ഏഷ്യൻ ശില്പകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടരാജൻ

മറ്റൊരു കലയ്ക്കുമില്ലാത്ത ഒരു പ്രത്യേകത ശില്പകലയ്ക്കുണ്ട്. ശില്പങ്ങൾ മനുഷ്യ വംശത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ്. ഇത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ ഉന്നമനത്തിന്റെ അളവുകോലാണ്. വൈവിധ്യ പൂർണമായ ശില്പ കലാപാരമ്പര്യമാണ് ഏഷ്യയിലുള്ളത്. മതപരവും രാഷ്ട്രീയവുമായ ആശയങ്ങളുടെ പ്രചാരണത്തിനും ഭരണാധികാരിയെ ആദരിക്കാനും മറ്റുമാണ് ഏഷ്യൻരാജ്യങ്ങളിൽ പരമ്പരാഗതശില്പനിർമ്മാണം നടന്നിരുന്നത്. എഷ്യയിലെ വിവിധ രാജ്യങ്ങളിലെ ശില്പനിർമ്മാണ ശെെലിയിൽ സാമ്യം കാണാം. 1800കളുടെ അവസാനം വരെ ഏഷ്യൻ രാജ്യങ്ങളിലെ ശില്പികൾ കൂട്ടമായാണ് ശില്പനിർമ്മാണത്തിലേർപ്പെട്ടിരുന്നത്.

ഇന്ത്യൻ ശില്പകല[തിരുത്തുക]

സാഞ്ചിയിലെ സ്തൂപം
സാരാനാഥിലെ അശോകസ്തംഭം

ബി.സി.2000-മാണ്ടുകളിൽ സിന്ധുനദീതടത്തിലാണ് പ്രാചീന ഇന്ത്യൻ ശില്പകലയുടെ വികാസം. സിന്ധുനദീതടസംസ്ക്കാരത്തിലെ ശില്പങ്ങൾക്ക് പ്രാചീനകാലശില്പകലയിൽ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ബി.സി.2500 മുതൽ ബി.സി.1700വരെയായിരുന്നു ഈ സംസ്ക്കാരത്തിന്റെ സുവർണ്ണകാലം. ശില, ലോഹം, കളിമണ്ണ് എന്നിവയിലാണ് സിന്ധുനദീതടവാസികൾ ശില്പനിർമ്മാണം നടത്തിയിരുന്നത്. സിന്ധുനദിയുടെ വടക്കേകരയിലുള്ള ഹാരപ്പ, തെക്ക്ഭാഗത്തെ മോഹെൻജൊദാരോ എന്നീനഗരങ്ങളായിരുന്നു അക്കാലത്തെ പ്രധാനകേന്ദ്രങ്ങൾ. ഇവിടെനിന്നും മുദ്രകളായി ഉപയോഗിച്ചിരുന്ന ശിലാഫലകങ്ങളും മനുഷ്യർ, മൃഗങ്ങൾ, ദേവതകൾ എന്നിവയുടെ രൂപങ്ങളും ലഭിച്ചിട്ടുണ്ട്. മോഹെൻജൊദാരോയിൽ നിന്നും കണ്ടെടുത്ത ശിലാഫലകത്തിൽ ഒറ്റക്കൊമ്പുള്ള സാങ്കല്പിക മൃഗത്തിന്റെ ചിത്രം കൊത്തിവച്ചിട്ടുണ്ട്. കാള,ആന,കാണ്ടാമൃഗം എന്നിവയും അക്കാലത്തെ ശില്പങ്ങൾക്കു വിഷയമായിരുന്നു. ഇവിടെനിന്നും ലഭിച്ച ചുണ്ണാമ്പുകല്ലുകളിൽ കൊത്തിയെടുത്ത''ദൈവത്തിന്റെ കബന്ധപ്രതിമ'' എന്ന ശില്പം പ്രാധാന്യമർഹിക്കുന്നു. വെങ്കലത്തിൽ നിർമ്മിച്ച നർത്തകിയെപോലുള്ള പെൺകുട്ടിയുടെ ചെറുപ്രതിമയും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്.

