നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ
വ്യവസായം | കല/വിനോദം |
---|---|
സ്ഥാപിതം | 1975 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ഇന്ത്യ |
വെബ്സൈറ്റ് | http://www.nfdcindia.com/ |
ഇന്ത്യയിൽ ചലച്ചിത്ര രംഗത്തിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമാക്കി ന്യൂഡൽഹി ആസ്ഥാനമാക്കി 1975-ൽ സ്ഥാപിതമായ ദേശീയസ്ഥാപനമാണ് നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി).[1] വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കലാമൂല്യമുള്ളതും കാലികപ്രസക്തവുമായ ചലച്ചിത്ര-ഡോക്യുമെന്ററികളുടെ നിർമ്മാണത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ത്വരിതപ്പെടുത്തുക, ചലച്ചിത്ര-സാങ്കേതിക പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എൻ.എഫ്.ഡി.സി. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ചരിത്രം
[തിരുത്തുക]1975-ൽ സ്ഥാപിതമായി. 1970-കളീൽ ആവിർഭവിച്ച സമാന്തരസിനിമക്ക് ശക്തി പകരുന്നതിൽ പ്രധാന പങ്കുവഹിച്ചു.[2] കൂടുതൽ ക്രിയാത്മകവും സാമൂഹ്യപ്രാധാന്യവുമുള്ള സിനിമ-ഡോക്യുമെന്ററികളുടെ നിർമ്മാണമാണ് എൻ.എഫ്.ഡി.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ഈ സ്ഥാപനം ധനസഹായവും നല്കിവരുന്നു. ഇത്തരത്തിൽ 300-ലധികം സിനിമകൾ എൻ.എഫ്.ഡി.സി. ഇതിനകം നിർമിച്ചിട്ടുണ്ട്. ഇതിലൂടെ, പ്രമേയപരമായും സാങ്കേതികമായും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പുതിയ പല പരീക്ഷണങ്ങൾക്കും തുടക്കംകുറിക്കാൻ എൻ.എഫ്.ഡി.സി.ക്ക് സാധിച്ചിട്ടുണ്ട്.
ശ്യാം ബെനഗൽ, സത്യജിത് റേ, ഗൗതം ഘോഷ്, അപർണ സെൻ തുടങ്ങിയ പ്രഗൽഭരായ ചലച്ചിത്ര പ്രതിഭകളുടെ സിനിമകൾ ഇക്കൂട്ടത്തിൽപ്പെടുന്നു. മലയാളത്തിൽ, അടൂർ ഗോപാലകൃഷ്ണൻ എം.പി. സുകുമാരൻ നായർ, ജി. അരവിന്ദൻ, ജയരാജ് തുടങ്ങിയവരുടെ സിനിമകളും എൻ.എഫ്.ഡി.സി.യുടെ ധനസഹായത്തോടെ നിർമിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽനിന്നുള്ള കാലിക പ്രസക്തവും കലാമൂല്യമുള്ളതും പരീക്ഷണാത്മകവുമായ ചലച്ചിത്രങ്ങളെ ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് എൻ.എഫ്.ഡി.സി.ക്കുള്ള മറ്റൊരു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചലച്ചിത്ര പ്രദർശനങ്ങളും ചലച്ചിത്ര മേളകളും നടത്തിവരുന്നു. ഇതോടൊപ്പം ഇന്ത്യയിൽ പുറത്തിറങ്ങാറുള്ള ചലച്ചിത്രങ്ങൾ വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും (പോസ്റ്റ് പ്രൊഡക്ഷൻ) നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയ്തുകൊടുക്കാറുണ്ട്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും എൻ.എഫ്.ഡി.സി.ക്ക് കീഴിൽ സ്റ്റുഡിയോകളും മറ്റും പ്രവർത്തിച്ചുവരുന്നുണ്ട്.
ചലച്ചിത്രമേഖലയിലെ ഗവേഷണങ്ങൾക്കും മറ്റുമായി എൻ.എഫ്.ഡി.സി. സാമ്പത്തിക സഹായം നല്കാറുണ്ട്. കലാമൂല്യമുള്ള അനേകം ഹിന്ദി, പ്രാദേശികഭാഷാചിത്രങ്ങൾ ഈ സ്ഥാപനത്തിന്റെ സഹായത്തോടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന-ആസ്വാദനക്യാമ്പുകളും മറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "NFDC: Filming in India, Shooting in India, Indian Movies, Indian Films & Cinema, Bollywood". Nfdcindia.com. Retrieved 2010-08-02.
- ↑ "NFDC creates buzz in Cannes film market". Indian Express. May 22, 2008. Archived from the original on 2012-10-11. Retrieved 2011-09-03.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |