എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Dravidabhasha vyakaranam Vol 1.jpg
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ദ്രാവിഡഭാഷാവ്യാകരണം ഒന്നാംഭാഗത്തിന്റെ കവർപേജ്

റോബർട്ട് കാൾഡ്വെൽ എഴുതിയ പുസ്തകമാണ് എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്. ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെട്ട ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകളുടെ വ്യാകരണത്തിന്റെ താരതമ്യപഠനവും ആ ഭാഷകളുടെ പാരസ്പര്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം.ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തിനു തുടക്കം കുറിച്ചത് ഈ ഗ്രന്ഥമാണ്.

പശ്ചാത്തലം[തിരുത്തുക]

സ്കോട്ട്ലണ്ടുകാരനായ റോബർട്ട് കാൾഡ്വെലിന്റെ ഉപരിപഠനം ഗ്ലാസ്ഗോ സർവകലാശാലയിൽ ആയിരുന്നു. ഭാഷകളുടെ താരതമ്യപഠനത്തിൽ അദ്ദേഹത്തിനു ചെറുപ്പത്തിലെ താത്പര്യം ഉണ്ടായിരുന്നു. 24-ആമത്തെ വയസ്സിൽ മതപ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയ അദ്ദേഹം, സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞതോടെ തമിഴ് ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ ഇന്ത്യൻ ഭാഷകളുടെ ശാസ്ത്രീയവിശകലനത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച ഈ വിഖ്യാതരചന ആ നിഗമനങ്ങളുടെ രേഖയാണ്.

'ദ്രാവിഡഭാഷാകുടുംബം'[തിരുത്തുക]

ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാസമൂഹം സംസ്കൃതവും ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നു വ്യതിരിക്തമാണെന്നു വാദിച്ച കാൾഡ്വെൽ അവ ഉൾപ്പെടുന്ന ഭാഷാകുടുംബത്തെ ദ്രാവിഡഭാഷകൾ എന്നു വിളിച്ചു. പിൽക്കാലത്ത് ഏറെ അംഗീകാരം നേടിയ ഈ പേര് ആ ഭാഷാസമൂഹത്തിനു നൽകിയത് കാൾഡ്വെലാണ്. ഈ ഭാഷാസമൂഹത്തിലെ ഭാഷകളുടെ വ്യതിരിക്തതയെ കാൾഡ്വെൽ ഇങ്ങനെ ഊന്നിപ്പറഞ്ഞു.

ദ്രാവിഡകുടുംബത്തിലെ ഭാഷകൾ ഇതരഭാഷകളും ഭാഷാകുടുംബങ്ങളുമായി ഏതുവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി കാൾഡ്വെൽ അവകാശപ്പെട്ടില്ല. ആ പ്രശ്നത്തിനുള്ള ശാസ്ത്രീയമായ സമാധാനം അന്നോളം കണ്ടെത്തിയിട്ടില്ലെന്നു സമ്മതിക്കുന്ന അദ്ദേഹം എന്നെങ്കിലും അതു പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതേസമയം, ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിനും തുറേനിയൻ/സിഥിയൻ ഭാഷാഗണത്തിനും ഇടയിൽ, മദ്ധ്യത്തിലല്ലാതെ, തുറേനിയൻ/സിഥിയൻ ഗണത്തോടു കൂടുതൽ അടുത്തു നിൽക്കുന്നവയാകാം ദ്രാവിഡഭാഷകളെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.[2]

1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാൾഡ്വെൽ ഇംഗ്ലണ്ടിൽ അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാൾഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, അർഹിക്കുന്നതും ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.[2][൧]

നിർദ്ദേശങ്ങൾ[തിരുത്തുക]

ദക്ഷിണേന്ത്യൻ ഭാഷകളുടെ മികവിനേയും അവ സംസാരിക്കുന്നവരുടെ ഭാഷാപ്രേമത്തേയും കാൾഡ്വെൽ നിർല്ലോഭം പുകഴ്ത്തുന്നു. "തമിഴിലോ, മറ്റേതെങ്കിലും ഒരു ദ്രാവിഡഭാഷയിലോ പ്രാവീണ്യം നേടിയ ഒരു യൂറോപ്യന്, ഇത്ര അത്ഭുതകരമായൊരു ചിന്താസമഗ്രി (...so wonderful an organ of thought..) വികസിപ്പിച്ചെടുത്ത ജനതയെ ആദരവോടെയല്ലാതെ കാണാൻ സാധിക്കുകയില്ല" എന്നദ്ദേഹം കരുതി. എങ്കിലും, സ്വന്തം ഭാഷകൾ ആഴത്തിൽ പഠിക്കുന്ന നാട്ടുകാർ അവയെ സ്വദേശത്തെ തന്നെ ഇതരഭാഷകളുമായിപ്പോലും താരതമ്യം ചെയ്തു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാത്തത് ഒരു കുറവായി അദ്ദേഹം കാണുന്നു. ഇതുമൂലം അവരുടെ ഭാഷാജ്ഞാനം സൂക്ഷ്മതയുള്ളതായിരുന്നപ്പോഴും വിസ്തൃതിയില്ലാത്തതായി എന്ന് അദ്ദേഹം വിമർശിച്ചു. സമാനഭാഷകൾ ചേർന്ന 'ഭാഷാകുടുംബങ്ങൾ' എന്ന ആശയം തന്നെ നാട്ടുകാർക്ക് അപരിചിതമാണെന്നു കാൾഡ്വെൽ പരിതപിക്കുന്നു. ആ കുറവു നികത്താൻ തന്റെ കൃതി കുറച്ചെങ്കിലും സഹായിച്ചേക്കാം എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.[2]

ദ്രാവിഡഭാഷാവ്യാകരണം[തിരുത്തുക]

കാൾഡ്വെലിന്റെ ഈ കൃതിയുടെ മലയാളവിവർത്തനം ദ്രാവിഡഭാഷാവ്യാകരണം എന്ന പേരിൽ രണ്ടുഭാഗങ്ങളായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. കെ. നായരുടേതാണു പരിഭാഷ. 1973 ഡിസംബറിലാണ് ഈ പരിഭാഷയുടെ ഒന്നാംഭാഗത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്. തുടർന്ന് 1985ലും 2014ലും പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി. രണ്ടാംഭാഗം 1976ൽ പരിഭാഷപ്പെടുത്തി പുറത്തിറക്കി. 1994, 2014 വർഷങ്ങളിൽ പുനഃപ്രസിദ്ധീകരിച്ചു. സംസ്കൃതത്തിലെയും തമിഴിലെയും അടിസ്ഥാന പദാവലി താരതമ്യം ചെയ്തുകൊണ്ട് ദ്രാവിഡഭാഷകൾ സംസ്കൃതജന്യമല്ല എന്ന് കാൾഡ്വെൽ തെളിയിച്ചു. അന്ന് അറിവുണ്ടായിരുന്ന ദ്രാവിഡ ഭാഷകളായ തമിഴ്, മലയാളം, തെലുഗു, കന്നഡ, തുളു, കുടക്, തോദ, കോത, ഗോണ്ഡ്, ഖോന്ദ്, രാജ്മഹാൽ, ഒറവോൺ എന്നിവയുടെ ഘടനയേയും പരസ്പരബന്ധത്തെയും കുറിച്ച് ഈ പുസ്തകം പരാമർശിക്കുന്നു. ഇവയുടെ ഘടനയും പദാവലിയും പഠനവിധേയമാക്കിക്കൊണ്ട് ദ്രാവിഡഭാഷാകുടുംബത്തിന്റെ പൊതുവായ ധ്വനിവ്യവസ്ഥ, ധാതുക്കളുടെ സവിശേഷതകൾ, ലിംഗവും വചനവും, വിഭക്തി പ്രക്രിയ, നാമവിശേഷണങ്ങൾ എന്നിവ ഒന്നാംഭാഗത്തിൽ കാൾഡ്വെൽ വിശദമായി വിശകലനം ചെയ്തിരിക്കുന്നു. ദ്രാവിഡഭാഷകളുടെ പ്രാചീനതയുടെ ഉദാഹരണമായി തമിഴിലെ പ്രാചീനകൃതികളും ശാസനങ്ങളും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡഭാഷാവിജ്ഞാനീയം (dravidian linguistics) എന്ന പഠനശാഖയ്ക്ക് തുടക്കമിടുകയായിരുന്നു, ഈ വിശിഷ്ട ഗ്രന്ഥം. ബിഷപ്പ് കാൾഡ്വെല്ലിന്റെ ദ്രാവിഡഭാഷാ വ്യാകരണത്തിന്റെ രണ്ടാംഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സംഖ്യകൾ, സർവനാമങ്ങൾ, ക്രിയ എന്നിവയുടെ താരതമ്യപഠനവും ദ്രാവിഡഭാഷാ കുടുംബത്തിന്റെ പദാവലീബന്ധങ്ങളുമാണ്. ആദ്യഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധ്വനിഘടന, നാമം, നാവവിശേഷണം എന്നിവയുടെ താരതമ്യപഠനത്തോട് സർവനാമങ്ങളും ക്രിയയും ചേരുമ്പോൾ ദ്രാവിഡഭാഷാ വ്യാകരണത്തിന്റെ അടിസ്ഥാന രൂപം പൂർണമാകുന്നു. കാൾഡ്വെലിന്റെ കാലത്ത് അറിയപ്പെടാതിരുന്ന പല ആദിവാസി ഭാഷകളിൽ നിന്നുള്ള വിവരങ്ങൾ കൂടി വിശകലനത്തിനുപയോഗിച്ചുകൊണ്ട് ആധുനിക കാലത്ത് ഉണ്ടായിട്ടുള്ള വിശദപഠനങ്ങളും കാൾഡ്വെലിന്റെ മാതൃക തന്നെയാണ് പിന്തുടർന്നിട്ടുള്ളത് എന്നത് ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം വ്യക്തമാക്കുന്നു. പദാവലീ ബന്ധങ്ങൾ എന്ന ഭാഗത്ത് കാൾഡ്വെൽ ദ്രാവിഡഭാഷാ കുടുംബത്തിനും മറ്റു പല ഭാഷാകുടുംബങ്ങൾക്കുമുള്ള പദതലത്തിലെ സമാനതകൾ ഉൾക്കാഴ്ചയോടെ ചൂണ്ടിക്കാണിക്കുന്നു. ഇന്തോ യൂറോപ്യൻ കുടുംബവുമായി, പ്രത്യേകിച്ച് സംസ്കൃതവുമായി, ദ്രാവിഡ കുടുംബത്തിനുണ്ടായ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് കാൾഡ്വെലിന്റെ നിരീക്ഷണങ്ങളും വളരെ പ്രസക്തമാണ്. ദ്രാവിഡത്തിന്റെ സ്വാധീനം ഇന്തോയൂറോപ്യനിലും സംസ്കൃതത്തിലും ഉണ്ടായിട്ടുണ്ടെന്നു തെളിയിക്കാൻ കാൾഡ്വെലിനു കഴിഞ്ഞു.

കുറിപ്പുകൾ[തിരുത്തുക]

^ Of the various expressions of approval the first edition received, the one which gratified me most because I felt it to be most deserved, was that it was evident that I had treated the Dravidian languages 'lovingly'"[2]

അവലംബം[തിരുത്തുക]

  1. എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം, Internet Archive-ലുള്ള കൃതിയുടെ സമ്പൂർണ്ണപാഠത്തിൽ നിന്ന്
  2. 2.0 2.1 2.2 2.3 എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, 1875-ലെ രണ്ടാം പതിപ്പ് ആമുഖം