മൗര്യസാമ്രാജ്യത്തിലെ മഹാനായ അശോക ചക്രവർത്തി ബി.സി.261ൽ ബുദ്ധമത പ്രചാരണത്തിനായി സ്തൂപങ്ങൾ നിർമ്മിക്കുകയും അവയിൽ ബുദ്ധമതതത്ത്വങ്ങൾ കൊത്തിവയ്ക്കുകയും ചെയ്തു. ഈ സ്തൂപങ്ങളിൽ ഏറ്റവും പ്രശസ്തം സാരാനാഥിലെ അശോകസ്തംഭമാണ്. താമരപ്പൂവിന്റെ മുകളിലായി നാലുവശങ്ങളിൽ സിംഹം, ആന, കാള, കുതിര എന്നീമൃഗങ്ങളും അതിനുമുകളിലായി നാലുഭാഗത്തേക്കു നോക്കി നിൽക്കുന്ന നാലുസിംഹങ്ങളും 24 ആരക്കാലുകളുള്ള ധർമ്മചക്രവും ചേർന്നതാണ് അശോകസ്തംഭം[1][2].

ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന മതസ്ഥാപനങ്ങൾക്കുവേണ്ടിയായിരുന്നു പ്രധാനമായും ശില്പനിർമ്മാണം നടന്നിരുന്നത്. ഇന്ത്യയിൽ ഉത്ഭവിച്ച ശില്പകലാശൈലി ബുദ്ധമതത്തിന്റെ വ്യാപനത്തിലൂടെയും വ്യാപാരികളിലൂടെയും ഏഷ്യ മുഴുവൻ വ്യാപിച്ചു. ഭക്തിപ്രസ്ഥാനങ്ങളുടെ ഭാഗമായി ഈ ശൈലി കൂടുതൽ വികസിക്കുകയും ബുദ്ധ-ഹിന്ദുമതദേവതകളുടെ രൂപങ്ങൾ ഇതനുസരിച്ച് നിർമ്മിക്കപ്പെടുകയും ചെയ്തു. മധ്യപ്രദേശിലെ സാഞ്ചി ബുദ്ധമതസ്തൂപങ്ങളിൽ മനുഷ്യരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. എലിഫന്റാഗുഹാക്ഷേത്രങ്ങളിൽ ഹിന്ദുദേവനായ ശിവന്റെ രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് എലിഫന്റാ ഗുഹകളിൽ കാണപ്പെടുന്നത്[3]. ഇതുകൂടാതെ അജന്താഗുഹകളിലും നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ബുദ്ധസങ്കല്പങ്ങളിൽ നിർമ്മിതമായ ശില്പങ്ങളാണ് ഗുഹകളിൽ ഭൂരിഭാഗവും[4]. ബുദ്ധസങ്കല്പത്തോടുള്ള സമീപനങ്ങളിൽ ഐക്യം പ്രകടമാണെങ്കിലും മുഴുവൻ ഗുഹകളിലേയും പ്രതിമകൾ ഒന്നിനോടൊന്ന് സാമ്യമുള്ളവയല്ല. അർധത്രിമാനാകൃതിയിലാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്. നീണ്ട അങ്കി ധരിച്ച്, ഹസ്തമുദ്രയോടുകൂടിയാണ് ഇവയുള്ളത്.

ഇന്നത്തെ പാകിസ്താനിൽപ്പെടുന്ന ഗാന്ധാരദേശത്തും ഇന്ത്യയിലെ മധുരാനഗരത്തിലുമാണ് ആദ്യകാല ബുദ്ധരൂപങ്ങൾ നിർമ്മിക്കപ്പെട്ടത്. ഗ്രീസ്, റോം, എന്നീദേശങ്ങളിലെ ശില്പകലയുടെ സ്വാധീനം ഗാന്ധാരദേശത്തിലെ ബുദ്ധപ്രതിമകളിൽ കാണാം. തരംഗരൂപത്തിലുള്ള മുടിയും മടക്കുകൾ നിറഞ്ഞവസ്ത്രവും ഇതിനുദാഹരണമാണ്. എന്നാൽ പകുതിയടഞ്ഞ നയനങ്ങളും ചുണ്ടിൽ തങ്ങിനിൽക്കുന്ന ചെറുപുഞ്ചിരിയും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ സ്വാധീനം വിളിച്ചോതുന്നു. മഥുരയിലെ ബുദ്ധരൂപങ്ങൾ കൂടുതൽ ഊർജസ്വലങ്ങളാണ്. വിടർന്നകണ്ണുകൾ ഇവയുടെ പ്രത്യേകതയാണ്. മഥുരയിൽ നിന്നുലഭിച്ച ചുവന്നമണൽക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന "പീഠത്തിലിരിക്കുന്ന ശാക്യമുനി" ഇതിനുദാഹരണമാണ്. എ.ഡി. 100നോടടുത്താണ് ഇതിന്റെ നിർമ്മാണം.

