Jump to content

എസ്.സി.എസ്. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു ശ്രീകണ്ഠത്ത് ചന്ദ്രശേഖര മേനോൻ എന്ന എസ്.സി.എസ്. മേനോൻ (ജനനം :27 മാർച്ച് 1923; മരണം: 21 ജൂൺ 2014). കേരളത്തിലെ പല കമ്പനികളിലുമുണ്ടായ ദീർഘകാല കരാറുകളുടെ ഉപജ്ഞാതാക്കൾ എസ്.സി.എസ്. മേനോനും എ.ഐ.ടി.യു.സി. നേതാവും മുൻ വ്യവസായ മന്ത്രിയുമായ ടി.വി. തോമസുമായിരുന്നു. എല്ലാ തൊഴിലാളി സംഘടനകളോടും ചേർന്നായിരുന്നു എസ്.സി.എസ്. മേനോന്റെ പ്രവർത്തനം. സ്വതന്ത്ര സിദ്ധാന്തത്തിലൂന്നിയ ട്രേഡ് യൂണിയൻ പ്രവർത്തനമാണ് ഇദ്ദേഹത്തിലേക്ക് തൊഴിലാളികളെ കൂടുതലായി അടുപ്പിച്ചത്.[1] രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളികളുടെ താല്പര്യത്തിന് വേണ്ടി ട്രേഡ് യൂണിയൻരംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചു.[2] 2014 ജൂൺ 21-ന് 91-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു,.

ജീവിതരേഖ[തിരുത്തുക]

1923 മാർച്ച് 27-ന് എറണാകുളം രവിപുരത്ത് ശ്രീകണ്ഠത്ത് തറവാട്ടിൽ ജനിച്ച മേനോൻ 1946-ൽ എഫ്.എ.സി.ടി. യിൽ കെമിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. ഫാക്ടിൽ എംപ്ലോയീസ് അസോസിയേഷൻ രൂപീകരിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു. 1950-കളിൽ തൊഴിൽശാലകളിൽ യൂണിയനുണ്ടാക്കുക അത്ര എളുപ്പമായിരുന്നില്ല. കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് മേനോൻ ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേടിയെടുക്കാനും പ്രയത്നിച്ചത്. ആലുവയിലും ഏലൂരിലും കെ.എൻ. ഗോപാലകൃഷ്ണ പിള്ളയോടൊപ്പം പ്രവർത്തിച്ചു. 1950-ൽ ആദ്യത്തെ പണിമുടക്കിന് നോട്ടീസ് നൽകിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചു. 1963-ൽ നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ വർക്കേഴ്സ് എഡ്യുക്കേറ്ററായി മേനോനെ അമേരിക്കയിൽ അയച്ചു. തിരിച്ചെത്തിയ അദ്ദേഹത്തെ പ്രോജക്ട് ഓഫീസർ ആക്കാൻ ശ്രമം നടത്തി. എന്നാൽ, രണ്ട് പദവിയിൽ ഇരിക്കാൻ ഫാക്ട് അനുവദിച്ചില്ല. തുടർന്ന് ഫാക്ടിലെ ജോലി ഉപേക്ഷിച്ച് മേനോൻ മുഴുവൻസമയ ട്രേഡ് യൂണിയൻ പ്രവർത്തകനായി. ടി.ടി.എസ്, എച്ച്.ഐ.എൽ, ടെൽക് തുടങ്ങി അനേകം സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു. ഫിലിപ്സ് കാർബൺ, സതേൺ ഗ്യാസ്, ഒ.ഇ.എൻ എന്നിവിടങ്ങളിൽ മരണം വരെ യൂണിയൻ ഭാരവാഹിയായിരുന്നു. ട്രേഡ് യൂണിയൻ സ്റ്റാൻഡിങ് കൗൺസിലിന്റെ ചെയർമാനുമായിരുന്നു. [3] 1972-ൽ പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും 1977-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 മുകുന്ദപുരം ലോകസഭാമണ്ഡലം എ.സി. ജോർജ് കോൺഗ്രസ് (ഐ.) എസ്.സി.എസ്. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി

കുടുംബം[തിരുത്തുക]

ഡോ. വിജയലക്ഷ്മിയാണ് മേനോന്റെ ഭാര്യ. ഇവർക്ക് ലക്ഷ്മി, പത്മജ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. "എസ്.സി.എസ്. മേനോൻ -തളരാത്ത സമരനായകൻ". 22 Nov 2012. മാതൃഭൂമി. Archived from the original on 2012-11-23. Retrieved 18 ജനുവരി 2013.
  2. http://www.varthamanam.com/index.php/news4/27023-2012-11-22-17-52-35[പ്രവർത്തിക്കാത്ത കണ്ണി]
  3. "എസ് സി എസ് മേനോന് നാളെ നാടിന്റെ ആദരം". 18 ജനുവരി 2013. ദേശാഭിമാനി. Retrieved 18 ജനുവരി 2013.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  5. http://www.keralaassembly.org

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.സി.എസ്._മേനോൻ&oldid=4072017" എന്ന താളിൽനിന്ന് ശേഖരിച്ചത്