എലീശാ ബെൻ അബൂയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റബ്ബൈനിക യഹൂദതയുടെ പ്രാരംഭകാലത്തെ ഒരു വേദജ്ഞാനിയും ചിന്തകനുമായിരുന്നു എലീശാ ബെൻ അബൂയാ (Elisha ben Abuyah). പൊതുവർഷം 70-നടുത്തെങ്ങോ യെരുശലേമിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. താൽമുദിന്റെ ആദ്യഖണ്ഡമായ മിഷനയുടെ സ്രഷ്ടാക്കളിൽ പ്രമുഖനായ റബൈ അഖീവയുടെ സഹകാരിയും, അദ്ദേഹത്തിന്റെ പിൻഗാമി റബൈ മെയറുടെ ഗുരുവുമായിരുന്നു എലീശ. കാലക്രമത്തിൽ, റബൈനികമുഖ്യധാരക്ക് അസ്വീകാര്യമായ സന്ദേഹങ്ങളുടെ പിടിയിലായ എലീശായെ താൽമുദിലെ മനീഷിമാർ വേദത്യാഗിയും പാഷണ്ഡിയുമായി തള്ളിപ്പറഞ്ഞു. യവനചിന്തയുടെ സ്വാധീനത്തിൽ വഴിതെറ്റിപ്പോയവനായാണ് താൽമുദ് അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. റബൈനികസ്രോതസ്സുകളെ ആശ്രയിച്ച്, എലീശയുടെ ചിന്തയുടേയും വ്യക്തിത്വത്തിന്റേയും വാസ്തവികത നിർണ്ണയിക്കുക എളുപ്പമല്ലെന്നു യഹൂദവിജ്ഞാനകോശം പറയുന്നു. [1] അദ്ദേഹം ജ്ഞാനവാദിയോ ക്രിസ്ത്യാനിയോ അലക്സാണ്ഡ്രിയൻ യഹൂദചിന്തകൻ ഫിലോയുടെ അനുയായിയോ ആയിരുന്നെന്നു കരുതുന്നവരുണ്ട്. മറ്റുചിലർ അദ്ദേഹത്തെ "അഖീവയുടെ വേദദോഷവിചാരണയുടെ ഇര" എന്നു വിശേഷിപ്പിക്കുന്നു.[2]

ജീവിതം[തിരുത്തുക]

എലീശയുടെ ആദ്യകാലജീവിതത്തെക്കുറിച്ചോ, യഹൂദമതാദ്ധ്യാപകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ചോ കാര്യമായ വിവരമൊന്നുമില്ല. യെരുശലേമിലെ ധനികനും ബഹുമാന്യനുമായ ഒരു വ്യക്തിയുടെ മകനായിരുന്ന അദ്ദേഹത്തിനു കിട്ടിയ ശിക്ഷണം യഹൂദവേദജ്ഞാനിക്കു ചേരുന്നതായിരുന്നു. അദ്ദേഹത്തിന്റേതായി താൽമുദിൽ രേഖപ്പെടുത്തിയിട്ടുള്ള ഏക നിരീക്ഷണം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്: "ബാല്യത്തിലെ വേദപഠനം, എഴുതാപ്പുറത്ത് എഴുതുന്നതുപോലെയാണ്; വാർദ്ധ്യക്യത്തിലെ വേദപഠനമാകട്ടെ, എഴുതിയതിനുമേലേയുള്ള എഴുത്തുപോലെയും" എന്നായിരുന്നു ആ നിരീക്ഷണം. അറിവിനൊപ്പം സൽപ്രവൃത്തികൾക്കുള്ള പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ കൊടുത്തിരുന്നെന്ന്, താൽമുദിലെ മറ്റുചില ഭാഗങ്ങൾ സൂചിപ്പിക്കുന്നു:

ഏറെ സൽപ്രവൃത്തികൾ ചെയ്തിട്ടുള്ളവനും, തോറ നന്നായി പഠിച്ചിട്ടുള്ളവനുമായ ഒരുവനെ ആരോടാണ് ഉപമിക്കേണ്ടത്? പാറയിൽ അടിത്തറയിട്ട് അതിനുമേൽ ഇഷ്ടികയിട്ട്, ഏതുവലിയ ജലപ്രവാഹത്തേയും ചെറുത്തുനിൽക്കാൻ കഴിയുംവിധം വീടുപണിയുന്നവനോടു തന്നെ. അതേസമയം, ഏറെ തോറ പഠിച്ചിട്ടും ഒരു നല്ല കാര്യവും ചെയ്യാതിരിക്കുന്നവനെ ആരോടാണുപമിക്കേണ്ടത്? താഴെ ഇഷ്ടികകൾ അടുക്കിവച്ച് അതിനുമുകളിൽ പാറകൾ കൂട്ടിവച്ച്, ഇത്തിരിവെള്ളത്തിൽ ഒലിച്ചുപോകും വിധം വീടുപണിയുന്നവനോടു തന്നെ.[3]