മഹാബലിപുരത്തെ ഗ്രാനൈറ്റിൽ കൊത്തിയ വലിയ ആനയുടെ രൂപം
അഞ്ചു രഥങ്ങൾ (മഹാബലിപുരം)
ഖജുരാഹോ ശില്പങ്ങൾ

ബുദ്ധപ്രതിമകൾ നിർമ്മിക്കപ്പെട്ട കാലഘട്ടത്തിൽ തന്നെയാണ് ഹിന്ദുമതത്തിലെയും ജൈനമതത്തിലെയും ദേവീദേവരൂപങ്ങൾ കൊത്തിയെടുക്കുന്ന രീതി ആരംഭിച്ചത്. എങ്കിലും ബി.സി.100കൾ മുതൽ എ.ഡി.500 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ബുദ്ധശില്പകല പ്രമുഖസ്ഥാനം കൈയടക്കിയിരുന്നു. ഇന്ത്യയിൽ ഹിന്ദുമതത്തിന്റെ വളർച്ച ബുദ്ധമതത്തിന്റെ തളർച്ചയ്ക്ക് വഴിയൊരുക്കി. എ.ഡി. 400കൾ മുതലാരംഭിക്കുന്നതാണ് ഇന്ത്യൻ ശില്പകലയുടെ ക്ലാസിക്കൽ കാലഘട്ടം. മുസ്ലീം ആധിപത്യം ഉണ്ടാകുന്നതുവരെ ഇതുതുടർന്നു. ഈ കാലയളവിൽ നിർമ്മിച്ച ശില്പങ്ങൾ കൂടുതലും ഹിന്ദുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഇന്ത്യയുടെ എല്ലാഭാഗത്തും ഒരുപോലെയുള്ള ശൈലിയല്ല നിലനിന്നിരുന്നത്. വടക്ക്, തെക്ക് ഭാഗങ്ങളിൽ വ്യത്യസ്തശൈലികളിലുള്ള ശില്പങ്ങൾ രൂപംകൊണ്ടു. ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ള ശില്പികൾ മണൽക്കല്ലിൽ ശില്പങ്ങൾ നിർമ്മിച്ചപ്പോൾ തെക്കുഭാഗത്ത് കരിങ്കല്ലിലാണ് ശില്പങ്ങൾ നിർമ്മിച്ചിരുന്നത്.

തെക്കെഇന്ത്യയിലെ മഹാബലിപുരത്തെ ശിലാക്ഷേത്രങ്ങളും ശില്പങ്ങളും പ്രസിദ്ധങ്ങളാണ്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിച്ചവയാണ്‌. സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് ഒറ്റ പാറയാൽ നിർമ്മിച്ചവയാണ്‌. ഈ സ്മാരകങ്ങളിലെല്ലാം തന്നെ ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശം കാണാം. അതിൽ ബുദ്ധമതത്തിന്റെ പല സംഗതികളും പ്രകടമാണ്‌. ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങൾ. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ്‌ മഹാബലിപുരം. മഹാബലിപുരം, പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു. അപൂർണ്ണമായതും, പല ശൈലിയിലുള്ളതും ആയ അനേകം ശില്പങ്ങളാണ്‌ ഇതൊരു വിദ്യാലയം ആണെന്ന് കരുതാൻ കാരണം. പഞ്ചരഥങ്ങൾ അഞ്ചിലും വ്യത്യസ്തമായ ശൈലികൾ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണ്‌. ആനയുടെ യഥാർത്ഥശില്പങ്ങളും ഇവിടെ കാണാം. എ.ഡി.600നും 700നുമിടയ്ക്കാണ് ഇവയുടെ നിർമ്മാണകാലം. 900 മുതൽ 1200 വരെ തമിഴ്നാട് ഭരിച്ചിരുന്ന ചോളന്മാർ വലിയക്ഷേത്രങ്ങളും വെങ്കലശില്പങ്ങളും നിർമ്മിച്ചിരുന്നു. പരമശിവന്റെയും മഹാവിഷ്ണുവിന്റെയും ശില്പങ്ങളാണ് ഇക്കാലത്ത് നിർമ്മിക്കപ്പെട്ടത്. പരമശിവനെ നടരാജൻ എന്നു സങ്കല്പിച്ചു നിർമ്മിച്ചിട്ടുള്ള നടരാജവിഗ്രഹങ്ങൾ പ്രസിദ്ധമാണ്[5].

വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ വലിപ്പം കൂടിയവയായിരുന്നു. ദേവീ-ദേവന്മാരുടെ രൂപങ്ങളും അവരുടെ വാഹനങ്ങളുമായിരുന്നു ശില്പങ്ങളിലെ പ്രധാനവിഷയങ്ങൾ. തൂണുകളിൽ സ്ത്രീരൂപങ്ങൾ കൊത്തിവയ്ക്കുന്ന രീതിയും പതിവുണ്ട്. മധ്യപ്രദേശിലെ ഖജുരാഹോയിലുള്ള ഹിന്ദു-ജൈനക്ഷേത്രശില്പങ്ങൾ ലോകപ്രസിദ്ധശില്പങ്ങളാണ്[6]. ഇന്ത്യയിലെ മുസ്ലീംഭരണകാലത്തും ഹിന്ദുജൈനശില്പികൾ ക്ഷേത്രങ്ങളിൽ ശില്പനിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇക്കാലത്ത് നിർമ്മിക്കപ്പെട്ടവയാണ് മൗണ്ട് അബുവിലുള്ള ജൈനക്ഷേത്രങ്ങളും അവിടത്തെ ശില്പങ്ങളും.

ശ്രീലങ്കൻ ശില്പകല[തിരുത്തുക]

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ശ്രീലങ്കയിൽ പ്രാചീനനഗരമായ അനുരാധപുരത്തിലാണ് ശില്പങ്ങളിൽ ഏറിയപങ്കും കാണപ്പെടുന്നത്. എ.ഡി.200കളിൽ ശിലയിൽ നിർമ്മിക്കപ്പെട്ട ധാരാളം ബുദ്ധരൂപങ്ങൾ ഇവിടെയുണ്ട്. ഇവിടെനിന്നും കണ്ടെടുത്ത ലോഹശില്പങ്ങൾ എ.ഡി..500കളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഈ ശില്പങ്ങളിലെല്ലാം തന്നെ ഭാരതീയശില്പകലയുടെ സ്വാധീനം പ്രകടമാണ്. ശ്രീലങ്കയുടേത് മാത്രമായ രണ്ടു ബുദ്ധശില്പരീതികളാണ് നാഗങ്ങൾ, ചന്ദ്രകാന്തങ്ങൾ എന്നിവ. ക്ഷേത്രങ്ങൾക്കും സ്തൂപങ്ങൾക്കും പുറത്തുള്ള വാതിലുകൾക്ക് കാവൽനിൽക്കുന്ന പകുതിമനുഷ്യനും പാമ്പും ചേർന്ന ശില്പങ്ങളാണ് നാഗങ്ങൾ എന്നറിയപ്പെടുന്നത്. ക്ഷേത്രങ്ങളുടെ പ്രവേശനകവാടത്തിൽ കാണുന്ന അർധവൃത്താകാരത്തിലുള്ള ശിലാരൂപങ്ങൾ ചന്ദ്രകാന്തം എന്നറിയപ്പെടുന്നു. ദത്തഗാമനി എന്ന രാജാവ് (ബി.സി. 161-137) ഇവിടെ ഒരു ആശ്രമവും അതിന്റെ അടുത്ത് ഒരു 'മഹാസ്തൂപ'വും നിർമിച്ചു. ഇതിനേക്കാൾ വലുതാണ് വത്തഗാമി അഭയന്റെ (ബി.സി. 104-77) 'അഭയഗിരി സ്തൂപം'. അനുരാധപുരത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചിത്രശില്പാലംകൃതമായിട്ടുള്ളത് മഹാസേനന്റെ (എ.ഡി. 274-301) 'ജേതാവനസ്തൂപം' ആണ്. മഹാസേനന്റെ കാലത്തിനുശേഷം ഈ പട്ടണത്തിൽ പറയത്തക്ക ശില്പനിർമ്മാണ സംരംഭങ്ങളൊന്നും നടന്നതായി കാണുന്നില്ല. മനോഹരമായ നിരവധി ബുദ്ധവിഗ്രഹങ്ങളും, ദ്വാരപാലക സാലഭഞ്ജികകളും, സ്തംഭമണ്ഡപങ്ങളും, ചന്ദ്രകാന്തശിലാനിർമിതമെന്ന് വിശ്വസിക്കപ്പെടുന്ന അർധവൃത്താകാരമായ ശിലാതളിമങ്ങളും അനുരാധപുരത്ത് സുലഭമാണ്[7].

