക്കൊള്ളുന്നതും ഏറ്റവും കുറച്ച് ഘടകങ്ങളെ അവതരിപ്പിക്കുന്നതുമായ സിദ്ധാന്തമാണ് സ്വീകരിക്കേണ്ടത്. ഇതനുസരിച്ച്, മിതത്വം, ഒതുക്കം, ലാളിത്യം എന്നിവ ഉപദേശിക്കുന്നതും മുഖ്യമായും ശാസ്ത്രസിദ്ധാന്തങ്ങൾക്കു ബാധകവുമായ സാമാന്യബുദ്ധിയുടെ നിയമങ്ങളിലൊന്നാണ്(Heuristic maxim) ഓക്കമിന്റെ കത്തി.

ഈ വ്യാഖ്യാനത്തെ പിന്തുടർന്നാണ് ഇത് ഇന്ന് സാധാരണ മനസ്സിലാക്കപ്പെട്ടുപോരുന്നതെങ്കിലും ലാളിത്യത്തെ പ്രസക്തിക്ക് പകരമായി കണക്കാക്കുന്നെങ്കിൽ ഈ വ്യാഖ്യാനം തെറ്റായിരിക്കും. ഏതെങ്കിലും പ്രതിഭാസത്തിനുള്ള വിശദീകരണത്തിന്റെ ലാളിത്യത്തേയോ സങ്കീർണ്ണതയേയോ കുറിച്ചല്ല ഓക്കമിന്റെ കത്തിയുടെ വ്യഗ്രത. ബാഹ്യദർശനത്തിൽ ലളിതമെന്നു തോന്നിക്കുന്ന ഒരു പ്രതിഭാസത്തിനുപിന്നിലുള്ള പ്രക്രിയ സങ്കീർണ്ണത നിറഞ്ഞതായിരിക്കാം. പ്രതിഭാസത്തിന്റെ അവശ്യവും പ്രസക്തവുമായ എല്ലാ വശങ്ങളേയും പ്രതിഫലിപ്പിക്കാത്ത ലളിത വിശദീകരണം ശുദ്ധഗതി മാത്രമായിരിക്കും. വിശദീകരണത്തെ പ്രതിഭാസവുമായി ബന്ധമില്ലാത്ത ഘടകങ്ങളിൽ നിന്ന് മുക്തമാക്കുകയെന്നതാണ് ഓക്കമിന്റെ കത്തിയുടെ ധർമ്മം. ബർട്രാൻഡ് റസ്സലിന്റെ അഭിപ്രായത്തിൽ, ഒരു പ്രതിഭാസത്തിന്റെ ശാസ്ത്രീയവിശദീകരണം സാങ്കല്പികമായ ഏതെങ്കിലുമൊരു ഘടകത്തെ ആശ്രയിച്ചല്ലാതെ സാധ്യമാണെങ്കിൽ ആ ഘടകത്തെ പരിഗണനയിലെടുക്കുന്നതിന് ഒരു ന്യായീകരണവുമില്ല എന്നാണ് ഓക്കമിന്റെ കത്തിയുടെ അർത്ഥം. യുക്തിചിന്താസംബന്ധിയായ വിശകലനങ്ങളിൽ ഓക്കമിന്റെ കത്തി അങ്ങേയറ്റം ഉപകാരപ്രദമായ ഒരു തത്ത്വമായി തനിക്കനുഭവപ്പെട്ടിട്ടുണ്ടെന്നും റസ്സൽ പറയുന്നു.[1]

നുറുങ്ങുകൾ[തിരുത്തുക]

ഉംബർട്ടോ എക്കോയുടെ റോസിന്റെ പേര് എന്ന നോവലിലെ കുറ്റാന്വേഷകൻ ബാസ്കർവില്ലയിലെ വില്യം എന്ന ഫ്രാൻസിസ്കൻ സന്യാസി, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടൻ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അപ്രസക്തമായ കാര്യങ്ങളുടെ പരിഗണന അന്വേഷണത്തെ വഴിതെറ്റിക്കാതിരിക്കാൻ, ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലിൽ കാണാം. തന്റെ ശിഷ്യനും അന്വേഷണത്തിലെ സഹായിയുമായിരുന്ന മെൽക്കിലെ അഡ്സോയോട് വില്യം ഇങ്ങനെ പറയുന്നു: "പ്രിയപ്പെട്ട അഡ്സോ, തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലല്ലാതെ, വിശദീകരണങ്ങളേയോ കാരണങ്ങളേയോ പെരുപ്പിക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്."[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 ബെർട്രാൻഡ് റസ്സൽ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472
  2. Umberto Eco - The Name of the Rose(Vespers എന്ന ഭാഗം) പുറം 91 - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ഓക്കമിന്റെ_കത്തി&oldid=3236676" എന്ന താളിൽനിന്ന് ശേഖരിച്ചത്