ഏഴാമത്തുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഴാമുത്തിക്കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന ഒരു കലാരൂപമാണ് ഏഴാമത്തുകളി (ഏഴാംമട്ടുകളി). ഹാസ്യരസപ്രദാനമായ ഒരു വിനോദകലയാണിത്. അമ്പലവാസികളും നമ്പൂതിരിമാരും നായന്മാരുമാണ്‌ ഈ കല അവതരിപ്പിക്കുന്നത്. നാലുപാദം, പാന തുടങ്ങിയ ചടങ്ങുകൾ വന്നുചേരുന്നതിനുമുൻപുള്ള സംഘക്കളിയുടെ ഒരു വകഭേദമാകാം ഏഴാമത്തുകളി എന്ന് അപ്പൻ തമ്പുരാൻ ഊഹിക്കുന്നു[1]. ഏഴാം ഗ്രാമത്തിൽ തുടങ്ങിയതുകൊണ്ടാകാം ഏഴാമത്തുകളി എന്ന് പേരുവന്നത്[2]. ഒരേസമയം ഇരുപത്തഞ്ച് മുതൽ മുപ്പത് വരെ ആളുകൾ ഈ കളിയിൽ പങ്കെടുക്കുന്നു. വീട്ടുമുറ്റം തന്നെയാണ് കളിയരങ്ങ്.

അത്താഴത്തിനു ശേഷം നിലവിളക്ക് കത്തിച്ചു വച്ച് അതിനുചുറ്റും കളിക്കാനായി ഇരിക്കുന്നു. ഒരാൾ എഴുന്നേറ്റുനിന്ന് മറ്റുള്ളവർക്ക് മോർപ്പോളക്കേശവൻ, ഒഴുക്കത്തു വാലാട്ടി, അയക്കോലിന്മേൽ കാക്ക തുടങ്ങി രസകരങ്ങളായ പേരുകൾ നൽകും. അതിനു ശേഷം എല്ലാവരും ഇരുന്ന് താളത്തോടെ പാടിത്തുടങ്ങും.

കടങ്കഥാരൂപത്തിൽ ചോദ്യോത്തരങ്ങളായാണ് പാട്ടുകളിലധികവും. ഉദാ:-

ഞാൻ കുളിക്കും കുളമല്ലോ

ഏറ്റുമാനൂർ തേവർകുളം

നീ കുളിക്കും കുളത്തിന്റെ
പേരു ചൊല്ലു മാരാ...........

ചില സമയങ്ങളിൽ കടങ്കഥയിൽ നിന്ന് വിട്ട് തികഞ്ഞ പരിഹാസത്തിലേക്കും പാട്ടുകൾ കടക്കുന്നു. ഉദാ:-

കണ്ടവർക്കു പിറന്നോനെ കാട്ടുമാക്കാൻ കടിച്ചോനെ

കടവിൽ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....?
ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്‌ക്കൽ തരിപ്പണം
വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും
ഇഷ്ടമുള്ള ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോൾ
വിടുപ്പട്ടിക്കൂട്ടം വന്നു കറിയും നക്കി.........

കടങ്കഥക്ക് ഉത്തരം പറയാൻ സാധിക്കാത്ത ആൾ വിദൂഷകനായി വന്ന് സദസ്യരെ രസിപ്പിക്കുന്നു. ചെണ്ട, ചേങ്ങില, മദ്ദളം എന്നിവയാണ് സാധാരണ ഈ കളിക്കുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ.

കൂട്ടപ്പാഠകം[തിരുത്തുക]

തിരുവിതാംകൂറിലാണ്‌ ഏഴാമത്തുകളി പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ മമ്പൂരി, അമ്പലവാസി, നായർ ഈ ജാതികളിൽപ്പെട്ടവർക്കു ചേരാം. ഇതിനു സമാനമായി കൂട്ടപ്പാഠകമെന്ന വിനോദം കൊച്ചിയിലുണ്ടായിരുന്നു. അതിൽ അമ്പലവാസികൾ മാത്രമാണ്‌ പങ്കെടുത്തിരുന്നത്. കൂട്ടപ്പാഠകത്തിൽ പാട്ടിനുപകരം ശ്ലോകങ്ങളാണ്‌ ചൊല്ലുക[3].

അവലംബം[തിരുത്തുക]

  1. അപ്പൻ, തമ്പുരാൻ. സംഘക്കളി. p. 20. 
  2. ശങ്കരപ്പിള്ള, ജി (2008) [1958]. "ശുദ്ധമലയാളശാഖ". എന്നതിൽ കെ.എം. ജോർജ്ജ്. സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. p. 101. 
  3. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1967) [1953]. "നാടൻപാട്ടുകൾ". കേരളസാഹിത്യചരിത്രം, വാല്യം 1 (3 എഡി.). തിരുവനന്തപുരം: കേരള സർവ്വകലാശാല. p. 215. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴാമത്തുകളി&oldid=1877202" എന്ന താളിൽനിന്നു ശേഖരിച്ചത്