ശ്രീലങ്കൻ ഭരണാധികാരികളടെ തലസ്ഥാനമായിരുന്ന പൊളന്നറുവയിൽ കാണുന്നശി്ല്പങ്ങളിൽ ചോളശില്പകലയുടെ സ്വാധീനം വ്യക്തമാണ്. എ.ഡി. 1000ത്തിനോടടുത്ത് ചോളരാജാക്കന്മാർ ഇവിടം ആക്രമിച്ച് കീഴടക്കിയിരുന്നു. പൊളന്നറുവയിലെ ഗാൽവിഹാരം എന്ന ബുദ്ധസന്ന്യാസിമഠത്തിൽ കാണുന്ന കരിങ്കല്ലിലുളള 17മീറ്ററോളം ഉയരമുള്ള ബുദ്ധശില്പം ഏറെ പ്രശസ്തമാണ്. ബുദ്ധന്റെ ശിലാക്ഷേത്രമായ ഗൾ വിഹാരയിൽ പാറക്കല്ലുകളുടെ വശത്തായി കൊത്തിയ ശ്രീ ബുദ്ധന്റെ നാല് പ്രതിമകളാണ് കാണപ്പെടുന്നത്. ബുദ്ധന്റെ ഇരിക്കുന്നതായുള്ള ഒരു വലിയ രൂപവും, കൃത്രിമമായി നിർമിച്ച ഒരു ഗുഹയ്ക്കുള്ളിൽ ഇരിക്കുന്നതായുള്ള ഒരു ചെറിയ രൂപവും, നിൽക്കുന്ന ഒരു രൂപവും കിടക്കുന്നതായുള്ള ഒരു രൂപവുമാണിത്. ഇവ പുരാതന ശ്രീലങ്കൻ കൽപ്പണിയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്നു. ശ്രീലങ്കയിൽ നിർമ്മിക്കപ്പെട്ട മനോഹരശില്പങ്ങളിൽ ചിലത് ആനക്കൊമ്പിൽ തീർത്തവയാണ്.

കൊറിയൻ ശില്പകല[തിരുത്തുക]