എലീശാ ഗ്രീക്ക് ഭാഷ പഠിച്ചിരുന്നു; ആ ഭാഷയിലെ പാട്ടുകൾ അദ്ദേഹം തുടരാതെ പാടിക്കൊണ്ടിരുന്നു എന്നാണ് താൽമുദ് പറയുന്നത്. യവനദർശനത്തിന്റെ സ്വാധീനമാണ് അദ്ദേഹത്തെ വഴിപിഴപ്പിച്ച കാരണങ്ങളിലൊന്നെന്നും താൽമുദ് സൂചിപ്പിക്കുന്നുണ്ട്. വീഞ്ഞിനേയും, കുതിരകളേയും, കെട്ടിടനിർമ്മാണത്തേയും മറ്റും സംബന്ധിച്ച് അറിവുണ്ടായിരുന്ന ലോകജ്ഞാനിയായിരുന്നു അദ്ദേഹമെന്നാണ് താൽമുദിലെ സൂചനയെന്ന്, ഇരുപതാം നൂറ്റാണ്ടിലെ യഹൂദപണ്ഡിതനും റബ്ബൈയുമായ വിൽ ഹെംബാക്കർ നിർദ്ദേശിക്കുന്നു. യഹൂദനിയമത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഒരു തീരുമാനം താൽമുദിൽ അദ്ദേഹത്തിന്റെ തന്നെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു കൊണ്ട്, മതപണ്ഡിതനായി അദ്ദേഹം മാനിക്കപ്പെട്ടിരുന്നു എന്നു കരുതാം. താൽമുദിലെ മറ്റു ഖണ്ഡങ്ങളിലും, അദ്ദേഹത്തിന്റെ നിലപാടുകൾ ശിഷ്യന്മാരുടെയോ ഇതരറബൈമാരുടെയോ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകം. വേദവിദ്യാലയത്തിലെ അദ്ധ്യാപകനായിരിക്കുമ്പോഴും എലീശാ, നിരോധിക്കപ്പെട്ട പുസ്തകങ്ങൾ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നെന്നു ബാബിലോണിയൻ താൽമുദ് ആരോപിക്കുന്നുണ്ട്.[4]

സന്ദേഹി[തിരുത്തുക]

വേദവിരോധമായി താൽമുദ് ചിത്രീകരിക്കുന്ന എലീശായുടെ സന്ദേഹം, കേവലം സദൂക്യപക്ഷപാതം ആയിരുന്നിരിക്കാമെന്ന് യഹൂദവിജ്ഞാനകോശം സൂചിപ്പിക്കുന്നു. യഹൂദതയിൽ സദൂക്യരുടെ വിരുദ്ധപക്ഷമായിരുന്ന പരീശരെ എലീശ വഞ്ചിച്ചെന്നുള്ള യെരുശലേം-താൽമുദിന്റെ ആരോപണമാണ് ഇതിനാധാരമായി ചൂണ്ടിക്കാണിക്കുന്നത്. എലീശായുടെ എതിർപ്പ് യഹൂദവിശ്വാസത്തിന്റെ പൊതുരീതികളോടെന്നതിനുപകരം കേവലം പരീശവാദത്തോടുമാത്രമായിരുന്നു എന്നാണ് ഇവിടെ വാദം. താൽമുദിന്റെ സമ്പാദകരായ പരീശർ സ്വന്തം പക്ഷത്തോടുള്ള എതിർപ്പിനെ മാത്രം എടുത്തുപറഞ്ഞതാകാനും വഴിയുണ്ട്. എലീശായുടെ വേദത്യാഗത്തിന്റെ പശ്ചാത്തലമായി പറയപ്പെടുന്ന സംഭവങ്ങളിലൊന്ന്, അദ്ദേഹത്തിന്റെ വിരോധികളുടെ പരീശവീക്ഷണം പ്രതിഫലിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

മാതാപിതാക്കന്മാർ ആവശ്യപ്പെട്ടതനുസരിച്ച്, ഈന്തപ്പനയിൽ കയറി അതിലെ പക്ഷിക്കൂട്ടിലുണ്ടായിരുന്ന തള്ളപ്പക്ഷിയെ പറന്നുപോകാൻ അനുവദിച്ചശേഷം കുഞ്ഞുങ്ങളെ മാത്രം എടുത്തു താഴെയിറങ്ങിയ ഒരു ബാലൻ ഉടൻ പാമ്പുകടിയേറ്റു മരിച്ചതിന് എലീശാ സാക്ഷിയായെന്നാണു കഥ. "അപ്പനേയും അമ്മയേയും ബഹുമാനിക്കുക", "പക്ഷിക്കൂട്ടിൽ നിന്ന് തള്ളപ്പക്ഷിയെ പറന്നുപോകാൻ അനുവദിച്ച ശേഷം കുഞ്ഞുങ്ങളെ മാത്രം എടുക്കുക" എന്നിവ ദീർഘായുസ്സ് പ്രതിഫലമായി പറഞ്ഞൊത്തിട്ടുള്ള വേദാനുശാസനങ്ങളായിരുന്നിട്ടും അവയുടെ അനുസരണത്തിനു കിട്ടിയ പ്രതിഫലം അപമൃത്യുവായത് അദ്ദേഹത്തെ അവിശ്വാസിയാക്കിയത്രെ.[5] അതേസമയം, ആഴ്ചയറുതിയിലെ വിശ്രമദിനമായ സാബത്തിൽതന്നെ ഈ അനുശാസനങ്ങൾ ലംഘിച്ചു തള്ളപ്പക്ഷിയേയും കുഞ്ഞുങ്ങളേയും ഒരുമിച്ചെടുത്തിറങ്ങിയ മറ്റൊരുവൻ സുരക്ഷിതനായിരിക്കുന്നതും അദ്ദേഹം കണ്ടു. ഈ അനുഭവങ്ങളും, ഹാഡ്രിയൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ റോമാസാമ്രാജ്യത്തിലെ യഹൂദർക്ക് നേരിടേണ്ടിവന്ന കഠിനപീഡനങ്ങളും അദ്ദേഹത്തെ, സൽപ്രവൃത്തികൾ ഇഹലോകത്തിൽ സമ്മാനിതമാകുന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചിരിക്കാമെന്നാണു അനുമാനം. മരണാനന്തരജീവിതത്തിൽ വിശ്വസിക്കാത്ത സദൂക്യപക്ഷം പിന്തുടർന്നിരുന്ന അദ്ദേഹത്തിന്, ഇഹലോകത്തിനപ്പുറമുള്ള സമ്മാനത്തിൽ വിശ്വസിക്കാനും നിവൃത്തിയില്ലായിരുന്നു. വിരുദ്ധപക്ഷമായ പരീശരാകട്ടെ, ശിക്ഷാസമ്മാനങ്ങളുടെ കണക്കുതീർപ്പ് പരലോകത്തിലാണെന്ന് ആശ്വസിച്ചിരുന്നു.

പറുദീസയിലെ നാൽവർ[തിരുത്തുക]

മിഷ്നയുടെ അനുബന്ധമായ ബരൈറ്റാകളിലൊന്നായ "പറുദീസയിലെത്തിയ നാലു റബൈമാരുടെ" കഥയിലെ റബൈമാരിലൊരാൾ എലീശയാണ് . എലീശയുടെ പേരുപറയാൻ വിസമ്മതിക്കുന്ന യഥാസ്ഥിതികപാരമ്പര്യത്തിൽ പെട്ട ഈ കഥ അദ്ദേഹത്തെ അവജ്ഞാപൂർവം പരാമർശിക്കുന്നത് 'അപരൻ' എന്ന പേരിലാണ് :-

ശിമയോൻ-ബെൻ-അസായി, ശിമയോൻ-ബെൻ-സോമ, അപരൻ, റബൈ അഖീവ എന്നീ റബ്ബൈമാർ സ്വർഗ്ഗീയാരാമത്തിലെത്തി. ബെൻ അസായി എത്തിനോക്കിയപ്പോൾ തന്നെ മരിച്ചു; ബെൻ സോമക്ക് നോക്കിയപ്പോൾ തന്നെ ഭ്രാന്തായി; 'അപരൻ' ആരാമത്തിലെ ചെടികളെല്ലാം വെട്ടിനിരത്തി; അഖീവ മാത്രം, ശാന്തനായി പ്രവേശിച്ചിട്ട് ശാന്തനായി മടങ്ങി.[6]

