എ.ഐ.സി.എൽ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. ഐ. സി. എൽ
സ്വകാര്യ സ്ഥാപനം
വ്യവസായംപലിശ രഹിത സാമ്പത്തിക സ്ഥാപനം
സ്ഥാപിതം22 ഡിസംബർ 2001
ആസ്ഥാനംകൊച്ചി, ഇന്ത്യ
പ്രധാന വ്യക്തി
ടി. ആരിഫലി (ഡയറക്ടർ)
ഉടമസ്ഥൻജമാഅത്തെ ഇസ്ലാമി കേരള

ഇന്ത്യയിലെ ഒരു പലിശരഹിത സാമ്പത്തിക സ്ഥാപനമാണ് എ. ഐ. സി. എൽ (Alternative Investments and Credits Limited (AICL))[1]. പലിശാധിഷ്ഠിത സമ്പദ്ഘടനക്ക് ബദലായി കേരള ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ 2000 ജൂണിൽ കൊച്ചിയിൽ ആരംഭിച്ചു[2]. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രഥമ സ്വകാര്യ സംരംഭമാണിത്. കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന അൽ ബറക എന്ന സാമ്പത്തിക സ്ഥാപനവുമായി സഹകരിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. [3]ഡയറക്ടർ ടി. ആരിഫലി..

രൂപീകരണം[തിരുത്തുക]

2000ൽ പലിശയുടെ വിപത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപമായി നടത്തിയ പലിശക്കെതിരെ എന്ന കാമ്പയിനിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ട സംരംഭമാണ് പലിശരഹിത ഇസ്ലാമിക സാമ്പത്തിക ബദൽ. 2001 ഡിസംബർ 22-ന് സംസ്ഥാന മുഖ്യമന്ത്രി എ.കെ.ആന്റണി എറണാംകുളം ടൌൺ ഹാളിൽ വെച്ച് കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചു. കമ്പനി ചെയർമാനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറുമായ കെ.എ.സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് എറണാകുളത്തും മേഖലാ ഓഫീസ് കോഴിക്കോട്ടും പ്രവർത്തിക്കുന്നു. ലോകത്തെങ്ങുമുള്ള ഇസ്ലാമിക ബാങ്കുകളുടെ പ്രവർത്തന രീതികളും ഇന്ത്യൻ സാഹചര്യത്തിലുള്ള അതിന്റെ പ്രായോഗികതയും വിലയിരുത്തിയാണ് സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയുമുണ്ട്.[4]

അംഗീകാരം[തിരുത്തുക]

2002 ജനുവരി 8-നാണ് സ്ഥാപനത്തിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത്[2]. അതോടെ വിദേശവിനിമയത്തിനുള്ള അവകാശവും ലഭിച്ചു. [5]. എന്നാൽ ഈ അംഗീകാരം പിന്നീട് റദ്ദാക്കപ്പെട്ടു. ലാഭ-നഷ്ട പങ്കാളിത്തത്തോടെയുള്ള പ്രവർത്തന രീതി റിസർവ് ബാങ്കിന് രേഖാമൂലം സമർപ്പിക്കുകയും അവർ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006-ൽ റിസർവ് ബാങ്ക്, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഫെയർ പ്രാക്ടീസ് കോഡ് സർക്കുലർ പുറത്തിറക്കി. സുതാര്യതയുടെ ഭാഗമായി, ഉപഭോക്താക്കളോട് എത്രയാണ് പലിശ ഈടാക്കുന്നതെന്ന് വ്യക്തമാക്കാൻ സർക്കുലർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ആ സർക്കുലറിൽ സ്വന്തമായ ഫെയർ പ്രാക്ടീസ് കോഡ് രൂപീകരിക്കാൻ സ്വാതന്ത്യ്രം നൽകിയിരുന്നു. തദടിസ്ഥാനത്തിൽ ലാഭ-നഷ്ട പങ്കാളിത്തം പ്രവർത്തന രീതിയായി വിശദീകരിച്ച് കൊണ്ട് 2007-ൽ ഫെയർ പ്രാക്ടീസ് കോഡ് റിസർവ് ബാങ്കിന് സമർപ്പിക്കുകയും അവർ ഫയലിൽ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സുപ്രധാനമായ ഒരു കേസിൽ എ.ഐ.സി.എൽ പരാമർശവിധേയമായപ്പോൾ റിസർവ് ബാങ്ക് എ.ഐ.സി.എല്ലിന്റെ രേഖകൾ പരിശോധിച്ച് കൃത്യമായി പലിശ പ്രഖ്യാപിക്കുന്നില്ല എന്ന് കണ്ടെത്തി. എ.ഐ.സി.എൽ വിശദീകരണം നൽകിയെങ്കിലും റിസർവ് ബാങ്കിന്റെ സർക്കുലറിലെ പലിശയുമായി ബന്ധപ്പെട്ട വ്യവസ്ഥ പാലിക്കുന്നില്ല എന്നാരോപിച്ച് എ.ഐ.സി.എല്ലിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ വരാത്ത സാമ്പത്തിക ഇടപാടുകൾ മാത്രമേ ഇപ്പോൾ നടത്താനാവൂ[6].