ലോഹത്തിലും കളിമണ്ണിലുമുള്ള കൊറിയൻ ശില്പനിർമ്മാണത്തിൽ ചൈനയുടെ സ്വാധീനം പ്രകടമാണ്. ചൈനയുടെതുപോലെ ബുദ്ധമതത്തിലെ രൂപനിർമ്മാണരീതി കൊറിയയിലും നിലനിന്നിരുന്നു. എ.ഡി.500 കളിൽ ചൈനയിൽ നിന്നും കൊറിയയിലെത്തിയ ബുദ്ധശില്പങ്ങളുടെ ശൈലി കൊറിയൻ ശില്പികൾ അനുകരിച്ചു. എന്നാൽ 600കളോടെ കൊറിയയിൽ തനതായ ശില്പനിർമ്മാണശൈലി രൂപപ്പെട്ടു. ദക്ഷിണകൊറിയയിലെ ഗ്യോങ്ജുവിലുള്ള സോക്കുരം ഗുഹാക്ഷേത്രത്തിൽനിന്നും ലഭിച്ച ബുദ്ധശില്പം കൊറിയൻ ശില്പകലയുടെ പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്ന ശില്പമാണ്. ബീക്ജെ കാലഘട്ടത്തിൽ കൊറിയൻ ശില്പങ്ങൾ ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. തടി, ശിലകൾ, കളിമണ്ണ്, ജിപ്സം, ചുണ്ണാമ്പുകല്ല്, ജേഡ് (പച്ചനിറത്തിലുള്ള കല്ല്) മുതലായ വസ്തുക്കൾകൊണ്ട് കൊറിയൻ ശില്പങ്ങൾ പ്രധാനമായും നിർമ്മിക്കപ്പെട്ടിരുന്നത്. ജേഡ്, സ്വർണ്ണം, മറ്റുലോഹങ്ങൾ മുതലായവ ഉപയോഗിച്ചാണ് ചെറിയശില്പങ്ങൾ പ്രധാനമായും നിർമ്മിച്ചിരുന്നത്. ദക്ഷിണ കൊറിയൻ ശില്പിയായ യൂ യങ്-ഹോ നിർമ്മിച്ച ഗ്രീറ്റിംഗ് മാൻ എന്ന ശില്പം നവീനശില്പകലയ്ക്കുദാഹരണമാണ്[8].

ചൈനീസ് ശില്പകല[തിരുത്തുക]

പതിനൊന്നാം നൂറ്റാണ്ടിലെ ബോധിസത്വൻ ശില്പം വടക്കേ സോങ് രാജവംശം.
റ്റിയാൻ റ്റാൻ ബുദ്ധ

ബി.സി. 8000 മുതൽ ബി.സി. 3000 വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിലാണു ചൈനയിൽ ശില്പകലയുടെ ആരംഭം. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങൾ കളിമണ്ണിലും ശിലയിലും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ബി.സി.200 കളുടെ തുടക്കത്തിൽ ചൈനയിൽ, വസ്തുക്കളുടെ ശരിയായ വലിപ്പത്തിലുള്ള രൂപങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ഷിഹ്വാങ്ദിയുടെ ശവക്കല്ലറയിൽ നിന്നും ഇത്തരത്തിലുള്ള ഏതാനും രൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബി.സി. 202 മുതൽ എ.ഡി. 220 വരെ നീണ്ടുനിന്ന ഹാൻ രാജവംശത്തിന്റെ കാലത്തു ബുദ്ധമതം ഉൾപ്പെടെയുള്ള സംസ്കാരങ്ങൾ ചൈനയിൽ സ്വാധീനം ചെലുത്തി[9]. അതിന്റെ ഫലമായി സ്മാരകങ്ങൾ എന്ന നിലയിൽ ശില്പങ്ങൾ നിർമ്മിക്കുന്ന രീതി ചൈനയിൽ വൻപ്രചാരം നേടി[10].

എ.ഡി. 220 മുതൽ എ.ഡി. 589 വരെയുള്ള കാലയളവിൽ ചൈനയിൽ ആറു രാജവംശങ്ങൾ ഭരണം നടത്തിയിരുന്നു. ഈ കാലഘട്ടത്തിൽ ചൈനീസ് ശില്പകലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ത്യൻ ശില്പങ്ങളിൽ നിന്നും വ്യത്യസ്തമായി ദ്വിമാനതലത്തിലുള്ളതും കൃശാകൃതിയിലുള്ളതുമായ ശില്പങ്ങൾ നിർമ്മിക്കപ്പെട്ടു. ശിലയും വെങ്കലവുമൊക്കെയായിരുന്നു അക്കാലത്ത് ശില്പനിർമ്മാണത്തിനുപയോഗിച്ചിരുന്നത്.

