ഒർജിത്‌ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒർജിത്‌ സെൻ
ഒർജിത്‌ സെൻ
ഒറിജിത് സെൻ, ഒക്ടോബർ 2015
ജനനം
ഒർജിത്‌ സെൻ
തൊഴിൽഗ്രാഫിക് ആർടിസ്റ്റ്, ഡിസൈനർ

ഭാരതീയനായ ഗ്രാഫിക് ആർടിസ്റ്റും ഡിസൈനറുമാണ് ഒർജിത്‌ സെൻ(ജനനം ː1963). 1994 ൽ കൽപ്പവൃക്ഷ് പ്രസിദ്ധീകരിച്ച[1]'റിവർ ഓഫ് സ്റ്റോറീസ്' ഇന്ത്യയിലെ ആദ്യ ഗ്രാഫിക് നോവലായി പരിഗണിക്കപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

1963 ൽ കൊൽക്കത്തയിൽ ജനിച്ചു. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിച്ചു. നർമ്മദ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. കൽപ്പവൃക്ഷ് എന്ന സന്നദ്ധ സംഘടനയുടെ ധന സഹായത്തോടെ 'റിവർ ഓഫ് സ്റ്റോറീസ്' എന്ന ഗ്രാഫിക് നോവൽ പ്രസിദ്ധീകരിച്ചു. കലാകാരന്മാർക്കും ഡിസൈനർമാർക്കുമായി പീപ്പിൾ ട്രീ എന്ന സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോ സ്ഥാപിച്ചു പ്രവർത്തിക്കുന്നു. ഗോവ സർവകലാശാലയിലെ മരിയാ മിരാൻഡോ ചെയർ വിസിറ്റിംഗ് പ്രൊഫസറാണ്. [2] 'ഡിസപ്പിയറിംഗ് ടൈഗർ'[3] എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ ടീ ഷർട്ട് വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ നടന്ന ഫേബ്രിക് ഓഫ് ഇന്ത്യ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.[4]

ജന നാട്യ മഞ്ചും (ജനം) പാലസ്തീനിലെ ഫ്രീഡം തീയറ്ററും സഹകരിച്ചുള്ള ഇന്ത്യ - പാലസ്തീൻ തീയറ്റർ സംരംഭം ഫ്രീഡം ജാഥയ്ക്കു വേണ്ടി നിരവധി കലാരൂപങ്ങളുണ്ടാക്കി. 1992 മുതൽ ജന നാട്യ മഞ്ചുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സെൻ നിരവധി ജന നാട്യമഞ്ച് നാടകങ്ങൾക്കു വേണ്ടി പോസ്റ്ററുകളും ബ്രോഷറുകളും തയ്യാറാക്കിയിട്ടുണ്ട്. ജന നാട്യ മഞ്ചിന്റെ ലോഗോയും ഇദ്ദേഹം തയ്യാറാക്കിയതാണ്.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2016 ലെ ഒർജിത്‌ സെന്നിന്റെ ഗോ പ്ലെയിസസ് 2016 എന്ന മിശ്ര മാധ്യമ പ്രതിഷ്ഠാപനം കാണുന്നവർ

ബിനാലെയുടെ പ്രധാന വേദിയായ ആസ്‌പിൻവാൾ ഹൗസിൽ ഒർജിത്‌ സെന്നിന്റെ 'ഗോ പ്ലെയിസസ്' എന്ന മിശ്ര മാധ്യമ പ്രതിഷ്ഠാപനം അവതരിപ്പിച്ചിരുന്നു. തനതു മാതൃകയിൽ നിലനിൽക്കുന്ന രാജ്യത്തെ മൂന്ന്‌ ചന്തകളുടെ സംവദിക്കുന്ന ഭൂപടമാണിത്. ഗോവയിലെ മാപുസ മാർക്കറ്റ്‌, പഞ്ചാബിലെ ഗ്രാന്റ്‌ ട്രങ്ക്‌ റോഡിലെ മാർക്കറ്റ്‌, ഹൈദരാബാദിലെ പഴയ നഗരം എന്നിവയുടെ ഭൂപടങ്ങളാണ് ഈ പ്രതിഷ്ഠാപനത്തിന്റെ കേന്ദ്രം. പല തരത്തിൽ കാഴ്ചക്കാരുമായി ഭുപടം സംവദിക്കുന്നുണ്ട്. പ്രതിഷ്ഠാപനം കാണാനായി എത്തുന്നവർക്ക് അഞ്ച് ചോദ്യങ്ങളടങ്ങുന്ന ഓരോ കാർഡുകൾ വോളന്റിയർ നൽകും കാർഡിലെ വിവരങ്ങൾ ഭൂപടത്തിലെ വിവരങ്ങളുമായി പൊരുത്തപെടുന്നയിടം കണ്ടെത്താൻ ശ്രമിക്കുകയാണ് കാഴ്ചക്കാരൻ.[5]