ലക്ഷ്യങ്ങൾ[തിരുത്തുക]

  • നിക്ഷേപകരുടെ പണം ഇസ്ലാം അനുവദിക്കുന്ന രീതിയിൽ ലാഭകരമായ സംരംഭങ്ങളിൽ മുടക്കാനുള്ള അവസരമൊരുക്കുക.
  • സംരംഭകർക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയിൽ പണം നൽകുക.
  • ലാഭകരമായ പ്രൊജക്ടുകളിൽ ബിസിനസ് സംരംഭങ്ങൾ ഏറ്റെടുക്കുക.[7]

സന്നദ്ധസേവനം[തിരുത്തുക]

2002 മെയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി എ.ഐ.സി.എൽ ചാരിറ്റബിൾ ട്രസ്റ് രൂപീകരിച്ചു. ചികിത്സ, വിദ്യാഭ്യാസം, സ്വയം തൊഴിൽ കണ്ടെത്തൽ, വീടിന്റെ അറ്റകുറ്റ പണി എന്നിവക്കായി പലിശയില്ലാതെ ട്രസ്റ് കടം അനുവദിക്കുന്നു. ട്രസ്റിന് ലഭിക്കുന്ന സംഭാവനകളും ലാഭത്തിലെ സകാത്ത് വിഹിതവുമാണ് ഇതിനായി നീക്കി വെക്കുന്നത്.

അവലംബം[തിരുത്തുക]

  1. P.K. Yaqoob. Case for interest free financial institutions in Kerala (PDF). Acknowledgement. ശേഖരിച്ചത് 29 ഒക്ടോബർ 2019.
  2. 2.0 2.1 P.K. Yaqoob. Case for interest free financial institutions in Kerala (PDF). Chapter 5. പുറം. 208. ശേഖരിച്ചത് 29 ഒക്ടോബർ 2019.{{cite book}}: CS1 maint: location (link)
  3. http://www.prabodhanam.net/detail.php?cid=269&tp=1[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.jihkerala.org/english/aicl.htm
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-05.
  6. എ. മുഹമ്മദലി (04 ആഗസ്റ്റ് 2012). "എ.ഐ.സി.എൽ പുതിയ ബിസിനസ് മേഖലകൾ കണ്ടെത്തും". ശേഖരിച്ചത് 29 ഒക്ടോബർ 2019. {{cite journal}}: Cite journal requires |journal= (help); Check date values in: |date= (help)
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-05.
"https://ml.wikipedia.org/w/index.php?title=എ.ഐ.സി.എൽ.&oldid=3897251" എന്ന താളിൽനിന്ന് ശേഖരിച്ചത്