താൽമുദിന്റെ മദ്ധ്യകാലവ്യാഖ്യാനങ്ങളായ തോസഫ്താകൾ അനുസരിച്ച്, കഥയിലെ നാലു റബൈമാർ അക്ഷരാർത്ഥത്തിൽ പറുദീസായിൽ എത്തുകയല്ല, പറുദീസാനുഭവം അവർക്കുണ്ടായതാണ്.[7] റബൈമാർക്ക് അനുഭവേദ്യമായത് യഥാർത്ഥ പറുദീസ തന്നെയായിരുന്നെന്നും പക്ഷമുണ്ട്. നിർവൃതിയുടെ നിമിഷത്തിൽ സ്വർഗീയാരാമത്തിനുള്ളിലെത്തിയ എലീശ, അവിടത്തെ സസ്യലതാദികളെ വെട്ടിനിരത്തിയെന്നാണ് ഈ വ്യാഖ്യാനം.[2]

ബാബിലോണിയൻ താൽമുദ് ഇക്കഥയെ ഇങ്ങനെ വിശദീകരിച്ച്, തത്ത്വചിന്തയിൽ അഭിരമിച്ച എലീശയെ പിടികൂടിയ സന്ദേഹം ദ്വന്തവാദം (dulaism)ആയിരുന്നെന്നു സൂചിപ്പിക്കുന്നു:

"സസ്യലതാദികൾ വെട്ടിനിരത്തി എന്നതിന്റെ അർത്ഥമെന്താണ്? 'നിന്റെ നാവ് മാംസത്തെ പാപത്തിലേക്കു നയിക്കരുത്' എന്ന ദൈവവചനം അതിനെക്കുറിച്ചാണ്.[8] എന്താണു സംഭവിച്ചത്? ഇസ്രായേൽജനത്തിന്റെ പുണ്യ-പാപങ്ങളുടെ കണക്കെഴുതുന്ന മുഖ്യദൂതൻ മെറ്റാട്രൺ ഒരിടത്തിരുന്നു തന്റെ നിർദ്ദിഷ്ടജോലി ചെയ്യുന്നതു കണ്ട എലീശ ഇങ്ങനെ വിളിച്ചുപറഞ്ഞു: സ്വർഗ്ഗത്തിൽ (ദൈവമൊഴികെ) ആരും ഇരിക്കുന്നില്ലെന്നല്ലേ നമ്മെ പഠിപ്പിച്ചിട്ടുള്ളത്? ഇനി രണ്ടു ദൈവങ്ങളുണ്ട് എന്നു വരുമോ? അപ്പോൾ അവർ അവനെ മുഖ്യദൂതന്റെ മുൻപിൽ കൊണ്ടുവന്ന് അഗ്നിയുടെ അറുപതുനാടകൾ കെട്ടിയ ചാട്ടവാറുകൊണ്ടടിച്ചു......എലീശയുടെ പുണ്യങ്ങളുടെ കണക്ക് മായ്ച്ചുകളയാൻ മുഖ്യദൂതനു നിർദ്ദേശവും കിട്ടി. തുടർന്ന് ഒരു സ്വർഗ്ഗീയസ്വരം കേട്ടു: "'വഴിപിഴച്ച സന്തതികളേ പശ്ചാത്തപിക്കുവിൻ!'[9] പക്ഷേ, എലീശ ഒഴിച്ചുള്ളവർ മാത്രം."[10]

