എസ്.കെ. ഡേ
സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ബംഗാളി സാഹിത്യകാരനുമായിരുന്നു എസ്.കെ. ഡേ. സുശീൽകുമാർ ഡേ എന്നാണ് പൂർണനാമം.
ജീവിതരേഖ
[തിരുത്തുക]കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിലും പിന്നീട് കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദേശത്ത് ഗവേഷണം നടത്തുന്നതിനു നല്കപ്പെട്ടിരുന്ന പ്രേംചന്ദ് റോയി ചന്ദ് സ്കോളർഷിപ്പ് നേടി. യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിൽ സംസ്കൃതകാവ്യശാസ്ത്രത്തിൽ ഗവേഷണം നടത്തി ഡി.ലിറ്റ്. ബിരുദം സമ്പാദിച്ചു. ജർമനിയിൽ യൂണിവേഴ്സിറ്റി ഓഫ് ബോണിൽ സംസ്കൃതപണ്ഡിതനും ഗവേഷകനുമായിരുന്ന ഹെർമൻ ജാക്കൊബിയോടൊപ്പം ഗവേഷണം തുടർന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ധാക്കാ യൂണിവേഴ്സിറ്റിയിലെ സംസ്കൃത വിഭാഗത്തിൽ റീഡറായും പിന്നീട് പ്രൊഫസറായും നിയമിതനായി. ഇക്കാലത്ത് സംസ്കൃതപഠനത്തിലെന്നപോലെ ബംഗാളി സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ബംഗാളിലെ ആധുനിക കവികളിലൊരാളായി ഇദ്ദേഹം അറിയപ്പെട്ടു. രണ്ടുവർഷക്കാലം പൂനയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്ത സംരംഭമായ 'മഹാഭാരതത്തിന്റെ സംശോധിത സംസ്കരണ'ത്തിന് നേതൃത്വം നൽകി. പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ട് മഹാഭാരതം ദ്രോണപർവവും ഉദ്യോഗപർവവും പ്രസിദ്ധീകരിച്ചത് ഡേയുടെ നേതൃത്വത്തിലായിരുന്നു.
ചെറുപ്പം മുതൽതന്നെ ബംഗീയ സാഹിത്യ പരിഷത്തുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഡേ 1950-ലും 60-ലും അതിന്റെ പ്രസിഡന്റു പദവിയും അലങ്കരിച്ചിട്ടുണ്ട്. 1956 മുതൽ 1960 വരെ കൊൽക്കത്തയിലെ യാദവ്പൂർ യൂണിവേഴ്സിറ്റിയിൽ ബംഗാളി സാഹിത്യ വിഭാഗാധ്യക്ഷനായും പ്രവർത്തിച്ചു. ഭാരതസർക്കാർ സംസ്കൃത കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിലെ അംഗമായി നിയമിക്കപ്പെടുകയും (1957-59) ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേയും സംസ്കൃതപഠനത്തിന്റെ ചരിത്രവും ഭാവി പദ്ധതികൾക്കു വേണ്ട നിർദ്ദേശങ്ങളുമടങ്ങിയ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. 1966-ൽ ഷിക്കാഗോ സർവകലാശാലയിൽ 'ടാഗോർ സ്മാരക പ്രഭാഷണം' പ്രശംസാർഹമായി നിർവഹിച്ചു. 'സൗന്ദര്യശാസ്ത്രവും സംസ്കൃത കാവ്യമീമാംസയും' എന്നതായിരുന്നു പ്രഭാഷണ വിഷയം.
സംസ്കൃതസാഹിത്യത്തിനും ഭാരതീയ സംസ്കാരത്തിനും അമൂല്യ സംഭാവനകൾ നല്കിയ ഈ പ്രതിഭാശാലി 1968-ൽ കൊൽക്കത്തയിൽ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]താഴെപ്പറയുന്നവയാണ് ഡേ രചിച്ചവയും പ്രസാധനം ചെയ്തവയുമായ പ്രധാന സാഹിത്യ-ഗവേഷണ ഗ്രന്ഥങ്ങൾ.
