ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ വിഭജന പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടന്റെ പലസ്തീൻ മാൻഡേറ്റ് അവസാനിപ്പിക്കാനും യഹൂദർക്കായി ഇസ്രയേൽ രൂപീകരിക്കാനുമായി ഐക്യരാഷ്ട്രസഭ 181(II) പ്രമേയത്തിലൂടെ നിർദ്ദേശിച്ച പദ്ധതിയാണ് ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ വിഭജന പദ്ധതി. 1947 നവംബർ 29 ന് യുഎൻ പൊതുസഭ 181 (II) പ്രമേയമായി പദ്ധതി അംഗീകരിച്ചു. [1][2]

പദ്ധതിരേഖയിൽ ബ്രിട്ടീഷ് പിന്മാറ്റത്തിനുള്ള രൂപരേഖ, ജൂത-അറബി രാഷ്ട്രങ്ങൾ തമ്മിലെ അതിരുകൾ, ജറൂസലം നഗരത്തിന്റെ അവസ്ഥ എന്നിവ വിവരിക്കുന്നു. സയണിസം-അറബ് ദേശീയത എന്നിവ തമ്മിലെ വൈരുദ്ധ്യങ്ങൾ ലഘൂകരിക്കാനും പദ്ധതി ശ്രമിക്കുന്നുണ്ട്.[3][4]

32 ശതമാനം വരുന്ന ജൂതന്മാർക്ക് 56 ശതമാനം ഭൂമി, 68 ശതമാനം അറബികൾക്ക് 42 ശതമാനം ഭൂമി, ജറൂസലമിന്റെ ബഹുസ്വരത സംരക്ഷിക്കാനായി അവിടെ ഐക്യരാഷ്ട്രസഭയുടെ ഭരണം എന്നിങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത്.[5][6] വിഭജന നിർദ്ദേശത്തെ ജൂതന്മാർ അംഗീകരിച്ചപ്പോൾ[7][8][9] തങ്ങളുടെ ഭൂമിയിൽ നടക്കുന്ന ഏകപക്ഷീയമായ ഈ വിഭജനത്തെ അറബികൾ ശക്തമായി എതിർത്തു[10]. ഐക്യരാഷ്ട്രസഭയുടെത്തന്നെ ചാർട്ടറിന്റെ 73-ആം അനുച്ഛേദത്തിന്റെ ഭാഗം ബി പ്രകാരം പലസ്തീന്റെ ഭരണം അവിടത്തെ നിവാസികൾക്ക് ലഭിക്കണമെന്നതായിരുന്നു അറബികളുടെ വാദം. ഇതിൽ ഐക്യരാഷ്ട്രസഭക്ക് പ്രത്യേക വിഭജനാധികാരമില്ലെന്ന് അവർ വാദിച്ചു.[11]

പശ്ചാത്തലം[തിരുത്തുക]

മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കും ഇടയിലുള്ള ഭൂമിയിൽ താമസിച്ചിരുന്ന അറബികളും കുടിയേറ്റക്കാരായ ജൂതന്മാരും തമ്മിലുള്ള സംഘർഷം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. ഈ ദേശത്തെ ജൂതന്മാർ "ഇസ്രായേൽ ഭൂമി" എന്നും അറബികൾ "ഫലസ്തീൻ" അല്ലെങ്കിൽ "പലസ്തീൻ" എന്നും വിളിക്കുന്നു. യഹൂദമതത്തിന്റെ ഉൽഭവം ഇവിടെയായിരുന്നെങ്കിലും കാലാകാലങ്ങളിൽ വിവിധ വിഭാഗങ്ങൾ പലസ്തീൻ കീഴടക്കുകയുണ്ടായി. രണ്ടാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം യഹൂദാധിപത്യത്തെ തകർക്കുകയും, അവരെ പുറത്താക്കുകയും ചെയ്തു. റോമക്കാർ പ്രദേശത്തിന്റെ പേര് പലസ്തീൻ (ഫിലസ്ത്യരുടെ നാട്) എന്നാക്കി മാറ്റി.

റോമക്കാർക്ക് ശേഷം ബൈസാന്റിയൻ സാമ്രാജ്യം, ഖലീഫ ഉമറിന്റെ കാലത്ത് മുസ്‌ലിംകൾ, കുരിശുയുദ്ധക്കാർ, മംലൂക്കുകൾ എന്നിവരിലൂടെ 1881-ൽ ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിൽ പലസ്തീൻ പ്രദേശം വന്നു.

ഒട്ടോമൻ ഭരണത്തിൽ[തിരുത്തുക]

1881-ൽ നേരിട്ട് ഭരണമേറ്റ ഒട്ടോമൻ ഖിലാഫത്തിന്റെ കീഴിൽ നാലര ലക്ഷം അറബികളും 25000 ജൂതന്മാരുമാണ് പലസ്തീനിൽ ഉണ്ടായിരുന്നത്.[12] അറബികളിൽ 90% മുസ്‌ലിംകളും ബാക്കി ക്രിസ്ത്യാനികൾ, ദ്രൂസുകൾ എന്നിവരായിരുന്നു. അറബികൾ സ്വന്തം ഗോത്രതാത്പര്യങ്ങൾക്കപ്പുറം തുർക്കി ഖിലാഫത്തുമായി കാര്യമായ ബന്ധങ്ങൾ പുലർത്തുന്നവരായിരുന്നില്ല. 1915-16-ൽ ബ്രിട്ടീഷുകാർ കയ്യടക്കുന്നത് വരെ തുർക്കി ഖിലാഫത്തിന്റെ അധീനതയിലായിരുന്നു പലസ്തീൻ.

ബ്രിട്ടീഷ് ഭരണത്തിൽ[തിരുത്തുക]

പ്രധാന ലേഖനം: പലസ്തീൻ മാൻഡേറ്റ്

ഒന്നാം ലോകമഹായുദ്ധത്തോടെ ബ്രിട്ടന്റെ അധീനതയിൽ വന്ന പലസ്തീൻ, മറ്റു അയൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെട്ടപ്പോഴും പലസ്തീനെ മന:പൂർവ്വം ഒഴിവാക്കി. 1917 നവംബറിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൻ ജൂതഗേഹമായി പലസ്തീനെ മാറ്റുമെന്ന് പ്രഖ്യാപിച്ചു. സയണിസ്റ്റ് ലോബിയുടെ സ്വാധീനഫലമായാണ് ഇതിലേക്ക് ബ്രിട്ടീഷ് ഭരണകൂടം ഇങ്ങനെ ചെയ്തത്. യൂറോപ്പിലും മറ്റും ജൂതന്മാർ അനുഭവിച്ച വിവേചനവും ക്രൂരതയും ഇത്തരമൊരു നീക്കത്തിന് ശക്തമായ ന്യായമായി മാറി. സൂയസ് കനാലിന്റെ കാര്യത്തിൽ ബ്രിട്ടീഷ് താല്പര്യങ്ങൾ സംരക്ഷിക്കാൻ മേഖലയിലെ ജൂതരാഷ്ട്രം സഹായകമാവുമെന്ന് ബ്രിട്ടൻ കണക്കുകൂട്ടി[13].

ജൂതകുടിയേറ്റം[തിരുത്തുക]

1882 മുതൽ പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തി പ്രാപിച്ചു വന്നു. യുറോപ്പിലെ ജൂതവിരോധം, റഷ്യയിലെ ജൂതന്മാർക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ മർദ്ദനങ്ങൾ, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം എന്നിവ കുടിയേറ്റത്തിന് വേഗം കൂട്ടി. 30,000 ജൂതന്മാർ 1882-1903 കാലയളവിൽ ഒട്ടോമൻ പലസ്തീനിൽ അഭയം പ്രാപിച്ചു.[14]. ആദ്യഘട്ടങ്ങളിൽ കുടിയേറ്റത്തിന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. സയണിസ്റ്റ് കുടിയേറ്റത്തിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ ചില ഭൂവുടമകളിൽ നിന്ന് മാത്രമാണ് കുടിയേറ്റത്തിന്റെ ആഘാതങ്ങളെക്കുറിച്ച് ആശങ്കകളുയർന്നിരുന്നത്.[15]