'മെറ്റട്രൻ' സങ്കല്പം ബാബിലോണിയൻ ആശയമായിരുന്നെന്നും, എലീശാക്കു ശേഷം അഞ്ചുനൂറ്റാണ്ടോളമെങ്കിലും പലസ്തീനയിലെ യഹൂദർക്ക് അപരിചിതമായിരുന്ന ആ സങ്കല്പം ഉൾക്കൊള്ളുന്നതിനാൽ, എലീശായുടെ സന്ദേഹത്തിന്റെ ഈ വിശദീകരണം ചരിത്രപരമായ മൂല്യമില്ലാത്തതാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബാബിലോണിയൻ, യെരുശലേം താൽമുദുകൾ തമ്മിലുള്ള താരതമ്യപഠനം ഇതു വ്യക്തമാക്കും - എലീശയുടെ ദ്വന്ദവാദത്തെക്കുറിച്ച് യെരുശലേം തൽമുദ് ഒന്നും പറയുന്നില്ല. പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ സൈമൺ ബാർ കൊക്കബാ എന്ന വിപ്ലവകാരിയുടെ നേതൃത്വത്തിൽ റോമിനെതിരെ യഹൂദർ നടത്തിയ കലാപത്തിന്റെ കാലത്ത് വേദപാഠശലകൾ സന്ദരിച്ച് വിദ്യാർത്ഥികളെ വേദപഠനത്തിൽ നിന്നു പിന്തിരിപ്പിച്ച് രാഷ്ട്രീയസചേതനയിലെക്കു കൊണ്ടുവരാൻ ശ്രമിച്ചതായാണ് യെരുശലേം താൽമുദിലെ സൂചന.[2]

അതേസമയം, ബാബിലോണിയയിലെയും യൂദയായിലേയും മനീഷിമാർ തമ്മിൽ നിരന്തരമായ ആശയവിനിമയം എന്നും ഉണ്ടായിരുന്നതിനാൽ, ബാബിലോണിയൻ വിശ്വാസങ്ങൾ യൂദയായിലെ വേദശാസ്ത്രികളുടെ രചനകളിൽ പ്രതിഫലിക്കുന്നതിൽ അസാദ്ധ്യതയില്ലെന്ന പക്ഷവുമുണ്ട്. മെറ്റാട്രൻ സങ്കല്പം ഉൾക്കൊള്ളുന്ന ഈനോക്കിന്റെ മൂന്നാം പുസ്തകം പോലുള്ള യഹൂദരചനകൾ യെരുശലേം, ബാബിലോണിയൻ താൽമുദുകളുടെ സംഗ്രഹ-സംശോധനകൾ പൂർത്തിയാകുന്നതിനു മുൻപ്, പൊതുവർഷം ഒന്ന്-രണ്ട് നൂറ്റാണ്ടുകളിൽ തന്നെ എഴുതപ്പെട്ടിരുന്നു എന്നതും ഈ വാദത്തിനു ബലം പകരുന്നു. [11] പൊതുവർഷം 70-നു മുൻപ് രചിക്കപ്പെട്ട മറ്റു ചില രചനകളും മെറ്റാട്രൻ സങ്കല്പത്തെ ആശ്രയിക്കുന്നുണ്ട്.[12]

മരണം[തിരുത്തുക]

എലീശായുടെ 'വേദവ്യതിചലനത്തിനു' ശേഷവും, ശിഷ്യൻ റബൈ മെയർ അദ്ദേഹവുമായി സൗഹൃ-സമ്പർക്കങ്ങൾ നിലനിർത്തിയിരുന്നു എന്നാണ് യെരുശലേം താൽമുദിൽ നിന്നു മനസ്സിലാകുന്നത്. തന്റെ സന്ദേഹങ്ങളിലേക്കു ശിഷ്യനെ ആകർഷിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. സാബത്തുനാളിൽ മെയർക്കൊപ്പം നടക്കാനിറങ്ങിയ എലീശാ, സാബത്തിൽ അനുവദിച്ചിരുന്ന ദൂരമെത്തിയപ്പോൾ മെയറോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. ഗുരുവിനെ വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമം അദ്ദേഹത്തിന്റെ ആയുഷ്കാലമത്രയും മെയർ തുടർന്നു. ഒടുവിൽ എലീശാ രോഗബാധിതനായെന്നറിഞ്ഞ മെയർ എലീശയെ സന്ദർശിച്ച് മനസ്സുതിരിയാൻ ആവശ്യപ്പെട്ടെന്നും, അതിനു സമയം വൈകിയതായി സംശയിച്ചെങ്കിലും, ഒടുവിൽ അദ്ദേഹം മനസ്താപക്കണ്ണീരൊഴുക്കി മരിച്ചെന്നുമാണു കഥ. [13][4]