- ദി എർലി യൂറോപ്യൻ റൈറ്റേഴ്സ് ഒഫ് ബംഗാൾ (ബംഗാളിലെ ആദ്യകാല യൂറോപ്യൻ എഴുത്തുകാർ),
- ഹിസ്റ്ററി ഒഫ് ബംഗാളി ലിറ്ററേച്ചർ ഇൻ ദ് നയന്റീൻത് സെഞ്ച്വറി (19-ാം ശ.-ത്തിലെ ബംഗാളി സാഹിത്യചരിത്രം),
- വക്രോക്തി ജീവിതം (പ്രസാധനം),
- സ്റ്റഡീസ് ഇൻ ദ് ഹിസ്റ്ററി ഒഫ് സാൻസ്ക്രിറ്റ് പൊയറ്റിക്സ് (സംസ്കൃത കാവ്യമീമാംസാ പഠനങ്ങൾ-രണ്ടുഭാഗം, ലണ്ടനിൽ നിന്നും പ്രസിദ്ധീകരിച്ചു),
- എൻഷ്യന്റ് ഇന്ത്യൻ ഇറോട്ടിക്സ് ആൻഡ് ഇറോ ട്ടിക് ലിറ്ററേച്ചർ (പൗരാണിക ഭാരതീയ കാമശാസ്ത്രവും കാമശാസ്ത്ര പഠനങ്ങളും),
- രൂപഗോസ്വാമി സംസ്കൃതത്തിൽ രചിച്ച വൈഷ്ണവ സ്തോത്രങ്ങളുടെ സമാഹാരമായ പദ്യാവലി,
- എർലി ഹിസ്റ്ററി ഒഫ് ദ് വൈഷ്ണവ ഫെയ്ത്ത് ആൻഡ് മൂവ്മെന്റ് ഇൻ ബംഗാൾ (ബംഗാളിലെ പ്രാചീന വൈഷ്ണവ ഭക്തിപ്രസ്ഥാനം),
- ബംഗാളി പഴഞ്ചൊല്ലുകളുടെ സമാഹാരമായ വല്മപ്രവദ,
- എസ്.എൻ. ദാസ്ഗുപ്തയുമായിച്ചേർന്നു തയ്യാറാക്കിയ എ ഹിസ്റ്ററി ഒഫ് സാൻസ്ക്രിറ്റ് ലിറ്ററേച്ചർ (സംസ്കൃത സാഹിത്യ ചരിത്രം),
- കൊൽക്കത്ത സർവകലാശാലയിൽ ശരച്ചന്ദ്ര ചാറ്റർജി സ്മാരക പ്രഭാഷണത്തിനുവേണ്ടി തയ്യാറാക്കിയ ദീനബന്ധുമിത്ര,
- സായന്തനി (കാവ്യം),
- നാനാനിബന്ധ (ഉപന്യാസ സമാഹാരം),
- ബംഗാളിലെ ഗീതകാവ്യങ്ങളുടെ സമാഹാരമായ കൃഷ്ണദീപിക,
- ഹിസ്റ്ററി ഒഫ് സാൻസ്ക്രിറ്റ് പൊയറ്റിക്സ് (സംസ്കൃത കാവ്യശാസ്ത്രചരിത്രം),
- സാഹിത്യ അക്കാദമിക്കുവേണ്ടി ആർ.സി. ഹസ്രയുമായിച്ചേർന്നു തയ്യാറാക്കിയ പുരാണങ്ങളുടേയും കാവ്യങ്ങളുടേയും സമാഹാരം (പ്രസാധനം),
- കോൺട്രിബൂഷൻ ഒഫ് ബംഗാൾ റ്റു സാൻസ്ക്രിറ്റ് ലിറ്ററേച്ചർ (സംസ്കൃത സാഹിത്യത്തിന് ബംഗാളിന്റെ സംഭാവന),
- സ്റ്റഡീസ് ഇൻ ബംഗാൾ വൈഷ്ണവിസം ആൻഡ് ആസ് പെക്റ്റ്സ് ഒഫ് സാൻസ്ക്രിറ്റ് ലിറ്ററേച്ചർ (ബംഗാളിലെ വൈഷ്ണവ പ്രസ്ഥാനവും സംസ്കൃത സാഹിത്യവും)