എൻ.എൻ. കക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. കക്കാട് (വിവക്ഷകൾ)
എൻ.എൻ. കക്കാട്
ജനനംനാരായണൻ നമ്പൂതിരി കക്കാട്
(1927-07-14)ജൂലൈ 14, 1927
അവിടനല്ലൂർ, കോഴിക്കോട്
മരണംജനുവരി 6, 1987(1987-01-06) (പ്രായം 59)
അവിതന്നലൂർ, ബ്രട്ടീഷ് ഇന്തിയ.
തൊഴിൽഅദ്ധ്യാപകൻ, കവി, ഗ്രന്ഥകാരൻ, പരിഭാഷകൻ
ശ്രദ്ധേയമായ രചന(കൾ)സഫലമീ യാത്ര

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട് (ജൂലൈ 14 1927- ജനുവരി 6 1987[1]). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു[2].

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു[3]

അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.

നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്[3].

1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്[3] .

വിദ്യാഭ്യാസം[തിരുത്തുക]

കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും തൃശൂർ കേരളവർമ കോളജിലുമായിരുന്നു വിദ്യാഭ്യാസം[2]. പാരമ്പര്യ രീതിയിലുള്ള സംസ്കൃത പഠനവും തന്ത്രവും മറ്റും അദ്ദേഹം കുടുംബത്തിൽ നിന്ന് പഠിച്ചിരുന്നു.[3] കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായിരുന്ന എൻ. വി. കൃഷ്ണവാര്യരാണ്‌ കക്കാടിലെ കവിയെ വളർത്തിയത്.

ബാല്യം കവിതയിലേക്ക്[തിരുത്തുക]

അദ്ദേഹം ചെറുപ്പം മുതൽക്കേ കവിത എഴുതിത്തുടങ്ങി. ക്ഷയിച്ചുകൊണ്ടിരുന്ന ഒരു നമ്പൂതിരി കുടുംബത്തിലാണ് കക്കാട് ജനിച്ചത്. ബാല്യം മുതൽക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തിൽ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്ന് ലഭിച്ച കവിതാ വാസനയാൽ അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശ്ലോകങ്ങൾ രചിച്ചിരുന്നു[3].

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകൾ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.

ഭയം കൊണ്ട് മരവിച്ച് ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവർഗ്ഗത്തെ കരുതി. ഇതിഹാസങ്ങളിൽ നിന്ന് രൂപകങ്ങൾ കടം കൊണ്ട് അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വർണ്ണിച്ചു. അങ്ങനെ ഭൂതവും വർത്തമാന കാലവുമായി അദ്ദേഹം പാലങ്ങൾ തീർത്തു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം.

പ്രധാന കൃതികൾ[തിരുത്തുക]

  • ശലഭഗീതം [2]
  • പാതാളത്തിന്റെ മുഴക്കം [2]
  • വജ്രകുണ്ഡലം [2]
  • സഫലമീ യാത്ര [2]
  • നന്ദി തിരുവോണമേ നന്ദി
  • 1963 [2]
  • ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല് [2]
  • പകലറുതിക്കു മുൻപ് [2]
  • നാടൻചിന്തുകൾ[2]
  • പോത്ത്
  • വഴി വെട്ടുന്നവരോട്
  • ചെറ്റകളുടെ പാട്ട്
  • കഴുവേറിപ്പാച്ചന്റെ പാട്ട്
  • പാർക്കിൽ

പുരസ്ക്കാരങ്ങൾ[തിരുത്തുക]

"സഫലമീ യാത്ര" എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്.ഓടകുഴൽ അവാർഡ് , ആശാൻ പ്രൈസ് ഫോർ പോയട്രി , കുമാരനാശാൻ സ്മാരക അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

അവലംബം[തിരുത്തുക]

  1. "Archive News". The Hindu.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 "മനോരമ ഓൺലൈൻ, കാവ്യചന്ദ്രിക". മൂലതാളിൽ നിന്നും 2011-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-06.
  3. 3.0 3.1 3.2 3.3 3.4 "കേരള സാഹിത്യ അക്കാദമിയുടെ വെബ് സൈറ്റിലെ ലഘു ജീവചരിത്രം".[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എൻ.എൻ._കക്കാട്&oldid=3774422" എന്ന താളിൽനിന്ന് ശേഖരിച്ചത്