പിതാവിന്റെ മരണത്തിനു വളരെക്കാലത്തിനുശേഷം ബുദ്ധിമുട്ടിലായ എലീശായുടെ പെണ്മക്കൾ, സാമ്പത്തിക സഹായത്തിനായി മിഷ്നയുടെ സംശോധകനും വിഖ്യാതമനീഷിയുമായ റബൈയഹൂദാ ഹനാസിയെ സമീപിച്ചെതായും യെരുശലേം താൽമുദ് പറയുന്നു. എലീശായുടെ വേദദ്രോഹത്തിന്റെ പേരിൽ സഹായം നിഷേധിക്കപ്പെട്ടപ്പോൾ അവർ,"അദ്ദേഹത്തിന്റെ കർമ്മങ്ങൾ വിസ്മരിക്കൂ, അദ്ദേഹം പഠിച്ച തോറയെ ഓർക്കൂ" എന്നു പറഞ്ഞ് യഹൂദാ ഹനാസിയുടെ മനസ്സുമാറ്റി സഹായം കരസ്ഥമാക്കി. [13][4]

യശസ്സ്[തിരുത്തുക]

താൽമുദീയയുഗത്തെ തുടർന്നുള്ള കാലത്തും, മദ്ധ്യയുഗങ്ങളിലും ആധുനികകാലത്തിന്റെ തുടക്കത്തിലും എലീശായുടെ പേര് യഹൂദജനതയുടെ സ്മരണയിൽ മിക്കവാറും ഇല്ലാതായി. മതഭ്രഷ്ടനാക്കപ്പെട്ടവന്റെ വിധിയായി അദ്ദേഹത്തിന്റേത്. എന്നാൽ ആധുനികകാലത്ത്, പരമ്പരാഗതയഹൂദസംസ്കൃതിയും പാശ്ചാത്യസംസ്കാരവും തമ്മിലുള്ള സംഘർഷത്തിന്റെ ഇരകളായ എഴുത്തുകാരുടേയും ചിന്തകന്മാരുടേയും അവസ്ഥയുടെ പ്രതീകപുരുഷനെന്ന നിലയിൽ അദ്ദേഹം ഹീബ്രൂസാഹിത്യത്തിലും, യഹൂദജനതയുടെ ആശയലോകത്തിലും മടങ്ങിയെത്തി.[13]

അവലംബം[തിരുത്തുക]

 1. "At one time the Rabbis were proud to recognize him as of their number; but later their opposition to him grew so intense that they even refrained from pronouncing his name, and referred to him in terms used to designate some vile object ("dabar aḥer," lit. "another thing")." (Louis Ginzberg, "Elisha ben Abuyah", Jewish Encyclopedia, 1901-1906)
 2. 2.0 2.1 2.2 Louis Ginzberg, "Elisha ben Abuyah", Jewish Encyclopedia, 1901-1906.
 3. Hayyim Nahman Bialik and Yehoshua Hana Ravnitzky, eds., The Book of Legends/Sefer Ha-Aggadah: Legends from the Talmud and Midrash, translated by William G. Braude (New York: Schocken Books, 1992), p. 452, citing Avot of Rabbi Natan 24.
 4. 4.0 4.1 4.2 https://www.davidhalperin.net/wp-content/uploads/2013/05/Elisha-Stories.pdf Translated from the Palestinian and Babylonian Talmuds by David J. Halperin
 5. നിയമാവർത്തനം, 22:7
 6. Babylonian Talmud, Jerusalem Talmud. This translation based on Braude, Ginzberg, Rodkinson, and Streane.
 7. A. W. Streane, A Translation of the Treatise Chagigah from the Babylonian Talmud (Cambridge University Press, 1891). p. 83.
 8. Ecclesiastes 5:5.
 9. Jeremiah 3:14.
 10. Hagigah 15a. Available online in Aramaic.This translation based on Ginzberg, Streane, and The Curious Jew.
 11. "3 Enoch", Early Jewish Writings.
 12. Andrei Orlov, "The Origin of the Name 'Metatron' and the Text of 2 (Slavonic Apocalypse of) Enoch", Journal for the Study of the Pseudepigrapha 21 (2000).
 13. 13.0 13.1 13.2 'Do Not Look at His Deeds, Look at the Torah He Learned' ഇസ്രായേൽ ദിനപത്രം ഹാരെട്സിൽ 2007, നവമ്പർ 9-നു നിസ്സൻ റൂബിൻ എഴുതിയ ലേഖനം
"https://ml.wikipedia.org/w/index.php?title=എലീശാ_ബെൻ_അബൂയാ&oldid=3090012" എന്ന താളിൽനിന്ന് ശേഖരിച്ചത്