എൽസി സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടകനടിയാണ് എൽസി സുകുമാരൻ. പന്ത്രണ്ടാം വയസു മുതൽ അഭിനയം ആരംഭിച്ചു. നിരവധി അമച്വർ നാടകങ്ങളിലും നാടക സമിതികളുടെ പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

1955-ൽ കൊടുങ്ങല്ലൂർ ഗോതുരുത്ത് സ്വദേശി ഫ്രാൻസിസിന്റെയും എറണാകുളം ജില്ലയിലെ പെരുമാനൂർ സ്വദേശിനി എമിലിയുടെയും മകളായി ജനിച്ചു. പന്തീരാങ്കാവ് ഹൈസ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ സ്കൂൾ നാടകത്തിൽ അഭിനയിച്ചു. കലാസമിതികളുടെയും വായനശാലകളുടെയും വാർഷികങ്ങൾക്ക് നിരവധി നാടകങ്ങളിൽ വേഷമിട്ടു. കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിലൂടെയാണ് എൽസി പ്രഫഷണൽ നാടക രംഗത്ത് പ്രവേശിക്കുന്നത്. ഈ കാലയളവിൽ സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. തിക്കോടിയൻ, കെ.ടി. മുഹമ്മദ്, എം.ടി., വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ നാടകങ്ങളിലും വേഷമിട്ടു.[1]

കലിംഗ, ചിരന്തന തുടങ്ങിയ നാടക സമിതികളിലും എൽസി അഭിനയിച്ചു. ഇതിൽ കലിംഗയിൽ നാൽക്കവല, കൈനാട്ടികൾ എന്നീ നാടകങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. ചിരന്തനയിൽ അപൂർവ്വം അരങ്ങുകളിൽ അഭിനയിച്ചു. സൃഷ്ടി എന്ന നാടകം ചലച്ചിത്രമാക്കിയപ്പോൾ അതിലെ കഥാപാത്രമായ രാധയെ എൽസി തന്നെയാണ് അവതരിപ്പിച്ചത്. വി.ടി. അരവിന്ദാക്ഷമേനോൻ, നെല്ലിക്കോട് ഭാസ്‌കരൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, കുഞ്ഞാവ, കുഞ്ഞാണ്ടി, നിലമ്പൂർ ബാലൻ, മാമുക്കോയ, ശാന്താദേവി, കണ്ണൂർ രാജം, നിലമ്പൂർ ആയിഷ, വിജയലക്ഷ്മി തുടങ്ങിയ പ്രമുഖരുടെ ഒപ്പം നിരവധി വേദികളിൽ എൽസി അഭിനയിച്ചു.[1]

1995-ൽ ഉറൂബിന്റെ ഭഗവാന്റെ അട്ടഹാസം എന്ന ചെറുകഥ ഏകാഭിനയരൂപത്തിൽ അവതരിപ്പിച്ച് എൽസി അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. കടാങ്കട'യെന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്. 1969 മുതൽ കോഴിക്കോട് ആകാശവാണിയിലെ ഡ്രാമ ആർട്ടിസ്റ്റായും 1993 മുതൽ എ-ഗ്രേഡ് ആർട്ടിസ്റ്റായും എൽസി പ്രവർത്തിക്കുന്നു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ന്റെപ്പൂപ്പാക്കൊരാനേണ്ടാർന്നു, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, അഗ്‌നിസാക്ഷി, രണ്ടാമൂഴം, സ്മാരകശിലകൾ, എണ്ണപ്പാടം, സുൽത്താൻ വീട് തുടങ്ങിയ റേഡിയോ നാടകങ്ങളിൽ എൽസി ശബ്ദം നൽകി. തൃശ്ശൂർ, തിരുവനന്തപുരം നിലയങ്ങളിലും എൽസി പ്രവർത്തിച്ചിട്ടുണ്ട്.[1]

വയലിനിസ്റ്റായ സുകുമാരനെയാണ് എൽസി വിവാഹം ചെയ്തത്. കോഴിക്കോട് സരസ്വതി സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു. കെ.പി.ഉമ്മർ അധ്യക്ഷനായ സംസ്ഥാന പ്രൊഫഷണൽ നാടകമത്സര ജൂറിയിൽ 2000-ൽ ഇവർ അംഗമായിരുന്നു. സരിത്ത്, സനിത എന്നിവർ മക്കൾ.[1]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

 • സൃഷ്ടി
 • സ്ഥിതി
 • സംഹാരം
 • സാക്ഷാത്കാരം
 • സമന്വയം
 • സനാതനം
 • സന്നാഹം
 • ഗോപുര നടയിൽ
 • തമ്പുരാന്റെ പല്ലക്ക്
 • കാട്ടുകടന്നൽ
 • സൂര്യഗ്രഹണം
 • മഹാഭാരതം
 • കലിംഗ
 • ചിരന്തന
 • നാൽക്കവല
 • കൈനാട്ടികൾ
 • ഭഗവാന്റെ അട്ടഹാസം
 • ഉപാസന

പുരസ്കാരങ്ങൾ[തിരുത്തുക]

1989-ൽ പയ്യന്നൂരിൽ നടന്ന കേരള സംഗീതനാടക അക്കാദമിയുടെ അമേച്വർ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു.[1] വളയനാട് കലാസമിതിക്കുവേണ്ടി ജയപ്രകാശ് കാര്യാൽ ഒരുക്കിയ ഉപാസന നാടകത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 "അഭിനയക്കരുത്തിന്റെ അരനൂറ്റാണ്ട്‌". മാതൃഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 4.
"https://ml.wikipedia.org/w/index.php?title=എൽസി_സുകുമാരൻ&oldid=1813026" എന്ന താളിൽനിന്ന് ശേഖരിച്ചത്