എസ്.എസ്.എൽ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.എസ്.എൽ.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്(Secondary School Leaving Certificate) അഥവാ എസ്.എസ്.എൽ.സി. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വർഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും (Primary Schooling) അഞ്ചു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരിൽ ഇത് അറിയപ്പെടുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിർണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്. സ്റ്റേറ്റ് കൗൺസിൽ എജ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രയിനിങ്ങ് (State Council Educational Research and Training‌) അഥവാ എസ് സി ഇ ആർ ടി (SCERT) തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.

എസ് എസ് എൽ സി ലഭിച്ച ഒരു വിദ്യാർത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സ്കൂൾ അംഗീകാരം നേടിയിട്ടുള്ള ബോർഡ് (കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള) നടത്തുന്ന ഈ പരീക്ഷ , പ്രീ ഡിഗ്രി , പ്ലസ് റ്റു മറ്റു തത്തുല്യ സർവകലാശാലാ വിദ്യാഭ്യാസങ്ങൾക്ക് യോഗ്യതയായി കണക്കാക്കപ്പെടുന്നു . ഈ കാരണത്താൽ ഒരു വിദ്യാർത്ഥി അഭിമുഖീകരിക്കുന്ന പ്രഥമ പ്രധാന പരീക്ഷയായി എസ് എസ് എൽ സിയെ പലപ്പോഴും കണക്കാക്കാറുണ്ട്.

കേരളത്തിലെ വിദ്യഭ്യാസ കലണ്ടർ ആരംഭിക്കുന്നത് ജൂണിലും അവസാനിക്കുന്നത് മാർച്ചിലുമാണ്. മാർച്ചിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത്. 1986-1987 കാലഘട്ടത്തിൽ വിദ്യഭ്യാസപരിഷ്കരണ നടപടികളുടെ ഭാഗമായി പരീക്ഷയുടെ പേരിന് മാറ്റം വരുത്തി എസ്.എസ്.സി എന്നാക്കിയിരുന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ്(Secondary School Certificate) എന്നാണ് മുഴുവൻ പേര്. പക്ഷേ 1987-1988 മുതൽ ഈ പരിഷ്കാരം പിൻവലിച്ച് എസ്.എസ്.എൽ.സി എന്ന് തന്നെയാക്കുകയും ചെയ്തു.

ഗ്രേഡിംഗ് സിസ്റ്റം[തിരുത്തുക]

2004-വരെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക് എന്ന രീതിയിലായിരുന്നു അത്. 2005-ൽ ഈ റാങ്ക് സമ്പ്രദായം എടുത്തുകളയുകയും പകരം ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു[1].2017 ൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 95 . 98 % വിദ്യാർഥികൾ വിജയിച്ചു [2]

അവലംബം[തിരുത്തുക]

  1. "SSLC examination grading system: history being created in State". മൂലതാളിൽ നിന്നും 2012-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-26.
  2. SSLC Results 2017

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എസ്.എൽ.സി.&oldid=3802181" എന്ന താളിൽനിന്ന് ശേഖരിച്ചത്