എറണാകുളം പ്രസ് ക്ലബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലാദ്യമായി പത്രപ്രവർത്തകർ സ്വന്തമായി സ്ഥാപിച്ച പ്രസ് ക്ലബ്ബാണ് എറണാകുളം പ്രസ് ക്ലബ്ബ്. കേരളത്തിലെ പത്രപ്രവർത്തകരുടെ പ്രബല സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിതനിലയിൽ രൂപപ്പെടാൻ വഴിയൊരുക്കിയതും എറണാകുളം പ്രസ് ക്ലബ്ബിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ്. കൊച്ചി നഗരമധ്യത്തിൽ സർക്കാർ അതിഥി മന്ദിരത്തിന് സമീപം ഈ നാലു നില കെട്ടിടം തലയുയർത്തി നിൽക്കുന്നു. 1966 ഡിസംബർ 12 ന് അന്നത്തെ കേരള ഗവർണർ ഭഗവാൻ സഹായിയാണ് എറണാകുളം പ്രസ് ക്ലബ്ബിന് തരക്കല്ലിട്ടത്. 1968ൽ നിർമ്മാണം പൂർത്തിയായ പ്രസ് ക്ലബ്ബ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. 2006ൽ പ്രസ് ക്ലബ്ബിന്റെ നാൽപതാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു.

ആദ്യകാല സാരഥികൾ[തിരുത്തുക]

എൻ.എൻ. സത്യവ്രതൻ, ആൻറണി പ്ലാന്തറ, സി.വി. പാപ്പച്ചൻ തുടങ്ങിയവർ പ്രസ് ക്ലബ്ബിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മുൻനിരയിൽ നിന്നവരാണ്.

ഇപ്പോഴത്തെ ഭാരവാഹികൾ (2005 - 2007)[തിരുത്തുക]

പി. ജയനാഥാണ് എറണാകുളം പ്രസ് ക്ലബ്ബിന്റെ ഇപ്പോഴത്തെ പ്രസിഡൻറ്. വി.ആർ. രാജമോഹനാണ് സെക്രട്ടറി. ജാവേദ് പർവേശ്, നിജാസ് ജ്യുവൽ എന്നിവർ വൈസ് പ്രസിഡൻറുമാർ. രജീഷ് റഹ്മാൻ, കൃഷ്ണകുമാർ എന്നിവർ ജോയിൻറ് സെക്രട്ടറിമാരും ആർ. ഗോപകുമാർ ട്രഷററുമാണ്.

പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

കേരള പത്രപ്രവർത്തക യൂണിയന്റെ എറണാകുളം ജില്ലാ ഘടകമാണ് എറണാകുളം പ്രസ് ക്ലബ്ബ്. തൊഴിലാളി യൂണിയൻ കേന്ദ്രമെന്ന നിലയിൽ അച്ചടി, ദൃശ്യമാധ്യമങ്ങളിലെ പ്രവർത്തകരുടെ തൊഴിൽപരമായ അവകാശങ്ങളുടെ സംരക്ഷണവും ക്ഷേമ പ്രവർത്തനങ്ങളുമാണ് പ്രധാന ലക്ഷ്യം. നാലു നിലകളും റൂഫ്ടോപ്പുമുള്ള ഒരു കെട്ടിടം പ്രസ് ക്ലബ്ബിന് സ്വന്തമായുണ്ട്. രണ്ടാം നിലയിലാണ് മീഡിയ ഹാൾ. കൊച്ചിയിലെ പ്രധാന മാധ്യമകേന്ദ്രവും വാർത്താഉറവിടവുമാണ് പ്രസ് ക്ലബ്ബ്.

മാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായമില്ലാതെ സ്വന്തമായി പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബ് മുന്നൂറോളം അംഗങ്ങളുടെ പെൻഷൻ പ്രീമിയം, ഇൻഷുറൻസ് പ്രീമിയം എന്നിവ അടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ പ്രധാന സംഭവവികാസങ്ങളിലും സേവനപ്രവർത്തനങ്ങളിലും പ്രസ് ക്ലബ്ബ് സഹകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=എറണാകുളം_പ്രസ്_ക്ലബ്ബ്&oldid=1087645" എന്ന താളിൽനിന്ന് ശേഖരിച്ചത്