താങ് രാജവംശത്തിന്റെ കാലത്തു നിർമ്മിച്ച ശില്പങ്ങൾ യഥാതഥ (റിയലിസ്റ്റിക്) സ്വഭാവമുള്ളവയായിരുന്നു[11]. യുവാൻ രാജവംശത്തോടെ (1279-1368) ബുദ്ധമതത്തിന് ശില്പരചനാരംഗത്തുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും ശില്പനിർമ്മാണശൈലികൾ മാറ്റങ്ങളില്ലാതെ തുടർന്നു. 1900-കൾ വരെ കളിമണ്ണ്, തടി തുടങ്ങിയ മാധ്യമങ്ങളിൽ ശൈലീപരമായി വ്യത്യാസങ്ങളില്ലാതെ ചെറിയ ശില്പങ്ങൾ നിർമ്മിക്കുന്നതിലായിരുന്നു ചൈനീസ് ശില്പികൾ താല്പര്യം കാണിച്ചിരുന്നത്.

കിഴക്കനേഷ്യൻ ബുദ്ധമതത്തിലെ ബോധിസത്വൻ എന്ന ആത്മീയാചാര്യസങ്കല്പം ചൈനയിലും ജനപ്രിയമായിതീർന്നു. രാജവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ബോധിസത്വന്റെ ശില്പം ഇതിനുദാഹരണമാണ്. ആദ്യകാലത്ത് ശില്പകലയുടെ പ്രാതിനിധ്യം മനുഷ്യരൂപങ്ങളായിരുന്നില്ല മറിച്ച് ശൂന്യമായ ഇരിപ്പിടം, കാലടികൾ, മരങ്ങൾ, സ്തൂപങ്ങൾ എന്നിവയായിരുന്നു. പിന്നീട് ഇത് പഗോഡകൾ നിർമ്മിക്കാനുള്ള പ്രചോദനം നൽകി[12]. ഇന്ത്യൻ ബുദ്ധശില്പ നിർമ്മാണത്തിന്റെ പരമ്പരാഗതശൈലിയോടോപ്പം ചൈനീസ് ശില്പികൾ അവരുടേതായ ശൈലികളും ഇതിൽ ഉപയോഗിച്ചിരുന്നു. മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിവ രണ്ട് പ്രധാനപ്പെട്ട ബോധിസത്വശില്പങ്ങളാണ്. ബുദ്ധമതവിശ്വാസികൾ‍ ഏറ്റവും കൂടുതൽ ആദരിക്കുന്ന ബോധിസത്വമാണ് അവലോകിതേശ്വരൻ. വലതുകയ്യിൽ അഗ്നി വമിക്കുന്ന ഒരു വാൾ പിടിച്ചുകൊണ്ട് ധ്യാനാവസ്ഥയിൽ ഇരിക്കുന്ന ഒരു ബോധിസത്വരൂപമായാണു് മഞ്ജുശ്രീയുടെ ബിംബങ്ങൾ കാണപ്പെടുന്നത്[13]. ടിബറ്റൻ ബുദ്ധമതശാഖയിൽ പലപ്പോഴും മഞ്ജുശ്രീ, അവലോകിതേശ്വരൻ, വജ്രപാണി എന്നിവരെ ത്രിമൂർത്തികളായി ചിത്രീകരിച്ച വിഗ്രഹങ്ങൾ കാണാം. 1993-ൽ ചൈനയിലെ ഹോങ് കോങ് ൽ റ്റിയാൻ റ്റാൻ ബുദ്ധ അല്ലെങ്കിൽ ബിഗ് ബുദ്ധ എന്ന 34 മീറ്റർ ഉയരമുള്ള വെങ്കലശില്പം നവീന ശില്പകലയെ എടുത്തുകാണിക്കുന്നതാണ്[14][15].