1914 ആയതോടെ ജൂത ജനസംഖ്യ 60,000 മുതൽ 85,000 വരെയായി ഉയർത്താൻ സയണിസ്റ്റുകൾക്ക് സാധിച്ചു. ഈ സംഖ്യയിലെ മൂന്നിൽ രണ്ട് പേരും സയണിസ്റ്റുകളായിരുന്നു. നാല്പതോളം പുതിയ താമസകേന്ദ്രങ്ങളിലായിരുന്നു ഇവർ താമസിച്ചുവന്നത്. 1909 മുതൽ ഭൂമിയുടെയും വിഭവങ്ങളുടെയും കാര്യത്തിൽ ജൂതകുടിയേറ്റക്കാരും തദ്ദേശീയ അറബികളും തമ്മിൽ തർക്കങ്ങൾ രൂപപ്പെട്ടുതുടങ്ങി. പുതിയ കുടിയേറ്റങ്ങൾക്കെതിരെ തദ്ദേശീയർ എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങി. നവകുരിശുയോദ്ധാക്കൾ എന്ന് സയണിസ്റ്റ് കുടിയേറ്റക്കാർ വിശേഷിപ്പിക്കപ്പെട്ടു തുടങ്ങി.[16] തർക്കങ്ങൾ പലപ്പോഴും സായുധപോരാട്ടങ്ങളിലേക്ക് നീങ്ങിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ജൂതകുടിയേറ്റത്തിന്റെ ശക്തി കൂടിക്കൂടിവന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചുറ്റുമുള്ള അറബി രാഷ്ട്രങ്ങൾ സ്വാതന്ത്ര്യം നേടി. ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനാൻ എന്നീ രാജ്യങ്ങൾ രൂപപ്പെട്ടു. 1945-ൽ അറബി രാഷ്ട്രങ്ങളുടെ സംയുക്തസമിതിയായി അറബ് ലീഗ് രൂപീകൃതമായി. ഈജിപ്റ്റ്‌, ഇറാഖ്‌, ലെബനാൻ, സൗദി അറേബ്യ, സിറിയ, ട്രാൻസ്ജോർഡാൻ, യെമൻ എന്നീ രാജ്യങ്ങളായിരുന്നു അറബ് ലീഗ് അംഗങ്ങളായി അന്ന് ഉണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

 1. "A/RES/181(II) of 29 November 1947". United Nations General Assembly.
 2. Morris (2008), p.77
 3. William B. Quandt, Paul Jabber, Ann Mosely Lesch The Politics of Palestinian Nationalism, University of California Press, 1973 p.7.
 4. Part II. – Boundaries recommended in UNGA Res 181 Molinaro, Enrico The Holy Places of Jerusalem in Middle East Peace Agreements Page 78
 5. "A/RES/181(II) of 29 November 1947". domino.un.org. 1947. മൂലതാളിൽ നിന്നും 24 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 January 2012.
 6. Pappe, 2006, p. 35
 7. El-Nawawy, 2002, p. 1-2
 8. Morris, 'Righteous Victims ...', 2001, p. 190
 9. The Question of Palestine: Brochure DPI/2517/Rev.1: Chapter 2, The Plan of Partition and end of the British Mandate
 10. Gold, 2007, p. 134
 11. "Arab League Declaration on the Invasion of Palestine, 15 May 1948", Jewish Virtual Library. Archived December 19, 2010, at WebCite
 12. Morris (2008), p. 7
 13. Morris (2008), pp. 9–10
 14. Morris (2008), p. 2
 15. Morris (2008), p. 6–7
 16. Morris (2008), pp. 7–8

ഗ്രന്ഥസൂചി[തിരുത്തുക]

 • Bregman, Ahron (2002). Israel's Wars: A History Since 1947. London: Routledge.
 • Arieh L. Avneri (1984). The Claim of Dispossession: Jewish Land Settlement and the Arabs, 1878–1948. Transaction Publishers.
 • Fischbach, Michael R. (2003). Records of Dispossession: Palestinian Refugee Property and the Arab-Israeli Conflict. Columbia University Press.
 • Gelber, Yoav (1997). Jewish-Transjordanian Relations: Alliance of Bars Sinister. London: Routledge.
 • Khalaf, Issa (1991). Politics in Palestine: Arab Factionalism and Social Disintegration,. University at Albany, SUNY.
 • Louis, Wm. Roger (1986). The British Empire in the Middle East,: Arab Nationalism, the United States, and Postwar Imperialism. Oxford University Press.
 • "Palestine". Encyclopædia Britannica Online School Edition, 15 May 2006.
 • Sicker, Martin (1999). Reshaping Palestine: From Muhammad Ali to the British Mandate, 1831–1922. Praeger/Greenwood.
 • Benny Morris, 1948, Yale University Press, 2008, ISBN 978-0-300-12696-9