ഐരാണിക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ മാളക്ക് തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഒരു ബ്രാഹ്മണ ഗ്രാമമാണ്‌ ഐരാണിക്കുളം. മുകുന്ദപുരം താലൂക്കിൽ കുഴൂർ പഞ്ചായത്തിലെ കാക്കുളിശ്ശേരി വില്ലേജിലാണ് ഐരാണിക്കുളം. ഇത് തൃശ്ശൂർ ജില്ലയിലെ പുരാതന ഗ്രാമങ്ങളിൽ ഒന്നാണ്‌. ദക്ഷിണദേശത്ത് കുടിയേറിയ ബ്രാഹ്മണർ ക്രിസ്ത്വബ്ദം പത്താംനൂറ്റാണ്ടോടെ തുളുനാട്ടിലും കേരളത്തിലുമായി സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നാണ് ഐരാണിക്കുളം എന്ന് കേരളമാഹാത്മ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൃഷിയാണ്‌ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം . ഇവിടെ പുരാതനമായ ഒരു ശിവക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിൽ രണ്ട്‌ വട്ടെഴുത്ത്‌ ലിഖിതങ്ങൾ കാണാം. ഒന്നാമത്തെ രേഖ "നെന്മലി മംഗലത്ത്‌ ചുവാകര നാരായണൻ' ഉമാമഹേശ്വര ക്ഷേത്രത്തിലേക്ക്‌ നിലം ദാനം ചെയ്‌തതിനെ കാണിക്കുന്നു. രണ്ടാമത്തേത്‌ ചേരകേശ്വരം ക്ഷേത്രത്തിനും ഐരാണിക്കുളത്തെ രണ്ടു ക്ഷേത്രങ്ങൾക്കും വസ്‌തുവക വിട്ടുകൊടുത്തതിനെയും വ്യക്തമാക്കുന്നുണ്ട്‌.[1]

അറുപത്തിനാലു ഗ്രാമങ്ങളിൽ ജാതിയുടെ അടിസ്ഥാനത്തിൽ നാലു വർണക്കഴകങ്ങൾ സ്ഥാപിച്ചതിൽ ഐരാണിക്കുളം ശൂദ്രകഴകമാണ്‌[1] (ഇരിങ്ങാലക്കൂടൽ അഥവാ ഇരിങ്ങാലക്കുട ബ്രാഹ്മണകഴകം, മൂഴിക്കുളം ക്ഷത്രിയ കഴകം. പറവൂർ വൈശ്യകഴകം). ഈ വർണക്കഴകങ്ങൾക്ക്‌ കൊടുങ്ങല്ലൂരിൽ മേൽത്തളി, കീഴ്‌ത്തളി, നെടിയതളി, ചിങ്ങപുരത്തുതളി എന്നിങ്ങനെ ഓരോ ആസ്ഥാനവുമുണ്ടായിരുന്നു. ശൂദ്രകഴകം ആയിരുന്ന ചിങ്ങപുരത്ത് തളിയുടെ ആസ്ഥാനമായിരുന്നു ഐരാണിക്കുളം.

ഐരാണിക്കുളം എന്ന വാക്കിന് നന്നങ്ങാടി എന്നു അർത്ഥമുണ്ടെന്ന് പറയപ്പെടുന്നു. ഐരാണിക്കുളം മഹാദേവക്ഷേത്രത്തിന് കിഴക്കുവശത്തുള്ള കുന്നുകളിൽ ഇന്നും ധാരാളം നന്നങ്ങാടികൾ കാണാവുന്നതാണ് എന്നത് ഇതിന് തെളിവായി ചില ചരിത്രകാരന്മാർ ഉയർത്തിക്കാട്ടുന്നുണ്ട്[2]. ഐരാണിക്കുളത്ത് ഇന്ദ്രൻ, ഇന്ദ്രാണി, ജയന്തൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്. ഇതിനെ അടിസ്ഥാനമാക്കി, ഇന്ദ്രാണി എന്ന വാക്കാണ് ഐരാണി ആയി മാറിയത് എന്നും ഒരഭിപ്രായമുണ്ട്.

ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ കേരളത്തിലെ ഗ്രാമക്കാർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം ഭരണകർത്താക്കളെ നിയമിക്കാൻ തുടങ്ങി. അകവൂർ നമ്പൂതിരിപ്പാടായിരുന്നു ഐരാണിക്കുളം ഗ്രാമത്തിലെ തമ്പുരാനായി നിയമിതനായത്.[2]

മൂഷകവംശത്തിൽ പരാമൃഷ്ടമായിട്ടുള്ള അഹിരണേശ്വരം ഐരാണിക്കളമാണ് എന്ന് കേസരി എ. ബാലകൃഷ്മപിള്ള അഭിപ്രായപ്പെടുന്നു. ശുകസന്ദേശകാരനായിരുന്ന ലക്ഷ്മീദാസനും, മൂഷകവംശകാരനായ തോലനും ഐരാണിക്കുളത്തുകാരാണ്[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 വി.ആർ. പരമേശ്വരൻ പിള്ള (14/08/2014). "ഐരാണിക്കുളം". സർവവിജ്ഞാനകോശം. ശേഖരിച്ചത് 21/08/2016.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  2. 2.0 2.1 2.2 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം) 1 (2 എഡി.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 231. ഐ.എസ്.ബി.എൻ. 9788176385985. 
"https://ml.wikipedia.org/w/index.php?title=ഐരാണിക്കുളം&oldid=2386350" എന്ന താളിൽനിന്നു ശേഖരിച്ചത്