ജാപ്പനീസ് ശില്പകല[തിരുത്തുക]

ജപ്പാനിലെ ശില്പകല കളിമണ്ണ് രൂപത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ജപ്പാനിലെ ശിൽപ്പങ്ങൾക്ക് സിൽക്ക് റോഡ് സംസ്കാരത്തിന്റെ സ്വാധീനമുണ്ടായിരുന്നു. പിന്നീട് ചൈനീസ് ശിൽപ്പകലയിൽ നിന്ന് ശക്തമായ സ്വാധീനം ലഭിച്ചിരുന്നു. മീജി കാലഘട്ടത്തിൽ പാശ്ചാത്യലോകത്തിന്റെ സ്വാധീനവും കടന്നുകൂടിയിരുന്നു.[16]ശിൽപങ്ങൾ, ചിത്രകലകൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാദേശിക കടകളിലാണ് പ്രതിമകൾ നിർമ്മിച്ചിരുന്നത്. വീടിനു മുന്നിലും, പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ ചുവരുകളിലും നിരവധി ശിൽപങ്ങൾ കണ്ടെത്തിയിരുന്നു.

ബുദ്ധമതം അല്ലെങ്കിൽ ഷിന്റൊ[17] ദേവന്റെ അനശ്വരമായ അനുഷ്ഠാനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ജപ്പാനിലെ ശിൽപ്പങ്ങളിൽ ഭൂരിഭാഗവും. എല്ലാ കലകളിലും ശിൽപ്പവസ്തുക്കൾ ബുദ്ധമതവുമായി കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായി ശിൽപ്പനിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കൾ ലോഹങ്ങളായിരുന്നു- പ്രത്യേകിച്ച് വെങ്കലമായും, സാധാരണയായി, മരവും ഉപയോഗിച്ചിരുന്നു. പലപ്പോഴും വാർണിഷ്‌, മങ്ങിയ പെയിന്റ്.എന്നിവ ഉപയോഗിക്കുന്നതുകൂടാതെ സ്വർണ്ണം പൂശുക തുടങ്ങിയവയും ഉപയോഗിച്ച് ശിൽപ്പങ്ങൾ മോടിപിടിപ്പിച്ചിരുന്നു.[18]

അവലംബം[തിരുത്തുക]

 1. "Sarnath site". Retrieved 2 October 2014.
 2. Allen, caption at start of Chapter 15
 3. http://whc.unesco.org/en/list/244.
 4. Rajesh Kumar Singh (2012). An Introduction to the Ajantā Caves. Hari Sena Press Pvt. Ltd. ഐ.എസ്.ബി.എൻ. 9788192510705.
 5. "Group of Monuments at Mahabalipuram". UNESCO.org. Retrieved 23 October 2012.
 6. Khajuraho Group of Monuments UNESCO
 7. Birmingham Museum of Art (2010). Birmingham Museum of Art : guide to the collection. [Birmingham, Ala]: Birmingham Museum of Art. p. 57. ISBN 978-1-904832-77-5.
 8. "Korean sculpture on the Montevidean seashore". EL PAIS. 2012-10-20. (in Spanish)
 9. Rawson, 163–165
 10. Rawson, Chapter 1, 135–136
 11. Rawson, 138-138
 12. "Wisdom Embodied: Chinese Buddhist and Daoist Sculpture in The Metropolitan Museum of Art | MetPublications | The Metropolitan Museum of Art". www.metmuseum.org. Retrieved 2017-11-19.
 13. Keown, Damien (editor) with Hodge, Stephen; Jones, Charles; Tinti, Paola (2003). A Dictionary of Buddhism. Oxford, UK: Oxford University Press. ISBN 0-19-860560-9 p.172.
 14. DeWolf, Christopher "9 Hong Kong tourist traps – for better or worse" CNN Go. 27 October 2010. Retrieved 3 March 2012
 15. "Tian Tan Buddha". Atlas Obscura. Retrieved 10 January 2014.
 16. Nussbaum, Louis-Frédéric. (2005). "Meiji" in Japan encyclopedia, p. 624, p. 624, at Google Books; n.b., Louis-Frédéric is pseudonym of Louis-Frédéric Nussbaum, see Deutsche Nationalbibliothek Authority File.
 17. John Nelson. A Year in the Life of a Shinto Shrine. 1996. pp. 7–8.
 18. Japan This article incorporates public domain material from the Library of Congress Country Studies website http://lcweb2.loc.gov/frd/cs/.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_ശില്പകല&oldid=3621211" എന്ന താളിൽനിന്ന് ശേഖരിച്ചത്