എ. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:A Gopalkrishnan.jpg

പ്രഗല്ഭ ആണവ ശാസ്ത്രജ്ഞനും ഇന്ത്യയിലെ ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിന്റെ മുൻ ചെയർമാനുമാണ് ഡോ. എ. ഗോപാലകൃഷ്ണൻ (ജനനം 1937). ആണവസാങ്കേതിക വിദ്യയിലും ആണവനിലയങ്ങളുടെ സുരക്ഷയിലും അദ്ദേഹത്തിന് ദീർഘനാളത്തെ അനുഭവസമ്പത്ത് ഉണ്ട് . ആണവസുരക്ഷയ്കായി പതിനഞ്ച് രാജ്യങ്ങൾ ചേർന്ന് 1993 ൽ സംഘടിപ്പിച്ച അന്തർദ്ദേശീയ കൺവൻഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള സമിതിയുടെ ചെയർമാനുമായിരുന്നു ഡോ. എ. ഗോപാലകൃഷ്ണൻ. [1]

ഇന്തോ - അമേരിക്കൻ ആണവക്കരാറിനെതിരായും (123 കരാർ) അതിനായി നിർമ്മിച്ച ആണവസുരാക്ഷാ ബില്ലിനെതിരായും ശക്തമായ നിലപാടെടുത്തുകൊണ്ട്, ഇന്ത്യൻ ആണവപരിപാടികളെ സംബന്ധിച്ച പ്രധാന വിമർശകനായി അദ്ദേഹം മാറി. ഹോമി ജെ. ഭാഭ വിഭാവനം ചെയ്ത ഭാരത്തിന്റെ ആണവ സ്വാശ്രയത്വം എന്ന സങ്കല്പം അട്ടിമറിക്കുന്നതരത്തിലാണ് ഭാരതസർക്കാരിന്റെ ആണവോർജ്ജവകുപ്പിന്റെ നിലപാടുകളെന്ന വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. അമേരിക്കൻ ആണവലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയ - ശാസ്ത്ര നേതൃത്വമാണ് ഈ അവസ്ഥയ്കു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. [2] ഇറക്കുമതിചെയ്ത ആണവനിലയങ്ങളിലൂടെയും വിദേശസാങ്കേതിക വിദ്യയുടെ സഹായത്തോടെയും ജൈതാപൂരിലും കൂടംകുളത്തും നിർമ്മിക്കുന്ന ആണവനിലയങ്ങൾ അന്താരാഷ്ട്രമാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. [3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1993 ജൂൺ 17 മുതൽ 1996 ജൂൺ 16 വരെ ഇന്ത്യൻ ആണവോർജ്ജ പരിപാടികളുടെ സുരക്ഷാ - തർക്കപരിഹാര മേൽനോട്ടങ്ങൾ നിർവ്വഹിക്കുന്ന ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അദ്ധ്യക്ഷനായി ഡോ. എ. ഗോപാലകൃഷ്ണൻ പ്രവർത്തിച്ചു. 1959-61 കാലത്ത് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ റിയാക്ടർ ഫിസിക്സ് ഗ്രൂപ്പിൽ സയന്റിഫിക് ഓഫീസറായാണ് ആണവോർജ്ജമേഖലയിൽ അദ്ദേഹം പ്രവർത്തനമാരംഭിച്ചത്. 1961 മുതൽ 1976 വരെ അമേരിക്കയിൽ ആണവോർജ്ജവകുപ്പുമായി ബന്ധപ്പെട്ട് പല പദവികളും വഹിച്ചു. ആണവനിലയങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആസൂത്രണം, നിർവ്വഹണം തുടങ്ങിയ മേഖലയിൽ അമേരിക്കൻ അണവോർജ്ജ നിയന്ത്രണ കമ്മീഷനുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളിൽ അദ്ദേഹം അക്കാലത്ത് വ്യാപൃതനായിരുന്നു. തുടർന്ന് 1976 മുതൽ ഇന്ത്യയിൽ വിവിധ ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ ജനറൽ മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ദുർഗാപ്പൂർ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ആണവോർജ്ജ നിയന്ത്രണ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷമാണ് അദ്ദേഹം എ.ഇ.ആർ.ബി. ചെയർമാനാകുന്നത്.

ഹൈദരാബാദിലെ അഡ്മിനിസ്ടേറ്റീവ് സ്റ്റാഫ് കോളേജ്, ഹാർവാഡ് യൂണിവേഴ്സിറ്റി തുടങ്ങി ഇന്ത്യയിലും വിദേശത്തുമുളള പല ഗവേഷണ - വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വകുപ്പ് മേധാവിയായും അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 -ൽ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര - സാങ്കേതിക - പരിസ്ഥിതി ഹോണററി ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [4]

ജീവിതരേഖ[തിരുത്തുക]

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഡോ. ഗോപാലകൃഷ്ണൻ ബാർക്കിലെ പരിശീലനത്തിനുശേഷം ആണവ എഞ്ചിനീയറിംഗിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോക്ടറേറ്റ് എടുത്തത്. [4]


അവലംബം[തിരുത്തുക]

  1. India Today Conclave, ശേഖരിച്ചത് 2012 നവംബർ {{citation}}: Check date values in: |accessdate= (help)
  2. Liability bill will cripple our technology, ശേഖരിച്ചത് 2012 നവംബർ {{citation}}: Check date values in: |accessdate= (help)
  3. Stop Kudankulam fuelling, lives are at stake, ശേഖരിച്ചത് 2012 നവംബർ {{citation}}: Check date values in: |accessdate= (help)
  4. 4.0 4.1 AERB Profile, ശേഖരിച്ചത് 2012 നവംബർ {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എ._ഗോപാലകൃഷ്ണൻ&oldid=1735824" എന്ന താളിൽനിന്ന് ശേഖരിച്ചത്