മാപുസ മാർക്കറ്റിന്റെ പ്രത്യേകതകളെല്ലാം സമന്വയിപ്പിച്ച്‌ തയ്യാറാക്കിയ ഭൂപടത്തിൽ ചില ഭാഗങ്ങൾ, ഒരു ജിഗ്സാ പസിലിലെന്നപോലെ എടുത്തു മാറ്റിയിട്ടുണ്ട്‌. അതിന്റെ യഥാർത്ഥ ഭാഗം ചേരും പടി ചേർക്കുന്നതു പോലെ ചേർക്കണം. ഇത്തരത്തിൽ മറ്റ്‌ രണ്ട്‌ മാർക്കറ്റുകളിലും വ്യത്യസ്‌തങ്ങളായ സംവാദം കാഴ്‌ചക്കാരുമായി ഒർജിത്‌ ഒരുക്കിയിരിക്കുന്നു. നിർബന്ധിതമായി വരച്ചു ചേർക്കപ്പെട്ട അതിർത്തികൾ കാരണം നൂറ്റാണ്ടുകളായി തുടർന്നു പോന്നിരുന്ന സാംസ്‌കാരിക മുന്നേറ്റം ഇല്ലാതാക്കിയെന്നാണ് ഓർജിത്‌ സെന്നിന്റെ അഭിപ്രായം. ഗ്രാന്റ്‌ ട്രങ്ക്‌ റോഡിന്റെ ഇരുവശങ്ങളിലുമുള്ളയാളുകളുടെ സ്വത്വം വിഭജനത്തോടെ വ്യത്യസ്‌തമായതായി അദ്ദേഹം നിരീക്ഷിക്കുന്നു. ഇവിടെ നിലനിന്നിരുന്ന അലങ്കാര തൊങ്ങലുകൾ പിടിപ്പിച്ച സിഖ്‌ തലപ്പാവ്‌ ഉണ്ടാക്കുന്ന ഒരു മുസ്ലീം സമൂഹം, വിഭജനത്തിനു ശേഷം ഇല്ലാതായി. ഇന്ന്‌ പഞ്ചാബിൽ കാണുന്ന ഒറ്റ നിറമുള്ള തലപ്പാവിൽ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നു ഈ തലപ്പാവുകൾ. ഭരണകൂടത്തിന്റെ ഇടപെടൽ മൂലം ഇത്തരത്തിൽ ചരിത്രത്തിന്റെ മായ്‌ചു കളയലുകൾ നടന്നിട്ടുണ്ടെന്ന്‌ 'ഗോ പ്ലെയിസസ്' എന്ന സൃഷ്ടി ഓർമ്മിപ്പിക്കുന്നു. ജി.ടി. റോഡിന്റെ അരികിലാണ്‌ സ്ഥിതി ചെയ്‌തിരുന്ന മലർകോട്‌ല എന്ന സ്ഥലത്തെ ചെറിയ മുസ്ലീം സമൂഹത്തെ വിഭജനത്തിന്റെ ഘട്ടത്തിൽ സംരക്ഷിച്ചത്‌ ഹിന്ദുക്കളും സിഖുകാരും ചേർന്നാണ്‌. ചരിത്രപുസ്‌തകങ്ങളില്ലാത്ത ഈ സംഭവത്തെ സെൻ തന്റെ കലാസൃഷ്ടിയിലൂടെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു.[6]

ഗോവയുടെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന മാപുസ മാർക്കറ്റിലെ ദല്ലാളുകൾ, കൗതുക വസ്‌തുക്കച്ചവടക്കാർ, മീൻ വിൽപനക്കാർ എന്നിവരെ തന്മയത്വത്തോടെ ഈ സൃഷ്ടിയിൽ വരച്ചു ചേർത്തിട്ടുണ്ട്. ഗോവയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പരിഛേദമായ ഈ മാർക്കറ്റ്‌ ഇടിച്ചു പൊളിച്ച്‌ ആധുനിക രീതിയിലുള്ള മാർക്കറ്റ്‌ നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നു. ഷോപ്പിംഗ്‌ മാൾ സംസ്‌കാരത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ മാർക്കറ്റിന്റെ ഇല്ലാതാവലിലൂടെ ഇന്ന്‌ നിലനിൽക്കുന്ന സുസ്ഥിര വികസനം ഇല്ലാതാകുമെന്ന് ഈ പ്രതിഷ്ഠാപനം പറയുന്നു. മാപ്പിംഗ് മാപ്പുസ മാർക്കററ് എന്ന പേരിൽ നേരത്തെ സെൻ നടത്തിയ കലാവിഷ്കാരങ്ങളുടെ തുടർച്ചയാണിത്.[7]

അവലംബം[തിരുത്തുക]

  1. "Books Out Of Print Environment and Development". Kalpavriksh. Retrieved 12 October 2015.
  2. "Visiting Research Professors Programme, Goa University". Retrieved 12 October 2015.
  3. "The Disappearing Tiger at The Fabric of India exhibition at the Victoria and Albert Museum, London". Retrieved 12 October 2015.
  4. "The Fabric of India exhibition at the Victoria and Albert Museum, London". Retrieved 12 October 2015.
  5. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  6. Press Release (Eng+Mal) :KMB 2016 - Orijit Sen transports Biennale visitors to a lost, forgotten past -28.12.2016
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-21. Retrieved 2017-01-04.
"https://ml.wikipedia.org/w/index.php?title=ഒർജിത്‌_സെൻ&oldid=3627120" എന്ന താളിൽനിന്ന് ശേഖരിച്ചത്