എൻ. ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)
എൻ. ശ്രീധരൻ
എൻ. ശ്രീധരൻ
ജനനം1928
അറിയപ്പെടുന്നത്കായംകുളം ഡി.സി. സെക്രട്ടറി,
കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി,
ആലപ്പുഴ ജില്ലാ കമ്മിറ്റി അസി. സെക്രട്ടറി,
ആലപ്പുഴ, കൊല്ലം ജില്ലാ സെക്രട്ടറി,
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി(കൾ)ടി.വി. പത്മാവതി

മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ ഒരാളും, മുൻ സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് എൻ. ശ്രീധരൻ (1928 - 1985).[1] ഇദ്ദേഹം എൻ.എസ്. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[2]

ആദ്യകാല ജീവിതം[തിരുത്തുക]

1928-ൽ കൊല്ലം ജില്ലയിലെ വള്ളിക്കാവ് എന്ന സ്ഥലത്ത് ഒരു വള്ളക്കാരന്റെ മകനായാണ് എൻ. ശ്രീധരന്റെ ജനനം.[1] പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തിൽ സഹായിയായി ജോലി ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹം രാഷ്ട്രീയരംഗത്തേക്കു പ്രവേശിച്ചു.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി നേതാവായാണ് ശ്രീധരന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായി മാറി. 1946-ൽ പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ അദ്ദേഹം ജന്മസ്ഥലമായ വള്ളിക്കാവിലെ ഒരു ബീഡിക്കടയുടെ മുൻപിൽ 'ദിവാൻ ഭരണം തുലയട്ടെ' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചുകൊണ്ട് പോലീസിനെ വെല്ലുവിളിച്ചു.[2] തുടർന്ന് ശ്രീധരനെ പിടികൂടുവാൻ പോലീസ് ശ്രമിച്ചതോടെ അദ്ദഹത്തിന്റെ ദീർഘകാലത്തെ ഒളിവുജീവിതം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന സമയത്തും അദ്ദേഹം പൊതുപ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. അക്കാലത്താണ് അദ്ദഹത്തിന് 'എൻ.എസ്.' എന്ന വിളിപ്പേര് ലഭിക്കുന്നത്.[2]

നാവികതൊഴിലാളി സംഘടനയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.[1] 1946-ലെ പുന്നപ്ര വയലാർ സമരത്തിലും 1949-ലെ ശൂരനാട് കലാപത്തിലും പങ്കെടുത്തതിന്റെ പേരിൽ അദ്ദഹത്തിനു ക്രൂരമായ പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.[1][2]

പദവികൾ[തിരുത്തുക]

1940-കളിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൽ സെക്രട്ടറി, കായംകുളം ഡിവിഷൻ കമ്മിറ്റി സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ ഡി.സി. അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം ശ്രീധരൻ പ്രവർത്തിച്ചിരുന്നു.[1] 1958-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ് സെക്രട്ടറിയായ അദ്ദേഹം സി.പി.ഐ.(എം.)ന്റെ രൂപീകരണത്തിനു ശേഷം ആലപ്പുഴ, കൊല്ലം ജില്ലകളിൽ പാർട്ടി സെക്രട്ടറിയായി. പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.[2]

മരണം[തിരുത്തുക]

1985 ഫെബ്രുവരി 17-ന് ചിറ്റാറിൽ പോലീസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ എൻ.എസ്. അന്തരിച്ചു.[3][4] 57-ആം വയസ്സിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ അദ്ദേഹം സി.പി.ഐ.(എം.)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.[5]

മരണശേഷം[തിരുത്തുക]

എൻ.എസിന്റെ മരണശേഷം അദ്ദഹത്തിന്റെ ഓർമ്മയ്ക്കായി ഒരു സഹകരണ ആശുപത്രി കൊല്ലം ജില്ലയിലെ പാലത്തറയിൽ സ്ഥാപിച്ചു. 2000-ത്തിൽ രൂപംകൊണ്ട ഈ ആശുപത്രിക്ക് എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരാണു നൽകിയിരിക്കുന്നത്.[6] എൻ.എസിന്റെ ചരമദിനമായ ഫെബ്രുവരി 17-ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[5] എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഈ ദിവസം എൻ.എസിന്റെ പേരിലുള്ള എൻഡോവ്മെന്റും നൽകാറുണ്ട്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 കോടിയേരി ബാലകൃഷ്ണൻ (2017-02-17). "സ്മരണീയനായ എൻ എസ്". ദേശാഭിമാനി ദിനപത്രം. Archived from the original on 2017-12-25. Retrieved 2017-12-25.
  2. 2.0 2.1 2.2 2.3 2.4 2.5 പിണറായി വിജയൻ. "എൻ എസിന്റെ ജീവിതപാത". സി.പി.ഐ.എം. ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2017-12-25. Retrieved 2017-12-25.
  3. "About us". N.S. Co-operative Hospital. Archived from the original on 2015-06-24. Retrieved 24 June 2015.
  4. "30th Death Anniversary of N Sreedharan". People TV. Retrieved 24 June 2015.
  5. 5.0 5.1 5.2 "എൻ എസ് അനുസ്മരണം ഇന്ന്". ദേശാഭിമാനി ദിനപത്രം. 2016-02-17. Archived from the original on 2017-12-25. Retrieved 2017-12-25.
  6. "N.S. Memorial Institute of Medical Sciences inaugurated". The Hindu. 18 February 2006. Retrieved 24 June 2015.
"https://ml.wikipedia.org/w/index.php?title=എൻ._ശ്രീധരൻ&oldid=3774420" എന്ന താളിൽനിന്ന് ശേഖരിച്ചത്